കെ.പി.എ.സി ലളിത ഭരതനൊപ്പം
വ്യക്തിപരമായും കലാപരമായും ഭരതനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. ഞാനെന്തുപറഞ്ഞാലും കുറഞ്ഞുപോകും. അത്രമാത്രം അദ്ദേഹത്തെക്കുറിച്ച് എല്ലാവരും പറഞ്ഞു കഴിഞ്ഞു. എല്ലാവരോടും നല്ല പെരുമാറ്റവും വ്യക്തിപരമായി കലയോടു കാണിച്ച അർപ്പണമനോഭാവവും കൊണ്ട് അദ്ദേഹം എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തു''-1998 ജൂലൈ മുപ്പതിന് അനശ്വരതയുടെ വിഹായസ്സിലേക്ക് മറഞ്ഞ ഭരതന്റെ ഇരുപത്തിരണ്ടാം ചരമവാർഷികത്തിൽ കെ.പി.എ.സി ലളിതയുമായി നടത്തിയ സംഭാഷണം പുനപ്രസിദ്ധീകരിക്കുന്നു.
ശില്പി, ചിത്രകാരൻ, ആർട്ട് ഡയറക്ടർ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, സിനിമാ നിരീക്ഷകൻ...ഭരതന്റെ റോൾ കെ.പി.എസി. ലളിതയ്ക്ക് ഭാര്യയെന്ന നിലയിൽ മാനേജ് ചെയ്യാൻ പറ്റുന്നതായിരുന്നോ?
അങ്ങനെയുള്ള സാംസ്കാരിക ഭാരങ്ങളൊന്നും ഞങ്ങളുടെ ദാമ്പത്യത്തിൽ വിലങ്ങുതടിയായി നിന്നിരുന്നില്ല. എന്നോട് എല്ലാതരത്തിലും ഒത്തുപോകുന്ന ആളായിരുന്നു. പിന്നെ എല്ലാ ദാമ്പത്യത്തിലുമുള്ളതുപോലെ ചില തട്ടലും മുട്ടലുകളും ഉരസലുകളുമൊക്കെ പതിവായിരുന്നു. അതും ആസ്വദിക്കുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. പിന്നെയുള്ളത് എന്നോടുള്ള കഥപറച്ചിൽ സന്ദർഭങ്ങളാണ്. എനിക്കാണേൽ ത്രഡ് കേൾക്കാൻ താല്പര്യമില്ല. മുഴുവനായും കേൾക്കണം. എന്തുകാര്യം തുടങ്ങുമ്പോളും ആദ്യം വന്ന് എന്നോട് പറയും. വാലും തലയുമില്ലാത്തത് കേൾക്കാൻ വയ്യാഞ്ഞിട്ട് ഞാൻ 'ചായയെടുക്കട്ടെ, കാപ്പിയെടുക്കട്ടെ' എന്നൊക്കെ പറഞ്ഞ് വിഷയം മാറ്റും. അപ്പോൾ ആളിന്റെ ഭാവം മാറും, ദേഷ്യപ്പെടും. ഇങ്ങനെയല്ലേ പഠിക്കേണ്ടത്, ഇങ്ങനെയൊക്കെയാവണം കലാരംഗത്തുള്ളവർ എന്നൊക്കെ ഒരുപാട് ഉപദേശിക്കും.
നിറങ്ങളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. സാരിയൊക്കെ എന്നെക്കൊണ്ട് തിരഞ്ഞെടുപ്പിക്കും. ചെന്നൈ സിൽക്സിൽ നിന്നും പത്തമ്പത് സാരി വരുത്തിക്കും. എന്നിട്ട് കളർ കോമ്പിനേഷൻ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും എടുത്തുകൊടുക്കണം. അങ്ങനെയാണ് ഞാൻ സാരിയുടെ കളർകോമ്പിനേഷൻ മനസ്സിലാക്കിയത്. ചില കളറിനോടൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിൽ നിന്നുണ്ടായതാണ്.
