‘എന്റെ മകനാണ് ഇവൻ... ഇവന്റെ മകനാണ് അവൻ... അവന്റെ മകനാണ് ഇവൻ...’

‘അനിയൻ ബാവ, ചേട്ടൻ ബാവ’ എന്ന ചിത്രത്തിൽ ഓരോരുത്തരെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കെ.ടി.എസ്. പടന്നയിലിന്റെ ഈ ഡയലോഗ് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തന്നെ തീർത്തതാണ്. ഈ 88-ാം വയസ്സിലും ഹാസ്യരസം പകർന്നുനൽകുന്ന അതുല്യ നടൻ... അഭിനയകലയെ ജീവിതത്തോട്‌ ചേർത്തുവച്ചിരിക്കുന്ന നടൻ... അരനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണൽ നാടകരംഗത്ത്‌ ഹാസ്യനടനായി തിളങ്ങിനിൽക്കേ തന്നെ വെള്ളിത്തിരയിലേക്കെത്തി കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന നടൻ... അതാണ് തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയിൽ വീട്ടിൽ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്. പടന്നയിൽ.

140-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള പടന്നയിലിന് ഷൂട്ടിങ് ഒഴിഞ്ഞ സമയം കുറവ്. ‘മാനം തെളിഞ്ഞു’, ‘അവരുടെ വീട്’, ‘ജമീലാന്റെ പൂവൻകോഴി’ തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

‘കുട്ടിക്കാലത്തുതന്നെ നാടകത്തിൽ അഭിനയിക്കുക എന്നത് വലിയ മോഹമായിരുന്നു. അവസരങ്ങളൊന്നും അന്ന് കിട്ടിയില്ല. നാടകരംഗത്ത് വരണം എന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളിൽ ചർക്ക ക്ലാസിൽ ചേർന്നു. അവിടെ ഒരുവർഷം കഴിയുമ്പോൾ വാർഷികാഘോഷം നടത്തും... നാടകം ഉണ്ടാകും... അതിൽ അഭിനയിക്കാം എന്നു കണ്ടാണ് ചർക്ക ക്ലാസിൽ ചേർന്നത്. അങ്ങനെ ’വിവാഹദല്ലാളി’ എന്ന നാടകത്തിൽ ദല്ലാളിയായി അഭിനയിച്ചു. ആദ്യ നാടകമായിരുന്നു അത്. കാണികളുടെ ഭയങ്കര കൈയടിയാണ് ലഭിച്ചത്. 65 വർഷം മുമ്പായിരുന്നു അത്.’

താൻ എന്ന നടന്റെ പിറവി കൂടിയായിരുന്നു അതെന്ന് കെ.ടി.എസ്. പടന്നയിൽ പറയുന്നു. തുടർന്ന് അഞ്ചുരൂപ പ്രതിഫലത്തിൽ അമെച്ചർ നാടകങ്ങളിൽ അഭിനയം തുടർന്നു. പിന്നീട് പ്രൊഫഷണൽ നാടകരംഗത്ത് 50 വർഷം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന തുടങ്ങി ഒട്ടേറെ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു ദിവസം മൂന്ന്‌ നാടകങ്ങൾ വരെ കളിച്ച കാലം. ഉത്സവക്കളികളായിരുന്നു കൂടുതലും. ഉറക്കമില്ലാതെ വേദികളിൽ നിന്നും വേദികളിലേക്കുള്ള ഓട്ടം.. അത് വലിയ അനുഭവം തന്നെയായിരുന്നുവെന്ന് കെ.ടി.എസ്. പടന്നയിൽ ഓർക്കുന്നു. അങ്ങിനെയിരിക്കെ തിരുവനന്തപുരത്ത് സിനിമാ സംവിധായകൻ രാജസേനൻ നാടകം കാണാൻ ഇടയായി. അങ്ങനെയാണ് ‘അനിയൻ ബാവ, ചേട്ടൻ ബാവ’ യിലൂടെ ആദ്യമായി സിനിമയിലെത്തുന്നത്. പടം ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായി.’ ‘വൃദ്ധൻമാരെ സൂക്ഷിക്കുക’ എന്ന ചിത്രത്തിൽ നടി ഖുശ്ബുമൊത്തുള്ള ഡാൻസും, ‘ശ്രീകൃഷ്ണണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രത്തിൽ ‘ചിക്കൻ നല്ല മുറ്റാ’ എന്നു പറഞ്ഞുകൊണ്ട് കുപ്പിയുടെ കോർക്ക് വിഴുങ്ങുകയുമൊക്കെ ചെയ്യുന്ന പടന്നയിൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടനായി മാറുകയായിരുന്നു.

ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ചെറിയൊരു സ്റ്റേഷനറി കടയും കെ.ടി.എസ്. പടന്നയിലിനുണ്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഈ കടയിൽ ചമയമില്ലാത്ത മുഖത്തോടെ പടന്നയിൽ ഉണ്ടാകും. വഴിയാത്രക്കാർ പലരും വാഹനങ്ങൾ നിർത്തി ഈ കടയിലെത്തി പടന്നയിലിനൊപ്പം സെൽഫിയെടുക്കുന്നതൊക്കെ കാണാം. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാജൻ എന്നിവർ മക്കളാണ്. ‘അഭിമാനത്തോടെ തന്നെ പറയട്ടെ, കലയാണ് എന്റെ ജീവിതം. മാനസിക സുഖം, സാമ്പത്തികം ഇതൊക്കെ ഇതിൽനിന്ന്‌ ആവോളം കിട്ടുന്നു. കലാജീവിതം വേണ്ടവിധത്തിൽ നോക്കിയാൽ ആസ്വാദനം തന്നെയാ, ഈ പ്രായത്തിലും ഞാൻ അത് ആസ്വദിക്കുകയാണ് -കെ.ടി.എസ്. പടന്നയിൽ പറയുന്നു.

Content Highlights: kts padannayil Subramanian actor talks about life, film journey, movies, shop, sreekrishnapurathe nakshathrathilakkam, vrudhanmare sookshikkuka