കീർത്തി സുരേഷ് | ഫോട്ടോ: www.instagram.com/keerthysureshofficial/
കുട്ടിക്കാലംതൊട്ട് അമ്മയെപ്പോലൊരു നടിയാവാൻ കൊതിച്ച പെൺകുട്ടി. അച്ഛൻ നിർമാതാവ്. വീട്ടിൽ മുഴുവൻ സിനിമയായിരുന്നു. അവൾക്കൊപ്പം സിനിമയെന്ന മോഹവും വളർന്നു. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ‘നോ’ എന്നായിരുന്നു മറുപടി. അതോടെ വാശിയായി. ഒടുവിൽ ആ വാശി വിജയംകണ്ടു. ഇന്നവൾ മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ എന്നതിനപ്പുറം തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ പൊൻതാരമാണ്. മികച്ചനടിക്കുള്ള ദേശീയ അവാർഡ് നേടിയ അഭിനേത്രിയാണ്. ‘‘സിനിമയിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹവും സ്വപ്നവുമായിരുന്നു. പക്ഷേ, അച്ഛനും അമ്മയും എതിർത്തു. പ്രത്യേകിച്ച് അച്ഛൻ. നടക്കില്ലെന്നു പറഞ്ഞ എന്റെ ആഗ്രഹത്തെ നടത്തിക്കാണിക്കാനുള്ളൊരു വാശി എന്റെ ഉള്ളിലുണ്ടായിരുന്നു. അങ്ങനെ സിനിമയിലെത്തി അച്ഛനോടുള്ള വാശിതീർത്തു. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അത് നടത്തിയെടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു വാശി എന്നും എന്നിലുണ്ട്.’’ അന്ന് വാശിപിടിച്ച് സിനിമയിലെത്തിയ കീർത്തി ഒരിടവേളയ്ക്കുശേഷം മലയാളത്തിലെത്തുന്നത് ‘വാശി’ എന്ന സിനിമയുമായാണ്.
ഏഴുവർഷം ഇടവേള. മരയ്ക്കാറിലെ അതിഥിവേഷം ഒഴിച്ചുനിർത്തിയാൽ എന്തുകൊണ്ടാണ് മലയാളസിനിമയിൽനിന്ന് മാറിനിന്നത്?
ഞാൻ മനഃപൂർവം ഇടവേളയെടുത്തതല്ല. ഗീതാഞ്ജലിക്കും റിങ്മാസ്റ്ററിനും ശേഷം തെലുങ്കിൽനിന്നും തമിഴിൽനിന്നും രണ്ടുമൂന്ന് ഓഫറുകൾ വന്നിരുന്നു. അപ്പോൾ അത് ശ്രദ്ധിച്ചു. കുറച്ചുകഴിഞ്ഞപ്പോഴാണ് മലയാളസിനിമകളിൽനിന്ന് ഓഫറുകൾ വന്നത്. അപ്പോഴേക്കും ഞാൻ തമിഴിലും തെലുങ്കിലും തിരക്കിലായി. പിന്നെ രണ്ടിടത്തെയും വർക്കിങ് സ്റ്റൈലിൽ വ്യത്യാസമുണ്ടല്ലോ. അന്യഭാഷകളിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്താണ് ഷൂട്ടിങ് നടക്കുക. മലയാളത്തിൽ ചിലപ്പോഴൊക്കെ ഒറ്റയടിക്കാവും സിനിമ തീർക്കുന്നത്. അപ്പോൾ ഡേറ്റ് ഉണ്ടാവില്ല. അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് മലയാളത്തിൽ സിനിമകൾ ചെയ്യാൻ പറ്റാതെപോയത്. എന്നാൽ, വാശിയുടെ കാര്യത്തിൽ അതിന്റെ തുടക്കംമുതൽതന്നെ ഞാനതിലുണ്ട്. ഒന്നരവർഷംമുമ്പ് തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു രാഘവ് കഥ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘‘ചേട്ടാ കഥ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, രണ്ടുമൂന്നുമാസംകൊണ്ട് ചെയ്യണം എന്നു പറയരുത്’’ എന്ന്. അവരെനിക്ക് സമയം നൽകി. പ്ലാനിങ് സ്റ്റേജ് തൊട്ട് എനിക്കതിന്റെ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ടാണ് വാശി നടന്നത്.
അച്ഛൻ സുരേഷ് കുമാറാണ് നിർമാതാവ്. അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. അമ്മ മേനകയും ചേച്ചി രേവതിയും സഹനിർമാതാക്കളും. ഇതൊരു കുടുംബചിത്രമാണോ?
