ചാള്‍സ് രാജാവായാല്‍ എന്തു സംഭവിക്കും? അറംപറ്റുമോ വെള്ളിത്തിരയുടെ പ്രവചനം?


സിനിമയിൽ നിന്നൊരു രംഗം

രാജകുമാരന്‍ രാജാവായാല്‍ എന്തു സംഭവിക്കും. എലിസബത്ത് രാജ്ഞിയുടെ മരണവും ചാള്‍സിന്റെ രാജാധികാരവും ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമിതാണ്. എന്നാല്‍, ഇതേ ചോദ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ, രാജ്ഞി വാഴുന്ന കാലത്തുതന്നെ ഉയര്‍ന്നിരുന്നു, ഇംഗ്ലണ്ടില്‍. അവരതിന് ഒരു ഉത്തരം കണ്ടെത്തുകയും ചെയ്തു. അത് ബ്രിട്ടണില്‍ ഉയര്‍ത്തിയ വിവാദം ചെറുതായിരുന്നില്ല. ആ ചോദ്യവും ഉത്തരവുമാണ് 2014-ല്‍ അരങ്ങിലെത്തിയ കിങ് ചാള്‍സ്-മൂന്നാമന്‍ എന്ന നാടകവും 2017-ലെ അതേ പേരിലുള്ള അതിന്റെ മിനിസ്‌ക്രീന്‍ ആവിഷ്‌കാരവും. എലിസബത്ത് രാജ്ഞിയുടെ മരണവും തുടര്‍ന്നുള്ള ചാള്‍സിന്റെ സ്ഥാനാരോഹണവും അതിന്റെ അനന്തരഫലവും പ്രവചനസ്വരത്തില്‍ ഇതിവൃത്തമാക്കിയ ഈ നാടകവും ടെലിവിഷന്‍ സിനിമയും ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഉറക്കം കെടുത്തുന്നുണ്ട്, രാജകുടുംബത്തെ. കാലത്തിന് മുന്‍പേ വിരിഞ്ഞ ആ ഭാവന അറംപറ്റുമോ എന്നൊരു ആശങ്കയുണ്ട് അന്ത:പുരത്തിന്റെ ഇടനാഴിയില്‍.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ നിന്നാണ് നാടകം ആരംഭിക്കുന്നത്. അതിനുശേഷം പുതിയ രാജാവ് ചാള്‍സ് പ്രധാനമന്ത്രിയുമായി പ്രതിവാര കൂടിയാലോചന നടത്തുന്നു. ഈ ചര്‍ച്ചയില്‍ ഒരു പുതിയ ബില്ലിന്റെ വിഷയം ഉയര്‍ന്നുവന്നു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിക്കഴിഞ്ഞു. ഇനി അത് നിയമമാവാന്‍ വേണ്ടത് പുതിയ രാജാവിന്റെ ഔദ്യോഗിക മുദ്ര മാത്രം. എന്നാല്‍, അപ്രതീക്ഷിതമായി രാജാവ് ഒരു ആശങ്ക പങ്കുവയ്ക്കുന്നു പ്രധാനമന്ത്രിയോട്. ഈ ബില്‍ പാസായാല്‍ അത് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള കൂച്ചുവിലങ്ങാവുമോ? സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യാനുളള അനാരോഗ്യകരമായ അധികാരമല്ലേ അതുവഴി ലഭിക്കുന്നത്. ബില്ലില്‍ ഭേദഗതി വരുത്തണം എന്നതായിരുന്നു രാജാവിന്റെ നിര്‍ദേശം. എന്നാല്‍, പ്രധാനമന്ത്രി വഴങ്ങുന്നില്ല. ഒടുവില്‍ പ്രതിപക്ഷ നേതാവും വിഷയത്തില്‍ ഇടപെടുന്നു. ഇതിനിടെ ചാള്‍സും മകന്‍ ഹാരിയും ഒരുപോലെ ഒരു സ്വപ്‌നം കാണുന്നു. മെക്ബത്തിന്റെ മാതൃകയില്‍ ഡയാന രാജകുമാരി വന്ന് ഇരുവരോടും നിങ്ങളാവും ചരിത്രത്തിലെ ഏറ്റവും മികച്ച രാജാവാകുകയെന്ന് പറയുന്നതാണ് സ്വപ്നം. ഇക്കാലത്തുതന്നെ ഹാരിയും റിപ്പബ്ലിക്കന്‍ പ്രതിനിധി ജെസ് എഡ്വേഡ്‌സും അടുപ്പത്തിലാവുകയും ചെയ്തു.

