Sminu, Sandra
പുതുവര്‍ഷത്തിന് മുമ്പത്തെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങളിലൊന്നായിരുന്നു കെട്ട്യോളാണെന്റെ മാലാഖ. ആസിഫ് അലിയും വീണ നന്ദകുമാറും നായകനും നായികയുമായെത്തിയ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. അതിലേറ്റവും ശ്രദ്ദേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു അന്നേച്ചിയും ടീനമോളും. നായകനായ സ്ലീവാച്ചന്റെ സഹോദരിയും മകളും. ശരിക്കും ഒരു സഹോദരി എങ്ങനെയാണോ അതിന്റെ തനിപകര്‍പ്പ് തന്നെയായിരുന്നു അന്നേച്ചി. ചങ്ങനാശേരിക്കാരിയായ സ്മിനു സിജോയാണ് അന്നേച്ചിയായി കൈയടി നേടിയത്. അന്നേച്ചിയുടെ മകള്‍ ടീനമോളായി അഭിനയിച്ചത് സ്മിനുവിന്റെ മകള്‍ സാന്ദ്ര സിജോയും.
സിനിമ ഹിറ്റായതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലെ ചില സിനിമ ഗ്രൂപ്പുകളിലും മറ്റും വന്ന പോസ്റ്റുകളിലൂടയാണ് അന്നേച്ചിയും ടീനമോളും ജീവിതത്തിലും അമ്മയും മകളുമാണെന്ന് പലരും തിരിച്ചറിഞ്ഞത്.
സ്‌കൂള്‍ ബസ് എന്ന സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് സ്മിനു സിജോ സിനിമയിലത്തുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലും വേഷമിട്ടു. ഈ ചിത്രത്തിന് ശേഷമാണ് കെട്ട്യോള്‍ ആണെന്റെ മാലാഖയിലേക്ക് സംവിധായകന്‍ നിസാമും ചീഫ് അസോസിയേറ്റ് മാത്യൂസും വിളിക്കുന്നത്. ലൊക്കേഷനിലെത്തിയപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ടീനമോളായി സാന്ദ്രയ്ക്ക് അവസരം ലഭിക്കുന്നത്.
ടെന്‍ഷന്‍ അമ്മയ്ക്ക്, മകള്‍ ഫുള്‍ കോണ്‍ഫിഡന്‍സ്...
ടീനമോളായി സാന്ദ്ര മതിയെന്ന് സംവിധായകന്‍ നിസാമും മാത്യൂസും നിര്‍ബന്ധം പിടിച്ചതോടയാണ് സമ്മതം മൂളിയതെന്ന് സ്മിനു പറയുന്നു. മാത്യൂസ് ആണ് മാലഖയിലേയ്ക്ക് ആദ്യം വിളിക്കുന്നത് ... മോളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഒട്ടും തല്പ്പര്യം ഇല്ലായിരുന്നു കാരണം പഠിത്തം തന്നെ.
മാത്യൂസിന്റെ പിതാവ് സിബിച്ചായന്‍ ഞങ്ങളുമായി അടുത്തബന്ധമുള്ള വ്യക്തിയാണ്. ഒടുവില്‍ സിബിച്ചായനും വന്ന് പ ഞ്ഞപ്പോള്‍ മറിച്ചൊന്നും പറയാന്‍ തോന്നിയില്ല. ടേക്ക് എടുക്കുമ്പോള്‍ മകളെക്കാളേറെ ടെന്‍ഷനുണ്ടായിരുന്നതും അമ്മയ്ക്ക് തന്നെ. മകള്‍ ഫുള്‍ കോണ്‍ഫിഡന്‍സിലായിരുന്നെങ്കിലും താന്‍ അല്പം ടെന്‍ഷനടിച്ചെന്ന് സ്മിനു പറയുന്നു..
