തൊരു പുരസ്‌കാരവും ഒരര്‍ഥത്തില്‍ ഒരു പ്രഖ്യാപനവും മറ്റൊരു തലത്തില്‍ ചില തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കലുകളുമാണ്. ഏതൊരു നിര്‍ണയസമിതിക്കുമുന്നിലും വരുന്ന ചിത്രങ്ങളില്‍നിന്ന് ബഹുഭൂരിപക്ഷവും ഒഴിവാക്കേണ്ടിവരും എന്നതാണ് പ്രാഥമികമായ പ്രശ്‌നം. അതുകൊണ്ടുതന്നെ ഒരു പുരസ്‌കാരനിര്‍ണയം പൂര്‍ത്തിയായി 'വിജയി'കളെ പ്രഖ്യാപിക്കുന്ന അവസരത്തില്‍ പുറത്താക്കപ്പെട്ടവരുടെ എണ്ണമായിരിക്കും കൂടുതല്‍; അതായത് ഒരു പുരസ്‌കാരപ്രഖ്യാപനം/നിര്‍ണയം ആദ്യമായി അഭിസംബോധന ചെയ്യുന്നത് വിജയികളുടെ ന്യൂനപക്ഷത്തെയും പുറത്താക്കപ്പെട്ടവരുടെ ബഹുഭൂരിപക്ഷത്തെയുമാണ്. അതുകൊണ്ടുതന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിനിര്‍ണയം സാധ്യമല്ല. പക്ഷേ, ഒരു സംസ്ഥാനം നല്‍കുന്ന ചലച്ചിത്രപുരസ്‌കാര ജൂറിയുടെ വിലയിരുത്തലുകളെ നിര്‍ണയിക്കേണ്ടത് അവര്‍ക്കുമുന്നില്‍ വരുന്ന രചനകള്‍ മാത്രമോ അവര്‍ അഭിസംബോധന ചെയ്യേണ്ടത് അതിന്റെ രചയിതാക്കളെയോ മാത്രമല്ല, അല്ലെങ്കില്‍ ആയിരിക്കരുത്. മറിച്ച്, സിനിമയെക്കുറിച്ചുള്ള കുറച്ചുകൂടി വിപുലവും സാര്‍വലൗകികവുമായ ചില മാനദണ്ഡങ്ങളെ ആശ്രയിച്ചായിരിക്കും അവര്‍ അവരുടെ വിലയിരുത്തലുകള്‍ നടത്തുക; ഒപ്പം നമ്മുടേതുപോലുള്ള സമൂഹങ്ങളില്‍നിന്നുകൊണ്ട്, കലാസൃഷ്ടികളെ വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും പ്രാദേശികവും തദ്ദേശീയവുമായ പരിഗണനകള്‍ക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. 

ആഖ്യാനത്തിനും കഥയ്ക്കും പുറമേ കലാമൂല്യം, ലാവണ്യത്തികവ്, സാമൂഹിക ഉള്ളടക്കം, സാങ്കേതികമികവ്, സമകാലികപ്രസക്തി തുടങ്ങി അമൂര്‍ത്തവും വ്യക്തിനിഷ്ഠവുമായ പലതും ഈ വിലയിരുത്തല്‍ പ്രക്രിയയില്‍ കടന്നുവരാതിരിക്കില്ല. ബ്രെഹ്ത് പറയുന്നതുപോലെ എന്റെ തിയേറ്ററില്‍ വരുന്നവര്‍ ഇരിക്കുന്നത് എന്റെ തിയേറ്ററില്‍ മാത്രമല്ല, ലോകത്തുകൂടിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളില്‍ 'വസ്തുനിഷ്ഠം' 'ശാസ്ത്രീയം' എന്നോ 'നിഷ്‌കളങ്കം' എന്നോ അവകാശപ്പെടാവുന്ന സര്‍വസമ്മതമായ തീരുമാനങ്ങളോ തീര്‍പ്പുകളോ സാധ്യമല്ല. സിനിമ കാണല്‍ എന്നതിലേക്ക് ഓരോ കാഴ്ചക്കാരനും കാഴ്ചക്കാരിയും അവരുടെ ജീവിതവും അനുഭവങ്ങളും അറിവും അതുകൊണ്ടുതന്നെ മുന്‍വിധികളും താത്പര്യങ്ങളും രാഷ്ട്രീയനിലപാടുകളും ലോകവീക്ഷണങ്ങളും എല്ലാം കൊണ്ടുവരുന്നുണ്ട്; അതിലൂടെയാണ് നമ്മള്‍ ലോകത്തെ എന്ന പോലെ കലയെ അറിയുന്നതും അനുഭവിക്കുന്നതും. നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിലെന്ന പോലെ നിര്‍ണയസമിതിയുടെ കാഴ്ചയിലും ഇതെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്; അല്ലാതെ അവര്‍ വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ താത്പര്യങ്ങള്‍ക്കെല്ലാം അതീതരായ വസ്തുനിഷ്ഠജീവികളല്ല.

അതുകൊണ്ടുതന്നെ പുരസ്‌കാരനിര്‍ണയത്തില്‍ തീര്‍ച്ചയായും സമിതി അംഗങ്ങളുടെ കലാപരമായ അറിവും മേഖലാപരിചയവും സാങ്കേതികജ്ഞാനവും ചരിത്രബോധവും പ്രാദേശികബോധവും (അതിന്റെയെല്ലാം അഭാവവും പോരായ്മയും) എല്ലാം കടന്നുവരും, അത് സ്വാഭാവികവുമാണ്. അതുകൊണ്ട് സര്‍വസമ്മതവും തര്‍ക്കാതീതവുമായ വിധിനിര്‍ണയങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല; എല്ലാ പുരസ്‌കാരനിര്‍ണയങ്ങളും ചില സാമൂഹികനിലപാടുകളുടെയും ലാവണ്യബോധ്യങ്ങളുടെയും പ്രഖ്യാപനം തന്നെയാണ്.