അതേസമയം, മറുഭാഗത്ത് ചാള്‍സും പ്രധാനമന്ത്രിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി ഒരു ഭീഷണി മുഴക്കി. പ്രസ് നിയമം പാസാക്കാന്‍ രാജാവിന്റെ അനുമതി ആവശ്യമില്ലെന്ന ഒരു പുതിയ നിയമം പാസാക്കുമെന്ന ഭീഷണിക്ക് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടാണ് ചാള്‍സ് മറുപടി കൊടുത്തത്. ഇതോടെ രാജ്യത്ത് വന്‍ പ്രക്ഷോഭത്തിന് തിരിതെളിഞ്ഞു. തെരുവുകളില്‍ കലാപം കത്തിപ്പടര്‍ന്നു. ലണ്ടനായിരുന്നു പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദു. ഇതിനിടെ കൊട്ടാരം വിട്ടിറങ്ങാനുള്ള ഹാരിയുടെ തീരുമാനത്തിന് ചാള്‍സ് അനുമതി നല്‍കി. അപ്പോള്‍ വില്ല്യം രാജകുമാരന്റെ പത്‌നി ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥയുമായി മുന്നോട്ടുവന്നു. വില്ല്യം രാജകുമാരന്‍ രാജാവിനും പ്രധാനമന്ത്രിക്കും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കും. രാജാവിന്റെ അനുമതിയില്ലാതെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വില്ല്യം തന്നെയാണ് ഇക്കാര്യം പ്രഖാപിച്ചത്. എന്നാല്‍, രാജാവിന് ഏറെക്കാലം പിടിച്ചുനില്‍ക്കാനായില്ല. വൈകാതെ തന്നെ അധികാരം വില്ല്യമിന് കൈമാറേണ്ടിവന്നു. കാന്റബറി ആര്‍ച്ച്ബിഷിപ്പിന്റെ കാര്‍മികത്വത്തില്‍ നടന്ന വില്ല്യമിന്റെയും കേറ്റിന്റെയും പട്ടാഭിഷേകത്തോടെയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്. രോഷത്തോടെ ചാള്‍സ് കിരീടം വയ്ക്കുമ്പോള്‍ കാണികള്‍ ഗോഡ് സേവ് ദി കിങ് എന്ന് ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ഇതാണ് സമാപനം

മൈക്ക് ബാര്‍ട്‌ലെറ്റ് വൃത്തരഹിതമായി രചിച്ച് റൂപേര്‍ട്ട് ഗൂള്‍ഡ് ഒരുക്കിയ നാടകം 2014 ഏപ്രിലില്‍ വിഖ്യാതമായ ലണ്ടനിലെ അല്‍മെയ്ഡ തിയ്യറ്റിലാണ് ആദ്യമായി അരങ്ങേറിയത്. ടിം പിഗോട്ട് സ്മിത്തായിരുന്നു ചാള്‍സായി വേഷമിട്ടത്. ഒലിവര്‍ ക്രിസ് വില്ല്യമായി. റിച്ചാര്‍ഡ് ഗൗള്‍ഡ്‌ലിങ്, ലിഡിയ വില്‍സണ്‍, മാര്‍ഗോട്ട് ലെസ്റ്റര്‍, ആഡം ജേണ്‍സ്.... അങ്ങനെ വിഖ്യാതരുടെ വലിയ നിര തന്നെ അണിനിരന്നു നാടകത്തില്‍.

