ട്ടാംക്ലാസുകാരിയാണ് അന്ന് ശാരദ. തെരുവത്ത് കടവിൽ ‘കടത്തുകാരൻ’ എന്ന സിനിമയുടെ ചിത്രീകരണം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്യുന്ന സിനിമ. സാക്ഷാൽ സത്യൻമാഷാണ് നായകൻ. ആദ്യമായി ക്യാമറയുടെ മുന്നിൽ അഭിനയിക്കുന്നതിന്റെ പരിഭ്രമത്തോടെനിന്ന ശാരദയോട് വീട്ടുകാര്യങ്ങളൊക്കെ ചോദിച്ച് സൗഹൃദത്തിലായി മഹാനടൻ. മദ്രാസിലേക്കുവന്നാൽ കുറെ സിനിമകളിൽ അവസരം കിട്ടുമെന്ന് ഉപദേശിക്കുകയും ചെയ്തു.

സാരിയുടുത്ത് മൂന്നുനാലു രംഗങ്ങൾ അഭിനയിച്ച് ശാരദ സന്തോഷത്തോടെ മടങ്ങി. 30 രൂപ പ്രതിഫലവും കിട്ടി. അയൽക്കാരും കൂട്ടുകാരുമൊക്കെയൊത്താണ് രാധാ തിയേറ്ററിൽ ആ സിനിമ കാണാൻ ശാരദ പോയത്. സിനിമ കുറേയായിട്ടും ശാരദയുടെ രംഗങ്ങൾ മാത്രമില്ല. ഇന്റർവെൽ കഴിഞ്ഞാൽ എന്തായാലും കാണുമെന്നുകരുതി വീണ്ടും കാത്തിരുന്നു. ‘ജനഗണമന’യോടെ സിനിമ കഴിഞ്ഞിട്ടും ശാരദയെ അതിലെവിടെയും കണ്ടില്ല! അന്നുണ്ടായ സങ്കടത്തിന് കണക്കില്ല. സംഗതിയെന്താണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ഷീലയുടെ ഡ്യൂപ്പായാണ് ശാരദ അഭിനയിച്ചത്! പിന്നെങ്ങനെ വെള്ളിത്തിരയിൽ കാണാനാണ്?

‘സല്ലാപം’ എന്ന ചിത്രത്തിലെ പാറുത്തള്ള എന്ന കഥാപാത്രത്തിനുശേഷം മാത്രം കോഴിക്കോട് ശാരദ എന്ന നടിയെ അറിയുന്നവരാണ് പ്രേക്ഷകരിലേറെയും. അതിനുമുമ്പുതന്നെ, ഐ.വി. ശശി, എം.ടി., ഹരിഹരൻ എന്നിങ്ങനെ വലിയ പ്രതിഭകളുടെ സിനിമകളിൽ ഒട്ടേറെ വേഷങ്ങളിലെത്തിയിട്ടുണ്ട് ഈ നടി. വേഷമേതായാലും അഭിനയിക്കുക എന്നതായിരുന്നു രീതി.

നാടകവേദിയിലെ പ്രസവവേദന

കല്യാണവീടുകളിലെ പാട്ടുകച്ചേരികളിലൂടെയും നാടകവേദികളിലൂടെയുമാണ് ശാരദയിലെ കലാകാരി കോഴിക്കോട്ടുകാർക്ക് സുപരിചിതയായത്. പാട്ടും അഭിനയവും അത്രമേൽ സ്വാഭാവികമായിരുന്നു അവർക്ക്. സ്കൂൾജീവിതകാലത്തുതന്നെ വായനശാലാനാടകങ്ങളിലെല്ലാം പതിവ് അഭിനേത്രിയായിരുന്നു. ആഹ്വാൻ സെബാസ്റ്റ്യന്റെ ‘മ്യൂസിക്കൽ തിയേറ്റേഴ്‌സി’ൽ ഏറെക്കാലം അവരുണ്ടായിരുന്നു. എ.പി. ഉമ്മറിനെ പരിചയിച്ചതും പ്രണയിച്ചതും ജീവിതപങ്കാളിയാക്കിയതുമൊക്കെ ഈ നാടകക്കാലത്താണ്.

മ്യൂസിക്കൽ തിയേറ്റേഴ്‌സിന്റെ ‘സൂര്യൻ ഉദിക്കാത്ത രാജ്യം’ എന്ന നാടകം കേരളത്തിലുടനീളം രണ്ടുകൊല്ലത്തോളം ഒട്ടേറെ അരങ്ങുകളിൽ കളിച്ചിട്ടുണ്ട്. കുടുംബാസൂത്രണസന്ദേശം പ്രചരിപ്പിക്കാനായി സർക്കാർതന്നെ അരങ്ങുകളൊരുക്കിയിരുന്നു. സുന്ദരൻ കല്ലായിയാണ് നാടകം രചിച്ചത്. ശാരദയും ഭർത്താവ് ഉമ്മറും അതിൽ അഭിനയിക്കുന്നുണ്ട്. നായകനാണ് ഉമ്മർ. ഗർഭിണിയായ ഇളയമ്മയായി ശാരദ.

കടലുണ്ടി ചാലിയത്തെ ഹെൽത്ത് സെന്ററിൽ നാടകം അഞ്ചുരംഗങ്ങൾ കഴിഞ്ഞപ്പോഴതാ, ശാരദയ്ക്ക് പേറ്റുനോവ് തുടങ്ങി. പൂർണഗർഭിണിയായിരിക്കുമ്പോഴും നാടകം മുടങ്ങരുതെന്ന കരുതലിൽ അരങ്ങിലെത്തിയതായിരുന്നു അവർ. നാടകം പൂർത്തിയാകുന്നതുവരെ ഹെൽത്ത് സെന്ററിലെ ഡോക്ടറുടെയും നഴ്‌സുമാരുടെയും പരിചരണത്തിലായിരുന്നു ശാരദ. കഴിഞ്ഞയുടൻ നാടകവണ്ടി ബീച്ച് ആശുപത്രിയിലേക്കു കുതിച്ചു. അരമണിക്കൂറിനുള്ളിൽ പ്രസവം നടന്നു: പെൺകുഞ്ഞ്.

നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’ എന്ന സിനിമയിൽ വേലക്കാരിയായ മുസ്‌ലിം കഥാപാത്രമായാണ് സിനിമയിൽ ആദ്യമെത്തിയത്. യു.എ. ഖാദറായിരുന്നു അതിന്റെ തിരക്കഥാകൃത്ത്. രണ്ടാമത്തെ ചിത്രമായ ‘അങ്കക്കുറി’യിൽ ജയന്റെയും ജയഭാരതിയുടെയും അമ്മമാരായി ഇരട്ടവേഷം. അനുബന്ധം, അടിമകൾ ഉടമകൾ, ഇടനിലങ്ങൾ, പഞ്ചാഗ്നി, ഞാൻ കാതോർത്തിരിക്കും, പെരുന്തച്ചൻ തുടങ്ങിയ ചിത്രങ്ങൾക്കുശേഷമാണ് ‘സല്ലാപ’ത്തിലെ വേഷം ലഭിച്ചത്. ഭൂതക്കണ്ണാടി, സദയം, നാരായം, ഗുരുശിഷ്യൻ, ഇക്കരെയാണെന്റെ മാനസം, ലേലം, കുടമാറ്റം, കണ്ണെഴുതി പൊട്ടുംതൊട്ട്, യുഗപുരുഷൻ, ഒരു ചെറുപുഞ്ചിരി, കിളിച്ചുണ്ടൻ മാമ്പഴം, രാപ്പകൽ, കുട്ടിസ്രാങ്ക്, പകൽ, നഗരം, കേരള കഫേ, അമ്മക്കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വേഷമിട്ടു.

എരഞ്ഞിപ്പാലത്തെ സ്വാഗത് കലാസമിതിയിലൂടെയാണ് ശാരദ നാടകഅരങ്ങിലെത്തിയത്. കറിവേപ്പില ആദ്യനാടകം. ശാരദയും ഭർത്താവ് എ.പി. ഉമ്മറും ഒന്നിച്ച് നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

‘‘അപ്രതീക്ഷിതമാണ് ഈ വേർപാട്; സങ്കടകരവും...’’ -നാടകജീവിതത്തിന്റെ തുടക്കംമുതൽ അവരെ അടുത്തറിയുന്ന നാടകപ്രവർത്തകൻ വിൽസൺ സാമുവൽ വേദനയോടെ പറഞ്ഞു.

Content Highlights: Remembering Kozhikode Sarada actor, Malayala Cinema, theater, television actress, Husband AP Ummer