ഡോ. കെ.ജെ. യേശുദാസ് | ഫോട്ടോ: മാതൃഭൂമി
1961 നവംബർ 14 -അന്നത്തെ അനുഭവസുഗന്ധമുള്ള ഓർമകൾ എന്തൊക്കെയാണ്
നവംബർ 14 ശിശുദിനമാണല്ലോ. 1961-ൽ ആ ദിനം എനിക്ക് ‘ആലാപനശിശുദിന’മായെന്നുപറയാം! ഞാനെന്ന യേശുദാസ് ചലച്ചിത്രഗാനാലാപനശിശുവായി പിറന്നദിനം. പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തിലായതിനാൽ ഓർമകൾക്ക് റോസാപ്പൂവിന്റെ സുഗന്ധവുമുണ്ട്. ‘പണ്ഡിറ്റ്ജിയുടെ ജന്മദിനം എന്റെ പാട്ടിന്റെ ജന്മദിനം!’ -ഒരു പാട്ടുപല്ലവിപോലെ അമേരിക്കയിലെ ഒർലാൻഡോയിൽ ഇരുന്ന് അത് ഓർമിക്കാനും ഓമനിക്കാനും സുഖവുമുണ്ട്. അന്നത്തെ മദിരാശി ഭരണി സ്റ്റുഡിയോ. ഞാനെന്ന ഇരുപത്തിയൊന്നുകാരൻ സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസനുമുന്നിൽ ‘തുക്ക്‌ടാ പയ്യൻ’! കണ്ട് ബോധിക്കാതിരുന്നതിനാലാവാം കേട്ടുബോധിക്കാനായി പാട്ടുപാടാൻ പറഞ്ഞു. ‘ദോ രോജ്‌മേ ഓ പ്യാർകാ ആലം ഗുജർ ഗയാ’ എന്ന മുകേഷ് ഗാനവും മറ്റു രണ്ട് മലയാള നാടകഗാനങ്ങളും ഞാൻ പാടിക്കേൾപ്പിച്ചു. ശാസ്ത്രീയഗാനം ആവശ്യപ്പെട്ടപ്പോൾ ബഹുദാരിയിൽ ത്യാഗരാജകീർത്തനം ‘ബ്രോവ ഭാരമാ-യും’! കൊള്ളാമെന്നു തോന്നിയതുകൊണ്ടാവണം ആലാപനത്തിന് അവസരംതന്നു.
ശ്രീനാരായണഗുരുസൂക്തം - ജാതിഭേദം - റിഹേഴ്‌സൽ എന്നുപറഞ്ഞ് ‘പറ്റിച്ചാണ്’ ശ്രീനിവാസൻസാർ ഒ.കെ. ടേക്ക് ആക്കിയത്! പരിചയമില്ലായ്മയുടെ പരിഭ്രമം ഉണ്ടാകേണ്ട എന്നുവെച്ചാവും അദ്ദേഹം അങ്ങനെ ചെയ്തത്. പിന്നെയുയർന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ശ്രീബുദ്ധന്റെ മുഖച്ഛായയും നീണ്ടകാതുകളും പ്രശാന്തപ്രകൃതിയുമുള്ള ശബ്ദലേഖകൻ സാക്ഷാൽ കോടീശ്വരറാവുവിന്റെ മറുപടി ‘I will tell you after ten years’ എന്നായിരുന്നു! അർഥമറിയാതെ അന്നത്തെ ഞാനും അന്തരാർഥമറിയാതെ ‘കാല്പാടുകളു’ടെ നിർമാതാവ് രാമൻ നമ്പിയത്തും സംവിധായകൻ കെ.എസ്. ആന്റണിയും അന്തംവിട്ടുനിന്നു. അപ്പോഴും അവർക്ക് എന്നെ പരിചയപ്പെടുത്തിയ സുഹൃത്ത് വൈക്കം ചന്ദ്രന് എന്നിൽ ആത്മവിശ്വാസമുണ്ടായിരുന്നു. ആ ആത്മവിശ്വാസം തന്നെയാണ് ആലാപനത്തിന്റെ അറുപതിലെത്തിയ ഈ ഞാൻ.
‘ജാതിഭേദ’ത്തിൽ പാടിത്തുടങ്ങി ജാതിഭേദം പാടിത്തന്നെ ഇന്നും താങ്കൾ വിവിധവേദികളിൽ നിറയുന്നു. ഇതിൽ വിരസതയില്ലേ...
