നിമകളില്‍ കെ.ടി.എസ് പടന്നയില്‍ ഉറക്കെ ചിരിച്ചു.ആ ചിരികേട്ട് പ്രേക്ഷകരും ചിരിച്ചു ജീവിത ദുഖം പങ്കുവയ്ക്കുമ്പോഴും അദ്ദേഹത്തിന് ചിരിയായിരുന്നു,നിറകണ്‍ ചിരി...ചിരിച്ചുകൊണ്ടുമാത്രമെ സംസാരിച്ചിട്ടുള്ളൂ..,ബാല്യത്തിലെ വിശപ്പോര്‍മകള്‍ പങ്കുവയ്ക്കുമ്പോഴും നാടകവഴിയിലെ നെട്ടോട്ടങ്ങള്‍ വിവരിച്ചപ്പോഴും ജോലിക്ക് കൂലിതരാതെ സിനിമ പറ്റിച്ചുവെന്ന് പറഞ്ഞപ്പോഴും ആ മുഖം ചിരിയില്‍ ഒളിച്ചു.

ഒരുകാലവും ഒരുപാട് കാലത്തേക്കുള്ളതല്ലെന്ന ബോധ്യത്തിലാണ് താന്‍ മുന്നോട്ടുപോകുന്നതെന്ന് അഭിമുഖത്തിനിടെ പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് വേണ്ടിയൊരു ഫോട്ടോഷൂട്ട് നിശ്ചയിച്ചപ്പോള്‍ ഇനിയല്‍പ്പം ന്യൂജനാകാമെന്ന് പറഞ്ഞ് കോട്ടും സൂട്ടുമെല്ലാം ഒരുക്കിയത്  പടന്നയില്‍ തന്നെയായിരുന്നു.

സുബ്രഹ്‌മണ്യനെ കെ.ടി.എസ്. പടന്നയിലാക്കിയത് ആറാം ക്ലാസ്സില്‍ പഠിപ്പിച്ച അധ്യാപകനാണ്. ക്ലാസ്സില്‍ ആറ് സുബ്രമണ്യന്‍മാര്‍ ഉണ്ടായിരുന്നു, ഒരു സുബ്രഹ്‌മണ്യനെ വിളിക്കുമ്പോള്‍ ആറുപേരും എഴുന്നേറ്റുവരും. പേരുണ്ടാക്കുന്ന പുലിവാലവസാനിപ്പിക്കാന്‍ അധ്യാപകന്‍ കണ്ടെത്തിയ വഴിയാണ് ഓരോ സുബ്രഹ്‌മണ്യന്‍മാരെയും കുടുംബപ്പേരും അച്ഛന്റെ പേരും നോക്കി ഇനീഷ്യലിട്ടുവിളിക്കുകയെന്നത്. കൊച്ചുപടന്നയില്‍ തായിമകന്‍ സുബ്രഹ്‌മണ്യന്‍ അങ്ങിനെ കെ.ടി.സുബ്രഹ്‌മണ്യനായി. നാടകത്തിലേക്ക് കയറിയതോടെ നാടിന്റെ പേരും ചേര്‍ത്ത് കെ.ടി.എസ് പടന്നയിലായിമാറി.

Padannayil
കെടിഎസ് പടന്നയിൽ സ്റ്റാർ ആൻഡ് സ്റ്റൈലിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ നിന്ന്

ഉടുക്ക് കലാകാരനും കൂലിപ്പണിക്കാരനുമായ തായിയുടേയും കയര്‍തൊഴിലാളിയായ മണിയുടേയും ഇളയമകനായി ജനനം. വിശപ്പിന്റെ ചൂടറിഞ്ഞ ബാല്യത്തിലൂടെയാണ്  കെ.ടി.എസിന്റെ കുട്ടിക്കാലം കടന്നുപോയത്. കാശില്ലാതെ ആറാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. പിന്നീട് കൂലിപ്പണിക്ക് ഇറങ്ങിയതും കല്ലുചുമന്നും കരിങ്കല്ലുടച്ചും തെങ്ങിന്‍തൊണ്ട് എണ്ണിക്കൂട്ടിയും ജീവിച്ച ഇന്നലകളെകുറിച്ച് അദ്ദേഹത്തില്‍ നിന്നുതന്നെ കേട്ടറിഞ്ഞിട്ടുണ്ട്.

ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രയത്‌നത്തിനിടയിലും നാടകത്തോടും അഭിനയത്തോടും പ്രത്യേകതാത്പര്യമായിരുന്നു. ഇക്കാലത്തുതന്നെ നാടകം കാണാനും നാടകത്തില്‍ അഭിനയിക്കാന്‍ അവസരം തേടിയും ഏറെ അലഞ്ഞു. കണ്ണംകുളങ്ങര അംബേദ്കര്‍ നൂല്‍ നൂല്‍പ്പ് കേന്ദ്രത്തില്‍ ജോലിചെയ്യവെ അവിടത്തെ വാര്‍ഷികാഘോഷത്തിന് സ്വന്തമായൊരു നാടകം ചിട്ടപ്പെടുത്തി കെ.ടി.എസ് അരങ്ങിലെത്തി.ആദ്യമായി സംവിധാനം ചെയ്ത നാടകത്തിലെ പ്രധാനവേഷവും അദ്ദേഹം തന്നെ അവതരിപ്പിച്ചു. കാണികളില്‍ ചിരിനിറച്ച അന്നത്തെ സംഭാഷങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കിപ്പുറവും കെ.ടി.എസിന് മനപ്പാഠമായിരുന്നു. ആദ്യനാടകത്തിന് ലഭിച്ച കൈയടികളെ കുറിച്ചു വിവരിക്കുമ്പോള്‍ മുഖത്ത് അഭിമാനം നിറഞ്ഞിരുന്നു.
 
നാടകരംഗത്തേക്കിറങ്ങിയതോടെ കെ.ടി.എസ്സിന് തിരക്കേറി. ജയഭാരത് നൃത്തകലാലയത്തിലും ചങ്ങനാശ്ശേരി ഗീതയിലും കൊല്ലം ട്യൂണയിലുമെല്ലാമായി അദ്ദേഹം മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചു. വീട്ടിലെ ദാരിദ്ര്യത്തെ നാടകം കൊണ്ട് അദ്ദേഹം മറികടന്നു. ഒരു ദിവസം മൂന്നുനാടകം വരെ കളിച്ച കാലത്തെകുറിച്ച് അദ്ദേഹം തന്നെ മുന്‍പ് അഭിമുഖങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. നാടകത്തില്‍ അരങ്ങുതകര്‍ക്കുന്നതിനിടെയാണ് പടന്നയിലിനെ തേടി സിനിമയുടെ വിളി വരുന്നത്.

ഡെന്നീസ് ജോസഫിന്റെ അഗ്രജനും, രാജസേനന്റെ അനിയന്‍ബാവ ചേട്ടന്‍ബാവ എല്ലാമായിരുന്നു ആദ്യചിത്രങ്ങള്‍. വ്യത്യസ്തവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ വേഷങ്ങള്‍ അധികമൊന്നും ലഭിച്ചില്ലെങ്കിലും പല്ലില്ലാത്ത അപ്പൂപ്പനായെത്തി കെ.ടി.എസ് പ്രേക്ഷകരില്‍ പലതവണ ചിരിനിറച്ചു.

kts pADANNAYIL
കെടിഎസ് പടന്നയിൽ സ്റ്റാർ ആൻഡ് സ്റ്റൈലിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ നിന്ന്

സിനിമയുടെ പകിട്ടുകളൊന്നും ജീവിതത്തില്‍ അദ്ദേഹത്തിന് തുണയായില്ല. ജീവിക്കാനായി അദ്ദേഹം തൃപ്പൂണിത്തറ കണ്ണന്‍കുളങ്ങരയില്‍ പെട്ടിക്കട നടത്തി. നാടകത്തില്‍ നിന്നു കിട്ടിയ വരുമാനംകൊണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് വാങ്ങിയ പെട്ടിക്കടയെകുറിച്ച് പറയാന്‍ അദ്ദേഹത്തിനെന്നും വലിയ താത്പര്യമായിരുന്നു. സിനിമയും നാടകവുമില്ലാത്ത ദിവസങ്ങളിലെല്ലാം പുലര്‍ച്ചേ എഴുന്നേറ്റ് വന്ന് കടതുറക്കുന്നത് ശീലമായിരുന്നു. അതിരാവിലെ പോകുന്ന ലോറിക്കാരും, പാലും പത്രവും തേടിയെത്തുന്ന നാട്ടുകാരും, മുറുക്കാന്‍ ചോദിച്ചെത്തുന്നവരുമെല്ലാം പടന്നയുടെ കടയിലെ സ്ഥിരം ഇടപാടുകാരായിരുന്നു. സിനിമയിലെ അപ്പൂപ്പന് ഇങ്ങനെയൊരു കടയെന്തിനാണെന്ന് പലരും ചോദിച്ചു, എന്നാല്‍ കട തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും പിന്നിട്ടവഴിയിലെ വലിയസമ്പാദ്യമാണെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

അഭിനയത്തിന്റെ ഇടവേളകളില്‍ നാട്ടുകാരോട് കുശലം പറഞ്ഞുകൊണ്ടുള്ള കച്ചവടം അടുത്തകാലം വരെ അദ്ദേഹം തുടര്‍ന്നു. തേച്ചുമിനുക്കിയ രണ്ട് ജുബ്ബയും മുണ്ടും അടങ്ങിയ ഒരു പെട്ടി അദ്ദേഹം പെട്ടികടയുടെ ഒരു മൂലയില്‍ എന്നും സൂക്ഷിച്ചു, സിനിമ വിളിക്കുമ്പോള്‍ സമയം കളയാതെ പുറപ്പെടാനുള്ള തയാറെടുപ്പായിരുന്നു അത്.

Content Highlights : KTS Padannayil Life Story Movies Padannayil stylish Photoshoot For Star and Style