സമൂഹത്തിന് നേരെയുള്ള കണ്ണാടിയാണ് 'വെള്ളരി പട്ടണം' -കൃഷ്ണ ശങ്കര്‍


By അജ്മല്‍ എന്‍. എസ് (ajmalns@mpp.co.in)

7 min read
INTERVIEW
Read later
Print
Share

കൃഷ്ണ ശങ്കർ, വെള്ളരിപ്പട്ടണത്തിലെ പോസ്റ്റർ

പ്രേമത്തിലെ 'കോയ'യായ് പ്രേക്ഷക മനസിലിടം നേടിയ കൃഷ്ണ ശങ്കര്‍ എന്ന നടനിപ്പോള്‍ നായകനായും സഹതാരമായുമൊക്കെ മലയാളസിനിമയില്‍ തിളങ്ങുകയാണ്. 'കൊച്ചാള്‍', 'കുടുക്ക് 2025' തുടങ്ങിയ ചിത്രങ്ങളിലൂടെ ത്രില്ലടിപ്പിച്ച നടന്‍ ആദ്യമായി ഒരു പൊളിറ്റിക്കല്‍ സാറ്റയറിന്റെ ഭാഗമാവുകയാണ്, 'വെള്ളരി പട്ടണം' എന്ന ചിത്രത്തിലൂടെ.മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണത്തില്‍ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുകയാണ് കൃഷ്ണ ശങ്കര്‍.

വെള്ള ഷര്‍ട്ടും മുണ്ടും ഒക്കെ ധരിച്ചെത്തുന്ന കഥാപാത്രം ചെയ്യാനുള്ള ആഗ്രഹം

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പനയാണ് കുറെ നാളുകള്‍ക്ക് മുന്‍പ് വെള്ളരിപട്ടണത്തിന്റെ കാര്യം എന്നോട് പറയുന്നത്. ബെന്നി ചേട്ടന്‍ സംവിധായകനായ മഹേഷേട്ടനെ പരിചയപ്പെടുത്തി. സൗബിനും മഞ്ജു ചേച്ചിയും ഉള്ള ചിത്രമാണെന്ന് പറഞ്ഞു. മഹേഷേട്ടന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. രാഷ്ട്രീയ പശ്ചാത്തതിലുള്ള ചിത്രം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. വെള്ള ഷര്‍ട്ടും മുണ്ടും ഒക്കെ ധരിച്ചെത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. അതും ഈ സിനിമ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു.

കഥയൊക്കെ പറഞ്ഞതിന് ശേഷം കോവിഡ് വന്നപ്പോള്‍ സിനിമ നീട്ടിവെച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും സിനിമ തുടങ്ങാന്‍ മഹേഷേട്ടന്‍ തീരുമാനിച്ചു. ബെന്നി ചേട്ടനും മഹേഷേട്ടനും വീണ്ടും എന്നെ കാണാന്‍ വന്നു. എനിക്ക് കഥ നേരത്തെ തന്നെ വളരെയധികം ഇഷ്ടപ്പെട്ടതിനാല്‍ ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെ ഡേറ്റും കാര്യങ്ങളും ഒക്കെ ഉറപ്പിക്കുകയായിരുന്നു.

വൈകാതെ കാണാമെന്ന് പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്നാകുമെന്ന് കരുതിയില്ല

മഞ്ജു ചേച്ചിയുമൊത്ത് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് വെള്ളരിപട്ടണം. സൗബിനുമൊത്ത് നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. പണ്ട് മുതലേ നമ്മള്‍ ചേച്ചിയുടെ സിനിമ കാണുന്നതാണ്. കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബെത്ലഹേം തുടങ്ങി ഗംഭീരമായ സിനിമകള്‍ ചെയ്തിട്ടുള്ള ഒരാളോടൊപ്പം അഭിനയിക്കുക എന്നത് നമ്മുടെയൊക്കെ ഒരു ആഗ്രഹമല്ലേ. അത് വെള്ളരിപട്ടണം എന്ന സിനിമയിലൂടെ നടന്നു. വെള്ളരിപട്ടണം കഴിഞ്ഞതിനുശേഷം ചേച്ചിയോടൊപ്പം 'ആയിഷ' ചെയ്തു. ആയിഷയിലാണ് എനിക്ക് ചേച്ചിയോടൊപ്പം കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നത്. ആയിഷയില്‍ എനിക്ക് ഏഴോ എട്ടോ സീനാണ് ഉണ്ടായിരുന്നത്. അതെല്ലാം ചേച്ചിയോടൊപ്പം ആയിരുന്നു. രണ്ടു ചിത്രങ്ങളും രണ്ട് ടൈപ്പ് ആയിരുന്നു. വെള്ളരിപട്ടണത്തിലെ ചേച്ചിയുടെ കഥാപാത്രം നല്ല ജോളി മൂഡാണ്. സിനിമയും അങ്ങനെ തന്നെ. വെള്ളരി
പട്ടണം കഴിഞ്ഞ ഉടനെ വൈകാതെ കാണാമെന്ന് മഞ്ജു ചേച്ചി പറഞ്ഞിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ആയിഷയില്‍ ജോയിന്‍ ചെയ്തു. വൈകാതെ കാണാമെന്ന് മഞ്ജു ചേച്ചി പറഞ്ഞപ്പോള്‍ അത് ഇത്ര പെട്ടെന്ന് ആകുമെന്ന് കരുതിയിരുന്നില്ല. വെള്ളരിപ്പട്ടണം കഴിഞ്ഞിട്ടാണ് ആയിഷയുടെ കഥ കേള്‍ക്കുന്നത്.

ലീഡറെ എന്ന് പോലും വിളിക്കും, സുരേഷിന്റെ കൂടെ നില്‍ക്കുന്ന രാധന്‍

രാധന്‍ എന്നാണ് സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര്. സൗബിന്‍ അവതരിപ്പിക്കുന്ന സുരേഷ് കെ.പി എന്ന കഥാപാത്രത്തിന്റെ സുഹൃത്താണ്. കോളേജ് കാലം മുതലേ ഇവര്‍ക്ക് പരസ്പരം അറിയാം. പാര്‍ട്ടി സംബന്ധമായ കാര്യങ്ങളാണ് ഇവരെ സുഹൃത്തുക്കളാക്കുന്നത്. സുരേഷ് എന്നെങ്കിലും വലിയൊരു നേതാവ് ആകുമെന്നാണ് രാധന്റെ വിശ്വാസം. സുരേഷിന് പോലും ചില നേരങ്ങളില്‍ ആ വിശ്വാസം ഇല്ല. രാധന്‍ ലീഡറെ എന്നുപോലും സുരേഷിനെ വിളിക്കാറുണ്ട്. സുരേഷിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് കൂടെ നില്‍ക്കുന്നയാളാണ് എന്റെ കഥാപാത്രം.

സിനിമയിലെ പല കഥാപാത്രങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ട്. പക്ഷേ അവരുടെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ നമുക്ക് ചിരി വരും എന്നതാണ് സിനിമയുടെ പ്രത്യേകത. ആസ്വദിച്ച് ചെയ്ത ഒരു സിനിമയാണിത്.

സമൂഹത്തിന് നേരെയുള്ള കണ്ണാടി

ട്രെയിലറില്‍ കാണുന്നത് തന്നെയാണ് ഭൂരിഭാഗവും സിനിമയുടെ സ്വഭാവം. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടതുമായ സംഭവങ്ങളാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്, സമൂഹത്തിന് നേരെയുള്ള കണ്ണാടി എന്ന് പറയുന്നത് പോലെ. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെയും ചിത്രത്തില്‍ പുകഴ്ത്താനോ ഇകഴ്ത്താനോ ശ്രമിച്ചിട്ടില്ല. കാര്യങ്ങള്‍ പറഞ്ഞു പോകുന്നു എന്ന് മാത്രം.
മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞിട്ടുള്ള പല കാര്യങ്ങളും സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാകും.

പഞ്ചവടിപ്പാലവും സന്ദേശവും വരവേല്‍പ്പും

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശരത്തേട്ടന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. പറയുന്ന കാര്യങ്ങള്‍ തമാശ കലര്‍ത്തി പറയുക എന്നത് രസമുള്ള സംഭവമാണ്. അത്തരത്തിലാണ് ശരത്തേട്ടന്‍ ഒക്കെ എഴുതി വച്ചേക്കുന്നത്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ആളായതു കൊണ്ട് തന്നെ ഇവിടെ നടന്നിട്ടുള്ള സംഭവങ്ങളെല്ലാം പുള്ളിക്കാരനറിയാം. അദ്ദേഹം കൈകാര്യം ചെയ്യുന്ന മേഖല ഇതായത് തിരക്കഥയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്ക് കൗതുകരമായ ഒരുപാട് സംഭവങ്ങള്‍ അറിയാമായിരിക്കും. ഇതിനെയൊക്കെ ഹസ്യത്തിന്റെ മേമ്പൊടിയോടെ പറയുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ ഗ്രഹിക്കാന്‍ സാധിക്കും. വളരെ രസകരമായിട്ടാണ് ഓരോന്നും പറഞ്ഞു പോകുന്നത്. മുന്‍പ് കേട്ട കഥ കുറച്ചുനാള്‍ കഴിഞ്ഞ് വീണ്ടും വരുമ്പോള്‍ ചെയ്യാമെന്ന് തറപ്പിച്ചു പറഞ്ഞതിന്റെ പ്രധാന കാരണം തിരക്കഥ തന്നെയാണ്.

സീരിയസ് ആയിട്ട് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരുപാട് പടങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. തമാശ കലര്‍ത്തി പറയുന്ന ചിത്രങ്ങളും ധാരാളമുണ്ട്. ജോര്‍ജ് സാറിന്റെ പഞ്ചവടിപ്പാലം, ശ്രീനി സാറിന്റെ സന്ദേശം, വരവേല്‍പ് തുടങ്ങിയ ചിത്രങ്ങളെല്ലാം അതിനുദാഹരണമാണ്. തമാശ കലര്‍ത്തി കാര്യങ്ങള്‍ പറഞ്ഞു പോകുന്ന തിരക്കഥ ഒരുക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പക്ഷേ ശരത്തേട്ടന്‍ മനോഹരമായിട്ട്, വിശദമായിട്ട് എഴുതിയിട്ടുണ്ട്. നമ്മള്‍ വന്നുനിന്ന് ചെയ്താല്‍ മാത്രം മതിയായിരുന്നു.

തമാശയൊക്കെ പറഞ്ഞ് മഞ്ജു ചേച്ചി നമ്മളില്‍ ഒരാളായി

എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്ന ആളാണ് സംവിധായകന്‍ മഹേഷേട്ടന്‍. സീനിലെ രാഷ്ട്രീയ പശ്ചാത്തലത്തെ പറ്റി ചോദിച്ചാല്‍ വര്‍ഷം സഹിതം പുള്ളി പറഞ്ഞുതരും. ശരത്തേട്ടനും മഹേഷേട്ടനും വ്യക്തമായി കാര്യങ്ങള്‍ അറിയാം. ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ കൃത്യമായി ഇവര്‍ പറഞ്ഞുതരും.

മാവേലിക്കരയില്‍ വളരെ രസകരമായ പൂര്‍ത്തിയാക്കിയ ചിത്രമാണ് വെള്ളരിപട്ടണം. ഞാനും ശബരീഷും സൗബിനും നേരിട്ട് പരിചയമുള്ളവരായിരുന്നു. ചിത്രത്തിലെ ആദ്യ സീന്‍ ഞാനും മഞ്ജു ചേച്ചിയും ഉള്ളതായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ചേച്ചിയും നമ്മുടെ കൂട്ടത്തിലെ ഒരാളായി. തമാശയൊക്കെ പറഞ്ഞ് രസമായിട്ടാണ് എല്ലാവരും വര്‍ക്ക് ചെയ്തത്. നാട്ടുകാരും നല്ല സഹകരണം ആയിരുന്നു. അവരുടെ നാട്ടില്‍ ഒരു ഉത്സവം നടക്കുന്ന പ്രതീതി ആയിരുന്നു.

