-
സിനിമയിലേക്കുള്ള വഴി കാസര്‍കോടിന് പതുക്കെയാണ് തുറന്നുകിട്ടിയതെങ്കിലും പിന്നീട് സജീവ സിനിമാപ്രവര്‍ത്തകര്‍ ഇവിടെനിന്നുണ്ടായി. തങ്ങളുടെ നാടിനെയും സംസ്‌കാരത്തെയും സിനിമയില്‍ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപ്പോഴും വിരളമായിരുന്നെങ്കിലും അവരുടെയെല്ലാം സര്‍ഗാത്മകതയില്‍ സ്വന്തംനാട് സ്വാധീനംചെലുത്തിയിരുന്നു.
1987-ല്‍ തീയേറ്ററുകളും നല്ല സിനിമകളുടെ ആസ്വാദനവും വളരെ കുറവായിരുന്ന കാസര്‍കോടുപോലൊരു നാട്ടില്‍നിന്ന് മികച്ച ബയോഗ്രഫിക്കല്‍ ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ എം.എ.റഹ്മാന്‍തന്നെയാണ് ചലച്ചിത്രത്തിന്റെ സാധ്യതകള്‍ ആദ്യമായി ജില്ലയില്‍ ഉപയോഗിച്ചുതുടങ്ങിയത്.
സിനിമയെന്തെന്നോ എങ്ങനെയാണ് ചിത്രീകരണമെന്നോ ബോധ്യമില്ലാത്ത ഒരു തലമുറയ്ക്കുമുന്നില്‍ പുതിയവഴി തുറന്നിടുകയായിരുന്നു റഹ്മാന്‍. പൂര്‍ണമായും സിനിമ എന്ന മാധ്യമത്തിലേക്ക് കടന്നുചെന്നില്ലെങ്കിലും ഡോക്യുമെന്ററിയിലൂടെ മറ്റുപലര്‍ക്കും അദ്ദേഹം പ്രചോദനമായി. പത്തിലധികം ഡോക്യുമെന്ററികള്‍ സംവിധാനംചെയ്യുകയും അതുവഴി ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കാസര്‍കോട്ടേക്ക് എത്തിക്കുകയുംചെയ്തു, അദ്ദേഹം.
ഇന്ന് മലയാള സിനിമയിലെ എണ്ണംപറഞ്ഞ ഛായാഗ്രാഹകനായ സമീര്‍ താഹിറും ഷൈജു ഖാലിദുമൊക്കെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവരുടെ യൗവനത്തില്‍ എം.എ.റഹ്മാന്‍ ഡോക്യുമെന്ററികള്‍ക്ക് ക്യാമറ ചലിപ്പിക്കാനായി ഈ മണ്ണില്‍ എത്തിയതെന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം.
അതിനുംമുന്‍പ് ഒരു കാസര്‍കോട്ടുകാരന്‍ മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍ സജീവമായിരുന്നു. 1973-ല്‍ പി.എന്‍.മേനോന്റെ 'ദര്‍ശനം' എന്ന സിനിമയില്‍ സഹസംവിധായകനായി തുടങ്ങിയ കൃഷ്ണന്‍ മുന്നാട്. സിനിമാജീവിതം ആരംഭിച്ചപ്പോഴേക്കും അദ്ദേഹം ചെന്നൈയിലേക്ക് താമസംമാറിയിരുന്നു. പി.എന്‍.മേനോന്‍, രാമു കാര്യാട്ട്, ഐ.വി.ശശി, കെ.ജി.ജോര്‍ജ്, സിബി മലയില്‍ തുടങ്ങിയ പ്രഗത്ഭരായ സംവിധായകരുടെ അസോസിയേറ്റായിരുന്നു അദ്ദേഹം. 1990-ല്‍ 'നിശാനര്‍ത്തകി' എന്ന സിനിമയാണ് ആദ്യമായി സംവിധാനംചെയ്തത്.