ഇല്ലേയില്ല. ഗുരുദേവൻ അരുവിപ്പുറത്ത് എഴുതിവെച്ചത് നമ്മൾ അകത്തേക്കെഴുന്നള്ളിച്ച് ആരാധിച്ചില്ല! പുറത്തുവെച്ച് ആചരിച്ചില്ല! എന്റെ ജീവിതത്തിൽ പല സംഗീതസൗഭാഗ്യങ്ങളും സംഭവിച്ചിട്ടുണ്ട്. ആദ്യമായി, അതായത് എട്ടാം വയസ്സിൽ ഞാൻ കൊച്ചിൻ നേവൽ ബേസിലെ സംഗീതമത്സരത്തിൽ പാടി ഒന്നാംസമ്മാനം നേടിയത് - ‘വന്ദേമാതരം വാഴ്ത്തിയ മുനിയേ, പാരിൽ വൻ പുകഴ്‌കൊണ്ട മഹാനിധിയേ...’ -എന്ന, അപ്പച്ചൻ പഠിപ്പിച്ച ഗാന്ധികീർത്തനവുമായാണ്. പുറത്തിറങ്ങിയ പ്രഥമചലച്ചിത്രഗാനമാവട്ടെ ‘വേദവാക്യമതൊന്നേ മാതൃവാക്യം താനേ’ (ശ്രീകോവിൽ - അഭയദേവ് - വി. ദക്ഷിണാമൂർത്തി-1962) എന്നതുമാണ്. പറഞ്ഞുവരുന്നത് ഗുരുദേവൻ, ഗാന്ധിജി, മാതൃദൈവം... ഒക്കെ എന്റെ സംഗീതസൗഭാഗ്യങ്ങളായി അവതരിക്കുന്നത് ഞാനനുഭവിച്ചിട്ടുണ്ട്, അദ്‌ഭുതപ്പെട്ടിട്ടുണ്ട്. ഇന്ന് ഇവിടെ അവയുടെ അപര്യാപ്തതയോ അഭാവമോ ഒക്കെത്തന്നെയുണ്ട്. ജാതി, മതം, രാഷ്ട്രീയം സ്വാർഥം, അത്യാർത്തി, പ്രണയാഭാസം, ഗുരുഭക്തിയില്ലായ്മ, സ്നേഹരാഹിത്യം... ഒക്കെ അമിതമായി കണ്ടുവരുന്നു. സംഗീതത്തിൽ ജതിസ്വരം മാത്രമേയുള്ളൂ ‘ജാതിസ്വര’മില്ല. മനസ്സിന്റെ ശ്രുതിചേരലാണ് മനുഷ്യത്വം! മാതൃകാസ്ഥാനമാണിത് എന്ന് പാടിയതിൽ ഇന്ന് സന്ദേഹം തോന്നുന്നു! അങ്ങനെ തോന്നിത്തുടങ്ങിയപ്പോൾ ദൈവം വയലാറിന്റെ, ദേവരാജൻ മാസ്റ്ററുടെ -‘മനുഷ്യ‘ൻ മതങ്ങളെ സൃഷ്ടിച്ചു...’ എന്ന മണ്ണും മനസ്സും പങ്കുവെച്ച ‘കലികാലകല്പന’ എന്നെക്കൊണ്ടുതന്നെ പാടിച്ചു. എല്ലാം നിയോഗം, അല്ലാതെന്തുപറയും.
കലാകാരൻ ആക്ടിവിസ്റ്റ് ആകണമെന്ന് ഈയിടെ ഒരു യുവ കർണാടക സംഗീതജ്ഞൻ അഭിപ്രായപ്പെട്ടത് ശ്രദ്ധയി ൽപ്പെട്ടിരുന്നുവോ...
എന്റെ കർമം അനുഷ്ഠിക്കുമ്പോൾ ഞാൻ ‘ആക്ടീവ്‘ ആകുന്നുണ്ട്. സംഗീതകാരന്റെ കർമം ശ്രുതിശുദ്ധമായി പാടുകയെന്നതുതന്നെയാണ്. ആ അർഥത്തിൽ ഞാൻ ആക്ടിവിസ്റ്റുമാണ്. ‘സ്വധർമേനിധനം ശ്രേയ: ഇങ്ങനെ ഭഗവദ്‌ഗീത പറയുന്നുണ്ടല്ലോ. ധർമാധിഷ്ഠിത കർമത്തെപ്പറ്റിയാണ് പറയുന്നത്. മഹാത്മജി പറഞ്ഞതുപോലെ ‘നമ്മുടെ ജീവിതം നമ്മുടെ സന്ദേശ’മായി നൽകാൻ അങ്ങനെ നമുക്കും കഴിയും, കഴിയണം. ഞാൻ സംഗീതം തന്നെയാവാനാണ് ശ്രമിക്കുന്നത്. സമസ്തവും ശ്രുതി ചേർന്നുകാണാനാണ് എനിക്കിഷ്ടം. ഊണിലും ഉറക്കത്തിലും ഉണ്മയിലും ഈ വെണ്മയിലുമൊക്കെ സംഗീതം ഞാൻ അനുഭവിക്കുന്നു, ആസ്വദിക്കുന്നു. ആക്ടിവിസം ആ അർഥത്തിൽ ശരി. അടിച്ചും പൊളിച്ചും ആക്രമോത്സുകമാകുന്നത് ആക്ടീവാകലല്ല. നശീകരണാത്മകതയാണ്. സംഗീതാത്മകതയാണ് എന്റെ ആക്ടിവിറ്റി.
എന്തുകൊണ്ട് ഭക്തൻ? സ്വാമി അയ്യപ്പൻ, മൂകാംബിക...
എന്റെ സംഗീതമൂർത്തികൾ ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമാശാസ്ത്രികൾ എന്നിവരാണ്. ശ്രീരാമഭക്തനായ ത്യാഗരാജരുടെ ഒരു ‘ധന്യാസി’ കീർത്തനമുണ്ട്. ‘സംഗീതജ്ഞാനമു ഭക്തിവിനാ, സന്മാർഗമു...’ ഭക്തിയാണ് മുക്തിമാർഗം, ജ്ഞാനമാർഗവും. ജീവാത്മ-പരമാത്മ ലയമാണത്. സംഗീതവും സമഗ്രതയിൽ ഈ ലയംതന്നെ, സർവതും. അവിടെയാണ് ‘തത്ത്വമസി’യും ശബരിമലയും അയ്യപ്പസ്വാമിയുമൊക്കെ വരുന്നത്. സമതയും മമതയുമൊക്കെ ആ സന്നിധാനത്തിലുണ്ട്. സമസ്ത ജീവജാലങ്ങളിലും സർവചരാചരങ്ങളിലും അവിടെ സമദർശനസൗന്ദര്യമുണ്ട്. ഏതു മതസ്ഥനും അവിടെ പ്രവേശനമുണ്ട്. കൊല്ലൂർ മൂകാംബിയിലും ഇങ്ങനെതന്നെ. അതുകൊണ്ടാണ് ഈ ആരാധനാലയങ്ങൾ എന്റെ ഇഷ്ടദേവാലയങ്ങളായത്. ഞാൻ മാത്രമല്ല, പ്രഭയും നല്ല വിശ്വാസിയാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും (ക്രിസ്ത്യാനിയായ അയൽക്കാരനെയെന്നല്ല) സ്നേഹിക്കാനാണ് ജീസസ് ക്രൈസ്റ്റ് പറഞ്ഞത്. അതായത്, നല്ല ക്രൈസ്തവന് നന്മയുടെ ഏത് വെണ്മയും സ്വീകാര്യമാണെന്നർഥം. അതുകൊണ്ടാണ്, പണ്ട് ഞാൻ സിനിമാരംഗത്തുവന്നപ്പോൾ യേശുദാസെന്ന പേര് മാറ്റണമെന്ന ചിലരുടെ ഉപദേശം അപ്പച്ചൻ നിഷ്കരുണം നിരസിച്ചതും ഞാൻ ഇങ്ങനെ യേശുദാസായിത്തന്നെ ഇന്നും ഭക്തനും ഭാരതീയനുമൊക്കയായി ജീവിക്കുന്നതും. ‘ഏകം സദ് വിപ്രാ: ബഹുധാ വദന്തി’ എന്നതുതന്നെ സംഗതി. ഇതുതന്നെ ഞാൻ പറഞ്ഞ സംഗീത ലയത്തിന്റെയും സംഗതി. സംഗീതവും വേദം തന്നെ -നാദവേദം. യഥാർഥ സംഗീതജ്ഞൻ നാദയോഗിയും.
ഈ അമേരിക്കൻപ്രിയതയുടെ പിന്നിലെന്താണ്...
പ്രിയംകൊണ്ടല്ല. നിേയാഗങ്ങളും നിമിത്തങ്ങളുമാകാം. ഗാനമേളകൾ നിറയെ വിദേശങ്ങളിൽ നടക്കുന്നകാലം. ഏറെയും യു.എസിലായിരുന്നു. 1978-ൽ ന്യൂയോർക്കിലായിരുന്നു ആദ്യത്തേത്. ഞാനും ബേബി സുജാതയും ചേർന്നുള്ളത്. അന്ന് കൊച്ചി സ്വദേശി സുഹൃത്ത് കെ.എസ്. മൈക്കിളിന്റെ വീട്ടിലായിരുന്നു താമസം. പിന്നീട് യഥേഷ്ടം ഗാനമേളാ പര്യടനങ്ങളായി. വാഷിങ്‌ടൺ, ഫ്ലോറിഡ... എന്നിങ്ങനെ. ഫ്ലോറിഡയിൽ ഡോ. മേരിയുടെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു മൂത്തമകൻ വിനോദിന് അവിടത്തെ ഒരു ടെന്നീസ് മത്സരത്തിൽ സമ്മാനം കിട്ടുന്നത്. അവന് എന്റെ ടെന്നീസ് കളിയാണ് പരമ്പര്യമായി കിട്ടിയത്. ഞാനന്ന് വിജയ് അമൃത്‌രാജിനൊപ്പമൊക്കെ കളിച്ചിട്ടുണ്ട്. കുറച്ചുകാലം കഴിഞ്ഞ് ഞാൻ അവിടെ വീടുവാങ്ങി താമസമായി. ഇപ്പോൾ കുറച്ചായി ഞാനും പ്രഭയും ഡാലസിൽ ഇളയമകൻ വിശാലിനൊപ്പമാണ് സ്ഥിരതാമസം. അല്പമകലെ ഷാർലറ്റിൽ വിനോദും ഉണ്ട്. വിനോദും വിശാലും ബാങ്കുദ്യോഗസ്ഥരാണ്. വിജു (വിജയ് യേശുദാസ്) മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. സുഹൃത്ത് ഡോ. സണ്ണിയുടെ അതിഥിയായി ഞാൻ ഇപ്പോൾ ഒർലാൻഡോയിലാണ്. അല്പം ടേബിൾ ടെന്നീസ് കളിയൊക്കെയുണ്ട്. വൈകാതെ ഡാലസിലേക്കുതന്നെ മടങ്ങും. പിന്നെ നാട്ടിലേക്കും. കോവിഡിൽ കുടുങ്ങി ഇരുപതുമാസത്തോളമായി ഇവിടെ.