പ്രേമത്തിലെ 'കോയ'യെ കിട്ടാന്‍ കാരണം ആ നാല് സീന്‍

2012 -ലാണ് 'നേരം' സംഭവിക്കുന്നത്. എനിക്കതില്‍ നാല് സീനാണ് ഉണ്ടായിരുന്നത്. ആ നാല് സീന്‍ ഞാന്‍ ചെയ്തപ്പോള്‍ ആള്‍ക്കാര്‍ക്കും അല്‍ഫോന്‍സിനും രസം തോന്നിയതുകൊണ്ടാണ് പ്രേമത്തില്‍ എനിക്ക് മുഴുനീള കഥാപാത്രം കിട്ടിയത്. 'നേര'ത്തിലെ വേഷം നന്നായില്ലായിരുന്നെങ്കില്‍ പ്രേമത്തിലെ 'കോയ' എന്ന കഥാപാത്രം എനിക്ക് കിട്ടില്ലായിരുന്നു, അതെനിക്ക് ഉറപ്പാണ്.

അഭിനയം തുടങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. അതിനും മൂന്നുവര്‍ഷം മുമ്പ് ക്യാമറ അസോസിയേറ്റ് ആയിട്ടാണ് ഞാന്‍ തുടങ്ങിയത്. ഈ പത്ത് വര്‍ഷത്തിനിടയില്‍ ആകെ ഇരുപതോളം സിനിമകളാണ് ഞാന്‍ ചെയ്തത്. എനിക്ക് അഭിനയിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. കേള്‍ക്കുന്ന കഥകള്‍ നമുക്ക് ഇഷ്ടപ്പെടണം. അഭിനയിക്കുന്ന കഥാപാത്രം ആദ്യം എനിക്ക് തൃപ്തി നല്‍കണം. ഞാന്‍ ചെയ്ത ഒരു കഥാപാത്രവും എനിക്ക് അഭിനയിക്കുന്ന വേളയില്‍ വേണ്ടായിരുന്നില്ല എന്ന് തോന്നിയിട്ടില്ല.

ആദ്യം കഥ പറയാനാണ് ഞാന്‍ ആവശ്യപ്പെടാറുള്ളത്. എന്റെ കഥാപാത്രത്തെക്കുറിച്ച് അറിയാതെ കഥ കേള്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. പിന്നീട് താല്പര്യം തോന്നിയാല്‍ മാത്രമേ കഥാപാത്രത്തെക്കുറിച്ച് ചോദിക്കാറുള്ളൂ. രണ്ടു കാര്യങ്ങളാണ് ഞാന്‍ പ്രധാനമായും നോക്കാറുള്ളത്. ഒന്ന് നല്ല സിനിമയുടെ ഭാഗമാകണം, വരുന്ന സബ്ജക്ട് നമുക്ക് കൊള്ളാമെന്ന് തോന്നണം. രണ്ടാമത്തേത്, ഒരു സീനുള്ള സിനിമയാണെങ്കിലും മുഴുനീള കഥാപാത്രമാണെങ്കിലും നമ്മള്‍ നന്നായിട്ട് അഭിനയിക്കണം. ചിലപ്പോള്‍ ഒരു സീന്‍ ആണെങ്കില്‍ പോലും അത് ആളുകളുടെ മനസ്സിലേക്ക് കയറും.

ആവര്‍ത്തിച്ച 'മാങ്ങാത്തൊലി', ട്രോളുകള്‍ ഓര്‍മപ്പെടുത്തലുകളാണ്

ഭയങ്കര കഴിവുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പരിപാടിയാണ് ട്രോളുകള്‍ ഉണ്ടാക്കുക എന്നത്. ഹ്യൂമര്‍ ചെയ്യുന്ന ആള്‍ എന്ന നിലയില്‍ ചിരിപ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം. ഹ്യൂമര്‍ മര്യാദയ്ക്ക് വന്നില്ലെങ്കില്‍ അതില്‍പ്പരം ട്രാജഡില്ല. 'മാങ്ങാത്തൊലി' എന്ന് ഞാന്‍ പല സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്. നമ്മള്‍ പോലും പലപ്പോഴും ഇതൊക്കെ ട്രോള്‍ ആയി വരുമ്പോള്‍ ആണ് ശ്രദ്ധിക്കാറുള്ളത്.

