grihalakshmi
അനശ്വര നടൻ കെ.പി ഉമ്മറിന്റെ ചരമദിനമായിരുന്നു ഒക്ടോബർ 29 ന്. ഇന്നും ജനമനസുകളിൽ ജീവിക്കുന്ന ഉമ്മറിനെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്
ചെന്നൈയിലെ സാലിഗ്രാമത്തിനടുത്തുള്ള വീട്ടിലാണ് കെ.പി ഉമ്മറിന്റെ പ്രിയതമ ഇമ്പിച്ചാമിനബി ഇപ്പോഴുള്ളത്. ഇളയ മകൻ മുഹമ്മദ് റഷീദും ഭാര്യയുംമക്കളും കൂട്ടിനുണ്ട്. മൂത്ത മകൻ മുഹമ്മദ് അഷ്റഫ് തൊട്ടുമുകളിലെ ഫ്ലാറ്റിൽ. ചെന്നൈയിൽ പണ്ട് താമസിച്ച സാൻഡൽ വുഡ് എന്ന വീട് നിന്നിടത്ത് തന്നെയാണ് പുതിയ ഫ്ലാറ്റും. മകൾ മറിയംബി അമേരിക്കയിലാണ്. ഉമ്മറിന്റെ ഭാര്യയ്ക്കും മക്കൾക്കും പേരക്കുട്ടികൾക്കുമെല്ലാം വലിയ നടന്റെ ജീവിതത്തെക്കുറിച്ച് പറയാനേറെ. ആദ്യം ഉമ്മൂക്കയുടെ പ്രിയതമ ഇമ്പിച്ചാമിനബി തന്നെ സംസാരിച്ചു തുടങ്ങി.
എങ്ങനെയാണ് ഉമ്മൂക്കയുടെ മണവാട്ടിയായത്?
എന്റെ ബാപ്പയാണ് ഈ കല്യാണാലോചനയുടെ കാര്യം പറഞ്ഞത്. വേറെ നോക്കണ്ട, ഇത് തന്നെ മതി നമുക്കെന്ന് അദ്ദേഹം ഉറപ്പിച്ചു. ഞാനും എതിരൊന്നും പറഞ്ഞില്ല. അങ്ങനെ ഞങ്ങള് കല്യാണം കഴിച്ചു. നാടകവും ഫുട്ബോളും വായനയും എഴുത്തുമെല്ലാം ചേർന്ന കാലമായിരുന്നു. നാടകത്തിലും പിന്നെ സിനിമയിലും സജീവമായപ്പോൾ ഫുട്ബോൾ കളികുറഞ്ഞു.
വീട്ടിൽ അധികസമയം ഉണ്ടാവുമായിരുന്നോ അദ്ദേഹം?
കല്യാണം കഴിഞ്ഞ സമയത്ത് സിനിമയിലൊന്നും സജീവമായിരുന്നില്ല. നാടകമായിരുന്നു അന്ന് കൂടുതൽ. പിന്നെ സിനിമയിലായതോടെ തിരക്കായി. ഷൂട്ടിങ് നാട്ടിലാവുമ്പോൾ പറ്റാവുന്ന ദിവസമൊക്കെ വീട്ടിൽ വന്നിരുന്നു. മദ്രാസിലേക്ക് മാറിയതോടെ ആ വരവ് മാസത്തിലൊരിക്കലായി. വീട്ടിലുള്ളപ്പോൾ ഞങ്ങൾ രണ്ടാളും ചേർന്നാണ് കാര്യങ്ങൾ പരസ്പരം പറഞ്ഞ് തീരുമാനിക്കുക.
എപ്പോഴാണ് കുടുംബം മദ്രാസിലേക്ക് മാറിയത്?
