ബിജു മേനോൻ, ജോജു ജോർജു | ഫോട്ടോ: പ്രവീൺദാസ് എം, ശ്രീജിത് പി രാജ് | മാതൃഭൂമി
2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധേയമായത് മികച്ച നടന്മാരായ ബിജു മേനോനും ജോജു ജോർജും തന്നെയായിരുന്നു. രണ്ടുപേരുടേയും നേട്ടത്തിന് പിന്നിൽ കൗതുകകരമായ ചില വസ്തുതകൾ കൂടി. ഇരുവർക്കും ആദ്യമായാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കിട്ടുന്നത് എന്നുള്ളത് ആദ്യം. ഇതുവരെ കിട്ടിയത് സ്വഭാവ നടന്മാർക്കുള്ള പുരസ്കാരങ്ങളാണെന്നത് രണ്ടാമത്തെ കാര്യം.
രണ്ട് തവണ മാത്രമാണ് ബിജു മേനോൻ സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടികയിൽ വന്നിട്ടുള്ളൂ. 1997-ലും 2020-ലും. രണ്ടും രണ്ടാമത്തെ നടനുള്ള അവാർഡ്. ആദ്യത്തേത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രവും രണ്ടാമത്തേത് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബിയും. ചെയ്യുന്ന ജോലിക്കുള്ള അംഗീകരമാണ് ലഭിച്ചതെന്നായിരുന്നു ബിജു മേനോന്റെ ആദ്യ പ്രതികരണം.
"ഒരുപാട് സന്തോഷം. സംവിധായകനും ക്രൂവിനും നന്ദി പറയുന്നു. സാനു ആദ്യം കഥപറഞ്ഞപ്പോൾ ഏത് കാരക്റ്ററായിരിക്കും എന്നൊരു സംശയമുണ്ടായിരുന്നു. ഷറഫു ചെയ്ത വേഷമായിരിക്കുമെന്ന് കരുതി. സാനു തന്നെയാണ് അച്ഛന്റെ കഥാപാത്രമല്ലേ നല്ലതെന്ന് ചോദിച്ചത്. കേട്ടസമയത്ത് ആ റോൾ ചെയ്യാൻ ടെൻഷനുണ്ടായിരുന്നു. എല്ലാവരുടേയും പിന്തുണയോടെ ചെയ്യാൻ പറ്റി. എല്ലാം ടീം വർക്കാണ്". ബിജു മേനോൻ പറഞ്ഞു.
ജോജുവിന്റെ കാര്യമെടുത്താലും മികച്ച നടൻ പുരസ്കാരം സംസ്ഥാനതലത്തിൽ ലഭിക്കുന്നത് നടാടെയാണ്. 2015-ലും 2018-ലും സംസ്ഥാന അവാർഡ് പട്ടികയിൽ ജോജുവെത്തി. ഇതിൽ 2015-ലേത് പ്രത്യേക പരാമർശമായിരുന്നു. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നിവയായിരുന്നു ചിത്രങ്ങൾ. ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മൂന്ന് വർഷത്തിന് ശേഷം സ്വഭാവനടനുള്ള പുരസ്കാരവും ജോജുവിനെ തേടിയെത്തി.
മികച്ച നടനുള്ള പുരസ്കാരം ഇക്കുറി ലഭിച്ചതോടെ സിനിമാജീവിതത്തിലെ പുതിയ പടവുകൾ കയറുകയാണ് ഇരുവരും.
Content Highlights: kerala state film awards 2021, biju menon and joju george shared best actors awards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..