KS chithra
20 ഭാഷകള്‍, 25,000 ത്തിലേറെ ഗാനങ്ങള്‍, പത്മഭൂഷണ്‍, പത്മശ്രീ, നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത മറ്റ് പുരസ്‌കാരങ്ങള്‍.. കെ.എസ് ചിത്ര എന്നത് വെറുമൊരു പേരല്ല, ഒരു വികാരം കൂടിയാണെന്ന് തെളിയിക്കുന്ന നാല് പതിറ്റാണ്ടുകള്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരം. അനിഷ് എ.വി സംവിധാനം ചെയ്യുന്ന 'വിഡ്ഢികളുടെ മാഷ്' എന്ന ചിത്രത്തിലൂടെ ആ സ്വരമാധുര്യത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുക്കയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം നല്‍കിയ ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് പറയുന്നു ചിത്രയും.
തിരമാലയാണ് നീ
വളരെ നല്ലൊരു മെലഡിയാണ് 'വിഡ്ഢികളുടെ മാഷി'ലേത്. ഞാന്‍ ബിജിപാലിന് വേണ്ടി പാടുന്ന രണ്ടാമത്തെ ഗാനമാണ്. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാന്‍ ആദ്യമായി ബിജിബാലിന് വേണ്ടി പാടുന്നത്. രണ്ടും അതിമനോഹരമായ ഗാനങ്ങള്‍. മനസ് നിറഞ്ഞ് ഞാന്‍ പാടിയതാണ്. അതുപോലെ റഫീക്ക് അഹമ്മദ് സാറാണ് വിഡ്ഢികളുടെ മാഷിലെ ഈ ഗാനത്തിന്റെ രചന. അദ്ദേഹത്തിന്റെ രചനയില്‍ ഒരുപാട് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. വളരെ ആഴമുള്ള വരികളാണ് ഈ ഗാനത്തിലേത്. 'തിരമാലയാണ് നീ കടലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ അര്‍ഥശൂന്യം'... ഒന്നാന്തരം വരികള്‍. നല്ലൊരു ഗാനം പാടിയതില്‍ ഒരുപാട് സന്തോഷം
അമിത ആത്മവിശ്വാസം പാടില്ല
പുതിയ സംഗീത സംവിധായകര്‍ക്കൊപ്പം ആദ്യമായി പാടാന്‍ പോവുമ്പോള്‍ ഉള്ളിലൊരു ഭയമുണ്ടാകാറുണ്ട്. അവര്‍ക്കൊപ്പം ആദ്യമായല്ലേ, അവര്‍ക്ക് എങ്ങനെ പാടിയാലാണ് ഇഷ്ടമാവുക, അങ്ങനെയുള്ള ചിന്തകള്‍ അലട്ടാറുണ്ട്. ആരുടെ മുന്നിലും ആദ്യമായി പാടുമ്പോള്‍ ആ ഭയം എനിക്കുണ്ടാവാറുണ്ട്. പിന്നീട് രണ്ട് മൂന്ന് പാട്ടുകള്‍ പാടിക്കഴിഞ്ഞാല്‍ ആത്മവിശ്വാസം വരും. ഒരുവിധം ആര്‍ടിസ്റ്റുകള്‍ക്ക് എല്ലാം അങ്ങനെയാണ്. അമിത ആത്മവിശ്വാസം ആര്‍ക്കും വരാന്‍ പാടില്ല. എന്നും നമ്മള്‍ ഓരോരുത്തരില്‍ നിന്നും പഠിച്ചുകൊണ്ടിരിക്കുകയല്ലേ. ഇവിടെ ബിജിപാലിന്റെ കാര്യം പറയുകയാണെങ്കില്‍ ഇത്രയും സൗമ്യനായ ഒരു സംഗീത സംവിധായകന്‍ വേറെ കാണുമോ എന്ന് വരെ നമ്മള്‍ ചിന്തിച്ച് പോവും. അത്രയ്ക്കും ശാന്തനായ ഒരു മനുഷ്യനാണ്.
മാറിക്കൊണ്ടിരിക്കുന്ന റെക്കോര്‍ഡിങ്ങ്
ഞാന്‍ പാടിത്തുടങ്ങിയ സമയത്ത് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം ലൈവ് റെക്കോര്‍ഡിങ്ങ് ആയിരുന്നു. ഒരു വരി തെറ്റിയാല്‍ ആദ്യം മുതല്‍ പാടണമായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം രണ്ട് പാട്ടില്‍ കൂടുതലൊന്നും റെക്കോര്‍ഡിങ്ങ് നടക്കില്ലായിരുന്നു. പിന്നീട് ട്രാക്ക് എടുത്ത് വോയ്‌സ് മിക്‌സ് ചെയ്യാന്‍ തുടങ്ങി. അത് കൂറച്ചൂടെ എളുപ്പമായി. അനുപല്ലവിയില്‍ തെറ്റ് വന്നാല്‍ അനുപല്ലവി മാത്രമേ രണ്ടാമത് മുഴുവനായി പാടേണ്ടതുള്ളൂ. ടെക്‌നോളജി മാറി മാറി വന്ന് ഇന്നിപ്പോള്‍ ചരണം പാടിക്കഴിഞ്ഞാല്‍ ചില സംഗീത സംവിധായകര്‍ പറയാറുണ്ട് പല്ലവി ഞങ്ങള്‍ പേസ്റ്റ് ചെയ്‌തോളാം വീണ്ടും പാടണ്ട എന്ന്. എങ്കിലും ഞാന്‍ വീണ്ടും പാടാന്‍ ശ്രമിക്കാറുണ്ട്. ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി എങ്കിലും അതുകൊണ്ട് ദോഷവും ഉണ്ട്. ഇന്ന് പാട്ടില്‍ പെര്‍ഫക്ഷന്‍ വേണമെന്നില്ല. പാട്ടിന്റെ രീതികളും ഇന്ന് മാറിയിട്ടുണ്ട്. പിന്നത്തെ ഇന്നത്തെ കുട്ടികള്‍ പഴയ പാട്ടുകള്‍ക്കൊപ്പം തന്നെ വെസ്റ്റേണ്‍ ഗാനങ്ങള്‍ ഒരുപാട് കേള്‍ക്കുന്നവരാണ്. അതവര്‍ക്ക് നല്‍കുന്ന എക്‌സ്‌പോഷര്‍ വളരെ വലുതാണ്.
പാടുന്നതേറെയും താരാട്ടുകള്‍
നല്ല കുറേ ഗാനങ്ങളുടെ ശബ്ദമാകാന്‍ സാധിച്ചിട്ടുണ്ട്. അതിലേതാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രയാസമാണ്. ചില നല്ല പാട്ടുകള്‍ പുറത്തിറങ്ങാതെ പോയതും ഉണ്ട്. അതില്‍ ചെറിയ സങ്കടവുമുണ്ട്. എങ്കിലും അടുത്തിടെ ഞാന്‍ പാടിയ പാട്ടുകളില്‍ ഏറെ പേര്‍ക്ക് ഇഷ്ടപ്പെട്ടതില്‍ ഒന്ന് മാലിക്കിലെ തീരമേ ആണ്. കുറേ നല്ല കവര്‍ വേര്‍ഷനുകളൊക്കെ ഇറങ്ങിയിരുന്നു. അത് സുഷിന് വേണ്ടി ഞാന്‍ ആദ്യമായി പാടിയ പാട്ടാണ്. പിന്നെ മരക്കാറിലെ കുഞ്ഞുകുഞ്ഞാലിക്ക് എന്ന താരാട്ട് പാട്ടും ഒത്തിരി പേര്‍ ഇഷ്ടപ്പെട്ടതാണ്. ഇപ്പോള്‍ ഞാന്‍ പാടുന്നതിലേറെയും താരാട്ടുകളാണ്.
ബാലു സാര്‍ നികത്താനാവാത്ത നഷ്ടം
എന്റെ സംഗീത ജീവിതത്തില്‍ ഏറ്റവുമധികം ഡ്യൂയറ്റുകള്‍ പാടിയിരിക്കുന്നത് ബാലു സാറിന്റെ കൂടെയാണ്. അദ്ദേഹത്തിനൊപ്പം പാടുന്നത് വലിയ അനുഭവം ആണ്. പ്രത്യേകിച്ചും തെലുങ്കിലൊക്കെ. പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. തെലുങ്കില്‍ ഒരു പാട്ടുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയില്‍ നിന്ന് വയസായ സ്ത്രീയിലേക്കുള്ള ഒരുവളുടെ യാത്രയെക്കുറിച്ചാണ് പറയുന്നത്. അതിനകത്ത് എനിക്ക് വരികളില്ല, ചെറിയ ചെറിയ എക്‌സ്പ്രഷന്‍സും മറ്റുമേ ഹമ്മിങ്ങില്‍ ഉള്ളൂ. അന്ന് എനിക്ക് തെലുങ്ക് അത്ര വശമില്ല. പക്ഷേ ബാലു സര്‍ പാടുന്നതില്‍ നിന്ന് എനിക്ക് വരികളുടെ അര്‍ഥം മനസിലായി. അത്രയധികം ഭാവത്തോടെയാണ് അദ്ദേഹം ഗാനങ്ങള്‍ ആലപിക്കുക. അദ്ദേഹത്തെ പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം പാടാനായി എന്നതാണ് എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഭാഗ്യം.
Content Highlights : KS Chithra Interview, Songs,Viddikalude Mashu movie Song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..