മകൾ മറിയത്തിന്റെ കല്യാണം കഴിഞ്ഞ സമയത്താണ് ഞങ്ങൾ മദ്രാസിലേക്ക് വന്നത്. കല്യാണം കഴിഞ്ഞ് അവൾ അമേരിക്കയിലേക്ക് പോയി. ഞങ്ങൾ മദ്രാസിലേക്കും വണ്ടി കയറി. ഷൂട്ടിങ്ങൊക്കെ അധികവും ഇവിടെയായിരുന്നല്ലോ. ഇടയ്ക്കിടെ നാട്ടിൽ വന്ന് പോകുന്നതിലും നല്ലത് ഇവിടെത്തന്നെ താമസിക്കുന്നതാണ് എന്ന് തോന്നിയതോടെയാണ് ഇങ്ങോട്ട് മാറിയത്. ഇതായി ഞങ്ങളുടെ നാട്.
പിന്നെ നാട്ടിലേക്ക് തിരിച്ച് പോകാൻ തോന്നിയില്ലേ?
കോഴിക്കോട്ടേക്ക് തിരിച്ച് പോകാൻ പിന്നെ തോന്നിയിട്ടില്ല. നാട്ടിൽ പോയാൽ പത്തോ പന്ത്രണ്ടോ ദിവസം നിൽക്കും. അത്ര തന്നെ. അവസാന കാലത്ത്, നാട്ടിൽ വീട് വാങ്ങി താമസിച്ചാലോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. പക്ഷേ, മക്കൾ രണ്ടാളും വരുന്നില്ല എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, അവരെയിവിടെ ഇട്ട് പോകേണ്ട കാര്യമില്ലല്ലോ എന്ന്.
ആളുകൾ ഇപ്പോഴും ഉമ്മൂക്കയെ സ്നേഹിക്കുന്നത് കാണുമ്പോൾ എന്താണ് തോന്നാറ്?
കേരളത്തിലെ ആളുകൾക്കൊക്കെ വലിയ സ്നേഹമാണ്. എവിടെ കണ്ടാലും ഉമ്മർക്കയെ പറ്റി പറയും. മിമിക്രിയിലൊക്കെ കാണുമ്പോൾ പഴയ കാര്യമെല്ലാം ഓർമ വരും. അതുകൊണ്ട് അതൊക്കെ വളരെക്കുറച്ച് മാത്രമേ ഞാൻ കാണാറുള്ളൂ. അദ്ദേഹം മരിച്ചശേഷം സിനിമയും അങ്ങനെ തന്നെ, കുറച്ച് കാണും. അദ്ദേഹം മരിക്കുന്നതിന് മുമ്പ് വീട്ടിൽ ഹരമായിരുന്നു. കൂട്ടുകാർ വരും, അവർക്ക് ഭക്ഷണംവെയ്പ്പും ഒരുമിച്ചിരുന്നുള്ള ഭക്ഷണവും തമാശയും കഥപറച്ചിലും എല്ലാമായി ആഘോഷം. അദ്ദേഹം പോയതോടെ എല്ലാം നിന്നു.
ഇപ്പോൾ പണിയൊക്കെ എടുക്കാൻ ബുദ്ധിമുട്ടാ. കാലിന് വേദന. ഇളയവൻ റഷീദിനും ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമാണ് ഞാൻ.
അദ്ദേഹത്തിന് സ്മാരകം നിർമിക്കണം എന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മയ്ക്ക് എന്താണഭിപ്രായം?
ജനങ്ങളുടെ മനസ്സിൽ ജീവിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്. സ്മാരകമൊന്നും വേണ്ട. കാക്കകൾക്ക് വൃത്തികേടാക്കാനായി എന്തിനാണ് സ്മാരകം, വർഷത്തിലൊരിക്കലെ ആരെങ്കിലും അതൊന്ന് പൊടിതട്ടിയെടുക്കൂ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
കെ. പി. ഉമ്മറിന്റെ ഇളയ മകൻ റഷീദും രണ്ട് മക്കളും ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. മൂത്ത മകൻ മുഹമ്മദ് അഷ്റഫ് ബിനിനസുകാരനും. ഉപ്പയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഇരുവരും.