മറ്റൊന്ന്, പുരസ്‌കാരസമിതി എന്നത് ഒരു സ്ഥിരം വേദിയോ പരസ്പരധാരണയുള്ള ഒരു സംഘമോ അല്ല; ഈ വിധിനിര്‍ണയത്തിനായി നിയുക്തരായതുകൊണ്ട് ആ സന്ദര്‍ഭത്തില്‍ ഒന്നിച്ചുചേരുന്ന ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ മാത്രമാണവര്‍; അവര്‍ അതീന്ദ്രിയജ്ഞാനികളോ ഓരോ സിനിമകള്‍ക്കുള്ളിലൂടെയും നോക്കാന്‍ സിദ്ധിയുള്ള മാന്ത്രികരോ അല്ല. അതുകൊണ്ടുതന്നെ പൊതുധനം വിനിയോഗിച്ചുകൊണ്ടുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്ന ഇത്തരം വിധിനിര്‍ണയങ്ങള്‍ക്ക് കുറെക്കൂടി സുതാര്യവും ജനാധിപത്യപരവും യുക്തിപൂര്‍വവുമായ ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കാന്‍ മാത്രമേ കഴിയൂ. അതായത്, ഏതൊരു ഗുണനിര്‍ണയപ്രക്രിയയിലും എന്നപോലെ വിധികര്‍ത്താക്കള്‍ അവര്‍ കൈക്കൊണ്ട നിര്‍ണയരീതി, അതിനുപയോഗിച്ച ഉപാധികള്‍, പരിഗണനാമാനദണ്ഡങ്ങള്‍, നിലപാടുകള്‍ എന്നിവ വെളിപ്പെടുത്തുകയും അത് പൊതുവായി പങ്കിടുകയും ചെയ്താല്‍ മാത്രമേ ഈ വിവാദങ്ങളെ നമുക്ക് സംവാദങ്ങളാക്കി മാറ്റാന്‍ കഴിയൂ. അത്തരം സംവാദങ്ങള്‍ വ്യക്തിപരമായ ആരോപണപ്രത്യാരോപണങ്ങളെയും ചെളിവാരിയെറിയലുകളെയും ഒരു പരിധിവരെയെങ്കിലും അപ്രസക്തമാക്കുകയും പുരസ്‌കാരാനന്തര തര്‍ക്കങ്ങളെ സിനിമയെക്കുറിച്ചുള്ള അഭിപ്രായ വിനിമയങ്ങളാക്കി മാറ്റുകയും ചെയ്‌തേക്കാം.

വിധിനിര്‍ണയത്തിനുള്ള സമീപനരേഖ/ മാനദണ്ഡങ്ങള്‍ രണ്ടുരീതിയില്‍ രൂപവത്കരിക്കാവുന്നതാണ്: ഒന്ന്, ചലച്ചിത്ര അക്കാദമി തന്നെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളെയും കാഴ്ചപ്പാടുകളെയും മുന്‍ഗണനകളെയും കുറിച്ച് നിര്‍ണയസമിതിയോടും പൊതുവായും വ്യക്തമാക്കുക എന്നുള്ളതാണ്. പൊതുധനം വിനിയോഗിച്ചുകൊണ്ട് കേരളംപോലുള്ള ഒരു സ്ഥലത്ത് നല്‍കുന്ന ഒരു പുരസ്‌കാരം എന്ന നിലയ്ക്ക് നമ്മുടെ പരിഗണനകളും താത്പര്യങ്ങളും പ്രഖ്യാപിക്കാനും വ്യക്തമാക്കാനുമുള്ള അവസരവും കൂടിയാണത്. അല്ലെങ്കില്‍, പുരസ്‌കാരനിര്‍ണയത്തിനായി നിയോഗിക്കപ്പെടുന്ന സമിതി പരസ്പരം ചര്‍ച്ചചെയ്ത് ഒരു സമീപനരേഖയോ, അല്ലെങ്കില്‍ അവര്‍ സ്വീകരിച്ച രീതികളെയും അതിനുപയോഗിച്ച മാനദണ്ഡങ്ങളെയുംകുറിച്ചുള്ള വിശദീകരണമോ നല്‍കാവുന്നതാണ്. ഇത് അവര്‍ക്കുതന്നെയും അവരുടെ വിധിനിര്‍ണയത്തെ വിലയിരുത്തുന്നവര്‍ക്കും പ്രയോജനമാവുകയും ചെയ്യും.

ഇത്തരം ഒരു രീതിയും പിന്തുടരാതെ ഓരോ വിധിനിര്‍ണയത്തെയും അതിന്റെ വിധിക്കോ അല്ലെങ്കില്‍ സമിതിയുടെ സമവായത്തിനോ അതിനകത്തെ ബലതന്ത്രങ്ങള്‍ക്കോ വിടുന്ന രീതി അതിനകത്തും പുറത്തും കൂടുതല്‍ തര്‍ക്കങ്ങള്‍ക്കും വ്യക്തിവൈരാഗ്യങ്ങള്‍ക്കും മാത്രമേ വഴിതെളിക്കൂ. അതാണിവിടെ വര്‍ഷാവര്‍ഷം അരങ്ങേറിക്കൊണ്ടിരിക്കുന്നതും.