പല കാരണങ്ങളാലും ചിത്രം വെളിച്ചംകണ്ടില്ല. 94-ല്‍ തറവാടും 98-ല്‍ സ്‌നേഹസിന്ദൂരവും സംവിധാനംചെയ്തു. ഇതില്‍ സ്‌നേഹസിന്ദൂരംമാത്രമാണ് കാസര്‍കോട്ടുനിന്ന് ചിത്രീകരിച്ചത്. സ്വന്തം സംവിധാനസംരംഭങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ ഭാരിച്ച ചുമതലകള്‍ കൃഷ്ണന് സിനിമയിലുണ്ടായിരുന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന്റെ എക്‌സിക്യുട്ടീവംഗംമുതല്‍ പ്രസിഡന്റുവരെയുള്ള സ്ഥാനങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഇപ്പോള്‍ ഫെഫ്കയില്‍ എക്‌സിക്യുട്ടീവ് അംഗമാണ്. തമിഴ്നാട് സംവിധായക കൂട്ടായ്മയിലും മാക്ടയിലും ആജീവനാന്ത അംഗത്വമുള്ള വ്യക്തിയാണ് ഇദ്ദേഹം. കുടുംബത്തിനായി സമയംകണ്ടെത്താന്‍ സിനിമയില്‍നിന്ന് സ്വയം മാറിനിന്ന ഇദ്ദേഹം പല സിനിമകളും മറ്റുപല സംവിധായകര്‍ക്കുവേണ്ടി ചെയ്തുകൊടുത്തിട്ടുണ്ട്. 1975-ല്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം കാസര്‍കോട്ട് എത്തിയിരുന്നു. സിനിമയില്‍ സുധീര്‍ എന്നറിയപ്പെടുന്ന അംഗടിമുഗര്‍ സ്വദേശി അബ്ദുറഹ്മാനാണ് സത്യത്തിന്റെ നിഴലില്‍ എന്ന സിനിമയിലെ അഭിനയത്തിന് അവാര്‍ഡിനര്‍ഹനായത്.
1970-കളോടെ മലയാളസിനിമയില്‍ സജീവമായ ഇദ്ദേഹമാണ് ജില്ലയിലെ ആദ്യ സിനിമാനടന്മാരില്‍ ഒരാള്‍. നായകനായും വില്ലനായും സ്വഭാവനടനായും നൂറ്റഞ്ചോളം ചിത്രങ്ങളില്‍ സുധീര്‍ അഭിനയിച്ചു. ഇദ്ദേഹത്തിന്റെ മാതാവിന്റെ വീടാണ് കാസര്‍കോട്ട്.
എഴുത്തിന്റെ രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ വ്യക്തിയാണ് സി.വി.ബാലകൃഷ്ണന്‍. ഒട്ടേറെ നോവലുകളും ചെറുകഥകളും രചിച്ച ഇദ്ദേഹം 1986 മുതല്‍ 10 സിനിമകള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതില്‍ മലയാളത്തില്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍, സമ്മാനം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകളും ഉള്‍പ്പെടും. കാസര്‍കോടന്‍ ജീവിതങ്ങള്‍ എന്നും ഇദ്ദേഹത്തിന്റെ കഥകളില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍, സിനിമയില്‍ അത് ദൃശ്യമായിരുന്നില്ല. ഇപ്പോള്‍ കാസര്‍കോടന്‍ പശ്ചാത്തലത്തിലുള്ള സിനിമയ്ക്കായുള്ള എഴുത്തിലാണ് ഇദ്ദേഹം.
നീലേശ്വരം എന്ന നാടിനെ മലയാളികള്‍ക്ക് സുപരിചിതമാക്കിയത് ആരാണ് എന്ന ചോദ്യത്തിന് ഒരുത്തരംമാത്രമേയുണ്ടാവൂ-കാവ്യാ മാധവന്‍. തന്റെ ജീവിതത്തില്‍ നാടിന്റെസ്വാധീനം എന്നും കാവ്യ തുറന്നുപറഞ്ഞിരുന്നു. ബാലനടിയായി സിനിമയിലെത്തിയ കാവ്യ ചെറുപ്രായത്തില്‍ത്തന്നെ നായിക എന്ന പദവിയിലേക്ക് ഉയര്‍ന്നുവന്നു. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെയും നടീനടന്മാരുടെയുംകൂടെ പ്രവര്‍ത്തിച്ചു, നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി.
സി.വി.ബാലകൃഷ്ണന് പിന്നാലെ എഴുത്തിന്റെവഴിയേ സിനിമയില്‍ രംഗപ്രവേശനംചെയ്തയാളാണ് സന്തോഷ് ഏച്ചിക്കാനം. മലയാളത്തിലെ ആധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളായ ഇദ്ദേഹം തന്റെ വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കഥകളുമായി മലയാളത്തിലെ മുന്‍നിര തിരക്കഥാകൃത്തുക്കളില്‍ ഒരാളായിമാറി. മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലുമായി ഒട്ടേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഉല്‍പ്പല്‍ വി. നായനാര്‍ കാഞ്ഞങ്ങാട് സ്വദേശിയാണ്. നടനും നിര്‍മാതാവുമായ പ്രകാശ് ബാരെയാണ് ജില്ലയിലെ മറ്റൊരു പ്രധാന സിനിമാപ്രവര്‍ത്തകന്‍.
