45 വര്‍ഷം മുമ്പ് കെ.പി.എ.സി.യുടെ 'തുലാഭാരം' നാടകം ഒരു നാട്ടിന്‍പുറത്തെ അരങ്ങില്‍ കളിക്കുകയാണ്... അന്നൊക്കെ നാടകമെന്നാല്‍ രണ്ടാമതൊരു വാക്കില്ല. അവതരണ മികവ് കൊണ്ടും അഭിനയപാടവം കൊണ്ടും കെ.പി.എ.സി. അരങ്ങു വാഴുന്ന കാലം. തുലാഭാരത്തിലെ നായിക സ്വന്തം മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന് പറയുമ്പോള്‍ മുന്നിലെ കാണികളായ സ്ത്രീകള്‍ മാറത്തലച്ചു നിലവിളിക്കുകയാണ്. 'നിന്റെ സങ്കടങ്ങള്‍ ഞങ്ങള്‍ക്കറിയാം... കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കരുതേ... അവരെ ഞങ്ങള്‍ പോറ്റിക്കോളാം...' എന്നു പറഞ്ഞായിരുന്നു അവരുടെ വിലാപം... ജീവിതവും അഭിനയവും ഒന്നാണെന്ന് തോന്നിക്കുന്ന സ്ഥിതിവിശേഷം.

ഇത്തരം അംഗീകാരങ്ങള്‍ ഏതൊരു നടിയുടെയും കണ്ണുകളെ ഈറനണിയിക്കും. കെ.പി.എ.സി. ലീലയാണ് ഈ നടി. കെ.പി.എ.സി.യുടെ 'മുടിയനായ പുത്രന്‍', 'തുലാഭാരം' തുടങ്ങി പന്ത്രണ്ടോളം നാടകങ്ങളില്‍ നായികാവേഷം ചെയ്തു, അവര്‍. .

2018-ല്‍ കേരളത്തെ കെടുതിയിലാക്കിയ പ്രളയം സംവിധായകന്‍ ജയരാജ് അഭ്രപാളിയില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ നായികയായി എത്തിയത് ലീലയാണ്. നാടകത്തിന്റെയും സിനിമയുടെയും ലോകത്തുനിന്ന് നാലരപ്പതിറ്റാണ്ട് മാറിനിന്നെങ്കിലും ഈ വേഷം അവരെ മലയാള സിനിമയില്‍ അടയാളപ്പെടുത്തലായി മാറി. നായകനായ രണ്‍ജി പണിക്കരുടെ, ഓര്‍മനഷ്ടപ്പെട്ട കഥാപാത്രത്തിന്റെ അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു ലീലയുടെ നായികയ്ക്കും. ചാച്ചനും മേരിക്കുട്ടിയുമായി അവര്‍ പകര്‍ന്നാട്ടം നടത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം തന്നെ അതിന് വലിയ തെളിവാണ്. പ്രശസ്ത സാഹിത്യകാരി ഡോ. കെ.പി. സുധീര സിനിമയുടെ അവലോകനത്തില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. പ്രളയത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ചില്ലെങ്കിലും സിനിമ കണ്ടപ്പോള്‍ മനസ്സില്‍ അതൊരു വിങ്ങലായെന്നും അത്രയ്ക്ക് തന്മയത്വത്തോടെ ലീല അഭിനയിച്ചു എന്നും അവര്‍ കുറിച്ചു.

നൃത്തപഠനത്തിലൂടെ അഭിനയത്തിലേക്ക്

പന്ത്രണ്ടാം വയസ്സില്‍ മകളുടെ നൃത്തവാസന കണ്ടറിഞ്ഞ പിതാവ് ലീലയെ കോഴിക്കോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടത്തെ ഡാന്‍സ് ക്ലാസുകള്‍ പലതും ബാലെ ട്രൂപ്പുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ പ്രശസ്തനായ നൃത്ത സംവിധായകന്‍ എം.ആര്‍. രാജരത്തിനം പിള്ളൈയുടെ നിര്‍ദേശപ്രകാരമാണ് ലീല കലാമണ്ഡലത്തില്‍ ചേര്‍ന്നത്. നൃത്തപഠനം ലീലയ്ക്ക് ജീവശ്വാസം പോലെയായിരുന്നു. അസാധാരണമായ മെയ്വഴക്കവും ശരീരവടിവും നൃത്തരംഗത്ത് ശോഭിക്കാന്‍ അവര്‍ക്ക് സഹായകമായി.

അടിയുറച്ച കമ്യൂണിസ്റ്റുകാരനായ പിതാവിന്റെ മകള്‍ക്ക് ബാല്യകാലം അത്ര സന്തോഷകരമായിരുന്നില്ല. മാതാപിതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിനിടയ്ക്ക് അറസ്റ്റിലാകുമ്പോള്‍, താഴെയുള്ള സഹോദരങ്ങള്‍ക്ക് കുഞ്ഞുലീലയായിരുന്നു ആശ്രയം. ഒളിവുജീവിതവും അറസ്റ്റുമൊന്നും പുത്തരിയല്ലാത്ത കമ്യൂണിസ്റ്റുകാരന്റെ മകള്‍ അങ്ങനെ ജീവിതത്തില്‍ ദുരിതങ്ങള്‍ക്കെതിരേ പൊരുതുകയായിരുന്നു. തുണയായത് തന്റെ അഭിനയപാടവം ഒന്നുമാത്രം.

