നിക്കുചുറ്റും കണ്ട നന്മനിറഞ്ഞ മനുഷ്യരില്‍നിന്ന് രൂപപ്പെട്ട കഥാപാത്രമാണ് സുഡാനി ഫ്രം നൈജീരിയയിലെ മജീദ്. മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്ത് കണ്ടുവരുന്ന ഫുട്ബോള്‍ മാനേജര്‍മാരുടെ ഒരു പ്രതിനിധി. അവിടങ്ങളിലെ ഭൂരിഭാഗം മാനേജര്‍മാരും സാധാരണ ജോലിചെയ്യുകയും അതിനൊപ്പം ടീമിനെ കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ്. 

ഓരോ സീസണിലും ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്ന് താരങ്ങളെ എത്തിക്കും. പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങളായിരിക്കും പലപ്പോഴും സംഭവിക്കുക. ചിലര്‍ക്ക് രോഗം വരും, മറ്റുചിലര്‍ക്ക് കളിക്കിടയില്‍ പരിക്കുപറ്റും, എന്തുസംഭവിച്ചാലും സ്പോണ്‍സര്‍ എന്ന നിലയില്‍ സാധാരണക്കാരായ മാനേജര്‍മാരാണ് ഏറ്റെടുക്കേണ്ടത്. അവരുടെ താമസം, ചികിത്സ, ഭക്ഷണം തുടങ്ങി അങ്ങനെപോകും. ചിലപ്പോള്‍ ഒരു ടീമിന് സീസണില്‍ കളിച്ചാല്‍ കിട്ടുന്ന തുകയുടെ എത്രയോ ഇരട്ടിവരെ ചികിത്സയ്ക്കായി ചെലവാകും. മാനേജര്‍മാരായ മനുഷ്യര്‍മാരുടെ മാനുഷികപരിഗണനകൊണ്ടാണ് കൊണ്ടുവരുന്ന കളിക്കാര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നത്. കളി ഒരു തൊഴിലായി കണ്ടുവരുന്നവരാണ് ആഫ്രിക്കക്കാര്‍. പക്ഷേ, അവരെ തൊഴിലാളികളായല്ല സ്വന്തം സഹോദരന്മാരായി കാണുന്നവരാണ് മാനേജര്‍മാര്‍.  വന്നതിനേക്കാള്‍ ഇരട്ടി സന്തോഷത്തില്‍ തിരിച്ചയയ്ക്കുന്നതുവരെ കളിക്കാരെ അവര്‍ സംരക്ഷിക്കും.  
താരപരിവേഷമോ ഹീറോയിസമോ ഒന്നും ആവശ്യമില്ലാത്ത കഥാപാത്രമാണ് മജീദ്.  അതുകൊണ്ടുതന്നെ വേഷം  ഒരു പുതുമുഖം അവതരിപ്പിച്ചാല്‍ മതിയെന്നാണ് ആദ്യം കരുതിയത്. 

സിനിമാമേഖലയില്‍ പരിചയം കുറവായതിനാല്‍ രാജീവ് രവി സാറിനെ കാണുകയും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അവിടെവെച്ചാണ് ഇത് കുറച്ചുകൂടി വലിയ സിനിമയാക്കി മാറ്റാമെന്നും നല്ലൊരു പ്രൊഡക്ഷന്‍ ഹൗസിനെ ഏല്‍പ്പിക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മാര്‍ക്കറ്റ് വാല്യുയുള്ള ഒരു താരം മജീദായാല്‍ അതിന്റെ മൈലേജ് സിനിമയ്ക്ക് ഉണ്ടാകും എന്ന നിര്‍ദേശവും ആ കൂടിക്കാഴ്ചയില്‍ ഉണ്ടായി. അങ്ങനെ സൗബിനിലേക്ക് ചര്‍ച്ചയെത്തി. 

സൗബിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് നിര്‍മാണം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ സിനിമയുടെ വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ സൗബിന്‍ ചെയ്യാം എന്നുപറഞ്ഞു. ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മജീദിന്റെ പൂര്‍ണരൂപം സൗബിന് നല്‍കിയത്. ഏഴുമാസത്തോളമാണ് സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടത്തിയത്. അതിനിടെ നല്ല നിര്‍ദേശങ്ങള്‍ ലഭിച്ചപ്പോള്‍ 13 തവണ തിരക്കഥ മാറ്റിയെഴുതി. ഷൂട്ടിങ്ങിന് മുന്നോടിയായി സൗബിനെ മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍ കൊണ്ടുപോയി കളി കാണിക്കുകയും ആളുകളെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. കളിയുടെ അന്തരീക്ഷവും ആവേശവുമൊക്കെ മനസ്സിലാക്കി നല്‍കാനായിരുന്നു അത്. 

ചിത്രീകരണത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്, സൗബിനുള്ള സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാവില്ല. മറ്റുള്ളവര്‍ക്ക് തെറ്റുപറ്റിയാല്‍ സൗബിന്‍ അത് സ്വയം ഏറ്റെടുക്കും. അയ്യോ എനിക്ക് തെറ്റിപ്പോയി വീണ്ടും എടുക്കാം എന്നുപറയും. സൗബിന്‍ എന്ന വ്യക്തിയുടെ പോസിറ്റീവാണത്. മജീദിന്റെ മനസ്സിലുള്ള മനുഷ്യത്വമെന്ന വികാരം അതിനേക്കാള്‍ വലിയ രീതിയില്‍ സൗബിനിലുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഉമ്മമാര്‍ക്ക് സഹനടിമാരുടെ അവാര്‍ഡ് ഞങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നു. വേറെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഒരുപാട് നല്ല സിനിമകള്‍ മത്സരിക്കാനുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനൊപ്പം സൗബിനും സിനിമയ്ക്കും എല്ലാം അവാര്‍ഡ് കിട്ടിയത് ഇരട്ടി സന്തോഷമുണ്ടാക്കുന്നു. 

Content Highlights: kerala state film awards 2019 best actor soubin shahir zakariya mohammed sudani from Nigeria