ഒരു പോസ്റ്റർ ചെയ്താൽ എന്നെ വിളിച്ചിട്ട് കാണിച്ചു തരും. എന്നിട്ട് ഏത് കളറാണ് ആ പോസ്റ്ററിനെ ബാലൻസ് ചെയ്യുന്നത്, എന്തുകൊണ്ട് ആ നിറം തിരഞ്ഞെടുത്തു എന്നൊക്കെ വിശദീകരിച്ചുതരും. അതിലൊന്നും അഭിപ്രായവ്യത്യാസങ്ങളൊന്നും ഞാൻ പ്രകടിപ്പിക്കാൻ പോകില്ല. നമ്മളേക്കാൾ അറിവുള്ളയാളല്ലേ പറയുന്നത്.
ഞാനദ്ദേഹത്തോട് അതിഭീകരമായി വഴക്കിട്ടിട്ടുണ്ട്, കള്ള് കുടിക്കുന്നതിൽ. കുടിച്ചിട്ടുണ്ടെന്നറിഞ്ഞാൽ എന്റെ വിധം മാറും. ശബരിമലയ്ക്ക് പോകാൻ മാലയിട്ടാൽ കുടിക്കില്ല. അപ്പോൾ എന്നും മാലയിട്ടാൽ മതിയായിരുന്നു എന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ആള് കൂടുതൽ അങ്ങ് പാവമായിപ്പോകും. ഒന്നും സംസാരിക്കില്ല. ഞാൻ ഉറക്കെ സംസാരിക്കുന്നതും ഇഷ്ടമല്ല ആ സമയത്ത്.
ഉറക്കെ സംസാരിക്കുമ്പോളെല്ലാം ഞാൻ അദ്ദേഹത്തെ ഓർത്തുപോകും. കുഞ്ഞുങ്ങളോടും വീട്ടുജോലിക്കാരോടുമെല്ലാം ഞാൻ ഉറക്കെ സംസാരിക്കുന്നത് അദ്ദേഹത്തിന് അസഹനീയമായിരുന്നു. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളൊന്നും ഉറക്കെ സംസാരിക്കില്ല എന്നു പറഞ്ഞുകൊണ്ട് ശകാരിക്കും. അപ്പോൾ ഞാൻ തിരിച്ചുചോദിക്കും നിങ്ങളുടെ കുടുംബത്തിലെ പെണ്ണുങ്ങളെല്ലാം പിന്നെ എഴുതിക്കാണിക്കുകയാണോ ചെയ്യാറ് എന്ന്.
പിണങ്ങിയിരിക്കുന്നതിന് അദ്ദേഹം സമയം തന്നിട്ടുണ്ട്-മൂന്നുമണിക്കൂർ. ആ മൂന്ന് മണിക്കൂർ നമുക്ക് കരയുകയോ, പിഴിയുകയോ, നെഞ്ചത്തടിക്കുകയോ, വഴക്ക് പറയുകയോ, ഇറങ്ങിപ്പോവുകയോ ഒക്കെ ചെയ്യാം. മൂന്നു മണിക്കൂർ കഴിഞ്ഞാൽ പിന്നെ തിരിച്ചു വന്നേക്കണം, പഴയതിലേക്ക്. ഞാൻ മൂന്നുമണിക്കൂറും കടന്ന് മുന്നേറുമ്പോൾ പറയും, മൂന്നുമണിക്കൂറായി, ഇനി നിർത്തിക്കോ എന്ന്. നല്ല രസമായിരുന്നു അദ്ദേഹത്തിന്റെ കൂടെയുള്ള ജീവിതം.
താഴ്‌വാരം, വൈശാലി. എം.ടിയുടെ തിരക്കഥയിൽ ഭരതൻ ചെയ്ത അത്ഭുതങ്ങൾ. എങ്ങനെയായിരുന്നു എം.ടി-ഭരതൻ കൂട്ടുകെട്ട്?
വി.ബി. കെ മേനോൻ ഒരു പടം ചെയ്യണം എന്ന് പറഞ്ഞിട്ട് അദ്ദേഹത്തെ സമീപിച്ചപ്പോൾ എം.ടി ഒരു ത്രഡ് പറഞ്ഞു, ഒരു ശത്രു വേറൊരു ശത്രുവിനെ കൊല്ലാൻ നടക്കുന്നു. അപ്പോൾ മഞ്ഞ വെളിച്ചത്തിൽ ഒരാൾ ലൈറ്റടിച്ചുകൊണ്ട് മറ്റെയാളെ അന്വേഷിച്ചു വരുന്നു എന്ന് ഭരതൻ പറഞ്ഞു. അതിൽ നിന്നാണ് പിടിച്ചുകയറിയതെന്ന് എം.ടി പറഞ്ഞിട്ടുണ്ട്.