ആയിടെയാണ് പി.ജെ. ആന്റണിയുടെ നാടകസമിതിയില്‍ നിന്ന് ലീല കെ.പി.എ.സി.യിലേക്ക് വരുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അഭിനയത്തോടൊപ്പം ശാസ്ത്രീയ നൃത്തത്തിലുള്ള പാടവവും ലീലയെ സ്ഥിരം നായികാപദവിയിലെത്തിച്ചു.

'പുതിയ ആകാശം, പുതിയ ഭൂമി'യിലൂടെ ലീല സിനിമയിലും മുഖംകാണിച്ചു. കെ.പി.എ.സി. സുലോചനയ്ക്ക് ശേഷം 'ശരശയ്യ', 'അശ്വമേധം', 'മൂലധനം' എന്നീ നാടകങ്ങളില്‍ അവരുടെ റോള്‍കൂടി കൈകാര്യം ചെയ്തു. പ്രേക്ഷകരുടെ അഭിനന്ദനമാണ് അന്നത്തെ ഏറ്റവും വലിയ അവാര്‍ഡെന്ന് വിശ്വസിക്കുന്ന ലീല, ഇന്നും തോപ്പില്‍ ഭാസിയുടെ അഭിനന്ദനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. സുലോചനയ്ക്ക് പകരമായി വന്ന നടിയോട് അദ്ദേഹം പറഞ്ഞത് 'ലീല അഭിനയിക്കുന്നത് നോക്കൂ... എത്ര അനായാസമായാണ് അവര്‍ ചെയ്യുന്നത്... ഡയലോഗും മറ്റും ലീല പറയുന്നത് കേട്ട് മനസ്സിലാക്കൂ' എന്നാണ്. ആ വാക്കുകള്‍ ലീലയ്ക്ക് ഇപ്പോഴും പ്രചോദനമാകുന്നു.

അക്കാലത്ത് ഒരു അഭിനന്ദനക്കത്ത് വന്നാല്‍പ്പോലും നാടകസമിതിയുടെ ചുമതലക്കാരാണ് അത് പൊട്ടിച്ച് വായിച്ച് അഭിനേതാക്കളെ അറിയിച്ചിരുന്നത്. അത്രയ്ക്ക് അച്ചടക്കം പാലിച്ചായിരുന്നു അക്കാലത്ത് സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നത്.

കലാകാരനായ ഡേവിഡുമായുള്ള പ്രണയവിവാഹം, പിന്നീടുവന്ന കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍... ഇവയെല്ലാം ലീലയെ അഭിനയത്തിന്റെ നക്ഷത്രത്തിളക്കത്തില്‍ നിന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് പറിച്ചുനട്ടു. എന്നാല്‍, ആ നടനവൈഭവത്തിന് അരങ്ങില്‍ വരാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

വീണ്ടും അരങ്ങിലേക്ക്

നാടകക്കാലം മുതല്‍ തന്നെ കെ.പി.എ.സി. ലളിതയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു ലീല. തൃശ്ശൂരില്‍ ലളിതയുടെ അഭിനയത്തിന്റെ 50-ാം വാര്‍ഷികം ആ ഘോഷിച്ചപ്പോള്‍ ഭദ്രദീപം തെളിക്കാന്‍ ലീലയെത്തി. പഴയ അനുഭവങ്ങള്‍ പങ്കുവച്ചു. സദസ്സ് നിശ്ശബ്ദമായിരുന്നു. സംവിധായകന്‍ ജയരാജും സബിതയും അഭിനന്ദനങ്ങള്‍ അറിയിച്ചു. എന്നിട്ട് ജയരാജിന്റെ ഒരു ചോദ്യം: 'ചേച്ചിക്ക് വീണ്ടും അഭിനയിക്കാന്‍ താത്പര്യം ഉണ്ടോ എന്റെ സിനിമയില്‍...?' എന്ന്. സന്തോഷംകൊണ്ട് ലീലയുടെ കണ്ണുനിറഞ്ഞു. അടക്കിവച്ച നൊമ്പരങ്ങള്‍ കണ്ണീരായൊഴുകി.

ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജു ചന്ദ്രന്‍ ചോദിച്ചു: 'കൂട്ടുകുടുംബവും തുലാഭാരവും ഒക്കെ ചെയ്ത ചേച്ചിയാണോ ഇത്രയും ഇമോഷണല്‍ ആകുന്നത്...?' എന്ന്.

അധികം വൈകാതെ ജയരാജിന്റെ വിളി വന്നു. 'രൗദ്രം 2018' എന്ന സിനിമയിലേക്ക്... പ്രളയരൗദ്രത്തിന്റെ ചിത്രം. നായകന്‍ രണ്‍ജി പണിക്കര്‍. നായിക കെ.പി.എ.സി. ലീല. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ലീല വീണ്ടും. സംവിധായകന്റെയും ഭാര്യയുടെയും അകമഴിഞ്ഞ പിന്തുണ, പ്രോത്സാഹനം ഇതെല്ലാം കൊണ്ടെത്തിച്ചത് സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് വരെ.

45 വര്‍ഷത്തെ ഇടവേള, വെറും 45 നിമിഷങ്ങളായി മാറി ആ അഭിനയമികവിനു മുന്നില്‍. വിനയം നെറുകയില്‍ വന്നു തൊടുമ്പോള്‍ ഗുരുതുല്യരായവരെ വിസ്മരിക്കുവതെങ്ങനെ... കെ.പി.എ.സി.യുടെ റിഹേഴ്‌സല്‍ ക്യാമ്പുകളും തോപ്പില്‍ ഭാസിയുടെയും മറ്റുള്ളവരുടേയും അനുഗ്രഹങ്ങളും ഈ അമ്മമനസ്സില്‍ നിറയുന്നു.

Content Highlights : KPAC Leela, roudram Movie directed By Jayaraj