കൊച്ചുപ്രേമൻ | Photo: G. Sivaprasad
സിനിമകളില്‍ പ്രേക്ഷകരെ സദാചിരിപ്പിച്ചുകൊണ്ടിരുന്ന താരം കൊച്ചുപ്രേമന് നടനെന്നനിലയില്‍ തന്റെ ഉള്ളില്‍ വിങ്ങലായ ഒരനുഭവം 2019 ജനുവരി 16-31 ലക്കത്തിലെ 'ഗൃഹലക്ഷി'യില്‍ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍;
'അക്കാലത്ത് ഞാന്‍ ദൂരദര്‍ശനിലെ 'ജ്വാലയായ്' എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വയലാര്‍ മാധവന്‍കുട്ടിയാണ് സംവിധാനം. മമ്മൂക്കയാണ് നിര്‍മാതാവ്. സിനിമയില്‍ ഒരവസരം കിട്ടാനായി കാത്തിരിക്കുന്ന സമയം കൂടിയായിരുന്നു അത്. മുമ്പ് പേരിന് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോഴാണ് ഒരു സൂപ്പര്‍താര സിനിമയിലേക്ക് വിളിക്കുന്നത്. ശരിക്കും ത്രില്ലടിച്ച നിമിഷം. ഞാനിക്കാര്യം സീരിയലിന്റെ സംവിധായകനോട് പറഞ്ഞു. ടൈറ്റ് ഷെഡ്യൂളാണ്. വിടാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. അത് സത്യമാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ് മുന്നില്‍ മുമ്പില്‍വന്നു നില്‍ക്കുന്നത്. തട്ടിക്കളയാന്‍ പറ്റില്ല. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. സീരിയല്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. സിനിമയിലെ അവസരം കളയില്ല.
'നാളെ ഞാന്‍ പൊള്ളാച്ചിയിലേക്ക് പോവുകയാണ്.' ഉറച്ച തീരുമാനം പറഞ്ഞപ്പോള്‍ മാധവന്‍കുട്ടി ഒന്നും പറഞ്ഞില്ല. ഞാന്‍ പിറ്റേന്നുരാവിലെ തന്നെ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു. പൊള്ളാച്ചിയിലെത്തിയപ്പോള്ത്തന്നെ ഹോട്ടലില്‍ മുറിതന്നു. 'നാളെ പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ റെഡിയായിരിക്കണം. വണ്ടി വരും'.
കണ്ട്രോളര് വിശദീകരിച്ചു. അന്ന് രാത്രി സന്തോഷംകൊണ്ട് എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ താരത്തിന്റെ സിനിമയിലാണ് അഭിനയിക്കാന്‍ പോകുന്നത്. ഇത് ഒരുപക്ഷേ എന്റെ ജാതകം തന്നെ മാറ്റിമറിച്ചേക്കും. പിറ്റേന്ന് പുലര്‍ച്ചെ നാലുമണിക്കുതന്നെ റെഡിയായി. അഞ്ചുമണി കഴിഞ്ഞു. ആറ് കഴിഞ്ഞു. നേരം നന്നായി വെളുത്തു. എന്നിട്ടും എന്നെ മാത്രം കൊണ്ടുപോകാന്‍ ആരും വന്നില്ല. വൈകിട്ട് പ്രൊഡക്ഷന്‍ മാനേജര്‍ വന്നപ്പോള്‍ കാര്യം തിരക്കി.
''ഷൂട്ടിംഗ് നീണ്ടുപോയി. അതാണ് വിളിക്കാതിരുന്നത്. നാളെ പുലര്‍ച്ചെ ചേട്ടന് റെഡിയായിക്കോളൂ, വണ്ടി വരും.' പിറ്റേ ദിവസവും ഞാന്‍ കാത്തിരുന്നു. വണ്ടി വന്നില്ല. മൂന്നാം ദിവസം രാവിലെ ഞാന്‍ ലൊക്കേഷനിലെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ കണ്ടു. ''സോറി ചേട്ടാ, ചേട്ടന് അഭിനയിക്കാനിരുന്ന വേഷം മറ്റൊരാള്‍ക്ക് കൊടുത്തുപോയി.''
സങ്കടവും ദേഷ്യവും ഇരച്ചുവന്ന നിമിഷമായിരുന്നു അത്. തിരിച്ച് മുറിയിലെത്തിയ ശേഷം കതകടച്ച് പൊട്ടിക്കരഞ്ഞു. തിനുശേഷം ബാഗുമായി നേരെ പാലക്കാട്ടേക്ക്. പിറ്റേ ദിവസം മടിച്ചുമടിച്ചാണ് സീരിയലിന്റെ ലൊക്കേഷനിലെത്തിയത്. സംവിധായകനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ആശ്വസിപ്പിച്ചു. മുമ്പ് ചെയ്ത വേഷം തന്നെ തരികയും ചെയ്തു. മാസങ്ങള്‍ കഴി ഞ്ഞപ്പോള്‍ എനിക്ക് സിനിമയില്‍ അവസരം കിട്ടി. പിന്നീട് തുടരെത്തുടരെ സിനിമകള്‍. പക്ഷെ എത്ര അവസരം കിട്ടിയാലും അന്നുണ്ടായ വേദന മറക്കാന്‍ കഴിയില്ല.'
Content Highlights: kochu preman, malayalam actor, memoir, grihalakshmi magazine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..