ഇപ്പോഴും സാധകം പതിവുണ്ടോ...
ഈ ചോദ്യം എന്നെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രസക്തമാണ്. നിത്യസാധകമുണ്ട്. പ്രഭാതഭക്ഷണം കഴിഞ്ഞാൽ സംഗീതഗ്രന്ഥങ്ങളുമായുള്ള സഹവാസമാണ്. ത്രിമൂർത്തികളുടെ പ്രമാണഗ്രന്ഥങ്ങൾ (തമിഴ് പതിപ്പുകൾ) രാഗപ്രവാഹം, കൃതിമണിമാലൈ, ദേവപണ്ഡിതൻ പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ ഉപനിഷദ് ഗ്രന്ഥങ്ങൾ, ആചാര്യൻ ജിദ്ദു കൃഷ്ണ മൂർത്തിയുടെ ദർശന ഗ്രന്ഥങ്ങൾ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ബാലസാഹിത്യഗ്രന്ഥങ്ങൾ ഒക്കെയായി നല്ലൊരു ശേഖരം എനിക്കുണ്ട്. 72 മേളകർത്താരാഗങ്ങളെയും പാടി സ്ഫുടംചെയ്തുവെക്കലാണ് പ്രധാന സാധകം.

എല്ലാ ഗ്രന്ഥങ്ങളുടെയും മുമ്മൂന്ന് കോപ്പികൾ വാങ്ങും. ഒന്ന് ചെന്നൈയിലെ വീട്ടിൽ, ഒന്ന് ദുബായിലെ വീട്ടിൽ, ഒന്ന് അമേരിക്കയിലെ വീട്ടിൽ വെക്കും. രാത്രി ഇന്ത്യൻ സമയം കൃത്യം ഒമ്പതിന് സഹപാഠിയും ആത്മസുഹൃത്തുമായ ഡോ. ചേർത്തല ഗോവിന്ദൻകുട്ടിയെ സ്ഥിരം നാട്ടിൽ വീഡിയോകോളിൽ ബന്ധപ്പെട്ട് പാടിയും പറഞ്ഞും രണ്ടുമണിക്കൂർ ഞങ്ങൾ പഴയ തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് അക്കാദമി വിദ്യാർഥികളായി തിമർക്കും. സംശയനിവാരണങ്ങൾ നടത്തും. അങ്ങനെ ഇൗയിടെ ‘മാമാങ്കം പലകുറി കൊണ്ടാടി’ എന്ന ഗാനത്തിന്റെ രാഗം ആഭോഗിയല്ലെന്നും ജയമനോഹരിയാണെന്നുമൊക്കെ ഞങ്ങൾ കണ്ടെത്തി. ആരോഹണത്തിൽ ആഭോഗിയും അവരോഹണത്തിൽ ശ്രീരഞ്ജിനിയും. ഇതാണ് ജയമനോഹരി. കൃത്യസമയസാധകമൊന്നുമില്ലെങ്കിലും ഇത്തരം നിത്യസാധകം നിർബന്ധമുണ്ടെനിക്ക്. ‘രാഗി’യല്ലെങ്കിൽ രോഗി എന്ന ചൊല്ലുപോലെ ഈ കോവിഡ് കാലത്ത് അനുകൂലോർജദായകം തന്നെ ഇതെന്ന് പറയാതെ തരമില്ല.
ജിദ്ദു കൃഷ്ണമൂർത്തിയുടെ സ്വാധീനം എത്രത്തോളമാണ്...