ട്രോളന്മാര്‍ പലതും നമ്മളെ ഓര്‍മിപ്പിക്കുന്നു. ട്രോള്‍ ഒക്കെ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന രീതിയില്‍ ചിന്തിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു പ്രശ്‌നവുമില്ല. എന്നെ വേദനിപ്പിക്കുന്ന ട്രോളുകള്‍ ഒന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ടൈപ്പ് കാസ്റ്റ് ആയിപ്പോകുന്നു എന്നുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്.

ഞാനൊക്കെ തല്ലുന്നത് പ്രേക്ഷകര്‍ വിശ്വസിച്ചത് തന്നെ വല്യ കാര്യം

കുടുക്കിലെ ഫൈറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ആ ചിത്രം ഞാനാണ് നിര്‍മ്മിച്ചത്. എന്റെ തന്നെ എസ്.വി.കെ. പ്രൊഡക്ഷന്‍സ് ആയിരുന്നു ബാനര്‍. സംവിധായകന്‍ ബിലഹരി എന്നോട് കഥ പറയുന്ന സമയത്ത് 'മാരന്‍' എന്ന കഥാപാത്രത്തിന് ക്ലൈമാക്‌സിനോട് അടുത്ത് ഒരു ഫൈറ്റ് ഉണ്ടെന്ന് അറിയിച്ചു. അത് നന്നായി ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ആറു ദിവസം കൊണ്ടാണ് ഷൈനും ഞാനും തമ്മിലുള്ള ഫൈറ്റ് ഷൂട്ട് ചെയ്തത്. പലരും കണ്ടിട്ട് കൊള്ളാം എന്ന് പറഞ്ഞു. സിനിമയില്‍ ഒരാളെ തല്ലാന്‍ ഭയങ്കര പാടാണ്. പ്രേക്ഷകന്‍ ഇത് വിശ്വസിക്കണം. എനിക്കൊക്കെ അടുത്ത വീട്ടിലെ പയ്യന്‍ ഇമേജ് ആണ്. ഞാനൊക്കെ തല്ലുന്നത് പ്രേക്ഷകര്‍ വിശ്വസിച്ചത് തന്നെ വല്യ കാര്യം. തല്ലി ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ആ സിറ്റുവേഷന്‍ കറക്റ്റ് ആയിട്ട് വരണം. ഇവന്‍ അടിക്കുമെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന സമയത്ത് വേണം അടി വീഴാന്‍. കുടുക്കില്‍ അത് സംഭവിച്ചു.

നമ്മള്‍ മാറണം, പ്രേക്ഷകനെ കുറ്റം പറയാനാവില്ല

നമ്മുടെ അടുത്തേക്ക് വരുന്ന കഥകളല്ലേ നമുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. എനിക്ക് തമാശ പടങ്ങളാണ് കൂടുതലും വരുന്നത്. ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ചോദിക്കാറുണ്ട്. കുറച്ച് കഴിയുമ്പോള്‍ നമ്മള്‍ മാറിയില്ലെങ്കില്‍ അതില്‍ പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാറ്റത്തിനൊപ്പമേ ആളുകള്‍ പോവുകയുള്ളു. നമ്മള്‍ മാറാതിരുന്നിട്ട് കാര്യമില്ല. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം.

മനോജ് പിള്ള എന്ന ക്യാമറമാന്റെ കൂടെ വര്‍ക്ക് ചെയ്തു കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. 'രതിനിര്‍വേദ'ത്തിലാണ് ആദ്യമായിട്ട് വര്‍ക്ക് ചെയ്യുന്നത്. എട്ടോളം പടത്തില്‍ അസിസ്റ്റന്റ് / അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴിലും തെലുഗുവിലുമാണ് അവസാനമായി ക്യാമറയ്ക്ക് പിന്നില്‍ വര്‍ക്ക് ചെയ്തത്. അപ്രതീക്ഷിതമായാണ് നിര്‍മാണത്തിലേയ്ക്ക് വരുന്നത്.

68 കിലോയില്‍ നിന്ന് 83 ലേക്ക്

'തോബാമ'യിലെ മമ്മു എന്ന കഥാപാത്രത്തിന് വേണ്ടി ചെറുതായിട്ട് ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ വരുത്തിയിട്ടുണ്ട്. ആ കഥാപാത്രത്തിന് അത് ആവശ്യമായിരുന്നു. സ്വന്തം രൂപത്തില്‍ നിന്ന് മാറേണ്ട ആവശ്യം ഉണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ മൊഹസീനാണ് ഭാരം കൂട്ടാന്‍ പറഞ്ഞത്.

'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള' ചെയ്തതിന് ശേഷമാണ് 'തോബാമ' ചെയ്യുന്നത്. 68 കിലോയില്‍ നിന്ന് 83 കിലോ എത്തി. അത് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഭാരം കുറച്ച് 'ആള്ള് രാമേന്ദ്രനി'ല്‍ അഭിനയിച്ചു. സ്റ്റില്‍ ഒക്കെ കാണുമ്പോള്‍ കൊള്ളാം എന്ന് നമുക്ക് തോന്നും. എനിക്ക് ഇഷ്ടമുള്ള പരിപാടി ആണിത്. ഇതൊന്നും എനിക്ക് പ്രശ്‌നമേ ഇല്ല.

നല്ല സിനിമയാണ്, എന്താ പ്രൊമോട്ട് ചെയ്യാത്തതെന്നായിരുന്നു ചോദ്യങ്ങള്‍

പ്രേമവും നേരവും കഴിഞ്ഞ് എനിക്ക് ഏറ്റവും സന്തോഷമായത് 'കൊച്ചാള്‍' സിനിമയ്ക്ക് ശേഷം ആളുകളുടെ പ്രതികരണം കേട്ടാണ്. ഞാന്‍ ആദ്യമായി നായകനായി എത്തിയ ചിത്രം ആയിരുന്നു 'കൊച്ചാള്‍'. തിയേറ്ററില്‍ പ്രതീക്ഷിച്ചത് പോലെ ചിത്രം വിജയമായില്ല. ജൂണ്‍ സമയത്തായിരുന്നു റിലീസ്. ആ സമയത്ത് പലരും സിനിമ എന്താണ് പ്രൊമോട്ട് ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചു. നല്ല സിനിമയാണെന്ന് പറഞ്ഞു.

ഞങ്ങള്‍ നല്ലത് പോലെ പ്രമോഷന്‍ നടത്തിയെങ്കിലും തിയേറ്ററില്‍ പടം ഹോള്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. പടം ഒ.ടി.ടി യില്‍ എത്തിയപ്പോള്‍ ചര്‍ച്ചയായി. ദിലീഷ് പോത്തന്‍ ചേട്ടന്‍ ഒക്കെ വിളിച്ചു. നന്നായി ചെയ്തെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷമായി. നായകന്‍ ആയതിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പോലീസ് വേഷം ചെയുന്നതിന്റെ സമ്മര്‍ദവും അനുഭവിച്ചു. തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ഇരുന്നെകിലും അടുത്ത സിനിമയില്‍ ശരിയാകും എന്ന് കരുതി. പക്ഷേ ഒ.ടി.ടി യില്‍ വന്ന ശേഷം നല്ല അഭിപ്രായം കിട്ടിയപ്പോള്‍ സന്തോഷമായി.

റാഗിങ്ങിലൂടെയുള്ള സൗഹൃദം, ഷോര്‍ട്ട് ഫിലിം പിന്നെ സിനിമ

അല്‍ഫോണ്‍സ് എന്റെ സീനിയര്‍ ആയി പഠിച്ചതാണ്. റാഗിങ്ങിലൂടെയാണ് പരിചയപ്പെടുന്നത്. രണ്ടാള്‍ക്കും സിനിമയായിരുന്നു ഇഷ്ടം. പിന്നീട് കൂട്ടത്തിലേയ്ക്ക് ശബരി. വന്നു, മൊഹ്‌സീന്‍ വന്നു. ഞാന്‍ ക്യാമറ പഠിക്കാന്‍ തിരുവനന്തപുരത്തേക്ക് പോയി അവര്‍ സിനിമ പഠിക്കാന്‍ ചെന്നൈയില്‍ പോയി. പിന്നീട് ഞങ്ങള്‍ ഷോര്‍ട്ട് ഫിലിമുകളിലൂടെ ഒന്നിച്ചു. അല്‍ഫോണ്‍സ് സംവിധാനവും ഞാന്‍ ക്യാമറയും. രണ്ട് മൂന്നെണ്ണം ചെയ്തു. അതിലൊന്നായിരുന്നു 'നേരം'. അത് പിന്നീട് സിനിമയാക്കി. അല്‍ഫോണ്‍സിനും എനിക്കും പരസ്പരം നന്നായിട്ടറിയാം. നടന്‍ എന്ന നിലയില്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് അല്‍ഫോണ്‍സിന് അറിയാം. എന്റെ ചിരി എങ്ങനെ എപ്പോള്‍ വേണം എന്നൊക്കെ അല്‍ഫോന്‍സിന് അറിയാം. അല്‍ഫോണ്‍സുമായി ഒക്കെ സിനിമ ചെയ്യുമ്പോള്‍ ഉള്ള ഗുണം അതാണ്. വ്യക്തമായി കാര്യങ്ങള്‍ അറിയാനാകും.

