ഇന്നസെന്റും കെ.പി.എ.സി ലളിതയും
ലളിതയിലേക്കുള്ള ഓര്‍മ ഒരു ഇടനാഴിപോലെ നീണ്ടുകിടക്കുന്നു. അതിന്റെ അങ്ങേയറ്റത്ത് മദ്രാസിലെ ഒരു കൊച്ചുവീട്ടിലെ ഇരിപ്പുമുറി. അവിടെ ഞാനും നെടുമുടി വേണുവും സംവിധായകന്‍ ഭരതനും. ഞങ്ങള്‍ പലപല കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ കട്ടന്‍കാപ്പിയുമായി അടുക്കളയില്‍നിന്നു ലളിത വരും. ഞങ്ങള്‍ക്ക് ചായ തന്നതിനുശേഷം തൊട്ടപ്പുറത്തിരിക്കും, ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേട്ടുകൊണ്ട്. ചില അഭിപ്രായങ്ങളും പറയും. കുറെ കഴിഞ്ഞാല്‍ എഴുന്നേറ്റ് അടുക്കളയിലേക്കുപോകും. ഞങ്ങള്‍ സംസാരം തുടരും. അത്രയ്ക്ക് അടുപ്പമുള്ളതും ലളിതവുമായിരുന്നു ഞങ്ങളുടെ ജീവിതം.
ഞാന്‍ സിനിമാനിര്‍മാണം തുടങ്ങിയ കാലമാണ്. 'ഓര്‍മയ്ക്കായി' എന്ന പടം തുടങ്ങിയിരിക്കുന്നു. ഭരതനാണ് സംവിധാനം; നെടുമുടിയും ലളിതയും അഭിനയിക്കുന്നു. ലളിതയെ അന്നാണ് ഞാന്‍ അടുത്ത് പരിചയപ്പെടുന്നത്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ്, കാര്യമായ ഒരു പണിയുമില്ലാതെ ഇരിങ്ങാലക്കുടയില്‍ തെക്കുവടക്കുനടക്കുന്ന കാലത്ത് ഞാന്‍, ലളിതയും ഭര്‍ത്താവായി ബഹദൂറും അഭിനയിച്ച ഒരു സിനിമ കണ്ടിരുന്നു. പേരിപ്പോള്‍ ഓര്‍മകിട്ടുന്നില്ല. മദ്യപനായ ഭര്‍ത്താവാണ് ബഹദൂര്‍. രാത്രി വെള്ളമടിച്ച് വീട്ടിലെ ചട്ടിയും കലവുമെല്ലാം എറിഞ്ഞുടയ്ക്കും. ഭയങ്കര ബഹളമായിരിക്കും ഭാര്യയുമായി. പിറ്റേന്ന് ഇവര്‍ രണ്ടുപേരുംകൂടി ഒന്നിച്ച് ചട്ടിയും കലവും വാങ്ങാന്‍ അങ്ങാടിയിലേക്ക് പോവും. ഈ സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ലളിതയിലെ നടിയെ ഞാന്‍ അന്ന് നോട്ടുചെയ്തതാണ്.
കാലംകഴിഞ്ഞ് ഞാന്‍ നടനായി. ഈസ്റ്റ്മാന്‍ ആന്റണിയുടെ ഒരു സിനിമയിലാണ് ഞാനും ലളിതയും ആദ്യമായി ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത്. അതിനുശേഷം എത്രയോ സിനിമകള്‍... കൂടുതലും സത്യന്‍ അന്തിക്കാടിന്റേതാണ്. സാധാരണഗതിയില്‍ ഒന്നോ രണ്ടോ സിനിമകളില്‍ നമ്മള്‍ ഭാര്യാഭര്‍ത്താക്കന്മാരായി തുടര്‍ച്ചയായി അഭിനയിച്ചാല്‍ പിന്നെ ഒന്നുമാറ്റും. സത്യന് ആ പ്രശ്‌നമേയില്ല, ഭര്‍ത്താവായി ഞാനും ഭാര്യയായി ലളിതയുംതന്നെമതി എല്ലാകാലത്തും. ഒടുവില്‍ ഞാനൊരിക്കല്‍ ചോദിച്ചു:
''സത്യാ താന്‍ എന്നെക്കൊണ്ട് ലളിതയെ കല്യാണം കഴിപ്പിക്കുമോ?.'' അതുകേട്ട് സത്യന്‍ ചിരിക്കും. അടുത്ത സിനിമയിലും അതുതന്നെ അവസ്ഥ.