വൈശാലിയിലെ തോണിയ്ക്കായി ഭരതൻ ഒരുപാട് മോഡലുകൾ വരച്ചു. ഒടുക്കം മക്കളുടെ കഥാപുസ്കത്തിൽ നിന്നാണ് ഇന്ദുപുഷ്പം ചൂടി നിൽക്കും...എന്ന പാട്ടിലെ തോണിയുടെ രൂപം കണ്ടുപിടിക്കുന്നത്. കുറേ തോണികൾ വരച്ചിട്ടും തൃപ്തി വരാത്ത അച്ഛന് മക്കളാണ് ആ തോണി കാണിച്ചുകൊടുത്തത്. ഇത് കൊള്ളാലോ എന്ന് പറഞ്ഞ് അപ്പോൾതന്നെ അത് അദ്ദേഹത്തിന്റേതായ മാറ്റങ്ങൾക്ക് വിധേയമാക്കി.

ചിത്രകാരനായ ഭരതൻ പ്രത്യേക മമത പുലർത്തിയിരുന്ന നിറമുണ്ടായിരുന്നോ?
ഓരോ വ്യക്തിത്വത്തിനും ഓരോ സന്ദർഭത്തിനും ഓരോ അനുഭവങ്ങൾക്കും ഇന്നയിന്ന നിറങ്ങൾ എന്ന തിരഞ്ഞെടുപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സീൻ എടുത്തുമ്പോൾ, ആ സീനിന്റെ മൂഡ് അനുസരിച്ച് അഴയിലിട്ടിരിക്കുന്ന തുണികളുടെ നിറം വരെ അദ്ദേഹം പറഞ്ഞുകൊടുക്കുമായിരുന്നു. ആർട്ട് ഡയറക്ടർ ഏതെങ്കിലും തുണികൾ കൊണ്ടിട്ടാൽ സമ്മതിക്കുമായിരുന്നില്ല. ആ തുണികൾ സീനുമായി യോജിച്ചുപോകണം എന്ന് നിർബന്ധമുണ്ടായിരുന്നു.
താരും തളിരും മിഴിതൂകി, പുടമുറിക്കല്യാണം, തണ്ടെട് പറയെട്, കണ്ണെത്താദൂരം ഒരു തീരം...തുടങ്ങിയ വരികൾ ഭരതന്റെ സംഭാവനയാണ്.
നന്നായി പാട്ടുകളെഴുതാനറിയാം. അദ്ദേഹം പാട്ടെഴുതുമ്പോൾ മൂളുന്ന ഒരീണമുണ്ട്. അതുതന്നെയായിരിക്കും സംഗീതസംവിധായകരും മിക്കപ്പോഴും തിരഞ്ഞെടുത്തിരിക്കുക. അപ്പോൾ അദ്ദേഹം നിറഞ്ഞു ചിരിക്കും.
നിദ്ര, തകര, രതിനിർവേദം, വെങ്കലം, ചാമരം ഭരതൻ സ്റ്റൈൽ അനുകരിക്കുക ബുദ്ധിമുട്ടാണ്. കാരണം അതിലെ പൊതുസ്വഭാവം കണ്ടുപിടിക്കാൻ കഴിയില്ല എന്നതുതന്നെയാണ്.

