75-ാം പിറന്നാള്‍ ആഘോഷിക്കുന്ന കെ.ജി ജോര്‍ജ്ജിന് ആശംസകള്‍

കെ.ജി. ജോര്‍ജ് എന്ന മഹാനായ സംവിധായകന്റെ സിനിമയിലഭിനയിച്ചുകൊണ്ട് അഭിനയജീവിതം തുടങ്ങാന്‍ കഴിഞ്ഞുവെന്നത് വലിയ ഭാഗ്യമായി കാണുന്നയാളാണ് ഞാന്‍. ഒരു വ്യക്തിയിലെ കലാകാരനെ/കലാകാരിയെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് വഴിയരികിലെ കല്ലില്‍ തന്റെ ശില്പം കാണുന്ന ശില്പിയുടേതിന് സമമാണ്.

തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് ഗാന്ധിമതി ബാലന്റെ നിര്‍മാണക്കമ്പനിയുടെ ഓഫീസില്‍ ഞാനിടയ്ക്കിടെ പോകുമായിരുന്നു. അവിടെവെച്ചാണ് ജോര്‍ജ് സാര്‍ എന്നെ കാണുന്നത്. കുടുംബസുഹൃത്തും മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകനുമെന്ന് പറഞ്ഞ് ബാലന്‍ ചേട്ടന്‍ എന്നെ പരിചയപ്പെടുത്തി. അദ്ദേഹം ചിരിച്ച് യാത്ര പറഞ്ഞുപോകുകയും ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞ് 'ഇരകള്‍' എന്ന ചിത്രം നിര്‍മിക്കാന്‍ സുകുവേട്ടന്‍ (നടന്‍ സുകുമാരന്‍) തയ്യാറായപ്പോള്‍ ബാലന്റെ ഓഫീസില്‍ കണ്ട ചെറുപ്പക്കാരന്‍ ഈ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് ജോര്‍ജ് സാര്‍ സൂചിപ്പിച്ചു. അതായിരുന്നു തുടക്കം. ഞാന്‍ നാടകത്തിലൊന്നും അഭിനയിച്ച് പരിചയമുള്ളയാളല്ല. പക്ഷേ, അദ്ദേഹത്തിന്റെ മുന്നില്‍ വളരെ ഫ്രീയായി നില്‍ക്കാനെനിക്കുകഴിഞ്ഞു. അദ്ദേഹം പറഞ്ഞുതന്നത് മാത്രം കേട്ടാണ് ഇരകളെന്ന സിനിമയില്‍ ഞാനഭിനയിച്ചത്. എന്നിലൊരു നടനുണ്ടെന്ന്, ഒരു കലാകാരനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് കെ.ജി. ജോര്‍ജ് എന്ന വലിയ മനുഷ്യന്റെ കരസ്പര്‍ശമേറ്റപ്പൊഴാണ്. തിലകന്‍ ചേട്ടന്‍, ഇന്നസെന്റ്, സുകുമാരന്‍ ചേട്ടന്‍, ശ്രീവിദ്യ ഇവരെയൊക്കെപ്പോലുള്ള വലിയ നടന്മാരുടെ ഇടയില്‍നിന്ന് ഒരു സഭാകമ്പവുമില്ലാതെ അഭിനയിക്കാനുള്ള അവസരം അദ്ദേഹം തന്നു.