വിവാദ വിഷയമാണ് കൈകാര്യം ചെയ്തതെങ്കിലും വലിയ സ്വീകാര്യതയാണ് നാടകത്തിന് ലഭിച്ചത്. ലണ്ടനിലും ന്യൂയോര്‍ക്കിലുമെല്ലാമായി ഏതാണ്ട് നാനൂറിലേറെ വേദികളില്‍ നാടകം കളിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷേക്‌സ്പീരിയന്‍ ദുരന്തനാടകം എന്നായിരുന്നു ഒരു വിശേഷണം. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട നാടകം എന്നാണ് ടെലിഗ്രാഫ് വിലയിരുത്തിയത്. യു.കെയിലെങ്ങും വലിയ സ്വീകരണമാണ് നാടകത്തിന് ലഭിച്ചത്. ലോറന്‍സ് ഒലിവിയര്‍ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞാണ് നാടകം ടെലിവിഷന്‍ ചിത്രമാവുന്നത്. രചനയും സംവിധാനവും ബാര്‍ട്‌ലെറ്റുംഗൂള്‍ഡും തന്നെ. ചാള്‍സിന്റെ വേഷത്തിന് ടിം പിഗ്ഗോട്ട് സ്മിത്തിനെയല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നില്ല അണിയറക്കാര്‍ക്ക്. സിനിമയ്ക്കും മികച്ച സ്വീകരണം ലഭിച്ചെങ്കിലും രാജകൊട്ടാരത്തിലെ യഥാര്‍ഥ വ്യക്തികളെക്കുറിച്ചുള്ളൊരു സാങ്കല്‍പിക ചിത്രത്തിന് ബി.ബി.സിയെ ഉപയോഗപ്പെടുത്തിയതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ആന്‍ഡ്ര്യു ബ്രിഡ്ജനെയും ജെറാള്‍ഡ് ഹൊവാത്തിനെയും പോലുള്ള ഏതാനും ജനപ്രതിനിധികളും ഇതിനെതിരേ രംഗത്തുവന്നു. എന്നാല്‍, രാജകൊട്ടാരം ഔദ്യോഗികമായി ഈ വിഷയത്തില്‍ തന്ത്രപരമായ മൗനം അവലംബിക്കുകയാണുണ്ടായത്.

നാടകമായാലും സിനിമയായാലും അത്ര എളുപ്പമായിരുന്നില്ല അണിയറക്കാര്‍ക്ക് അതിന്റെ ഒരുക്കങ്ങള്‍. നിയമവിദഗ്ദ്ധരുമായി ഒരുപാട് കൂടിയാലോചനകള്‍ വേണ്ടിവന്നു സാക്ഷാത്കാരത്തിന്. രാജകുടുംബത്തെ വേദനിപ്പിക്കുമോ എന്ന സംശയം കാരണം അതില്‍ വേഷമിടാന്‍ പല മുന്‍നിര താരങ്ങളും ഒരുക്കമായില്ല. ഒടുവില്‍ ഇതിവൃത്തം വറും ഭാവനാസൃഷ്ടിയാണെന്നും കഥാപാത്രങ്ങളുടെ സാമ്യം യാദൃച്ഛികമാണെന്നും വിശദീകരിക്കേണ്ടിവന്നു ബി.ബി.സി.ക്ക്. യഥാര്‍ഥ നാടകത്തേക്കാള്‍ ദൈര്‍ഘ്യം കുറച്ച്, വിവാദപരമായ സംഭാഷണങ്ങള്‍ പലതും കട്ട് ചെയ്താണ് ബി.ബി.സി ചിത്രം മിനി സ്‌ക്രീനിലെത്തിച്ചതുതന്നെ. രാജ്യഭാരം കൈയാളാനുള്ള ഹാരിയുടെ പ്രാപ്തിയെ ഡയാനയുടെ ആത്മാവ് പരിഹസിക്കുന്ന രംഗങ്ങളിലെ ഡയലോഗുകളൊക്കെ ഇത്തരത്തില്‍ കട്ട് ചെയ്തു കളഞ്ഞിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് അണിയറക്കാരെ വിചാരണ ചെയ്യണമെന്നു വാദിച്ചവര്‍ വരെയുണ്ടായിരുന്നു അക്കാലത്ത്. ചാള്‍സിനോടുള്ള ഒരു വിഭാഗത്തിന്റെയെങ്കിലും എതിര്‍പ്പിന് കാരണം ആ വ്യക്തിത്വമല്ല, മറിച്ച് തന്റെ സൃഷ്ടികളിലെ കഥാപാത്രമാണന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട് ബാര്‍ട്‌ലെറ്റ്. പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു പുരുഷന്‍ ഭരണസാരഥ്യമേറുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷസാഹചര്യത്തിന്റെ പ്രലോഭനം അത്രയെളുപ്പം മറികടക്കാനാവുന്ന ഒന്നായിരുന്നില്ല തന്നിലെ നാടകകാരനെന്നും ബാര്‍ട്‌ലെറ്റ് പറഞ്ഞിരുന്നു.