സാന്ദ്ര- അഭിനയിക്കുന്നോ എന്ന് ചോദിച്ചപ്പോ കളിയാക്കാന്‍ പറഞ്ഞതാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ സംഭവം സീരിയസായി ചോദിച്ചതാണെന്ന് മനസിലായപ്പോ ഓകെ പറഞ്ഞു. അമ്മ കൂടെയുള്ളതിനാല്‍ എനിക്ക് ടെന്‍ഷനൊന്നുമില്ലായിരുന്നു. വീട്ടില്‍ ഞങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു സിനിമയിലും. മിക്ക സീനുകളും അമ്മയ്‌ക്കൊപ്പം തന്നെയായിരുന്നു.
കടന്നുവരവ് തികച്ചും അപ്രതീക്ഷിതം...
മുന്‍ സംസ്ഥാന ഹാന്‍ഡ്‌ബോള്‍ താരമായ സ്മിനുവിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം തികച്ചും അപ്രതീക്ഷിതമായിരുന്നു.സാന്‍ഡി എന്ന സുഹൃത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്‌കൂള്‍ ബസില്‍ ചെറിയവേഷം ചെയ്തത്. പിന്നാലെ ഞാന്‍ പ്രകാശനിലേക്ക് വിളിവന്നു. ശ്രീനിവാസന്‍ ഫാമിലി ഫ്രണ്ടായിരുന്നു. ബന്ധുവായ ജോമോന്‍ എടത്വ വഴിയാണ് ശ്രീനിയേട്ടനുമായുള്ള പരിചയം. അദ്ദേഹമാണ് സിനിമയിലേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയത്.
ശ്രീനിയേട്ടനാണ് ഞാന്‍ പ്രകാശനിലെ റോളിലേക്ക് എന്നെ തീരുമാനിക്കുന്നത്. ശ്രീനിയേട്ടന്‍ പറഞ്ഞതനുസരിച്ച് സത്യന്‍ അന്തിക്കാട് ഓഡിഷന്‍ പോലും നടത്താതെ ആ വേഷം തന്നു.
സ്‌കൂള്‍ ബസില്‍ അഭിനയിച്ചു എന്നെയുള്ളു .. ഞാന്‍ പ്രകാശന്‍ തന്നെയാണ് എന്റെ ആദ്യചിത്രം. വേറെ രണ്ട് സിനിമകളില്‍ ചെറിയ വേഷം ചേയ്തിരുന്നു .. ശ്രീനിയേട്ടനും സത്യന്‍ സാറും തന്ന ധൈര്യം തന്നെയാണ് ഇന്ന് ഞാന്‍ ധൈര്യയി ഈ പടങ്ങള്‍ ഒക്കെ ചേയ്യാന്‍ കാരണം ...പിന്നീടാണ് നിസാമിന്റെയും മാത്യൂസിന്റെയും വിളിവന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നൃത്തമത്സരങ്ങളില്‍ പങ്കെടുത്തത് മാത്രമായിരുന്നു കലാരംഗത്തുള്ള മുന്‍ പരിചയം
സാന്ദ്ര- ടിക് ടോകില്‍ ഇടയ്കിടെ വീഡിയോ ചെയ്യുമെങ്കിലും അഭിയിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

കടപ്ലാമറ്റം വീടും സെറ്റും...
കെട്യോളാണന്റ മാലാഖയിലെ പ്രധാന ലൊക്കേഷനായിരുന്നു കടപ്ലാമറ്റം വീട്. ശരിക്കും അവിടെ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. സിനിമയില്‍ എല്ലാവരും ശരിക്കും ജീവിക്കുകയായിരുന്നു.
സാന്ദ്ര.. ആസിഫ് അലിയും ചീഫ് അസോസിയേറ്റ് മാത്യൂസ് ചേട്ടനപമൊക്കെ വളരെ സഹായിച്ചു. ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞുതന്നു. ടെന്‍ഷന്‍ തോന്നുമ്പോ കൂളായിട്ട് ഇരുന്നാമതിയെന്ന് പറഞ്ഞ് ആസിഫക്കയും ആത്മവിശ്വാസം നല്‍കി. ഒരു ജാഡയുമില്ലാത്തവരാണ് വീണേച്ചിയും ആസിഫിക്കയും.
