കെ.പി.എ.സി ലളിത ഇന്നസെന്റിനൊപ്പം, കെ.പി.എ.സി ലളിതയുടെ പഴയകാല ചിത്രം
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ക്ലാസിക് ചിത്രത്തില്‍ ഒരു രംഗമുണ്ട്. സത്യന്‍ അവതരിപ്പിക്കുന്ന ചെല്ലപ്പന്‍ തൂമ്പയെടുത്ത് പറമ്പില്‍ തെങ്ങിന് തടം കോരുകയാണ്. അയാളുടെ അടുത്തേക്ക് പ്രണയഭാവത്തില്‍ ഒരു പെണ്‍കുട്ടി നടന്നുവരുന്നു. ചെല്ലപ്പന്‍ ഒളിവില്‍ താമസിക്കുന്ന കുടുംബത്തിലെ ഒരംഗമായ പാര്‍വതി. അധ്വാനിയും മുരടനുമായ ചെല്ലപ്പനോട് പാര്‍വതിക്ക് കടുത്ത ആരാധനയാണ്. അയാളുടെ നോട്ടത്തിലും സംസാരത്തിലും പ്രണയപരവശയാകുന്ന പാര്‍വതി നാണിച്ച് തലകുനിച്ച് ഇടക്കണ്ണുകൊണ്ടൊന്നു പാളിനോക്കി ഒരു ചെടിയുടെ ഇല പറിച്ച് വായില്‍വച്ച് കാല് കൊണ്ട് നിലത്ത് കളമെഴുതി കളിക്കുകയാണ്. മഹാനടനായ സത്യനൊപ്പം തമാശനിറഞ്ഞ ആ രംഗങ്ങള്‍ താളബോധത്തോടെ അവതരിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല. സഹതാരമായെത്തി പതിറ്റാണ്ടുകളോളം സിനിമയില്‍ നിറസാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന നടി. തനിക്ക് മുന്‍പിലെത്തുന്ന വേഷങ്ങള്‍ എന്തും തന്നെയാകട്ടെ, ആ കഥാപാത്രത്തെ അതിന്റെ പാരമ്യത്തില്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള പ്രതിഭ... അതാണ് നാടകത്തില്‍നിന്നു സിനിമയിലെത്തിയ കെ.പി.എ.സി. ലളിത....
'ഞാന്‍ അത്ര സുന്ദരിയൊന്നുമല്ലല്ലോ? അതുകൊണ്ടു തന്നെ നായികാവേഷങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അതൊരു കണക്കിന് ഭാഗ്യമായി. നായികയായിരുന്നുവെങ്കില്‍ ഇത്രയും കാലം സിനിമയില്‍ നില്‍ക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. എന്നാല്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ എനിക്ക് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സാധിച്ചു. പുരസ്‌കാരങ്ങളേക്കാള്‍ വിലമതിക്കുന്നതാണ് ആ സന്തോഷം. എന്റെ സഹതാരങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാനും ഇന്നസെന്റെും ജോടിയായെത്തിയ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഹാസ്യരംഗങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് ഇന്നസെന്റിനോളം കെമിസ്ട്രി മറ്റൊരു നടനായും ഇല്ല. എന്നോടൊപ്പം അഭിനയിച്ച പലതാരങ്ങളും ഇന്നില്ല എന്നോര്‍ക്കുമ്പോള്‍ അതിയായ ദുഃഖവുമുണ്ട്. എന്നിരുന്നാലും ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ നില്‍ക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അതിനായി എനിക്ക് അവസരം നല്‍കിയ സംവിധായകരോട് നന്ദി പറയുന്നു. ഒരു നടിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്- തന്റെ സിനിമാജീവിതത്തെക്കുറിച്ച് കെ.പി.എ.സി. ലളിത പറഞ്ഞതിങ്ങനെയായിരുന്നു.
ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് കെ.പി.എ.സി. ലളിത തീര്‍ക്കുന്നൊരു മാജിക്കുണ്ട്. ആ മികവ് മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കുകയില്ല. സുകുമാരി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നാടന്‍ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങള്‍, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങള്‍. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വേഷങ്ങള്‍....
Content Highlights: KPAC Lalitha passed away, KPAC Lalitha Comedy, Roles, Innocent KPAC Lalitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..