ഞാൻ വന്നതിനുശേഷമാണ് അച്ഛൻ ഈ സിനിമയുടെ ഭാഗമാകുന്നത്. ഞാനും ടൊവിനോയും വക്കീലന്മാരായാണ് അഭിനയിക്കുന്നത്. ഞാൻ കഥ കേൾക്കുന്നതിനുമുമ്പുതന്നെ ടൊവിനോ കഥ കേട്ടിരുന്നു. അതിനുശേഷം ആ കഥ പത്തുപതിനഞ്ച് പ്രാവശ്യം വിഷ്ണുച്ചേട്ടൻ തിരുത്തിയെഴുതി. പുതിയ കഥ ഞങ്ങൾക്ക് രണ്ടുപേർക്കും ഒത്തിരി ഇഷ്ടമായി. പല ചർച്ചകൾക്കുംശേഷമാണ് പ്രോജക്ടിനൊപ്പം അച്ഛൻ ചേരുന്നത്. പിന്നെ അമ്മ, ചേച്ചി... എല്ലാവരും വന്നു. ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്. അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉർവശി തിയേറ്റേഴ്സാണ് വിതരണം. ഞാൻ എനിക്കുവേണ്ടി കേട്ട കഥയാണ് വാശിയുടേത്. അപ്പോഴൊന്നും അച്ഛനും അമ്മയ്ക്കും ഈ സിനിമയെക്കുറിച്ച് അറിയില്ലായിരുന്നു. പൊതുവേ ഞാൻ ഒറ്റയ്ക്കാണ് കഥ കേട്ട് സെലക്ട് ചെയ്യാറുള്ളത്.
അച്ഛനെയും മകളെയും ഒന്നിച്ച് സ്ക്രീനിൽ കണ്ടപ്പോൾ അമ്മയുടെ പ്രതികരണമെന്തായിരുന്നു?
അച്ഛനുമായി ഒരുമിച്ചഭിനയിക്കുന്നത് രസമായിരുന്നു. അച്ഛാ ഇങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യൂ എന്നുപറഞ്ഞ് ഞാൻ ടിപ്സ് പറഞ്ഞുകൊടുക്കും. അക്കാര്യത്തിൽ എനിക്ക് അഹങ്കരിക്കാമല്ലോ. മോണിറ്ററിലൂടെ ഞങ്ങളുടെ അഭിനയം കണ്ട് അമ്മയും ചേച്ചിയും ആസ്വദിക്കും. അവർക്ക് വളരെ സന്തോഷമായിരുന്നു. ഇടയ്ക്ക് അമ്മയും ചേച്ചിയും ഞങ്ങൾക്ക് ടിപ്സ് തരും. ശരിക്കും ആ ക്രൂവിലുള്ള എല്ലാവരുംതന്നെ ഒരു കുടുംബംപോലെയായിരുന്നു. വിഷ്ണുച്ചേട്ടനെ എനിക്ക് ചെറുപ്പംമുതലേ അറിയാം. കഴിഞ്ഞ പത്തുവർഷമായിട്ട് ടൊവിക്കും അദ്ദേഹത്തെ പരിചയമുണ്ട്. എന്റെ സുഹൃത്ത് സോഹിൽ ആണ് ഇതിന്റെ അസോസിയേറ്റ് ഡയറക്ടർ. എന്റെ കുടുംബത്തെ മാറ്റിനിർത്തിയാലും ഇത് കൂട്ടുകാരൊന്നിച്ചുള്ള വർക്കായിരുന്നു. ഒരു വാശി കുടുംബംതന്നെയായിരുന്നു.
കഥാപാത്രത്തിനായി പ്രത്യേകം തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?
അധികം തയ്യാറെടുപ്പുവേണ്ടെന്ന് വിഷ്ണുച്ചേട്ടൻ പറഞ്ഞിരുന്നു. നേരത്തേയുള്ള സിനിമകളിലെ വക്കീലന്മാരുടെ റഫറൻസ് കാണേണ്ടാ, പുതിയൊരു രീതി പിടിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നീ നിയമം പഠിച്ചിറങ്ങിയ പെൺകുട്ടിയാണെന്ന് വിചാരിച്ച് പെരുമാറുക, പെർഫോം ചെയ്യുക എന്നാണ് പറഞ്ഞത്. പിന്നെ, വക്കീലന്മാരായ എന്റെ ചില സുഹൃത്തുക്കളോട് സംസാരിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു. നല്ലൊരു കോ-ആക്ടറാണ് ടൊവിനോ. ഒരു സിനിമയ്ക്കുവേണ്ടി അത്യധികം ആത്മാർഥതയോടെ സ്വയം സമർപ്പിക്കും. ഞങ്ങൾ പരസ്പരം സംസാരിച്ച് ഓരോ സീനും മെച്ചപ്പെടുത്തിയെടുക്കുകയായിരുന്നു. എനിക്ക് നല്ല ആകാംക്ഷയുണ്ട്. മലയാളത്തിൽ ആദ്യമായി സിനിമചെയ്യുന്ന ഒരു ഫീൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..