അമ്മച്ചിയായി അഭിനയിച്ച മനോഹരി ചേച്ചിയും ലില്ലി ചേച്ചിയുമൊക്കെ സ്വന്തം മോളെ പോലെയാണ് നോക്കിയത്. സെറ്റിലെ പിറന്നാളാഘോഷങ്ങളൊക്കെ നല്ല രസമായിരുന്നു. അവിടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ മിക്ക സമയത്തും എല്ലാവരും പരസ്പരം സംസാരിച്ചിക്കും. സെറ്റിലെ എല്ലാവരും നല്ല കൂട്ടായിരുന്നു. 45 ദിവസത്തെ ഷൂട്ടിന് ശേഷം കടപ്ലാമറ്റത്ത് നിന്ന് പാക്കപ്പ് പറയുമ്പോ ശരിക്കും വിഷമമായി.
അഭിനയിക്കുവായിരുന്നില്ലല്ലോ...
സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. കടപ്ലാമറ്റം വീട് പോലെ ഞങ്ങളുടെ വീട്ടിലും മൂന്ന് പെണ്‍കുട്ടികളും ഇളയത് ആണ്‍കുട്ടിയുമാണ്. ഞാനാണ് മൂത്തത്. എന്റെ മാമോദീസ മുക്കിയ പേരും അന്ന എന്നായിരുന്നു. സിനിമ കണ്ടിട്ട് നീ അഭിനയിച്ചിട്ടില്ലല്ലോ ശരിക്കും നീ തന്നെ അല്ലേ ഇതെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം. പിന്നെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും ഒരുപാട് സന്തോഷം നല്‍കി.
സാന്ദ്ര..കൂട്ടുകാരെല്ലാം നന്നായി എന്നു പറഞ്ഞു. തീയേറ്ററില്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ ചിലരൊക്കെ തിരിച്ചറിഞ്ഞതും അഭിനന്ദിച്ചതും വലിയ സന്തോഷമായി..

സ്മിനു സജീവമാകുന്നു... സാന്ദ്ര പഠനത്തിരക്കിലേക്ക്..
കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം മറ്റുചില ചിത്രങ്ങളില്‍ കൂടി അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സ്മിനു. മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ്, ജിബൂട്ടി, ഓപ്പറേഷന്‍ ജാവ, മെമ്പര്‍ രമേശന്‍, യുവം, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് പുതിയ ചിത്രങ്ങള്‍. മകള്‍ തല്ക്കാലം ഇപ്പോള്‍ സിനിമയിലേക്കില്ലെന്നും സ്മിനു പറഞ്ഞു.
ചങ്ങാനാശേരി ഗുഡ് ഷെപ്പേഡ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞവര്‍ഷമാണ് സാന്ദ്ര പ്ലസ്ടു പൂര്‍ത്തിയാക്കിയത്. ഈ അധ്യയനവര്‍ഷം മെഡിസിന് ചേരാനുള്ള തയ്യാറടുപ്പിലാണ് ഇപ്പോള്‍. പഠനത്തിന് തന്നെയാണ് ഇനി പ്രാധാന്യം നല്‍കുന്നതെന്നും സാന്ദ്ര പറഞ്ഞു.
ചങ്ങനാശേരിയിലെ ബിസിനസുകാരനായ സിജോയാണ് സ്മിനുവിന്റെ ഭര്‍ത്താവ്. മകന്‍ സെബിന്‍ സിജോ ബികോം വിദ്യാര്‍ഥിയാണ്. വീട്ടിലെ രണ്ട് താരങ്ങള്‍ക്കും ഇവരും അമ്മയും അടങ്ങുന്ന കുടുംബവും സുഹൃത്തുക്കളും കട്ടസപ്പോര്‍ട്ടാണ്...
Content highlights : Kettyolaanu Ente Malakha Movie Actors Sminu And Sandra Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..