ഒരു നല്ല സംവിധായകന്‍, നല്ല എഴുത്തുകാരന്‍ എന്നതിലൊക്കെയുപരി ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ആദ്യത്തെ സിനിമയിലഭിനയിച്ചുകഴിഞ്ഞ് എനിക്കധികം ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. അക്കാലത്ത് ജോര്‍ജ് സാറിനുവേണ്ടി ഡെന്നീസ് ജോസഫ് ഒരു തിരക്കഥയെഴുതി. അന്നത്തെ തിരക്കുള്ളൊരു സംവിധായകന്‍ കൂടിയായിരുന്ന ഡെന്നീസിനോട് 'ഞാന്‍ കൊണ്ടുവന്ന പയ്യനാണ്, എനിക്കൊരുപാട് പടങ്ങളൊന്നും ചെയ്യാനാകില്ല, അതുകൊണ്ട് അവന് നിങ്ങളുടെ ചിത്രങ്ങളില്‍ വേഷംകൊടുക്കണമെന്ന്' എനിക്കുവേണ്ടി അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ അദ്ദേഹംതന്നെ ഒരു നടനായിമാറും. വാക്കുകളില്‍ക്കൂടി അഭിനയം പഠിപ്പിക്കാനും എങ്ങനെയഭിനയിക്കണമെന്ന് ചുരുങ്ങിയ വാക്കുകളിലൂടെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും അഭിനയിച്ചുകാണിക്കാനും അദ്ദേഹത്തിന് അനായാസം കഴിയുമായിരുന്നു. സിനിമയുടെ അച്ചടക്കം ശീലിപ്പിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

ഒരു സീനില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ക്യാമറയുടെ പത്തടി അകലത്തില്‍നിന്ന് മറ്റു നടീനടന്മാര്‍ അഭിനയിക്കുന്നത് കണ്ടുനില്‍ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞുപോയ സീനുകളുടെ കുറ്റവും കുറവും പരിശോധിച്ച് സമയംകളയാതെ അടുത്ത ഷോട്ടില്‍ നല്ല രീതിയിലഭിനയിക്കാന്‍ പ്രോത്സാഹിപ്പിക്കും. സിനിമയുടെ സാങ്കേതികവിദ്യ മനസ്സിലാക്കിത്തരാനും എഡിറ്റിങ്ങിനെ സഹായിക്കുന്ന രീതിയില്‍ എങ്ങനെ അഭിനയിക്കണമെന്നുമൊക്കെ പഠിപ്പിച്ചുതന്ന ഗുരു. എന്റെ അഭിനയജീവിതത്തിലുടനീളം ഞാന്‍ പകര്‍ത്തിയത് അദ്ദേഹം പഠിപ്പിച്ച ഗുണപാഠങ്ങളാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ പ്രശസ്തരായ ഒട്ടേറെ നടന്മാരുണ്ട്. മമ്മൂക്ക(മമ്മൂട്ടി), തിലകന്‍ ചേട്ടന്‍, രതീഷ് ഇവര്‍ക്കൊക്കെ മികച്ച ഒട്ടേറെ കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്. സര്‍ക്കസ് കൂടാരത്തിലെ കലാകാരന്മാരുടെ ആത്മദുഃഖങ്ങളും വേദനകളും പറഞ്ഞ 'മേള' എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്ക ആദ്യമായി നായകതുല്യമായൊരു കഥാപാത്രമായെത്തുന്നത്. 'യവനിക'യും 'ആദാമിന്റെ വാരിയെല്ലും' അടക്കമുള്ള കെ.ജി. ജോര്‍ജ് ചിത്രങ്ങളുടെ തിരക്കഥകള്‍ക്ക് പകരംവെക്കാന്‍ മറ്റൊന്നുമില്ല. മാറ്റിയെഴുതാന്‍പോലും കഴിയാത്തത്ര കൃത്യമാണ് ഈ തിരക്കഥകള്‍. ജനങ്ങളുടെ ജീവിതവുമായി ഇത്രയധികം ബന്ധപ്പെട്ട വേറെ ചിത്രങ്ങളുണ്ടോയെന്ന് സംശയമാണ്.

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകളിലൊന്നാണ് 'യവനിക'. മലയാളസിനിമ കെ.ജി. ജോര്‍ജിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. കച്ചവട സിനിമയുടെ കടന്നുകയറ്റമോ മറ്റുകാരണങ്ങള്‍കൊണ്ടോ അദ്ദേഹത്തിന്റെ കഴിവുകളെ മലയാളസിനിമയ്ക്ക് അഭിമാനകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

Contet Highlights: KG George Birth day, KBGanesh Kumar Malayalam Movie, Irakal Movie