''ചില സമയത്ത് ഉപ്പ ഷൂട്ടിങ് സെറ്റിലേക്ക് വിളിക്കും. എന്തെങ്കിലും സാധനങ്ങൾ അവിടെ കൊടുക്കാനോ ബാങ്കിൽ പോകാനോ ഒക്കെയാകും. അവിടെ പോയി നോക്കുമ്പോ നസീർ അങ്കിൾ, ജയഭാരതിയമ്മ, ശാരദാമ്മ എല്ലാവരുമുണ്ടാകും. വലിയ തിരക്കായിരുന്നു ഉപ്പയ്ക്ക് ആ കാലത്ത്. നസീറങ്കിൾ, ബഹദൂർ, അടൂർ ഭാസി തുടങ്ങി വലിയ സുഹൃദ്വലയമായിരുന്നു. പലരും വീട്ടിൽ വരും ഭക്ഷണം കഴിക്കും, ഞങ്ങൾ അവിടേക്ക് പോകും. നസീർ സാറിന്റെ കുടുംബാംഗങ്ങളെ കാണാറുണ്ട്. ശശികുമാർ സാറിന്റെ മകനെയും കാണാറുണ്ട്''- മൂത്ത മകൻ അഷ്റഫ് സംസാരം തുടങ്ങിവച്ചു. ഒപ്പം അനിയൻ റഷീദുമിരുന്നു.
ഉപ്പയുടെ ഏറ്റവുമിഷ്ടപ്പെട്ട കഥാപാത്രമേതാണ്?
അഷ്റഫ്: ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ഉപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. ക്രൂരനായ ഉമ്മറിനെയാണ് അധികം ആളുകൾക്കും പരിചയം. ഉപ്പയുടെ സീൻ വരുമ്പോൾ എടാ ദുഷ്ടാ, എന്ന് തിയേറ്ററിൽ നിന്ന് സ്ത്രീകളൊക്കെ ഉച്ചത്തിൽ വിളിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. അഭിനയം അത്ര സ്വാഭാവികമായി ചെയ്തത് കൊണ്ടായിരിക്കില്ലേ ഇങ്ങനെയുള്ള പ്രതികരണങ്ങൾ വന്നത്? 'കരിനിഴലി'ലെയും 'കരുണ'യിലെയും 'സുജാത'യിലെയും 'മര'ത്തിലെയും ഉപ്പയുടെ വേഷങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിൽത്തന്നെ 'മര'ത്തിലെ കഥാപാത്രത്തിനോടാണ് ഇഷ്ടമേറെ.
കെ.പി. ഉമ്മർ ഇപ്പോൾ ട്രോളുകളിലും നിറയുന്നുണ്ട്?
അഷ്റഫ്: ട്രോളുകൾ കാണാറുണ്ട്. ചില ഡയലോഗുകൾ ഉപയോഗിക്കുമ്പോൾ ട്രോളുകൾ നന്നാവാറുണ്ട്. മരിച്ച് ഇത്ര കാലം കഴിഞ്ഞിട്ടും ഉപ്പ ഉൾപ്പെടെ പഴയ പല അഭിനേതാക്കളും വീണ്ടും പുതിയ വഴികളിലൂടെ ഓർമിക്കപ്പെടുന്നു. അതിൽ വലിയ സന്തോഷമുണ്ട്.
റഷീദ്: ഉപ്പയെപ്പോലുള്ള പഴയകാല അഭിനേതാക്കളെ നാട് മറന്നിട്ടില്ല എന്നതിന് തെളിവല്ലേ ട്രോളുകൾ. അന്നത്തെ കാലത്തെ അഭിനേതാക്കൾക്കെല്ലാം അവരുടേതായ വ്യക്തിത്വം ഉണ്ടായിരുന്നു. അതുകൊണ്ടാവും മരിച്ച് കാലങ്ങൾക്ക് ശേഷവും വീണ്ടും ഓർമകൾ സജീവമാകുന്നത്.
ഉപ്പയുടെ തിരക്കുള്ള കാലത്തെ ഓർമകൾ?
റഷീദ്: എന്റെ ഏഴാം വയസ്സിലാണ് ഞങ്ങൾ മദ്രാസിലേക്ക് വരുന്നത്. ഉപ്പ പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമെല്ലാം എണീറ്റ് ഷൂട്ടിന് പോകും. ഉച്ചയ്ക്കാണ് തിരിച്ചു വരിക. ഇങ്ങനെ ദിവസം മൂന്നും നാലും ഷിഫ്റ്റെല്ലാമെടുത്ത് അഭിനയിച്ചിട്ടുണ്ട്. മറ്റ് തിരക്കുകളില്ലാത്തപ്പോഴെല്ലാം ഉപ്പയുടെ കയ്യിൽ ഒരു പുസ്തകം കാണും. അത്രയധികം വായിക്കുമായിരുന്നു അദ്ദേഹം. അവസാന കാലത്ത് ഉപ്പ തന്നെ ആ പുസ്തകങ്ങളിൽ മിക്കതും ചെന്നൈയിലെ പല മലയാളി സംഘടനകൾക്കും വായനശാലകൾക്കും കൊടുത്തു.
നിങ്ങൾ ഇരുവർക്കും അഭിനയ മോഹമുണ്ടായിരുന്നോ?
റഷീദ്: 'ഒരു വടക്കൻ വീരഗാഥ'യടക്കം ചില സിനിമകളിൽ ഞാൻ അഭിനയിച്ചു. ഇപ്പോഴും സിനിമാ മേഖലയിൽ തന്നെയുണ്ട്. ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ രണ്ട് മക്കളും ബാലതാരങ്ങൾക്ക് വേണ്ടി ഡബ്ബിങ് ചെയ്യുന്നുണ്ട്. ചില സിനിമാ ചർച്ചകളൊക്കെ നടക്കുന്നുമുണ്ട്.
അഷ്റഫ്: എനിക്ക് നേരത്തേ സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ വന്നിരുന്നു. എന്നാൽ ഉപ്പ പറഞ്ഞു, നീ പഠിച്ചാൽ മതിയെന്ന്. അങ്ങനെ പഠനം കഴിഞ്ഞ് ഞാൻ ബിസിനസ് രംഗത്തേക്ക് പോയി. ഇപ്പോൾ വിശ്രമ ജീവിതം. മക്കളുടെ വിവാഹം കഴിഞ്ഞു, മൂത്തവന് രണ്ട് കുട്ടികളായി. ഇളയവൻ കെ.പി. ഉമ്മറിന്റെ പ്രാന്തനാണ്. അവൻ ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം ഉപ്പയെക്കുറിച്ച് ഓരോന്ന് ചെയ്തിടാറുണ്ട്. അതൊക്കെ കണ്ട് ഉപ്പയുടെ സുഹൃത്തുക്കൾ പലരും വിളിക്കാറുമുണ്ട്. എന്റെ വാപ്പയെ എന്റെ കുട്ടികൾ മറന്നിട്ടില്ല. പേരക്കുട്ടികളും മറക്കില്ല എന്നാണ് മനസ്സ് പറയുന്നത്.
പേരക്കുട്ടികളിൽ ചിലർ കെ.പി. ഉമ്മറിനെ കണ്ടിട്ടുണ്ട്. ഇളയ മകൻ റഷീദിന്റെ മക്കൾ ഷാറൂഖിനും ഷഹനാസിനും വല്യുപ്പയെക്കുറിച്ച് കേട്ടറിവും സിനിമയിൽ കണ്ട വേഷങ്ങളും മാത്രമേ മുന്നിലുള്ളൂ. ചെറിയ പ്രായത്തിലെ വല്യുപ്പയുമൊത്തുള്ള കാലം ഇപ്പോഴും ഓർമയുണ്ട് അഷ്റഫിന്റെ മക്കളായ ആസിലിനും ആഷിഖിനും.
(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights : KP Ummer Family Interview Actor KP Ummer Death Anniversary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..