അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.കെ.ആർ. പിള്ള | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി
കുട്ടിക്കാലത്തു സിനിമ കാണുമ്പോള്‍ ടൈറ്റില്‍ എഴുതിക്കാണിക്കുന്ന സമയത്ത് ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന ബാനറും പി കെ ആര്‍ പിള്ള എന്ന നിര്‍മ്മാതാവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും, ചിത്രം എന്ന ഒരൊറ്റ സിനിമ മതി അദ്ദേഹത്തിന്റെ നാമധേയം മലയാളി അവന്റെ മനസ്സില്‍ കുടിയിരുത്താന്‍. മലയാളത്തില്‍ ആദ്യമായി 365 ദിവസം ഒരേ തിയറ്ററില്‍ കളിച്ച സിനിമ. മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ ഒരുപിടി ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അമൃതംഗമയ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങിയ ലാല്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.
എണ്‍പതുകളില്‍ കേരളത്തില്‍ നിന്നുള്ള ബിസിനസ് മാഗ്‌നെറ്റുകളില്‍ ഒരാളായിരുന്നു പി.കെ.ആര്‍. പിള്ള. സ്വന്തമായി ടിന്‍ ഷീറ്റുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് ഉണ്ടായിരുന്ന ഇന്ത്യയിലെ വളരെ കുറച്ച് വ്യക്തികളില്‍ ഒരാള്‍. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി വളരെ അടുത്ത ബന്ധം, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇലക്ഷനില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം വിദേശത്തും മുംബൈയിലും കേരളത്തിലുമായി തന്റെ ജീവിതം ആഡംബരത്തിന്റെ അത്യുന്നതങ്ങളില്‍ വിരാജിച്ചു കൊണ്ട് ജീവിച്ചു. കുതിരപ്പന്തയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം സ്ഥിരമായി പന്തയങ്ങളില്‍ പങ്കെടുക്കുമായിരുന്നു.
ചിത്രം എന്ന സിനിമ 365 ദിവസം ഓടിയപ്പോള്‍ മോഹന്‍ലാലിന് മാരുതി കാറും പത്തു പവന്റെ സ്വര്‍ണ്ണമാലയും, സംവിധായകന്‍ പ്രിയദര്‍ശന് അംബാസഡര്‍ കാറും അതിലെ നായികയായ രഞ്ജിനിക്ക് എഴുപത്തായയിരം രൂപ വിലയുള്ള ടി.വിയും വി.സി.ആറും വാങ്ങിക്കൊടുത്തു. അങ്ങനെ തന്റെ കൂടെയുള്ളവര്‍ക്ക് എല്ലാം കൈയയച്ച് തന്നെ സഹായിക്കുകയും തന്റെ സമ്പത്തിന്റെ ഒരു ഭാഗം തന്റെ ചുറ്റുമുള്ളവര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. സായിബാബ ഭക്തനായ അദ്ദേഹം വീട്ടുപറമ്പില്‍ അദ്ദേഹത്തിനായി ഒരു അമ്പലം തന്നെ പണിതുവെച്ചു.
രണ്ടായിരത്തിന് ശേഷം പി.കെ.ആര്‍. പിള്ളയെ സിനിമാലോകത്തു അധികം കണ്ടില്ല, അധികമാരും അദ്ദേഹത്തെ അന്വേഷിച്ചുമില്ല. അടുത്തകാലത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ കഥകള്‍ പുറംലോകം അറിഞ്ഞത്. ബിസിനസ് തകര്‍ന്ന് തരിപ്പണമായി തൃശ്ശൂരില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളോട് മല്ലിട്ട് അദ്ദേഹം കഴിയുകയായിരുന്നു. പ്രിയപുത്രന്റെ അവിചാരിതമായുള്ള മരണം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി കഴിഞ്ഞിരുന്നു. ഓര്‍മ്മക്കുറവ് ബാധിച്ച അദ്ദേഹത്തിന് താന്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുകയുണ്ടായി. തന്റെ സമ്പത്ത് കാലത്ത് കൂടെയുണ്ടായിരുന്ന പലരും ഇന്ന് അദ്ദേഹത്തെ ഓര്‍ക്കുക പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. താന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ഇന്നും ടിവിയില്‍ കളിക്കുമ്പോള്‍ അതിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് പോലും ലഭിക്കാതെ പി.കെ.ആര്‍. പിള്ള എന്ന അതികായന്‍ തന്റെ ഓര്‍മ്മകള്‍ മാഞ്ഞു തന്റെ കൊച്ചുവീട്ടിലെ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.
ഒരു കാലത്ത് ഇരുപതു കുതിരകള്‍ വരെ സ്വന്തം വീട്ടില്‍ ഉണ്ടായിരുന്ന പി.കെ.ആര്‍. പിള്ളയുടെ ജീവിതാനുഭവങ്ങള്‍ ഒരു വലിയ പാഠം നല്‍കുന്നുണ്ട്. അതുപോലെതന്നെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതവും നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍ ഇവരുടെ ഒക്കെ ജീവിതത്തില്‍ നമുക്ക് ദൃശ്യമാകും. ഉയര്‍ച്ചയുടെ കൊടുമുടികള്‍ താണ്ടുംതോറും വീഴ്ചയുടെ ആഘാതം ഏറെയായിരിക്കും എന്ന തത്വം ഇവരുടെ ജീവിതത്തില്‍നിന്നു പഠിക്കാന്‍ സാധിക്കും. വെറും നശ്വരമായ ഈ ലോകത്ത് അനശ്വരരാകാന്‍ മനുഷ്യന്‍ നോക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നമ്മുടെയൊക്കെ ജീവിതം എല്ലായിപ്പോഴും ഒരുപോലെ ഇരിക്കണമെന്നില്ല. ജീവിതത്തെക്കുറിച്ച് നമുക്ക് വലിയ ആത്മവിശ്വാസം ഉണ്ടാകും, പക്ഷേ ക്ഷണനേരം മതി അതൊന്ന് മാറിമറിയാന്‍. ഉറ്റവര്‍ക്ക് ഉണ്ടാകുന്ന ഒരു അസുഖം മതി നമ്മളെ ആകെ തളര്‍ത്താന്‍. ഒരു ലിവര്‍ ട്രാന്‍സ്പ്ലാന്റോ കിഡ്‌നി ട്രാന്‍സ്പ്ലാന്റോ നമുക്കോ നമ്മുടെ കൂടെയുള്ളവര്‍ക്കോ വേണ്ടിവന്നാല്‍ അതോടെ തീരും ജീവിതം. ക്ഷണഭംഗുരമായ ഈ ജീവിതത്തിനു വേണ്ടിയാണ് നമ്മള്‍ ഏറെ ആലോചിക്കുന്നത്, സമ്പത്ത് സ്വരുകൂട്ടുന്നത്.
അതുപോലെതന്നെ ഏതൊരു ബിസിനസിലും എന്‍ട്രി പോയിന്റും എക്‌സിറ്റ് പോയിന്റും നിര്‍ണയിച്ചിരിക്കണം. ചെയ്യുന്ന ബിസിനസ് എല്ലാം എല്ലാ കാലവും ഒരുപോലെ ആവണമെന്നില്ല. സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന് പറയുന്നതുപോലെ, ബിസിനസിലും കൃത്യസമയത്ത് എക്‌സിറ്റ് അടിക്കാന്‍ അറിയണം. അതാണ് യഥാര്‍ത്ഥ ബിസിനസ്സ്മാന്‍ ചെയ്യേണ്ടത്.
പി.കെ.ആര്‍. പിള്ളയുടെ അവസാന നാളുകളില്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്നത് ഏറെ ആശ്വാസകരമായ വാര്‍ത്ത ആണ്. തന്റെ താരമൂല്യം ഉയര്‍ത്തിയ ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച ആ നിര്‍മാതാവിന്റെ അവസാനനാളുകളില്‍ അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കാനായത് ആ നടന്റെ വലിയ മനസ്സിന്റെ കാരുണ്യമാണ്. പി.കെ.ആര്‍. പിള്ളയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും,
ഓര്‍മ്മകള്‍ എല്ലാം ഒരുനാള്‍ മായും എന്നുറപ്പുണ്ടായിട്ടും,
ഓര്‍മ്മിച്ചെടുക്കാന്‍ ഇനിയൊന്നും ഇല്ല എന്ന് സ്വയം അറിഞ്ഞിട്ടും,
ഓര്‍ക്കാന്‍ ഇനി ആരുമില്ല എന്ന് സ്വയം മനസ്സിലാക്കിതരുന്നത്തേതോ
അതു താന്‍ ജീവിതം.
Content Highlights: KR Pillai producer, veteran filmmaker, malayalam cinema, vandanam, priyadarshan, mohanlal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..