കളി മാറ്റി തിങ്കളാഴ്ച നിശ്ചയം, ബോംബെയിലെ പാട്ടിലെ ബേക്കൽ കോട്ട മാത്രമല്ല ഇന്ന് സിനിമയിലെ കാസർകോട്


സായൂജ്‌ സഞ്ജീവൻ

സിനിമയിൽ തീരെ അടയാളപ്പെടുത്തലുകളില്ലാത്ത മലബാറിലൂടെയാണ് സിനിമാവണ്ടികളുടെ ഇപ്പോഴത്തെ യാത്ര. അതിൽ ഭൂരിഭാഗവും കാസർകോട്ടെ ഗ്രാമീണ ഇടവഴികളിലൂടെയാണെന്നതാണ് സന്തോഷകരം

തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് സിനിമകളുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/SennaHegdeOfficial, www.facebook.com/KunchackoBoban

പാലക്കാടുമുതൽ അങ്ങോട്ടുള്ള തെക്കൻ ജില്ലകളിലായിരുന്നു കുറേക്കാലം മലയാള സിനിമ കറങ്ങിക്കളിച്ചത്. പിന്നീടത് ഇടുക്കിയുടെ മലകൾ കയറി. ഇതാ ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ നാട്ടുവഴികളും മലമേടുകളും ഒപ്പിയെടുത്ത് ഇവിടത്തെ നിഷ്‌കളങ്ക ജനതയുടെ സംസ്‌കാരത്തെയും മലയാളസിനിമ പ്രതിനിധാനം ചെയ്തുതുടങ്ങി.

'ഉണരുന്നു കാസർകോടൻ വെള്ളിത്തിര' എന്ന തലക്കെട്ടിൽ 2020 മാർച്ചിൽ മാതൃഭൂമി പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. കാസർകോടിനെ സിനിമ ഭാവിയിൽ അടയാളപ്പെടുത്തും എന്ന ബോധ്യമായിരുന്നു പരമ്പരയ്ക്ക് പിറകിൽ. പിന്നീട് കാലം സാക്ഷി. ഒന്നിന് പിറകെ ഒന്നായി സിനിമാ ചിത്രീകരണങ്ങൾ. അവയെല്ലാം നിരൂപകപ്രശംസയിലും പ്രേക്ഷകസ്വീകാര്യതയിലും മുന്നിലെത്തി.

കാസർകോട് എന്നാൽ മണിരത്‌നത്തിന്റെ ബോംബെയിലെ ഉയിരേ എന്ന ഗാനരംഗത്തിലെ ബേക്കൽ കോട്ട എന്ന പറച്ചിൽ മാറിത്തുടങ്ങി. ഇന്ന് ഇന്നാട്ടുകാർ എന്റെ നാട്, എന്റെ കവല, എന്റെ വീട്, എന്റെ കോളേജ്, എന്റെ നാട്ടുകാർ എന്ന് സ്‌ക്രീൻ നോക്കി പറഞ്ഞുതുടങ്ങി.

കുറച്ച് വർഷം മുൻപുവരെ കാസർകോട്ട് വല്ലപ്പോഴും ഓരോ സിനിമക്കാർ വന്നുപോകും. വേനലിലെ പുഴപോലെ ഒഴുക്കില്ല. എന്നാൽ ഇന്നതല്ല അവസ്ഥ. നിലവിൽ മൂന്ന്‌ സിനിമയുടെ ചിത്രീകരണം ജില്ലയുടെ പല ഭാഗങ്ങളിലായി നടക്കുന്നു. 1979-ൽ അരവിന്ദന്റെ കുമ്മാട്ടിയാണ് കാസർകോട്ട് ചിത്രീകരിച്ച ആദ്യ സിനിമകളിലൊന്ന്. പിന്നീട് വർഷങ്ങൾക്കുശേഷം മീനമാസത്തിലെ സൂര്യൻ, ഒരു മുത്തശ്ശിക്കഥ, പിറവി എന്നിവ എത്തി. എല്ലാം സിനിമാചരിത്രത്തിൽ ഇടംപിടിച്ചവ. ഏതാനും വർഷം മുൻപുവരെ മുഖ്യധാരാ സിനിമകൾ വരാൻ മടിച്ചെങ്കിൽ ഇന്ന് ഇഷ്ടലൊക്കേഷനായി കാസർകോട് മാറിക്കഴിഞ്ഞു.

സിനിമാ ചിത്രീകരണം തുടർച്ചയായി നടക്കുമ്പോഴാണ് ആ നാട്ടിലുള്ള ആൾക്കാരുടെ പ്രാതിനിധ്യം സിനിമയിൽ കൂടിവരിക. അങ്ങനെ നോക്കുകയാണെങ്കിൽ കാസർകോടൻ സിനിമയുടെ സുവർണകാലഘട്ടത്തിന്റെ ആരംഭമാണിത്. ടൊവിനോ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്‌, അർജുൻ അശോകൻ എന്നീ താരങ്ങളുടെ ചിത്രങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നുണ്ട്. വിജേഷ് പാണത്തൂർ, സുധീഷ് ഗോപിനാഥ് എന്നീ കാസർകോട്ടുകാരായ പുതിയ സംവിധായകരുടെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

തൊണ്ടിമുതലും ഉണ്ടയും

2017-ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും 2019-ൽ പുറത്തിറങ്ങിയ ഉണ്ട എന്നീ ചിത്രങ്ങളാണ് ഈ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് സിനിമാപ്രവർത്തനം സജീവമായി. 2021-ൽ സെന്ന ഹെഗ്‌ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ പുറത്തുവന്നതോടെ കാര്യങ്ങൾ വേഗത്തിലായി. ചിത്രത്തിൽ കാസർകോടിന്റെ ഭാഷ, വേഷം, സംസ്‌കാരം എന്നിവയുടെ അടയാളപ്പെടുത്തലുകളുണ്ടായി. ഇവയെല്ലാം മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്ന പുതുമയാണ് മറ്റ് സിനിമാപ്രവർത്തകരെയും കാസർകോട്ട് എത്തിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ‘ന്നാ താൻ കേസ് കൊട്‌’ തിയേറ്ററിൽ വെന്നിക്കൊടി പാറിച്ചു. ചിത്രീകരണത്തോട് കാസർകോട്ടുകാർ നന്നായി സഹകരിക്കുന്നതും അനുകൂലഘടകമായി.

ക്യാമറയും ലൈറ്റും വാഹനങ്ങളും താരങ്ങളും ജില്ലയിലെ ജനങ്ങൾക്ക് താരതമ്യേന പുതുമയുള്ള കാര്യങ്ങളാണ്. അവയെ ഉൾക്കൊള്ളാനുള്ള മനസ്സും ഈ നാട്ടുകാർ കാണിക്കുന്നു. ഇതാണ്‌ വീണ്ടും വീണ്ടും ഇങ്ങോട്ടെത്താൻ സിനിമാപ്രവർത്തകരെ പ്രേരിപ്പിക്കുന്നത്‌. കുറച്ച് കാലം മുൻപുവരെ കാസർകോട്ട് സിനിമ ചിത്രീകരിക്കുന്നത്‌ നഷ്ടമായി കണ്ടവർ തീരുമാനം മാറ്റിത്തുടങ്ങി. യാത്രാമാർഗങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും വികസിച്ചതോടെ കാസർകോടും മലയാള സിനിമാഭൂമികയിൽ സ്വന്തം ഇടം കണ്ടെത്തുകയാണ്.

Content Highlights: kasaragod movie locations, movies shooted in kasaragod, thinkalazhcha nishchayam, nna than


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented