യേശുദാസ്, ആലാപനത്തിന്റെ അറുപത് വർഷങ്ങൾ


ജയരാജ് വാര്യർ

മാതൃഭാഷയെ ഇത്രയധികം പ്രചരിപ്പിച്ച മറ്റൊരു ശബ്ദമുണ്ടോ?

യേശുദാസിനൊപ്പം ജയരാജ് വാര്യർ

യേശുദാസ് എന്ന മഹാഗായകന്റെ ശബ്ദം ആലേഖനം ചെയ്യപ്പെട്ടിട്ട് നവംബർ 14 ന് അറുപത് വർഷങ്ങൾ പിന്നിടുന്നു.

'കാല്‍പ്പാടുകൾ' എന്ന ചിത്രത്തിനുവേണ്ടി മുദ്രണം ചെയ്യപ്പെട്ട ആ ശബ്ദം ഇന്ത്യൻ സംഗീതത്തിന്റെ രാജരഥ്യയിൽ പതിഞ്ഞ പാദമുദ്രകൾ തന്നെയായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു.

ചലച്ചിത്ര സംഗീതം എന്നുപറയുമ്പോൾ തന്നെ ആദ്യം ഓർമയിൽ വരുന്ന പേര് ദാസേട്ടന്റെ തന്നെയാണ്.

എട്ടുതവണ മികച്ച ഗായകനുള്ള ദേശീയഅവാർഡും പത്മശ്രീയിൽ തുടങ്ങി പത്മവിഭൂഷണും ഇരുപത്തിയഞ്ചിലേറെ തവണ ലഭിച്ച സംസ്ഥാന ചലച്ചിത്ര അവാർഡും മറ്റു സ്റ്റേറ്റ് അവാർഡുകളും വെച്ചു നോക്കുമ്പോൾ ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ ഏറ്റവും വലിയ കോൺട്രിബ്യൂഷൻ ദാസേട്ടന്റേതുതന്നെ.

ആലാപനത്തിലൂടെ ആസ്വാദകഹൃദയങ്ങളിലേക്ക് അമൃതും മധുവും നിറച്ച കാല്പനിക സൗരഭ്യത്തിന്റെ പൂമണം പടർത്തിയ ആ ശബ്ദത്തിന് അറുപതാണ്ട്.

ആയിരം പാദസരങ്ങൾ കിലുങ്ങി... പിന്നെയും പിന്നെയും ഒഴുകിക്കൊണ്ടിരിക്കുന്ന ഗാനപ്പുഴ.

വെൺചന്ദ്രലേഖയും ഉത്തരായനക്കിളിയും, കായാമ്പൂവും, കള്ളിപ്പാലകളും, ഹിമവാഹിനിയും, ചക്രവർത്തിനിയും, കാവ്യമോഹിനിയും, സീമന്തിനിയും, മാണിക്യവീണയും. പൊൻതിങ്കൾക്കലയും, സീമന്തിനിയും. പ്രേമഭിക്ഷുകിയും, നിത്യകാമുകിയും,. സന്യാസിനിയും, മഞ്ജുഭാഷിണിയുമെല്ലാം കേട്ടും ഏറ്റുപാടിയും നമ്മൾ ഉണർന്നിരിക്കുന്നു ഇപ്പോഴും.

പ്രളയപയോധിയിൽ, പ്രവാചകന്മാരേ, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചും. പത്മതീർത്ഥമേ ഉണരൂ എന്നിവയെല്ലാം നമ്മളെയാകെ ഒരേ ശ്രവണതയിലെത്തിക്കുന്നു.

താമസമെന്തെയും, പ്രാണസഖിയും, ഒരു പുഷ്പവും, സുന്ദരരാഗങ്ങളും മലയാളി മനസിന്റെ മറുകരയിൽ കണ്ണീർപാടങ്ങൾ തീർക്കുന്നു.

ഹൃദയസരസ്സും പൊൻവെയിൽ മണിക്കച്ചയും ഇലഞ്ഞിപ്പൂമണവും മനോഹരിയുടെ മനോരഥവും കുയിലിന്റെ മണിനാദവും കസ്തൂരിമണക്കുന്ന ഗാനങ്ങളായി പുതുമയോടെ ഇന്നും കാതിൽ തേന്മഴയായ് ഒഴുകിയെഴുത്തുന്നു.

ഏഴുസ്വരങ്ങളും തഴുകിവരുന്ന തേനും വയമ്പും ചാലിച്ച് ചേർത്ത പാട്ടുകൾ. അവയിൽ അനുരാഗിണിയും ഹരിമുരളീരവവും ദേവാങ്കണങ്ങളും രാത്തിങ്കൾ ചാർത്തിയ പൂത്താലിയും ഇനിയൊന്നു പാടൂ എന്ന് നമ്മോട് മന്ത്രിക്കുന്നു.

തത്വചിന്തയുടെ കിരീടം ചാർത്തിയ ഗാനങ്ങളും ഭക്തിഗാനങ്ങളും ചെവിയിൽ മന്ത്രിക്കുന്നത് പോലുള്ള പാട്ടുകളും എല്ലാം നമുക്കും നമ്മുടെ ഭാഷയ്ക്കും സ്വന്തം.

മാതൃഭാഷയെ ഇത്രയധികം പ്രചരിപ്പിച്ച മറ്റൊരു ശബ്ദമുണ്ടോ?

മലയാളികൾക്കിടയിൽ മാതൃഭാഷയ്ക്കുള്ള ഇടം, ഇങ്ങനെ നേടിക്കൊടുത്ത മറ്റൊരു സ്വരം സങ്കല്പിക്കാനാവുമോ?

മലയാളം വായിക്കാനും പഠിക്കാനും എനിക്ക് പ്രേരണയായത് യേശുദാസ് പാടുന്നത് കേട്ടിട്ടാണ്.

ഉച്ചാരണശുദ്ധിയും സ്ഫുടതയും എന്നെ അഭ്യസിപ്പിച്ചത് ആ പാട്ടുകളാണ്. എന്നെ മലയാളം പഠിപ്പിച്ച അധ്യാപകർ അക്ഷരങ്ങളെ മാലകളാക്കി കോർത്തുകെട്ടി പാട്ടിലൂടെ പഠിപ്പിച്ച മലയാളം മാഷാണ് എനിക്ക് ദാസേട്ടൻ.

ആയിരക്കണക്കിന് പാട്ടുകളുണ്ടെങ്കിലും ഗായകൻ ഒന്നാണ്.

ആരംഭകാലത്ത് കവികളായ വി.ഭാസ്‌കരൻ, വയലാർ, ഒഎൻവി, ശ്രീകുമാരൻ തമ്പി. യൂസഫലി കേച്ചേരി, എല്ലാവരുടെയും പിന്നീട് ബിച്ചുതിരുമല, കാവാലം, പൂവച്ചൽ ഖാദർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കെ.ജയകുമാർ, മുല്ലനേഴി, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, റഫീഖ് അഹമ്മദ് തുടങ്ങിയ കവികളുടെയും അതിനുശേഷം വന്ന പുതുതലമുറയിലെ ഗാനരചയിതാക്കളുടെയും ഗാനസാഹിത്യത്തെ കോടികളിലേക്കെത്തിച്ചു ഈ മഹാഗായകൻ.

ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്,എം.ബി.ശ്രീനിവാസൻ, എം.കെ.അർജുനൻ,ശ്യാം, എ.ടി.ഉമ്മർ, സലിൽ ചൗധരി, ചിദംബരനാഥ്, പുകഴേന്തി, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, വിദ്യാധരൻ, മോഹൻസിത്താര, വിദ്യാസാഗർ, എം.ജയചന്ദ്രൻ.... എന്നിവരുൾപ്പെടെയുള്ളവരുടെയും പുതിയ സംഗീതസംവിധായകരുടെയും പാട്ടുകളിലൂടെ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരിക്കുന്നു ആ ഗന്ധർവനാദം.

സാഗരങ്ങളെ പാടി ഉണർത്തുകയും അതേ സാഗരങ്ങളോട് ശാന്തമാകൂ. എന്നു പറയുകയും ചെയ്യുന്ന ഒരേയൊരു ശബ്ദമേയുള്ളൂ മലയാളത്തിൽ. അതാണ് മലയാളം ലോകത്തിനു നൽകിയ മഹാഗായകൻ ദാസേട്ടൻ.

പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.

ദാസേട്ടൻ എന്നുപറഞ്ഞാൽ വെറുമൊരു ഗായകൻ മാത്രമാണോ? അല്ല. ദാസേട്ടൻ ഗുരുസ്ഥാനീയനായ ഒരു കർണാടക സംഗീതജ്ഞൻ കൂടിയാണ്.

ചലച്ചിത്രഗാനസംഗീതത്തിൽ എത്രത്തോളം ദാസേട്ടന് സംഭാവനയുണ്ടോ അത്രത്തോളം തന്നെ അദ്ദേഹത്തിന്റേതായ സംഭാവന കർണാടക സംഗീതത്തിനുമുണ്ട്.

അദ്ദേഹത്തിന്റെ കച്ചേരികൾ ഞാൻ പലതവണ ആസ്വദിച്ചിട്ടുണ്ട്.

വർഷങ്ങൾക്കുമുമ്പ് കേരള കലാമണ്ഡലത്തിൽ അദ്ദേഹത്തിനൊപ്പം പോയി കച്ചേരി കേൾക്കാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായി.

ക്ലാസിക്കൽ കലകളും സംഗീതവും അഭ്യസിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും മുമ്പിൽ അന്ന് അദ്ദേഹം അതിമനോഹരമായ കച്ചേരിയാണ് അവതരിപ്പിച്ചത്.

ദാസേട്ടനോട് സംസാരിച്ചിരിക്കുന്നതുതന്നെ ആഹ്ലാദകരമായ മുഹൂർത്തങ്ങളാണ്. എന്റെ ചെറിയ തമാശകൾക്ക് പോലും പൊട്ടിച്ചിരിക്കുന്ന ദാസേട്ടനെ ആഹ്ലാദത്തോടെ അതിലേറെ അഭിമാനത്തോടുകൂടിനോക്കിയിരുന്നിട്ടുണ്ട്.

ദാസേട്ടന്റെ എൺപതാം പിറന്നാൽ ആഘോഷിക്കുന്ന സമയത്ത് തൃശൂരിൽ ദാസേട്ടൻ@80 എന്ന പേരിൽ ഗീതംസംഗീതം എന്ന സംഗീതകൂട്ടായ്മ എൺപതു ഗായകരെ ഉൾപ്പെടുത്തി ഒരു മുഴുനീള സംഗീത പരിപാടി നടത്തി. ആ പിറന്നാൾ ആഘോഷത്തിൽ പങ്കുചേരുകയുണ്ടായി.

ദാസേട്ടന്റെ സംഗീത ജീവിതത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണ് ഇപ്പോൾ. മലയാള ഭാഷയും ഇന്ത്യൻ ചലചിത്രസംഗീതവും ഉള്ളിടത്തോളം കാലം എന്നും ദാസേട്ടൻ ഉണ്ടാവും.

യേശുദാസ് എന്ന ഗായകൻ സംഗീത സാഗരമാണ്. എത്ര കോരിക്കുടിച്ചാലും തീരാത്ത മഹാസാഗരം.

content highlights : KJ Yesudas Celebrates sixty years of singing career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented