കോളിവുഡ് നടനും കൊറിയോഗ്രാഫറും സംവിധായകനുമൊക്കെയായ രാഘവേന്ദ്ര ലോറന്‍സിന് കേരളത്തില്‍ വലിയ ആരാധകരൊന്നുമില്ല. അദ്ദേഹത്തിന്റെ നൃത്തം നമ്മളൊക്കെ ആഘോഷിക്കാറുണ്ടെങ്കിലും ലോറന്‍സ് ഫാന്‍സ് അസോസിയേഷന് ഇവിടെങ്ങും പ്രവര്‍ത്തിക്കുന്നതായി കേട്ടിട്ടുമില്ല. എന്നിട്ടും ലോറന്‍സ് കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ നല്കി. അമ്മയോടൊപ്പമെത്തി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയ വാര്‍ത്ത വായിക്കുമ്പോള്‍ സാധാരണ ചലച്ചിത്രപ്രേക്ഷകര്‍ക്ക് കൈയടിക്കാതിരിക്കാനാവില്ല. കാര്‍ കഴുകുന്ന പയ്യനില്നിന്ന് സിനിമയുടെ മാസ്മരികലോകത്തെത്തിയപ്പോഴും വന്ന വഴി ലോറന്‍സ് മറന്നില്ല. പാവങ്ങളുടെ പടത്തലവനായും ആലംബഹീനര്‍ക്ക് കൈത്താങ്ങായും വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന വേഷങ്ങളല്ല, പച്ചയായ ജീവിതത്തില്‍ കാരുണ്യം കാണിക്കുന്ന മനസ്സാണ് വേണ്ടതെന്ന് ലോറന്‍സ് ഓര്‍മിപ്പിക്കുന്നു. ഇതല്ലേ ഹീറോയിസം?!
പാണ്ടിപ്പടങ്ങളെന്ന് നമ്മള് വിളിച്ചിരുന്ന തമിഴ് സിനിമകളിലെയും കഥയില്ലാക്കഥകളായി മുദ്രകുത്തിയിരുന്ന തെലുങ്കുസിനിമകളിലെയും താരങ്ങള്‍ കേരളത്തെ സഹായിക്കാന്‍ ഓടിയെത്തുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നുന്നു. പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമര്‍ശിക്കാനുള്ള കാരണംപോലും ഇതിലൊന്നും കണ്ടെത്താനാകില്ല. സ്വന്തംകാര്യം മാത്രം നോക്കുന്നവരെന്ന ധാരണ സിനിമക്കാരെക്കുറിച്ച് പൊതുവേയുണ്ട്. എന്നാല്‍ കേരളത്തിന് സഹായവുമായെത്തിയ താരങ്ങള്‍ അത്തരം ധാരണകള്ക്കതീതരായി മാറി. അവരോടൊക്കെ ഒത്തിരി സ്നേഹവും നമുക്കുണ്ടായി.
സ്നേഹക്കോടികള്
പ്രളയംനിറഞ്ഞ ഓണക്കാലത്ത് മലയാളികളെ ആശ്വസിപ്പിക്കാന്‍ കോടികള്‍ നല്കിയ താരങ്ങള്‍ ഇനിയുമുണ്ട്. ജയരാജ് സംവിധാനം ചെയ്ത വീരം എന്ന സിനിമയില്‍ ചന്തുച്ചേകവരായി തിളങ്ങിയ കുനാല്‍ കപൂര്‍ 1.2 കോടി രൂപയാണ് കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ആളുകളില്‍നിന്ന് പണം സ്വരൂപിച്ച് നല്കുന്ന ക്രൗഡ് ഫണ്ടിങ് രീതിയിലൂടെയാണ് കുനാല്‍ 1.2 കോടിയുണ്ടാക്കിയത്. ഇത് തുടക്കം മാത്രമാണെന്നും ഇതേ രീതിയില്‍ വീണ്ടും സഹായങ്ങള്‍ സ്വരൂപിക്കുമെന്നും കുനാല്‍ പറയുന്നു.
എം.എസ്. ധോനി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയില്‍ ധോനിയെ അവതരിപ്പിച്ച സുശാന്ത് സിങ് രാജ്പുത് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെത്തിയത് ഒരുകോടി രൂപയാണ്. അദ്ദേഹത്തിന്റെ ആരാധകനാണ് അതിന് പ്രേരണയായത്. ശുഭം രഞ്ജന്‍ എന്ന ആരാധകന് സുശാന്തിനെ ടാഗ് ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു ചോദ്യമുന്നയിച്ചു. തന്റെ കൈയില്‍ പണമില്ല. പക്ഷേ, ദുരിതാശ്വാസത്തിനായി പണം നല്‍കണമെന്ന് ആഗ്രഹിക്കുന്നു. എന്തുചെയ്യുമെന്ന് പറഞ്ഞുതരൂ എന്നായിരുന്നു ആരാധകന്റെ ആവശ്യം. താന്‍ ഒരുകോടി രൂപ തരാം, വേണ്ടത് ചെയ്യൂ എന്നായിരുന്നു സുശാന്തിന്റെ മറുപടി. ആരാധകന്റെ അക്കൗണ്ട് നമ്പര്‍ സംഘടിപ്പിച്ച സുശാന്ത് ഒരുകോടി രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലിട്ടു. ആ പണം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സുശാന്ത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. സംഗീത സംവിധായകന് ഏ.ആര്. റഹ് മാനാണ് മലയാളികള്‍ക്ക് ആശ്വാസവുമായെത്തിയ മറ്റൊരു സിനിമാക്കാരന്. ഒരു കോടി രൂപ റഹ് മാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്തും ഒരുകോടി രൂപയുടെ സഹായം കേരളത്തിന് നല്‍കും. അത്രയും തുകയ്ക്കുള്ള സാധനസാമഗ്രികള്‍ കേരളത്തിലേക്ക് ഉടന്‍ അയയ്ക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.
മണ്ണിലിറങ്ങിയ താരങ്ങള്‍
സിനിമകളിറങ്ങുമ്പോള്‍ ആര്‍പ്പുവിളിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി സൈബര്‍ലോകത്ത് തല്ലുകൂടാനും നടക്കുന്ന ആരാധകരുടെ പിന്‍ബലത്തിലാണ് ഓരോ അഭിനേതാക്കളും വലിയ താരങ്ങളാകുന്നത്. ജോലി ചെയ്തുകിട്ടുന്ന തുച്ഛമായ കാശില്‍നിന്ന് മലയാളികള്‍ എടുത്തുകൊടുക്കുന്ന തുകയാണ് കോടികളുടെ തിളക്കമുള്ള വിജയങ്ങളിലേക്ക് സിനിമകളെ ഉയര്‍ത്തുന്നത്. തങ്ങളെ ജീവനോളം സ്നേഹിക്കുന്ന ആരാധകര്‍ക്കുവേണ്ടി സിനിമകള്ക്കപ്പുറത്തേക്കും പലതും ചെയ്യാനാകുമെന്ന് ചില അഭിനേതാക്കള്‍ തെളിയിച്ചു. ചിലര്‍ കൈമെയ് മറന്ന് ദുരിതാശ്വാസപ്രവര്ത്തകര്ക്കൊപ്പം കൂടിയപ്പോള്‍ മറ്റുചിലര്‍ പ്രതിഫലമായി കിട്ടിയ തുകയില്‍നിന്നൊരു പങ്ക് ആശ്വാസനിധിയിലേക്ക് നല്കി. ഇതൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ ഷൂട്ടിങ് പോലും മാറ്റിവെക്കാതെ അഭിനയിച്ച് തകര്‍ത്തവരും സംവിധാനം ചെയ്ത് പരീക്ഷിച്ചവരുമൊക്കെ ഇതേ സിനിമാമേഖലയില്‍ തന്നെയുണ്ടെന്ന് പറയുമ്പോഴേ രംഗം പൂര്‍ണമാകൂ.