നിവിനുമൊത്ത് 'താരം', ഒരു മുഴുനീള കോമഡി പടം

'വാതില്‍' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാന്‍ ഉള്ളത്. വിനയ് ഫോര്‍ട്ടും ചിത്രത്തിലുണ്ട്. ഷൂട്ടിങ് കഴിഞ്ഞു, റിലീസിന് തയാറെടുക്കുകയാണ്. നിവിന്‍ പോളി നായകനാകുന്ന 'താര'ത്തില്‍ ഒരു വേഷമുണ്ട്. ഷൂട്ടിങ് തുടങ്ങിയിട്ടില്ല. ഏപ്രില്‍ അവസാനത്തോടെയാകും ഷൂട്ടിങ് ആരംഭിക്കുക. മണാലിയാണ് ലൊക്കേഷന്‍.നിവിന്‍ പോളിക്കൊപ്പം മുഴുനീള വേഷമാണ് താരത്തില്‍ ഉള്ളത്. കുറെ നാളുകള്‍ക്ക് ശേഷമാണിത്. ആ വൈബ് പ്രേക്ഷകര്‍ക്ക് ലഭിക്കും. നല്ലൊരു സബ്ജക്റ്റാണ് ചിത്രത്തിന്റേത്. ഒരു മുഴുനീള കോമഡി പടമായിരിക്കും 'താരം'.

പിന്നെ നായകനായി ഒരു ചിത്രം വരുന്നുണ്ട്. മെയ് അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. ആ ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ല. എസ്.വി.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരു ചിത്രം വരുന്നുണ്ട്. കഥ കേട്ട് ഇഷ്ടപ്പെട്ടു. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച നടക്കുന്നതേ ഉള്ളൂ. എല്ലാത്തരം കഥകളും സിനിമ നിര്‍മിക്കാനായി കേള്‍ക്കാറുണ്ട്. ഒരു ഹിന്ദി വെബ് സീരിസില്‍ അഭിനയിക്കാന്‍ അവസരം വന്നിട്ടുണ്ട്. 'ഇഖ്ബാല്‍' എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനാണ് വെബ് സീരിസ് ഒരുക്കുന്നത്. ചര്‍ച്ചകള്‍ നടക്കുകയാണ്.

Content Highlights: krishna shankar interview, vellaripattanam, manju warrier soubin shahir mahesh vettiyar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ANJANA jayaprakash
INTERVIEW

'ജയലളിതയുടെ ചെറുപ്പകാലം അഭിനയിച്ചത് ഞാനാണ്; ഇപ്പോൾ പാച്ചുവിന്റെ ഹംസധ്വനി'

Apr 29, 2023


anna ben actor  interview thrishanku arjun asokan benny p nayarambalam

2 min

പപ്പയുടെ കോമഡി പപ്പതന്നെ വായിച്ച് ചിരിക്കാറുണ്ട്; ബെന്നി പി നായരമ്പലത്തെക്കുറിച്ച് അന്ന ബെൻ

Jun 5, 2023


lal jose

2 min

’ഇവൻ ഗൾഫിലേക്ക് പോകേണ്ടവനല്ല, സിനിമയിലാണിവന്റെ ഭാവി’; ഗൾഫുയാത്ര മുടങ്ങി, ലഭിച്ചത് ഹിറ്റ്മേക്കറെ

May 28, 2023

Most Commented