ഏറെയുണ്ട്. എനിക്കദ്ദേഹത്തിന്റെ ദർശനങ്ങൾ ഏറെ ഇഷ്ടമാണ്. 28-ാം വയസ്സിലാണ് ആദ്യദർശനം. ചെന്നൈയിലെ റോയ്‌പെട്ടയിൽ കരുണാനിധി സാറിന്റെ വീടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽപ്പോയി എന്നും കുരുമുളകിട്ട ‘മൊളോഷ്യം’ കൂട്ടി ഒരു ശാപ്പാട് പതിവായുണ്ട് എനിക്ക്. വായിൽ കൊതിയൂറുന്നു, ഇപ്പോഴും. ഒരിക്കൽ തൊട്ടടുത്ത ചെറിയ മൈതാനത്ത് ആചാര്യന്റെ പ്രഭാഷണം. സൂക്ഷ്മം ഓർമയില്ല. വാഹനമോടിക്കുമ്പോൾ ക്ളച്ച് ചവിട്ടി ന്യൂട്രലിലാക്കി ഗിയർ മാറ്റുന്നതുപോലെവേണം നാം വികാരവേഗത്തിൽ യാത്രചെയ്യുമ്പോൾ എന്നായിരുന്നു സാരാംശം. മനോനിലയുടെ ന്യൂട്രലിൽ വന്നിട്ടുവേണം കുതിക്കാനും ശമിക്കാനും. ഇതെന്നെ അന്നേ ആകർഷിച്ചു. ഇന്നും ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. വായനക്കാരനാണ്. അനുയായിയുമാണ്.
ഗുരുക്കന്മാർ, ഗുരുത്വം, ശിഷ്യർ...
ആദ്യം കൺകണ്ട ഗുരു അപ്പച്ചൻ. ഞങ്ങൾ മക്കൾ ജയമ്മ അടക്കം അഞ്ചുപേർക്കും സംഗീതവാസനയുണ്ടായിരുന്നു. എന്നാൽ, എന്റെ അഭിരുചിയിൽ ഏറെ വിശ്വാസംതോന്നിയ അദ്ദേഹം എന്നെ മാത്രമേ പാട്ടുപഠിക്കാൻ അയച്ചുള്ളൂ. എന്റെ അക്കാദമിക് ബിരുദം ഗാനഭൂഷണം മാത്രം. ബാക്കിയൊക്കെ ഗുരുമുഖത്തുനിന്നും ഗുരുഗ്രന്ഥങ്ങളിൽനിന്നും നേടിയവ. കുഞ്ഞൻ വേലു ആശാൻ, ജോസഫ് ഭാഗവതർ, കുത്തിയതോട് ശിവരാമൻ നായർ, കുമാരസ്വാമി, കല്യാണസുന്ദരം, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം, കൊച്ചമ്മിണി മാഡം, പദ്‌മം മാഡം (സംസ്കൃതം+സംഗീതം തിയറി), ശെമ്മാങ്കുടി സ്വാമി, ചെമ്പൈ സ്വാമി, പല്ലവി നരസിംഹാചാരി ഇവരൊക്കെയാണ് ഈ പാട്ടിന്റെ ഗുരുഗുരുത്വം. അപ്പച്ചനാണ് എന്റെ ഉച്ചാരണശുദ്ധി. ചെമ്പൈ സ്വാമിക്കും നരസിംഹാചാരിക്കും ഞാൻ ഒരേസമയം ‘ശിഷ്യനും മകനു’മായിരുന്നു! പദ്മം മാഡമാണ് (ആർ.എൽ.വി.) സംസ്കൃതം പഠിപ്പിച്ച ‘പാണിനിയമ്മ.’ പദ്മതീർഥമായി അമ്മ എന്നിലെന്നുമുണരാറുണ്ട്. പല്ലവി പാടാത്ത എന്നെ പഠിപ്പിച്ച് നിർബന്ധിച്ച് പാടിച്ചത് പിതൃനിർവിശേഷം ഞാൻ സ്നേഹിച്ച, എന്നോടൊപ്പം ജീവിച്ച ആചാര്യൻ നരസിംഹാചാരിയായിരുന്നു. ചെമ്പൈ സ്വാമിയാണ് യഥാർഥ ഗുരുദൈവതം. മുംബൈ ഷണ്മുഖാനന്ദഹാളിൽവെച്ച് (1970)അന്നൊരു കച്ചേരിക്ക് സ്വാമിക്കുകിട്ടിയ ആദരപ്പൊന്നാട, ഈയുള്ളവനെ അണിയിച്ച് ഇനി ഇവൻ പാടുമെന്നുപറഞ്ഞ് പിൻപാട്ടുകാരനായ എന്നെ മുന്നോട്ടുപിടിച്ചിരുത്തി. ‘മുൻപാട്ടുകാരനാ’ക്കിയ സ്വാമി. ഈ ഗുരുത്വമൊന്നുമാത്രമാണ് ഈ ആലാപകന്റെ ആത്മവിശ്വാസവും. പാണ്ഡിത്യെത്തക്കാൾ ഗുരുത്വമാണ് വ്യക്തിയുടെ ഉയർച്ചയ്ക്കു കാരണമാകുകയെന്ന് സ്വാമി പറഞ്ഞുതന്നിട്ടുണ്ട്, അനുഭവകഥയിലെവിടെയോ അദ്ദേഹം പകർത്തിവെച്ചിട്ടുമുണ്ട്. ‘പാവനഗുരു...’ പാടാത്ത ഒരു സംഗീതസന്ദർഭവും എനിക്കില്ല! നാട്ടിലുണ്ടെങ്കിൽ ഞാൻ ചെമ്പൈ ഗ്രാമത്തിലെ പാർഥസാരഥിക്ഷേത്രം ആറാട്ടിന് വർഷാവർഷം ‘ഗുരുദക്ഷിണക്കച്ചേരി’ വെച്ചിരിക്കും. ശിഷ്യർ -എന്റെ വീട്ടിൽ വന്നുനിന്ന് ഗുരുകുല സമ്പ്രദായത്തിൽ പഠിച്ചവർ ചുരുക്കം. പേരിനുവേണ്ടിവന്നവരാണ് പലരും. എങ്കിലും കെ.ജെ. ബേബി (റിട്ട. സംഗീതാധ്യാപകൻ), ‘പാടും പാതിരി’ എന്നറിയപ്പെട്ട ഫാ. പോൾ പൂവത്തിങ്കൽ, രാജേഷ് രാജ് (സംഗീതസംവിധായകൻ) എന്നിവരെ എടുത്തുപറയുന്നു.