ദുരിതപ്പെയ്ത്തിന്റെ ഇടവേളകളിലെല്ലാം മലയാളി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സിനിമാതാരം ടൊവിനോ തോമസായിരുന്നു. സിനിമയില്‍ സൂപ്പര്‍താരപദവിയിലേക്ക് അടിവെച്ചടിവെച്ച് നീങ്ങുന്ന ടൊവിനോ സാധാരണക്കാര്‍ക്കൊപ്പം നില്ക്കുന്ന നടനെന്ന പദവിയിലേക്ക് കുതിച്ചെത്തി. പ്രളയം തുടങ്ങിയ ഉടന്‍തന്നെ ആവശ്യമുള്ളവര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്നും ഇവിടത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ ടൊവിനോ പറഞ്ഞിരുന്നു. പിന്നീട് ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസക്യാമ്പില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന ടൊവിനോയെയാണ് കണ്ടത്. സഹായമായി ലഭിച്ച വസ്തുക്കളിറക്കാന് രാത്രിയും പകലുമില്ലാതെ നാട്ടുകാര്‍ക്കൊപ്പം അദ്ദേഹം മുന്നിട്ടിറങ്ങി. ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സഹായം ലഭിക്കേണ്ട ക്യാമ്പുകളുടെ പട്ടികയുമായെല്ലാം അതിനിടെ ഫെയ്സ്ബുക്കിലും ടൊവിനോ നിരന്തരമെത്തി.
അന്‍പോട് കൊച്ചി എന്ന സന്നദ്ധസംഘടനയുടെ കീഴില്‍ കൊച്ചിയിലെ ധാരാളം സിനിമാതാരങ്ങള്‍ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങി. ഇന്ദ്രജിത്തും പൂര്‍ണിമയും നേതൃപരമായ പങ്കുവഹിച്ചു. പാര്‍വതി, റിമാ കല്ലിങ്കല്‍ തുടങ്ങിയവരും ഇവിടെ സഹായത്തിനെത്തി. കണ്ണൂരില്‍ ഗായിക സയനോരാ ഫിലിപ്പും സന്നദ്ധക്യാമ്പുകളില് സക്രിയമായിരുന്നു. നടന് ജയസൂര്യ, ജയറാം, അമലാ പോള്‍, ദിലീപ് തുടങ്ങിയവര്‍ സഹായമെത്തിച്ചു. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ മേജര്‍ രവി മുന്നിട്ടിറങ്ങി. നാട്ടുകാര്‍ക്കൊപ്പം അനേകം പേരെ രക്ഷിക്കാന്‍ നേതൃത്വം നല്കി. ഒട്ടേറെ താരങ്ങള്‍ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. റസൂല്‍ പൂക്കുട്ടിയുടെ അഭ്യര്‍ഥനപ്രകാരം ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ കേരളത്തിലേക്ക് സംഭാവന നല്കി.
നെഞ്ചേറ്റിയ താരങ്ങളും സംഘടനകളുമെല്ലാം എന്തെല്ലാം സഹായം ചെയ്തുവെന്നറിയാന്‍ ആരാധകര്‍ക്ക് താത്പര്യം കാണും. ഫാന്‍സ് അസോസിയേഷന് വഴി 75 ലക്ഷം രൂപയുടെ സഹായമെത്തിക്കുമെന്നാണ് വിജയ് പറഞ്ഞത്. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന് വഴി 21 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. ജാക്വിലിന് ഫെര്‍ണാണ്ടസ് സന്നദ്ധസംഘടന വഴി അഞ്ചുലക്ഷം രൂപയുടെ സഹായമെത്തിച്ചു. അമിതാഭ് ബച്ചനും അലിയാ ഭട്ടും അടക്കമുള്ള ബോളിവുഡ് താരങ്ങളും സഹായങ്ങളയച്ചുനല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..