കെ.പി.എ.സി. ലളിത | ഫോട്ടോ: മാതൃഭൂമി
എന്റെ പാറേൽ മാതാവേ... എന്ന വിളി കെ.പി.എ.സി. ലളിത അഭിനയിച്ചിരുന്ന മിക്ക സിനിമകളിലും നിറഞ്ഞുനിന്നു. പ്രത്യേകിച്ച് ക്രിസ്ത്യൻ കഥാപാത്രങ്ങളിൽ, എന്റെ പാറേപ്പള്ളി മാതാവേ.... എന്ന വിളി കാണാതിരിക്കില്ല.
ദശരഥം തുടങ്ങി നിരവധി സിനിമകളിലിത് കാണാം. വെങ്കലം എന്ന സിനിമയിൽ ചങ്ങനാശ്ശേരിക്കാരുടെ ബാലെയാണെങ്കിൽ കാണണമെന്ന് പറയുന്നതും ചങ്ങനാശ്ശേരിയുമായുള്ള ലളിതാമ്മയുടെ ബന്ധം എടുത്തുകാണിക്കുന്നതാണ്. പാറേൽപള്ളിയും പെരുന്നയും ലളിതയുടെ അഭിനയ ജീവിതത്തിലുടനീളം നിഴലിച്ചുനിന്നിരുന്നു.
നിരവധി കലാകാരൻമാരെ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച ചങ്ങനാശ്ശേരിയിൽനിന്ന് നാടകത്തിലൂടെയാണ് ലളിതയും തുടക്കം കുറിച്ചത്. ചങ്ങനാശ്ശേരി പെരുന്നയിലായിരുന്നു ലളിതയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. പെരുന്ന രാധാമണിയുടെയും ലീലാമണിയുടെയും കീഴിൽ നൃത്തം അഭ്യസിച്ചു.
ലളിതയുടെ അച്ഛൻ അനന്തൻനായർ ഫോട്ടോഗ്രാഫറായിരുന്നു. ചങ്ങനാശ്ശേരി പെരുന്നയിൽ രവി സ്റ്റുഡിയോയിൽ ജോലിചെയ്യുന്ന കാലത്ത്, സ്റ്റുഡിയോ കെട്ടിടത്തിന്റെ മുകൾനിലയിലാണ് ചങ്ങനാശ്ശേരി ഗീഥാ എന്ന നാടകസമിതി പ്രവർത്തിച്ചിരുന്നത്. അച്ഛന് ചോറു കൊണ്ടു കൊടുക്കാനും മറ്റും പോകുമ്പോൾ റിഹേഴ്സലും മറ്റും കാണുമായിരുന്നു. ഗീഥാ ഉടമ ചാച്ചപ്പൻ ലളിതയെ നാടകത്തിനു വിടാമോ എന്നു ചോദിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല. പിന്നീട് ഒരുപാടു നിർബന്ധിച്ചപ്പോൾ ഒരു നൃത്തരംഗത്തിൽ അഭിനയിക്കാൻ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്. പിന്നീട് ഗീഥയുടെ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങി.
പക്ഷേ, ചെറിയ പ്രശ്നങ്ങളെത്തുടർന്ന് ഗീഥ പൂട്ടി. അച്ഛൻ ഈസമയം സ്വന്തമായി ലളിതാ സ്റ്റുഡിയോ തുടങ്ങിയിരുന്നു. അച്ഛന് സുഖമില്ലാതെവന്നതോടെ കുടുംബത്തിന്റെ വരുമാനം കുറഞ്ഞു. ഇതോടെ കെ.പി.എ.സി.യിൽ അവസരത്തിന് ശ്രമിച്ചു. ആ ശ്രമം വിജയിച്ചതോടെ മികച്ച അഭിനേത്രിയെ നാടിന് ലഭിക്കുകയായിരുന്നു.
ചങ്ങനാശ്ശേരി സ്വദേശി കൂടിയായ നടൻ കൃഷ്ണപ്രസാദ് അവസാനംകാലം വരെയും കെ.പി.എ.സി. ലളിതയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. മുൻപുണ്ടായിരുന്ന പല സഹപാഠികളുടെയും വീടുകളിൽ കൊണ്ടുപോയ കാര്യവും കൃഷ്ണപ്രസാദ് അനുസ്മരിച്ചു.
Content Highlights: kpac lalitha's relation with kottayam district, parel church changanassery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..