സാഹിത്യപ്രതിപത്തിയുള്ളയാളാണോ യേശുദാസ്...
‘സംഗീതമപിസാഹിത്യം’ എന്നു പറയുമ്പോലെ തുല്യപ്രാധാന്യമുള്ള ഇരട്ടക്കുട്ടികൾ. സംഗീതത്തെപ്പറ്റിത്തന്നെ പഠിച്ചുതീർക്കാനൊക്കില്ല, ഈ ജന്മത്തിൽ. അതുകൊണ്ട് സാഹിത്യം കമ്മി; പിന്നെ, സംഗീതസാഹിത്യകൃതികൾ വായിക്കും. എന്റെ വീട്ടിലെ ലൈബ്രറിയിൽ ധാരാളം ഗ്രന്ഥങ്ങളുണ്ട്. ‘ത്യാഗരാജഹൃദയം’പോലുള്ള റഫറൻസ് ഗ്രന്ഥങ്ങൾ. തമിഴാണ് മുഖ്യം. വേദ-വേദാന്ത ഗ്രന്ഥങ്ങൾ. കഥ, കവിത, നോവൽ ഒക്കെ കഷ്ടി. മഹാകവി അക്കിത്തത്തിനെ പരിചയിച്ചിട്ടുണ്ട്. വീടു സന്ദർശിച്ചപ്പോൾ എന്നെ വിളക്കെടുത്തെതിരേറ്റ മഹാമനുഷ്യൻ. ഭാഗവതം തർജമതന്നു, ഭാഗവതരല്ലേ ഉപകരിക്കുമെന്ന് പറഞ്ഞു. സുകുമാർ അഴീക്കോട് സാറിനെയും സാനുമാഷെയും അറിയാം. ഭാസ്കരൻമാഷ്, വയലാർ, ഒ.എൻ.വി., ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, മറ്റു ഗാനസാഹിത്യകാരന്മാർ -ഒക്കെ പാട്ടുപരിചയം. ഇല്ലാക്കാലത്ത് നല്ലവണ്ണം സഹായിച്ച ഭാസ്കരൻമാഷെ മറക്കില്ല. എന്റെ ആദ്യ ‘സമ്പൂർണഗാനം’ എന്നു പറയാവുന്നത് അദ്ദേഹത്തിന്റേതുതന്നെ -അറ്റൻഷൻ പെണ്ണേ... അറ്റൻഷൻ (കാല്പാടുകൾ). പിന്നെ, ശങ്കരക്കുറുപ്പ് മാഷ്, അദ്ദേഹമാണ് എനിക്ക് ‘ഗാനഗന്ധർവൻ’ എന്ന വിശേഷണം നൽകിയതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ‘നോവുതിന്നും കരളിനേ പാടുവാനാവൂ നിത്യമധുരമായാർദ്രമായ്!’-ദാമൂ, നീ തന്നെ പണ്ടെപ്പോഴോ എന്നെ കേൾപ്പിച്ച അദ്ദേഹത്തിന്റെ ഈ വരികൾ എന്നെക്കുറിച്ചുകൂടിയാകുമോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്! അത്രയ്ക്ക് നൊന്തുപെറ്റതാണ് ഈ സംഗീതം.
ജ്യോതിഷത്തിൽ അമിതവിശ്വാസിയാണോ, അന്ധവിശ്വാസിയാണോ...