മലയാളസിനിമ ആസ്വദിച്ചിരുന്ന ഭരതൻ-പത്മരാജൻ കെമിസ്ട്രിയെക്കുറിച്ച്
രണ്ട് പേരും ഒന്നിച്ചാണ് ഇന്റസ്ട്രിയിലേക്ക് വന്നത്. ഭരതൻ ഒരു കഥയുണ്ടാക്കി- പ്രയാണം. സാവിത്രിയെന്ന യുവതിയെ ഒരു വയസ്സായ നമ്പൂതിരി കല്യാണം കഴിക്കുന്നതാണ് കഥ. തന്റെ ഗുരുവിന്റെ മൂന്നാല് പെൺമക്കളിൽ ഒരാളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുക എന്നതായിരുന്നു നമ്പൂതിരിയുടെ ലക്ഷ്യം. പക്ഷേ അയാളുടെ ഉദാരമനസ്കതയൊക്കെ വിവാഹം കഴിഞ്ഞപ്പോൾ മാറി. അയാൾക്ക് ദാമ്പത്യബന്ധത്തിനൊന്നും ശേഷിയില്ല എന്നാലോ സാവിത്രിയെ വിടാനുമൊക്കില്ല. അതായിരുന്നു രണ്ടുപേരുടെയും ഒന്നിച്ചുള്ള ചർച്ചയുടെ തുടക്കം. അതുപോലെ അസാധ്യമായ ഒരു കഥയായിരുന്നു ഒഴിവുകാലം. പക്ഷേ അത് തിയേറ്റർ വിജയം കണ്ടില്ല. ലോറിയാണ് ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിൽ എനിക്കേറെയിഷ്ടം. രണ്ടുപേരും പരസ്പരം ചർച്ച ചെയ്തിട്ടേ എന്തെങ്കിലും എഴുതാനിരിക്കൂ. പിന്നെ ലൊക്കേഷനിൽ വരും. അത് പത്മരാജന്റെ ചിത്രമായാൽ ഭരതനും ഭരതന്റെ ചിത്രമായാൽ പത്മരാജനും പതിവാണ്. അതവരുടെ ഉത്തരവാദിത്തമായിരുന്നു. കുടുംബപരമായും ഞങ്ങൾ വളരെ നല്ല അടുപ്പത്തിലാണ്.
നിദ്ര മകൻ സിദ്ധാർഥ് റീമേക്ക് ചെയ്തു. എന്തുതോന്നി അത് കണ്ടപ്പോൾ?
സന്തോഷം തോന്നി. പുതിയ തലമുറയ്ക്ക് ഗ്രഹിക്കുന്ന രീതിയിൽ സിദ്ധാർഥ് മാറ്റങ്ങൾ വരുത്തി. അത് നന്നായി. നിദ്ര വളരെക്കാലം മുമ്പത്തെ പടമാണ്. ഭരതന്റെ നിദ്രയിൽ നായകനും നായികയും ഉറക്കഗുളിക കഴിച്ചാണ് മരിക്കുന്നതെങ്കിൽ സിദ്ധാർഥിന്റെ നിദ്രയിൽ രണ്ടുപേരും ജീവിക്കാനുറച്ച് പോകുമ്പോൾ അബദ്ധത്തിൽ തോണി മറിഞ്ഞാണ് മരിക്കുന്നത്. രണ്ടും ഞാൻ ഒരുപോലെ ആസ്വദിച്ചു.
ഇത്രയും വലിയ ഒരു പ്രതിഭയോടൊത്ത്കഴിയുമ്പോൾ ഒരു സംവിധാനമോഹമോ, തിരക്കഥാ മോഹമോ ഒന്നും തോന്നിയില്ലേ?
എന്നെ അതിലേക്കൊന്നും അടുപ്പിക്കില്ലായിരുന്നു. അഭിനയമാണ് എന്റെ ജോലി ഞാൻ അത് ചെയ്യുന്നു തിരിച്ചുവരുന്നു. അത് എവിടെയായാലും എപ്പോളായാലും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. സംവിധാനസംബന്ധമായ ചർച്ചകളൊക്കെ അസിസ്റ്റന്റായിരുന്ന ജയരാജും കിത്തുവും മദ്രാസിലെ ശശിയുമായിട്ടൊക്കെയാണ് നടത്തുക. എല്ലാറ്റിലും അഭിപ്രായം ചോദിക്കും. അതിന് എന്നെക്കൊണ്ടാവുന്ന രീതിയിൽ ഞാൻ മറുപടി പറയും.
അമ്പത്തൊന്ന് വയസ്സ്, ഇനിയും ചെയ്യേണ്ടിയിരിക്കുന്ന സിനിമകളെ കൈവിട്ടുകൊണ്ട് ഭരതൻ പോയി. എങ്ങനെ അഭിമുഖീകരിച്ചു ആ വിയോഗത്തെ?
