യേശുദാസ്| Photo: Matrhubhumi Archives
യേശുദാസിന് ഇന്ന് പിറന്നാള്‍
സിനിമയില്‍ ആദ്യമായി പാടിയത് കാല്‍പ്പാടുക''ളില്‍ ആണെങ്കിലും യേശുദാസ് ആദ്യത്തെ പ്രതിഫലം ഏറ്റു വാങ്ങിയത് തിരക്കഥാകൃത്തും ഗാനരചയിതാവുമായ അഭയദേവില് നിന്നാണ് -- ശാന്തിനിവാസ്'' എന്ന ഡബ്ബിംഗ് സിനിമയില്‍ പാടിയതിന്. നാഗേശ്വരറാവുവും കാന്തറാവുവും രാജാസുലോചനയും ഒക്കെ അഭിനയിച്ച ശാന്തിനിവാസം (1960 ) എന്ന തെലുങ്ക് ഹിറ്റ് സിനിമയുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റമായിരുന്നു ശാന്തിനിവാസ്''(1962 ). സ്വന്തം ഈണത്തില്‍ ഘണ്ടശാലയും ജിക്കി, പി ബി ശ്രീനിവാസ് , പി ലീല എന്നിവരും പാടിയ ജനപ്രിയ ഗാനങ്ങള്‍ മലയാളത്തിലാക്കിയതും പാട്ടുകാരില്‍ ഒരാളായി യേശുദാസിന്റെ പേര് നിര്‍ദേശിച്ചതും അഭയദേവ് തന്നെ. അപ്പച്ചനും അഭയദേവ് സാറും അടുത്ത കൂട്ടുകാരായിരുന്നു. പരസ്പരം അളിയാ എന്നേ അവര്‍ വിളിച്ചു കേട്ടിട്ടുള്ളൂ.'' യേശുദാസ് ഓര്‍ക്കുന്നു.
വലിയ പ്രതീക്ഷയോടെയാണ് റെക്കോഡിംഗിനായി യേശുദാസ് അരുണാചലം സ്റ്റുഡിയോയില്‍ എത്തിയത്. പക്ഷെ താരതമ്യേന നവാഗതനായ ഗായകനെ അവിടെ കാത്തിരുന്നത് തിക്താനുഭവങ്ങളാണ്. റെക്കോഡിസ്റ്റ് ജീവ തുടക്കം മുതലേ ദാസിനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഘണ്ടശാലയുടെ ഒറിജിനല്‍ ട്യൂണുകള്‍ മലയാളത്തില്‍ ആക്കി റെക്കോഡ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ എത്തിയിരുന്ന സംഗീത സംവിധായകന് ഇബ്രാഹിമിന് മറ്റേതോ പാട്ടുകാരന് അവ പാടണം എന്നായിരുന്നു ആഗ്രഹം. അയാളുടെ അജണ്ട നടപ്പാക്കാന്‍ നിയുക്തനായത് ജീവയും.
റെക്കോഡിസ്റ്റ് എനിക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മൈക്കിനു തൊട്ടു മുന്നില്‍ നിന്ന് പാടാന്‍ തുടങ്ങിയാല്‍ പിന്നിലേക്ക് മാറി നില്ക്കാന് പറയുക. മാറി നിന്ന് പാടി തുടങ്ങിയാല്‍ മുന്നിലേക്ക് നില്ക്കാന് പറയുക. ഒട്ടും മയമില്ലാതെയാണ് കല്പനകള്. എന്റെ ശബ്ദം ശരിയല്ലെന്ന് വരെ പറഞ്ഞു വെച്ചു അദ്ദേഹം. പാടാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ആഗ്രഹം മനസ്സിലുള്ളത് കൊണ്ട് വേദന പുറത്തറിയിക്കാതെ, നിശബ്ദനായി അതൊക്കെ കേള്‍ക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. കുറച്ചു കഴിഞ്ഞാണ് അഭയദേവ് സാര്‍ സ്ഥലത്തെത്തിയത്. ഒറ്റ നോട്ടത്തില്‍ തന്നെ എന്റെ ധര്‍മ്മസങ്കടം അദ്ദേഹത്തിനു മനസ്സിലായിരിക്കണം. സംഗീതസംവിധായകനെയും റെക്കോഡിസ്റ്റിനെയും ശാസിക്കുക മാത്രമല്ല എന്ത് വന്നാലും മറ്റൊരു പാട്ടുകാരനെ കൊണ്ട് പാടിക്കുന്ന പ്രശ്നമില്ലെന്ന് നിസ്സംശയം വ്യക്തമാക്കുക കൂടി ചെയ്തു അദ്ദേഹം. പിന്നെ എല്ലാം മുറ പോലെ നടന്നു.'' നിറഞ്ഞ കണ്ണുകളോടെ അഭയദേവിന്റെ കൈകളില്‍ നിന്ന് പ്രതിഫലം വാങ്ങിയാണ് യേശുദാസ് അന്ന് തിരിച്ചു പോയത്.
ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കകം യേശുദാസ് തിരക്കേറിയ ഗായകനായി. വിധിയുടെ ഒരു കുസൃതിയെന്നോണം പില്ക്കാലത്ത് അരുണാചലം സ്റ്റുഡിയോയുടെ ഉടമസ്ഥാവകാശവും ദാസിന്റെ കൈകളില്‍ വന്നുചേര്‍ന്നു. ഒരിക്കല്‍ തന്നെ മാനസികമായി പീഡിപ്പിച്ച ആ പഴയ റെക്കോഡിസ്റ്റ് അതോടെ ദാസിന്റെ ശമ്പളക്കാരനുമായി മാറി എന്നത് കഥയുടെ ക്ലൈമാക്സ്. ശാന്തിനിവാസില്‍ മൂന്നു ഗാനങ്ങളാണ് യേശുദാസ് പാടിയത്: ആവുന്നത്ര തുഴഞ്ഞു, കം കം ശങ്കിച്ച് നില്‍ക്കാതെ (ജിക്കിയോടൊപ്പം), വിശ്വാസം അര്‍പ്പിച്ച് എന്നീ പാട്ടുകള്‍. കം കം എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ നാഗേശ്വരറാവു.
Content Highlights: KJ Yesudas singer Birthday special, evergreen songs, Malayala Cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..