നൂറുകോടി കിലുക്കം
മലയാളസിനിമാവ്യവസായത്തില്‍ 100 കോടി കിലുക്കം ആദ്യമായി കൊണ്ടുവന്ന ചലച്ചിത്രമാണ് പുലിമുരുകന്‍. ഈ ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് കാസര്‍കോട് ജില്ലയില്‍നിന്നുള്ള ആളാണ് എന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. പെരിയ-കല്യോട് സ്വദേശിയായ ഇദ്ദേഹം മലയാളത്തിലെ സൂപ്പര്‍താര കളര്‍ഫുള്‍ സിനിമകളുടെ സംവിധായകനാണ്. സഹായസംവിധായകനായിരുന്ന ഇദ്ദേഹം 2010-ല്‍ പോക്കിരിരാജ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
എട്ട് സിനിമകള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. എല്ലാം ബോക്‌സോഫീസില്‍ മിന്നും പ്രകടനം കാഴ്ചവെച്ചവ. മലയാളത്തിലെ യുവ എഴുത്തുകാരില്‍ ഒരാളായ പി.വി.ഷാജികുമാര്‍ മടിക്കൈ സ്വദേശിയാണ്. കന്യക ടാകീസ്, ടേക്ക്ഓഫ്, പുത്തന്‍ പണം തുടങ്ങിയ സിനിമകളുടെ തിരക്കഥാ രചയിതാവാണ് ഇദ്ദേഹം.
കാഞ്ഞങ്ങാട് സ്വദേശിയായ സെന്ന ഹെഗ്ഡെ തന്റെ മൂന്നാമത്തെ ചിത്രം അണിയിച്ചൊരുക്കുന്ന തിരക്കിലാണ്. തന്റെ ആദ്യ ചിത്രത്തിനുശേഷം അദ്ദേഹം ഒരുക്കിയത് ഒരു കന്നഡ സിനിമയായിരുന്നു.
വമ്പന്‍ വിജയമായ ആ ചിത്രത്തിനുശേഷം കാഞ്ഞങ്ങാടിനെയും അവിടുത്തെ ആള്‍ക്കാരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമയൊരുക്കുകയാണ്. ജില്ലയിലെ ഒരുപാട് കലാകാരന്മാര്‍ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സംവിധാനംചെയ്ത ആദ്യ ചിത്രത്തിലൂടെതന്നെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത ഇന്ത്യന്‍ സംവിധായകനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം കരസ്ഥമാക്കിയ വ്യക്തിയാണ് വിനു കോളിച്ചാല്‍.
കാര്യമായ സിനിമാപശ്ചാത്തലങ്ങളോ സിനിമാപഠനങ്ങളോ അവകാശപ്പെടാനില്ലാത്ത വിനു തന്റെ രണ്ടാമത്തെ ചിത്രമായ സര്‍ക്കസിന്റെ അവസാനഘട്ട പണിപ്പുരയിലാണ്. കാസര്‍ക്കോട്ടെ ആള്‍ക്കാരുടെ ജീവിതങ്ങള്‍ ഓരംപറ്റി പറഞ്ഞുപോകുന്ന സിനിമ ജില്ലയില്‍ത്തന്നെയാണ് ചിത്രീകരിച്ചത്.
പ്രിയപ്പെട്ട നാട്ടുകാരെ, എം.എല്‍.എ. മണിയും പത്താം ക്ലാസും ഗുസ്തിയും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശ്രീജിത്ത് പാലേരി ചെറുവത്തൂരിലെ കൊടക്കാട് സ്വദേശിയാണ്. പ്രിയപ്പെട്ട നാട്ടുകാരെ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം പൂര്‍ണമായും കാസര്‍കോട്ടുനിന്നാണ് ചിത്രീകരിച്ചത്.
മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മിച്ച കളിയച്ഛനുശേഷം ഫാറൂഖ് അബ്ദുറഹ്മാന്‍ സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പൊരിവെയില്‍. ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ജില്ലയില്‍ത്തന്നെയാണ് നടന്നത്.
(തുടരും)
Content Highlights : kasargode and malayalam cinema a r rahman kavya madhavan director vyshagh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..