ഇന്ന് ഞാൻ വേദനിക്കുന്നതും പശ്ചാത്തപിക്കുന്നതും ഒരേയൊരു കാര്യത്തിലാണ്. അതിഭയങ്കരമായിട്ട് ഞാൻ അദ്ദേഹത്തോട് ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്തിട്ടുണ്ട് കള്ളുകുടിയുടെ കാര്യത്തിൽ. ഇപ്പോൾ തോന്നുന്നു അങ്ങനെയൊന്നും വേണ്ടായിരുന്നു എന്ന്. തീരേ കള്ളുകുടിക്കാത്ത, പുകവലിക്കാത്ത,മുറുക്കാത്ത, മാംസം കഴിക്കാത്ത, അതിരാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി വന്ന് ചിട്ടയായ ജീവിതം നയിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു അദ്ദേഹത്തിന്-രവി വിലങ്ങൻ. കഥയൊക്കെ എഴുതുമായിരുന്നു. ചെന്നൈയിലെ ഇന്ത്യൻ എക്സപ്രസ്സിലായിരുന്നു ജോലി. അദ്ദേഹം ഹൃദയാഘാതം വന്ന് നിന്നനിൽപിൽ മരിച്ചുപോയി. അതൊക്കെ ഓർക്കുമ്പോൾ തോന്നും, കൂടെയുണ്ടായിരുന്ന കാലത്ത് ഒരു വിലക്കുമേർപ്പെടുത്താതെ, ശണ്ഠ കൂടിയനേരത്തുകൂടി സ്നേഹിച്ചിരുന്നെങ്കിൽ അതദ്ദേഹത്തിനും കൂടുതൽ സന്തോഷം തന്നേനെഎന്ന്. ഞാനിങ്ങനെ പറഞ്ഞോണ്ടിരിക്കുമ്പോൾ അദ്ദേഹത്തിനും കാണുമല്ലോ വിഷമം. എതിർക്കേണ്ടായിരുന്നു. അദ്ദേഹത്തിന്റെ സമയം അത്രയേ ഉള്ളൂ എന്ന് എനിക്കാശ്വസിച്ചാൽ മതിയായിരുന്നു.
പിറകേ നടന്ന് വാലും തുമ്പുമില്ലാത്ത കഥകൾ പറഞ്ഞ ഭരതൻ അവസാനമായി പറഞ്ഞ കഥ ആരെക്കുറിച്ചായിരുന്നു?
കുഞ്ചൻ നമ്പ്യാരക്കുറിച്ചായിരുന്നു അത് . പലവഴിക്കും യാത്ര ചെയ്തും അന്വേഷിച്ചും ശേഖരിച്ചിട്ടുള്ള എത്രയോ പുസ്തകങ്ങൾ ഇന്നും വീട്ടിലിരിക്കുന്നു. എല്ലാം കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ളതാണ്. നമ്പ്യാരുടെ ചരിത്രം മുഴുവൻ വീട്ടിലുണ്ട്. തിരുവനന്തപുരം കൊട്ടാരത്തിൽ പോയിരുന്ന് ഗവേഷണം നടത്തി. കുറേ ചിത്രങ്ങളും വരച്ചു നമ്പ്യാരുടെ. അതെല്ലാം ജയറാമിന്റെയടുക്കൽ കാണണം. ജയറാമിനെയായിരുന്നു കുഞ്ചൻ നമ്പ്യാരായി കണ്ടുവച്ചിരുന്നത്. അത് നടന്നിരുന്നെങ്കിൽ ഭരതന്റെ ആദ്യത്തെ ബയോപിക് കുഞ്ചൻനമ്പ്യാരെക്കുറിച്ചാകുമായിരുന്നു. സമയവും കാലവും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. ഞാനങ്ങനെ വിശ്വസിക്കുന്നു.
Content Highlights: Interview with KPAC Lalitha, 22nd Death Anniversary of Bharathan, Veteran Film Maker
Content Highlights: KPAC Lalitha passed away, Bharathan, Sidharth Bharathan, Sreekutty, KPAC Lalitha Movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..