അഭിനയത്തിന്റെ ഒരു പ്രത്യേകത നമുക്കൊപ്പം അഭിനയിക്കുന്നവര്‍ നന്നായില്ലെങ്കില്‍ നമ്മളും നന്നാവില്ല എന്നതാണ്. എതിരേ നില്‍ക്കുന്നയാള്‍ എത്രത്തോളം നന്നാവുന്നോ, അവരോട് കിടപിടിക്കാന്‍ നമ്മളും നന്നായി ശ്രമിക്കും. ലളിതയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ എനിക്കിത് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് എഴുതിത്തന്ന ഡയലോഗുകള്‍ അതേപോലെ പറഞ്ഞാല്‍ അത് ഒരിക്കലും നല്ല അഭിനയമാവില്ല. അതില്‍ നമ്മുടെ ചില കാര്യങ്ങള്‍കൂടി ചേര്‍ക്കണം. ലളിത അങ്ങനെ അഭിനയിക്കുന്നയാളാണ്. എഴുതിത്തന്നത് അതേപോലെ പറഞ്ഞ് കാശ് വാങ്ങിപ്പോകുന്ന രീതി അവര്‍ക്ക് തീരെ വശമില്ലായിരുന്നു. താന്‍ പറയാന്‍പോകുന്ന രീതി എന്നോടു പറയും; ഇന്നസെന്റ് ഇതിന് ഇങ്ങനെ മറുപടി പറഞ്ഞാല്‍ നന്നാവും എന്നും പറയും. ലളിതയുടെ നിര്‍ദേശങ്ങള്‍ ഒരിക്കലും തെറ്റിയിട്ടില്ല. അത് ആ സീനിന്റെ ഗുണം കൂട്ടിയിട്ടേയുള്ളൂ.
ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ എന്റെ ഭാര്യയായി ലളിതയെ നിര്‍ദേശിച്ചത് ഞാനായിരുന്നു. അതില്‍, രഹസ്യമായി വിവാഹംചെയ്ത ഞാന്‍ അച്ഛന്റെ മുന്നില്‍വെച്ച് ഭാര്യയെയും കുട്ടികളെയും അറിയില്ല എന്നു പറയുന്ന ഒരു രംഗമുണ്ട്. അത് പറഞ്ഞുകഴിയുന്ന നിമിഷം തീപിടിച്ചതുപോലെ ലളിത കുട്ടികളേയുമെടുത്ത് കിണറിനരികിലേക്ക് ഓടുന്നു. വലിയ സീനും വലിയ ഡയലോഗുമാണ്. അത് മുഴുവന്‍ പറഞ്ഞ് എന്റെയടുത്ത് വന്നുനിന്ന് ലളിത കിതച്ചു, എന്നിട്ട് പറഞ്ഞു:
''എനിക്ക് വയ്യ ഇന്നസെന്റേ...'' അത്രയ്ക്കും മുഴുകിയിട്ടാണ് ലളിത അഭിനയിക്കാറുള്ളത്.
ഞാനും ലളിതയും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ച സിനിമകള്‍ വീട്ടിലിരുന്ന് കണ്ടുകഴിഞ്ഞാല്‍ എന്റെ ഭാര്യ ആലീസ് ചോദിക്കും:
''ഇതുപോലെയല്ലേ നിങ്ങള്‍ ഇവിടെയും? ഇതിലെവിടെയാണ് അഭിനയിച്ചിരിക്കുന്നത്?''
ലളിതയായതുകൊണ്ടാണ് എനിക്ക് അങ്ങനെ സ്വാഭാവികമായി അഭിനയിക്കാന്‍ സാധിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അരുണ്‍ ചെറിയകുട്ടിയായിരുന്നപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത 'മതിലുകള്‍' എന്ന സിനിമ കണ്ടു. അതില്‍ ലളിതയുടെ ശബ്ദം മാത്രമല്ലേയുള്ളൂ. അതുകേട്ട് അവന്‍ ചോദിച്ചത്രേ, 'ലളിതച്ചേച്ചി എന്തിനാ ഒളിഞ്ഞുനിന്ന് സംസാരിക്കുന്നത്?' എന്ന്. ആ കുട്ടിക്കുപോലും അവരുടെ ശബ്ദം മനസ്സിലായി. ലളിതയുടെ ശബ്ദവും രൂപവും അത്രമേല്‍ മലയാളിത്തമുള്ളതായിരുന്നു. ഏതു തലമുറയ്ക്കും അത് മനസ്സിലാകുകയും ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു.
ലളിത എന്റെ എതിര്‍വശത്തുനിന്നു എന്നേക്കുമായി മാഞ്ഞുപോയപ്പോള്‍ പെട്ടെന്ന് തനിച്ചായതുപോലെ. ഇനിയെനിക്ക് അങ്ങനെയൊന്നും അഭിനയിക്കാന്‍ പറ്റില്ലല്ലോ എന്നൊരു സങ്കടം. എങ്കിലും ഒരുപാട് നല്ലവേഷങ്ങള്‍ ഞങ്ങള്‍ക്കൊരുമിച്ച് ചെയ്യാന്‍ സാധിച്ചു. ആ ഓര്‍മയിലാണ് ഇനിയങ്ങോട്ടുള്ള ജീവിതം. ഓരോ സീനിലും എതിര്‍വശത്തുനിന്ന് അഭിനയിക്കുമ്പോള്‍ ലളിത ഉയര്‍ത്തിയ വെല്ലുവിളികള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നസെന്റിന് ഒന്നുമാവാന്‍ സാധിക്കില്ലായിരുന്നു എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
Content Highlights: KPAC Lalitha, innocent Movies, KPAC Lalitha innocent comedy, Sathyan Anthikkad films
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..