-
1989 ജൂലൈ 7. അന്നാണ് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലേയും, സിബി മലയിലിന്റെ സംവിധാന ജീവിതത്തിലേയും ഏറ്റവും മികച്ചതെന്ന് തന്നെ പറയാവുന്ന കിരീടം തിയ്യറ്ററുകളിലെത്തിയത്. വിജയകിരീടം ചൂടി നില്‍ക്കുന്ന നായകനില്‍ കഥ അവസാനിപ്പിക്കാതെ എല്ലാം നഷ്ടപ്പെടുന്ന സാധാരണക്കാരനായ നായകന്റെ കഥ പറഞ്ഞ് കയ്യടി വാങ്ങിയ ചിത്രം.
എത്ര തവണ ആ ചിത്രം ഞാന്‍ കണ്ടു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. പക്ഷേ, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമയേതാണെന്ന് ചോദിച്ചാല്‍ അത് കിരീടമാണ്. എന്‍. കൃഷ്ണ കുമാറും ദിനേശ് പണിക്കരും ചേര്‍ന്ന് കൃഷ്ണ കുമാറിന്റെ ' കൃ ' പണിക്കരുടെ ' പ' രണ്ടും ചേര്‍ത്ത് 'കൃപ ' ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച കിരീടം മോഹന്‍ലാലിന് സമ്മാനിച്ചത് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം. കവിളില്‍ കണ്ണീര്‍പ്പൂക്കളൊഴുക്കി തിയേറ്റര്‍ വിട്ട പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ആലാപനത്തിലൂടെ എം.ജി. ശ്രീകുമാര്‍ നേടിയത് 1989 ലെ സംസ്ഥാന അവാര്‍ഡ്.
തിയേറ്ററില്‍ തന്നെ പത്തോളം തവണ കണ്ട കിരീടം ചാനലിലും, സിഡിയിലുമായി കണ്ടത് എത്ര തവണയെന്ന് എനിക്കു തന്നെ അറിയില്ല. കിരീടത്തിന്റേയും ചെങ്കോലിന്റെയും സിഡികള്‍ സ്വന്തമായി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. എങ്കിലും ചെങ്കോലിനെക്കാള്‍ എന്തുകൊണ്ടും എനിക്കിഷ്ടം കിരീടം തന്നെ. കൊറിയനും, ലാറ്റിനും ഭാഷകളിലെ സിനിമകളെ ഇവിടെ കൊണ്ടുവന്ന് പകര്‍ത്തിയെഴുതുന്ന സിനിമാ സംസ്‌ക്കാരത്തിനും മുമ്പ് ചുറ്റുവട്ടത്തു നിന്നും കഥാപാത്രങ്ങളെ കണ്ടെത്തി അവര്‍ക്ക് ഭാവനയുടെ മേലങ്കികള്‍ ചാര്‍ത്തിക്കൊടുത്ത് നമ്മളിലൊരാളായി അല്ലെങ്കില്‍ നമ്മള്‍ തന്നെയായി ആ കഥാപാത്രത്തെ രൂപപ്പെടുത്തുകയായിരുന്നു തന്റെ സിനിമകളിലൂടെ ലോഹിതദാസ് ! കിരീടത്തിന്റെ കഥയും വ്യത്യസ്തമല്ല.

ചാലക്കുടിയില്‍ പണ്ട് കേശവന്‍ എന്ന് പേരായ ഒരു റൗഡി ഉണ്ടായിരുന്നു. കൈവെട്ടും കൊള്ളയും കൊലപാതകവുമൊക്കെയായി നാട്ടുകാരെ വിറപ്പിച്ച റൗഡി. അങ്ങനെയിരിക്കേയാണ് ആ നാട്ടില്‍ പുതിയതായി ഒരു ആശാരിയും കുടുംബവും താമസത്തിനെത്തുന്നത്. ആശാരി കേശവനെക്കുറിച്ച് കേട്ടറിഞ്ഞു. പക്ഷേ നേരിട്ട് കണ്ടില്ല. അങ്ങനെയൊരിക്കല്‍ ഷാപ്പില്‍ കള്ളു കുടിച്ചു കൊണ്ടിരുന്ന ആശാരി, ഒരാള്‍ കടന്നുവരുന്നത് കണ്ടു. മറ്റുള്ളവരൊക്കെ ഭയത്തോടെ എഴുന്നേറ്റ് മാറി. ആളറിയാത്ത ആശാരി എഴുന്നേറ്റില്ല. കയറിവന്നയാള്‍ കുടിച്ചു കൊണ്ടിരുന്ന കള്ള് ആശാരിയുടെ മുഖത്തൊഴിച്ചു. കള്ള് പോയ അരിശത്തില്‍ കയ്യിലിരുന്ന കൊട്ടുവടി കൊണ്ട് ആഗതനെ അടിച്ചു. അയാള്‍ അടി കൊണ്ട് വീണു.
അതു കണ്ട നാട്ടുകാര്‍ ആര്‍ത്തുവിളിച്ചു 'കേശവന്‍ വീണേ...' എന്ന്. അപ്പോഴായിരുന്നു അതാണ് കേശവനെന്ന് ആശാരിക്ക് മനസ്സിലായത്. അങ്ങനെ കേശവനെ വീഴ്ത്തിയ ഗുണ്ടയായി ആശാരി. അയാള്‍ ഭയന്ന് നാടുവിട്ടു. നാട്ടില്‍ പറഞ്ഞു കേട്ട ഈ കഥയില്‍ നിന്നാണ് സേതുമാധവനെന്ന കഥാപാത്രത്തിന് ലോഹിതദാസ് ജീവന്‍ നല്‍കിയത്. ജീവിതത്തോട് അത്രയും അടുത്തു നിന്നതുകൊണ്ടാവും ഇന്നും കിരീടത്തിന് ഓര്‍മ്മയുടെ സിംഹാസനത്തില്‍ തന്നെ പ്രേക്ഷകര്‍ സ്ഥാനം കൊടുത്തിരിക്കുന്നത്. മനോഹരമായ രചനയെ തന്റെ കയ്യടക്കത്തിലൂടെ എത്ര മനോഹരമായാണ് സിബി മലയില്‍ ചലച്ചിത്രമാക്കിയത്.

സിബി സാറിന്റെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടം കിരീടം തന്നെ. കൈതപ്രത്തിന്റെ വരികളും ജോണ്‍സണ്‍ മാഷിന്റെ സംഗീതവും എസ്.കുമാറിന്റെ ക്യാമറയും കിരീടത്തിന് പൊന്‍തൂവലുകള്‍ ചാര്‍ത്തി. നായകനൊപ്പം നിന്ന വില്ലനായി മോഹന്‍രാജെന്ന ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന നടന്‍ കടന്നു വന്നപ്പോള്‍ അയാളെ പ്രേക്ഷകര്‍ സ്വത്വത്തിനപ്പുറം കീരിക്കാടനാക്കി. ഇന്നും മനസ്സിലേറ്റുന്നു. അച്യുതന്‍ നായരായി ജീവിച്ച തിലകന്‍ ചേട്ടനും മുരളിച്ചേട്ടനും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടനും ശങ്കരാടിച്ചേട്ടനും ഫിലോമിനച്ചേച്ചിയും ലോഹി സാറുമുള്‍പ്പെടെ എത്രയോ പേര്‍ കാലയവനികയില്‍ മറഞ്ഞു. പക്ഷേ കിരീടം ഇന്നും കാല ദേശങ്ങള്‍ താണ്ടി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്നു.
1993 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഗര്‍ദ്ദിഷ് എന്ന പേരില്‍ ഹിന്ദിയിലെത്തിയപ്പോള്‍ ജാക്കി ഷറോഫ് ആയിരുന്നു നായകന്‍. 2007 ല്‍ തമിഴില്‍ കിരീടം എന്ന പേരില്‍ തന്നെ എത്തിയപ്പോള്‍ അജിത്ത് നായകനായി. കഴിഞ്ഞ ദിവസം ടിവിയില്‍ ചെങ്കോല്‍ സിനിമ ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ കിരീടം വീണ്ടും കാണണമെന്ന് തോന്നി സിഡി ഇട്ട് കണ്ടു. എന്താണെന്നറിയില്ല, ഇപ്പോഴും ആദ്യമായി കാണുന്നത് പോലെ ഒരു നെഞ്ചിടിപ്പാണ് ആ സിനിമ. കണ്ണ് നിറയാതിരിക്കാന്‍ എത്ര ശ്രമിച്ചാലും കഴിയാറുമില്ല....
ഷാജി പട്ടിക്കര
Content Highlights: Kireedam, Mohanlal Thilakan Siby Malayil Lohithadas Movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..