പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന്റെ പേരില്‍ താന്‍ വര്‍ഷങ്ങളോളം ആക്രമിക്കപ്പെട്ടപ്പോള്‍ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ബോളിവുഡ് നടി കൊയ്‌ന മിത്ര. സര്‍ജറി ചെയ്തുവെന്ന വെളിപ്പെടുത്തല്‍ തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും കൊയ്‌ന മിത്ര പറയുന്നു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. 2015 ന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കൊയ്‌ന മിത്ര ഇപ്പോള്‍ അമേരിക്കയിലാണ് ജീവിക്കുന്നത്. നൃത്തപഠനത്തിനായാണ് താന്‍ സിനിമയില്‍ നിന്ന് മാറി നിന്നതെന്ന് കൊയ്‌ന പറയുന്നു.

'സിനിമയിലെ കീഴ്‌വഴക്കങ്ങളൊന്നും എനിക്ക് അറിയുമായിരുന്നില്ല. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമല്ല ഞാന്‍. സര്‍ജറിയെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ പാടില്ലെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതിന് ശേഷം മോശം ട്രോളുകള്‍ നിറഞ്ഞ ആക്രമണമായിരുന്നു. എന്നെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പ്രചരിപ്പച്ചുകൊണ്ടിരുന്നു. അതോടെ സിനിമാപ്രവര്‍ത്തകര്‍ എന്നില്‍ നിന്ന് അകലം പാലിക്കുവാന്‍ തുടങ്ങി. അതെന്റെ ജോലിയെ ബാധിച്ചു. ആരും പിന്തുണയ്ക്കാനില്ലായിരുന്നു. അത് വല്ലാത്ത വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. 

സര്‍ജറി ചെയ്തതില്‍ എനിക്ക് യാതൊരു കുറ്റബോധവുമില്ല. അതെന്റെ തീരുമാനമായിരുന്നു. എന്റെ ജീവിതം, എന്റെ മുഖം, അതില്‍ മറ്റുള്ളവര്‍ എന്തിന് ആശങ്കപ്പെടണം'- കൊയ്‌ന മിത്ര പറയുന്നു. 

റോഡ് എന്ന ചിത്രത്തിലൂടെയായിരുന്നു കൊയ്‌ന മിത്രയുടെ അരങ്ങേറ്റം. ധൂള്‍, അയന്‍ എന്നീ ചിത്രങ്ങളില്‍ നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: Koena Mitra opens about plastic surgery, she was tortured for years, life before and after