''പല്ലില്ലാത്ത നിഷ്‌കളങ്കമായ ചിരിയുമുള്ള മനുഷ്യന്‍'' കെ.ടി.എസ് പടന്നയിലിനെ കുറിച്ചുള്ള ഓര്‍മകളില്‍ ആദ്യം എത്തുക ഇവയായിരിക്കും. കലയെ ശ്വാസമാക്കിയ ഈ നടന്‍ വിടപറഞ്ഞിരിക്കുകയാണ്. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

150-ഓളം സിനിമളില്‍ അഭിനയിച്ച പടന്നയില്‍ 1956-ല്‍ 'വിവാഹ ദല്ലാള്‍' എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. 1990-കള്‍ മുതലാണ് മലയാള സിനിമയില്‍ സജീവമായത്. കൊച്ചുപടന്നയില്‍ തായി, മണി ദമ്പതിമാരുടെ ആറുമക്കളില്‍ ഇളയവനായിരുന്നു പടന്നയില്‍. കൊച്ചുപടന്നയില്‍ തായ് സുബ്രമണ്യന്‍ എന്നാണ് പൂര്‍ണ്ണ നാമം. അഭിനയജീവിതത്തില്‍ തിരക്കേറിയതോടെ ഏവര്‍ക്കും പ്രിയപ്പെട്ട കെ.ടി.എസ് പടന്നയില്‍ എന്നായി.

പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ആറാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹത്തെ കാത്തിരുന്നത് കടുത്ത ജീവിത സാഹചര്യങ്ങളായിരുന്നു. 12 വയസ്സ് മുതല്‍ കൂലി വേലകള്‍ ചെയ്തു തുടങ്ങി. ചീഞ്ഞ തെങ്ങിന്‍ തണ്ടുകള്‍ എണ്ണി കൊടുത്തയായിരുന്നു തുടക്കം. കല്‍പ്പണി, മടല്‍ ചുമക്കല്‍ അങ്ങനെ ചെയ്യാത്ത പണികളൊന്നും ഉണ്ടായിരുന്നില്ല.

പിന്നീട് എപ്പോഴോ അഭിനയത്തോട് കടുത്ത ആരാധന തോന്നിതുടങ്ങി. തിരശ്ശീലയില്‍ അഭിനയത്തില്‍ വിസമയം തീര്‍ത്ത നടന്‍മാരില്‍  തന്നെ കാണാന്‍ തുടങ്ങി. ആദ്യ കാലത്ത് അഭിനയിക്കാന്‍ അവസരത്തിനായി പടന്നയില്‍ ബുദ്ധിമുട്ടി എന്നാല്‍ സ്വതസിദ്ധമായ അദ്ദേഹത്തിന്റെ ഹാസ്യത്തെ തിരസ്‌ക്കരിക്കാന്‍ നാടക കളരികള്‍ക്ക് കഴിഞ്ഞില്ല. 65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ ദല്ലാള്‍ എന്ന നാടകത്തിലെ ദല്ലാള്‍ കഥാപാത്രം കൈയടികളോടെയാണ് ജനം സ്വീകരിച്ചത്. ഒരു നടന്റെ ഔദ്യോഗിക ജനനമായിരുന്നു അത്.

ഇടക്കൊച്ചി സര്‍ഗ്ഗചേതന, ജയഭാരത് നൃത്ത കലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ, കൊല്ലം ട്യൂണ തുടങ്ങിയ സമിതികളിലെല്ലാം അദ്ദേഹത്തിന്റെ നിഷകളങ്ക ചിരി മുഴങ്ങി. പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം നീണ്ട അഭിനയജീവിതമാണ് അദ്ദേഹം ചിരിച്ചിപ്പ് തീര്‍ത്തത്.

നാടക വേദികളിലെ ചിരിത്തിളക്കം സംവിധായകന്‍ രാജസേനന്‍ കണ്ടെത്തിയതോടെ പടന്നയിലിന്റെ രാശി തെളിഞ്ഞു. ചേട്ടന്‍ ബാവ അനിയന്‍ ബാവ, വൃദ്ധന്‍മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഭാഗ്യ നക്ഷത്രങ്ങളായി. 

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ കാവിയുടത്ത പല്ലില്ലാത്ത അമ്മാവന്റെ ചിരിയും, 'ചിക്കന്‍ നല്ല മുറ്റാ' എന്ന ഡയലോഗും സിനിമ ആസ്വദകര്‍ മറക്കില്ല. പിന്നെയും നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലും ഇദ്ദേഹം സാന്നിധ്യം അറിയിച്ചു

എന്നാല്‍ ചമയങ്ങള്‍ അഴിച്ചു വെച്ചാല്‍ പടന്നയിലെ മുറുക്കാന്‍ കടയിലെ തിരക്കുകളിലായിരുന്നു അദ്ദേഹം. അഭിനയത്തിന്റെ തിരക്കിലും ജീവിത പ്രാരബ്ദങ്ങളില്‍ അദ്ദേഹത്തെ പിടിച്ച് നിര്‍ത്തിയത് ഈ കടയായിരുന്നു. മുറുക്കാനെടുത്ത് കൊടുത്തും നാരങ്ങ വെള്ളം തയ്യാറാക്കിയും സ്വതസിദ്ധമായ ചിരിയില്‍ അദ്ദേഹം അവിടെ സജീവമായിരുന്നു. 

ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് കാര്യമായി സമ്പാദിക്കാന്‍ ആ സാധു മനുഷ്യന് സാധിച്ചില്ല. പറ്റിച്ചവരോടും പരാതിയുണ്ടായിരുന്നില്ല. തനിക്ക് ജീവിക്കാനുള്ളത് ഈ കൊച്ചു കടയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അഭിനയമായും തൊഴിലായാലും സന്തോഷത്തോടെ, മാന്യമായി കൈകാര്യം ചെയ്യുകയെന്നതാണ് പടന്നയില്‍ സ്‌റ്റൈല്‍. അവസാന കാലം വരെയും അദ്ദേഹം അഭിനയിക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരുന്നു.

Content Highlights: KTS Padannayil demise Sreekrishnapuarthe nakhatrathilakkam movie actor