വിശ്വാസിയാണ്. അധികമായാൽ അമൃതും വിഷമെന്നല്ലേ ചൊല്ല്. ക്രിസ്തുദേവന്റെ ജനനം അറിഞ്ഞ രാജാക്കന്മാർക്ക് ബത്‌ലഹേമിലേക്ക് വഴികാട്ടിയായത് നക്ഷത്രമാണെന്ന് ബൈബിളിലുണ്ട്. അതു വിശ്വസിക്കുന്നതുപോലെ ഞാൻ ഇതും വിശ്വസിക്കുന്നു. അല്ലാത്തപക്ഷം, എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെ. അമ്മ പറഞ്ഞതു വിശ്വസിച്ചാണ് നമ്മൾ അച്ഛനെ അറിയുന്നത്. ശരിയല്ലേ? എന്റെ അനുഭവമണ്ഡലമാണ് എന്റെ ലോകം. അതിൽ ഞാൻ എന്തായാലും വിശ്വസിക്കുന്നു. തമിഴിൽ ഞാനൊരു കീർത്തനം രചിച്ചിട്ടുണ്ട്. ‘നല്ലതൈ നിനയ് മനമേ...’
(ശാമരാഗം-ആദിതാളം). മനസ്സേ, നല്ലതുമാത്രം ചിന്തിക്കുക. ‘നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ’ -യേശു (ദാസ്).
യേശുദാസിന്റെ അച്ഛനെപ്പറ്റി കലാകേരളത്തിനറിയാം, അമ്മ...
അമ്മ, എലിസബത്ത്, സഹനത്തിന്റെ സാമൂഹ്യപാഠമായിരുന്നു കുടുംബത്തിന്. അച്ഛൻ മരിച്ചപ്പോൾ ആശുപത്രിയിൽ കൊടുക്കാൻപോലും പണമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് അമ്മയ്ക്ക് മക്കളെയൊക്കെ നല്ലനിലയിലായി കാണാനായി. അതുതന്നെ അമ്മയുടെ സുകൃതം. അമ്മേ...! അമ്മേ... അവിടുത്തെ മുമ്പിൽ ഞാനാര്...? ദൈവമാര്...? - എന്ന് പാടാനായത് ഈ സംഗീതസന്താനസുകൃതവും!
കർണാടകസംഗീതം, ലളിതസംഗീതം, തിരുവയ്യാർ-റോയൽ ആൽബർട്ട് ഹാൾ (ലണ്ടൻ) സംഗീതം ചെയ്തു, സംഗീതവിദ്യാലയം നിർമിച്ചു, പാടി അഭിനയിച്ചു, പാട്ടു പഠിപ്പിച്ചു, കീർത്തനംവരെ എഴുതി, കീർത്തിച്ച് ഏറ്റവും കൂടുതൽ എഴുതപ്പെട്ടു (കഴിഞ്ഞമാസം പുറത്തിറങ്ങിയ ‘യേശുദാസ്: മലയാളത്തിന്റെ സ്വരസാഗരം’ ഉൾപ്പെടെ 14 ഗ്രന്ഥങ്ങൾ), ശിഷ്യനായി, ഗുരുവായി, ദരിദ്രനായി, ധനവാനായി, ഇംഗ്ലീഷ്, റഷ്യൻ, ഗ്രീക്ക്, ലാറ്റിൻ എന്നീ വിദേശ ഭാഷകളിലും കശ്മീരി ഒഴികെയുള്ള ഇന്ത്യൻ ഭാഷകളിലും പാടി, ലോകം മുഴുവൻ പറന്നു, പരന്നു പുകഴ്ന്നു... ആലാപനത്തിന്റെ ‘60’-ൽ എന്തുതോന്നുന്നു...
ഒന്നുമായില്ലെന്ന് തോന്നുന്നു! ഒന്നാംരാഗം ‘കനകാംഗി’ മര്യാദയ്ക്ക് പഠിച്ചുപാടാൻ ഞാൻ നാലുകൊല്ലമെടുത്തു! ഇതാണ് എന്റെ സ്ഥിതി. പാട്ടിനേക്കാൾ പരമമായിട്ടൊന്നുമില്ലെന്നറിയുമ്പോഴേക്കും (ഗാനാത് പരതരം നഹി) വൈകിപ്പോയെന്നൊരു വല്ലായ്മ. വിദ്വാനല്ല ഞാൻ, വിദ്യാർഥിതന്നെ ഇന്നും.
ആരാണ് യേശുദാസ് -ആത്മാന്വേഷണം നടത്തിയിട്ടുണ്ടോ...
‘സമ്പൂർണ രാഗ’മാകാൻ കൊതിക്കുന്ന ഒരു സ്വരം എന്ന് ഉത്തരം കിട്ടിയിട്ടുണ്ട്. സാഗരമാകാൻ കൊതിക്കുന്ന സൗപർണിക. ഇത്തരം ഉത്തരം കിട്ടിയതിനാലാവാം എന്റെ സംഗീതവിദ്യാലയം ‘തരംഗനിസരി’യും എന്റെ റെക്കോഡിങ് സ്റ്റുഡിയോ ‘തരംഗിണി’യുമൊക്കെയായത്. മനഃപൂർവമല്ലാത്ത മനസ്സിന്റെ ഉൾവിളികളിൽനിന്നാവാം ഇത്തരം പേരുവിളികൾ (‘തരംഗിണി’, ‘തരംഗനിസരി’) ഉണ്ടായത്.
മദിരാശിയിൽ ആദ്യമായി പാടാൻപോകാൻ ടാക്സി ഡ്രൈവർ മത്തായി തന്ന പതിനാറു രൂപയുടെ കടം ഇനിയും വീട്ടാത്തതുപോലെ മലയാളനാടും ഭാരതവും നൽകിയ ആദരവിന്റെയും ആരാധനയുടെയും അനന്തകോടി കടം അങ്ങ് എങ്ങനെയാണ് വീട്ടുക...
ഇനിയും പാടാത്ത മധുരതരഗാനങ്ങൾകൊണ്ട് ആ കടം ഞാൻ വീട്ടാം -കാലവും കണ്ഠവും കനിഞ്ഞനുഗ്രഹിക്കുമെങ്കിൽ!
ഇങ്ങനെയും യേശുദാസ്
വായ്‌പാട്ടുകാരനിലുപരി വാദ്യകലാകാരനും: പിയാനോ, വയലിൻ, ഗായത്രിവീണ, ഓടക്കുഴൽ, മൃദംഗം, ഗഞ്ചിറ എന്നിവയൊക്കെ വായിക്കും.
നന്നായി ചിത്രം വരയ്ക്കും: പെൻസിൽ ഡ്രോയിങ്.
ടെന്നീസ്, ടേബിൾ ടെന്നീസ്, ഷട്ടിൽ എന്നിവ കളിക്കും.

കൃഷിപ്പണി ചെയ്യും . പണ്ട്, അനുജൻ ആന്റണിയുമൊത്ത്. ഇപ്പോൾ ഡാലസിലെ വീട്ടിൽ കൃഷിത്തോട്ടമുണ്ട് - മുന്തിരിക്കൃഷി. ചില്ലറ പച്ചക്കറികളും.
ആശാരിപ്പണിയിൽ സവിശേഷ താത്പര്യം. അമേരിക്കയിലെ വീട്ടിൽ സ്വയം സ്റ്റുഡിയോ പണിതു.
ജന്മദിനം ജനുവരി 10 ആയതിനാൽ സംഖ്യാശാസ്ത്രപ്രകാരം 1 ആണ് ഭാഗ്യ നമ്പറായി കരുതുന്നത്. ഹോട്ടൽമുറികളൊക്കെ 1, 10, 91, 901, 910 ഇങ്ങനെ തിരഞ്ഞെടുക്കും.
മലയാള ചലച്ചിത്രത്തിലെ 91-ാം ഗായകനാണ് യേശുദാസ് എന്നത് യാദൃച്ഛിക സൗഭാഗ്യമത്രേ.
ഡോ. പീറ്റർ ജെ. ഡി’ അഡാമോയുടെ ‘Eat right for your type’ ഗ്രന്ഥവിധിപ്രകാരമാണ് ഭക്ഷണച്ചിട്ട.
രാഗപ്രവാഹം’ സംഗീതശാസ്ത്ര ഗ്രന്ഥം എപ്പോഴും കൈയിൽ കരുതും.
കച്ചേരി തുടങ്ങുംമുമ്പ് മൈക്കിൽ ഊതിനോക്കുകയോ മുരടനക്കി തൊണ്ട ശരിയാക്കുകയോ ചെയ്യില്ല. ‘പ്രണവ’മന്ത്രത്തോടെ തുടങ്ങും. കച്ചേരിയവസാനം ഭക്തിഗാനങ്ങൾ അവസരോചിതം നിർബന്ധമായും പാടും. മംഗളം പാടും മുമ്പ് നാരായണീയശ്ലോകം പാടി സഭയ്ക്ക് ‘ആയൂരാരോഗ്യ സൗഖ്യം’ ആശംസിക്കും. കച്ചേരിത്തലേന്ന് വിശ്രമവും വോയ്‌സ് റെസ്റ്റും അനുഷ്ഠിക്കും.
എല്ലാറ്റിനും കാരണഭൂതനായ ജഗദീശ്വരനുസമർപ്പിച്ചാണ് പ്രസംഗങ്ങൾ സമാരംഭിക്കുക.
പാടാനുള്ള പാട്ട് പല്ലവി, അനുപല്ലവി, ചരണം ക്രമത്തിൽ മൂന്ന് വ്യത്യസ്തഷീറ്റുകളിൽ കറുപ്പ് മഷികൊണ്ട് വലുതായി എഴുതും. വരികൾക്കു മുകളിൽ ചുവന്ന മഷികൊണ്ട് സംഗീത സ്വരചിഹ്നങ്ങളും കുറിക്കും. കറുപ്പ് - ചുവപ്പ് മഷിപ്പേനകൾ ഇതിനായി കൈയിൽ കരുതും.
Content Highlights: KJ Yesudas Singer intreview, 60 years of jaathi bhedam matha dwesham
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..