എന്തായാലും വല്ലാത്തൊരു പ്രവചനസ്വഭാവമുണ്ടായിരുന്നു ബാര്‍ട്‌ലെറ്റിന്റെ നാടകത്തിനും സിനിമയ്ക്കുമെന്ന് ചരിതം സാക്ഷ്യപ്പെടുത്തുന്നു. സിനിമയിറങ്ങി ഏറെക്കഴിയാതെ തന്നെ ഹാരി രാജകുമാരന്‍ മേഗന്‍ എന്ന സാധാരണക്കാരിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നതും മേഗനുമൊത്ത് രാജകൊട്ടാരത്തിന്റെ ശീതളിമ വിട്ട് സാധാരണ ജീവിതത്തിലേയ്ക്ക് ഇറങ്ങുന്നതും നമ്മള്‍ കണ്ടു. നാടകത്തില്‍ ശ്രദ്ധേയമായ ഒരു ഡയലോഗുണ്ട്. നീ ഇനി മേലില്‍ രാജകുമാരാനായിരിക്കില്ലെന്ന് ചാള്‍സ്. 'വേണ്ട ഞാന്‍ താങ്കളുടെ മകനായിരുന്നോളാം. ജസ്സിക്കയോടുള്ള പ്രണയത്തിനാണ് എന്റെ മനസില്‍ പ്രഥമ സ്ഥാനം. താങ്കളെപ്പോലെ രാജകുമാരനായി ജനിച്ചതുകൊണ്ട് ആത്മാവിനെ പണയപ്പെടുത്തണമെന്ന് വിശ്വസിക്കുന്നവനല്ല ഞാനും. എനിക്ക് എന്റെ പാത സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം.' ഏതാണ്ട് ഇതൊക്കെ തന്നെയാവണം ഹാരിയുടെയും മേഗന്റെയും കഥയില്‍ കൊട്ടാരത്തില്‍ മുഴങ്ങിയ ഡയലോഗും.

എന്നാല്‍, നാടകം സിനിമയായി ടെലിവിഷന്‍ ചാനലില്‍ വന്നതു കാണാനുള്ള യോഗം നായകന്‍ ടിം പിഗോട്ടിന് ഉണ്ടായില്ല. സിനിമ ബിബിസി 2 സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് തന്നെ പിഗ്ഗോട്ട് അന്തരിച്ചു. എന്നാല്‍, കിങ് ചാള്‍സിന്റെ വേഷം മികച്ച നടനുള്ള ആ വര്‍ഷത്തെ ബാഫ്റ്റ അവാര്‍ഡ് പിഗ്ഗോട്ടിന് നേടിക്കൊടുത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും ഇന്ത്യയിലെ ബ്രിട്ടീഷ് രാജിന്റെ അവസാന കാലത്തിന്റെയും കഥ പറഞ്ഞ ദി ജ്വല്‍ ക്രൗണിലെ അഭിനയത്തിനും മികച്ച നടനുള്ള ബാഫ്റ്റ് അവാര്‍ഡ് നേടിയിട്ടുണ്ട് പിഗ്ഗോട്ട്.

ഓര്‍വലിന്റെ 1984, ഒക്‌ടേവിയ ബട്‌ലറുടെ ദി പാരമ്പിള്‍ സീരീസ്, ഫോസ്റ്ററുടെ ദി മെഷിന്‍ സ്‌റ്റോപ്‌സ്, വെല്‍സിന്റെ ദി സ്ലീപ്പര്‍ എവേയ്ക്‌സ്, സാറ പിന്‍സ്‌കറുടെ എ സോങ് ഫോര്‍ എ ന്യൂ ഡേ... ഭാവി പ്രവചിച്ച കൃതികള്‍ അനേകമുണ്ട്. സ്‌പേസ് ഒഡീസിയും മെട്രോപൊലീസും ജോസും ബാക്ക് ടു ദിന ഫ്യൂച്ചറും നെറ്റ്‌വര്‍ക്കും പോലെ വരുംകാലം മുന്‍പേ പകര്‍ത്തി അതിശയിപ്പിച്ച ചിത്രങ്ങള്‍ക്കുമില്ല പഞ്ഞം. ഏതാണ്ട് ഇതേ പാതയിലാണ് കിങ് ചാള്‍സും. ഇനി രാജാവായ ചാള്‍സിനെ കാത്തിരിക്കുന്നതും സിനിമ പ്രവചിച്ച ഭാവിയാണോ എന്നതു മാത്രമേ ഇനി കണ്ടറിയാനുള്ളൂ. രാഷ്ടീയവും സാമ്പത്തിക രംഗവും കുഴഞ്ഞുമറിഞ്ഞ ബ്രിട്ടനിലാണ് പുതിയ രാജാവും പുതിയ പ്രധാനമന്ത്രിയും വരുന്നത്. വേദിയും വെള്ളിത്തിരയും നടത്തിയ പ്രവചനത്തെ ചിലരെങ്കിലും ഭയക്കുന്നവും ഇതുകൊണ്ടുതന്നെ.

Content Highlights: King Charles III Queen Elizabeth II tv fim drama Tim Pigott-Smith


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented