-
കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് 'കരുണ' എന്ന പേരില്‍ നടന്ന സംഗീത പരിപാടിയില്‍നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയിട്ടിലെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഇത് സംബന്ധിച്ച വിവാദം ആദ്യമായി ഉന്നയിച്ചത്. പിന്നീട അത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഹൈബി ഈഡന്‍ എംപിയുടെ ആരോപണത്തിന് പിന്നാലെ പരിപാടിയിലൂടെ ലഭിച്ച 6.22 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ചെക്ക് ഞായറാഴ്ച പ്രോഗ്രാം ഡയറക്ടര്‍ ആഷിക് അബു പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 14-ാം തിയതിയിലുള്ള ചെക്കായിരുന്നു ഇത്. എന്നാല്‍ തട്ടിപ്പ് പിടിക്കപ്പെട്ടതോടെ പരിപാടി കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം പണമടച്ച ചെക്കാണിതെന്ന പേരിലും ആഷിക് അബുവിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
എന്താണ് കരുണ...

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പ്
'കരുണ' എന്ന പേരില്‍ പരിപാടി അറിയപ്പെടാനുള്ള കാരണം നിങ്ങള്‍ക്കറിയാം. പങ്കെടുക്കുന്നവരെല്ലാം തന്നെ ഒരു രൂപ പോലും പ്രതിഫലം മോഹിക്കാതെയാണു സഹകരിക്കാമെന്നേറ്റിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പ്രവേശന ഫീ വഴി ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു കൈമാറുന്നതാണു. ഇത്തരം കരുണാ പ്രവര്‍ത്തനങ്ങള്‍ സംഗീത മേഖലയിലും അല്ലാതെയും മുന്‍പും വിജയകരമായി നടന്നിട്ടുള്ളതാണെങ്കിലും വ്യക്തികളുടെയും യോനറുകളുടെയുമൊക്കെ ഇത്ര വൈവിധ്യമാര്‍ന്ന ഒരു സംഗമം എന്ന് പറയുന്നത് തീര്‍ച്ചയായിട്ടും കേരളത്തെ സംബന്ധിച്ച് ആദ്യമായിട്ടു തന്നെയാണു! ഒരു ക്ലൈം എന്നതിനേക്കാള്‍ ആ സന്തോഷം നിങ്ങളുമായി പങ്കവയ്ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
'കേരളം കണ്ട ഏറ്റവും വലിയ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട്'.
കരുണയുടെ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഭാരവാഹികളും സംഗീത സംവിധായകരുമായ ബിജിബാല്‍, ഷഹബാസ് അമന്‍, പ്രോഗ്രാം ഡയറക്ടര്‍- ആഷിക് അബു, ചീഫ് കോര്‍ഡിനേറ്റേഴ്‌സ്-ശ്യാം പുഷ്‌കരന്‍- മധു സി നാരായണന്‍, ഈവന്റ് മാനേജേഴ്‌സ്-ഇംപ്രസാരിയോ, ഡിസൈനേഴ്‌സ് പോപ്‌കോണ്‍, ലൈറ്റ്&സൗണ്ട് മീഡിയാ പ്രോ, സൗണ്ട് എഞ്ചിനിയേഴ്‌സ്-നിതിന്‍ സൈമണ്‍, ആര്‍.പ്രദീപ് കൃഷ്ണന്‍, ലൈറ്റിംഗ്- എഞ്ചിനിയര്‍ മനു ജേക്കബ്, ലൈറ്റിംഗ് ഡിസൈനര്‍ ജയേഷ് മോഹന്‍, സംഗീത ജനചന്ദ്രന്‍(സോഷ്യല്‍ മീഡിയ) ആതിര ദില്‍ജിത്ത് (പബ്ലിക് റിലേഷന്‍സ്) ചിത്രീകരണ വിഭാഗമായ റോയല്‍ വിഷന്‍ കൊച്ചി, പ്രതിഫലം പറ്റാതെ പരിപാടിയില്‍ അണിചേര്‍ന്ന മുഴുവന്‍ ഗായികാഗായകന്മാരും, ഉപകരണസംഗീതജ്ഞരും, കൂടാതെ കെ.എം.എഫി ന്റെ രണ്ട് പ്രധാന വൈബ് കേന്ദ്രങ്ങളായ ബോധി സൈലന്റ്‌സ്‌കേപ്പ് & കഫേ പപ്പായ.
പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ പ്രശസ്തര്‍ രംഗത്ത് വരുന്നു. ഫെയ്‌സ്ബുക്ക് വഴി ഒട്ടനവധി താരങ്ങള്‍ കരുണയ്ക്ക് പ്രമോഷന്‍ നല്‍കി.
കരുണ വിജയമായിരുന്നോ?

കരുണയ്ക്ക് വലിയ ജനപങ്കാളിത്തമുണ്ടായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പരിപാടിക്ക് ശേഷം കൊച്ചി മ്യൂസിക് ഫൗണ്ടേഷനില്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ... 'കരുണ'യെ എല്ലാ അര്‍ത്ഥത്തിലും സ്‌നേഹത്തിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുകയും മുന്നിലും പിന്നിലും തൊട്ട്‌തൊട്ടും ആത്മാര്‍ത്ഥതയോടെ അവസാനം വരെ കൂടെ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വലിയൊരു വിജയത്തിലേക്ക് എടുത്തുയര്‍ത്തുകയും ചെയ്ത ഓരോരുത്തരോടും ഞങ്ങള്‍ക്കുള്ള അതിരുകളില്ലാത്ത നന്ദിയും സ്‌നേഹവും ഇവിടെ അറിയിക്കുകയാണ്.
വിവാദം..
കൊച്ചി മ്യുസിക് ഫൗണ്ടേഷന്റെ പരിപാടിയില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണവുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ രംഗത്ത് വരുന്നു. ശക്തമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിവരാകാശ അപേക്ഷയുടെ മറുപടിയില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയിട്ടില്ലെന്ന് വ്യക്തമാകുന്നു. ഫെബ്രുവരി 6-ാം തിയ്യതിയാണ് വിവരാവകാശ കമ്മീഷന്‍ മറുപടി നല്‍കിയത്. ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപെട്ട് ബിജെപി നേതാവ് ഓ.രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.


കരുണ ലാഭമായിരുന്നില്ലെന്ന വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍...
മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ച പശ്ചാത്തലത്തില്‍ കരുണ സാമ്പത്തിക നഷ്ടത്തിലായിരുന്നുവെന്ന വാദവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നു. അതിന് അവര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ...
''ടിക്കറ്റ് വഴി കിട്ടുന്ന തുക എത്രയായാലും അത് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാം എന്ന് തീര്‍ച്ചയായും കെ.എം.എഫ് തീരുമാനിച്ചിരുന്നു. പക്ഷെ അത് 'ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടി' എന്ന നിലക്ക് പരസ്യം ചെയ്ത് കൊണ്ടായിരിക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും തലത്തില്‍ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് പരിപാടി ഉയര്‍ന്നെങ്കിലും സാമ്പത്തികമായി നഷ്ടത്തിലാണു കലാശിച്ചത്. ഒന്നാമത്തെ കാരണം പരിപാടിക്ക് ഒറ്റ സ്‌പോണ്‍സര്‍മാരുമുണ്ടായിരുന്നില്ല എന്നതാണു. 'കരുണ' ഒരു സെല്‍ഫ് ഫണ്ടഡ് പ്രോഗ്രാം ആയിരുന്നു. നല്ല സപോണ്‍സേഴ്‌സിനെ കിട്ടാന്‍ വേണ്ടി ധാരാളം സമയം എടുത്ത് അലഞ്ഞ് നടക്കുമ്പോഴേക്കും ഇത്രയധികം കലാകാരെ സമയബന്ധിതമായി ഒന്നിച്ചു നിര്‍ത്തുക എന്നത് അസാധ്യമായിത്തീര്‍ന്നു. എന്നാല്‍ എന്തെങ്കിലും പരിപാടി തട്ടിക്കൂട്ടിക്കൊണ്ട് കെ.എം.എഫി നു തുടക്കം കുറിക്കുന്നതില്‍ പ്രത്യേകിച്ച് ഒരു അര്‍ത്ഥമില്ല താനും. ഒടുവില്‍ ക്വാളിറ്റിയുള്ള ഒരു പ്രോഗ്രാമിനു വേണ്ടി ഒരു സ്‌പോണ്‍സേഴ്സുമില്ലാതെ, യാതൊരു പുറം ഫണ്ടിങ്ങുമില്ലാതെ ഫൗണ്ടേഷന്‍ അംഗങ്ങളുടെ സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് കൊണ്ട് പരിപാടി നടത്തുകയാണുണ്ടായത്. സംഗീതപരമായി പരിപാടി നല്ല നിലവാരം പുലര്‍ത്തണം എന്നത് കെ.എം.എഫിനെ സംബന്ധിച്ച് ഒരു കമ്മിറ്റ്മെന്റ് തന്നെയായിരുന്നു.തുടര്‍ന്നും അത് അങ്ങനെത്തന്നെ ആയിരിക്കും. ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ 6 ലക്ഷത്തി 22,000 രൂപ ആണു പരിപാടിയുടെ വരവ് തുക.

സ്റ്റേജ്, ലൈറ്റ്, മറ്റു പ്രോപ്പര്‍ട്ടികള്‍, പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി, ഫ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള യാത്രകള്‍, താമസം, ഫ്‌ലോര്‍ കാര്‍പ്പെറ്റ്, സ്റ്റേഡിയം ജനറേറ്റര്‍, ഈവ്ന്റ് മാനേജ്മന്റ് എന്നീ വിഭാഗങ്ങളിലായി ചിലവ് വന്നത് 23 ലക്ഷം രൂപയും.''
ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കുന്നതിനുള്ള പരിപാടിയല്ല കരുണയെന്ന് ആഷിക് അബു

പ്രളയത്തില്‍ ദുരിതക്കയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായമായി സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശ തട്ടിപ്പായിരുന്നെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു പറഞ്ഞ് ഹൈബി ഈഡന്‍ എം പി രംഗത്ത് വന്നു. തീര്‍ത്തും സൗജന്യമായി നടത്തിയ പരിപാടിയില്‍ നിന്നും സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകള്‍ കാണിക്കണമെന്നും ആഷിക്കിനോട് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. തുക കൈമാറിയ ചെക്കിന്റെ ഫോട്ടോ സഹിതമാണ് ആഷിക് അബു മറുപടി നല്‍കിയത്.
ആഷിക് അബു നല്‍കിയ മറുപടിയില്‍ കരുണ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ലെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചതാണെന്നും വ്യക്തമാക്കുന്നു. തുക കൈമാറിയിരിക്കുന്നത് ഫെബ്രുവരി 14-നാണ്. ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് പണം കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കന്നതിന് വേണ്ടി നടത്തിയ പരിപാടിയല്ല ഇതെന്ന് ആഷിക് അബു അവകാശപ്പെടുമ്പോഴും അദ്ദേഹം തന്നെ മറ്റൊരു കാര്യം പറയുന്നുണ്ട്...
''ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷന്‍, ആര്‍.എസ്.സി ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ സ്‌നേഹപൂര്‍വ്വം അനുവദിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു''.
കരുണയുടെ ടിക്കറ്റില്‍ പരിപാടിയിലൂടെ ലഭിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കളക്ടറിന്റെ താക്കീത്... പ്രതിരോധത്തിലായി സംഘാടകര്‍

കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ ഫൗണ്ടേഷന്റെ ഭാരവാഹികളിലൊരാളായ സംഗീത സംവിധായകന്‍ ബിജിബാലിന് കത്തയച്ചു. കളക്ടര്‍ കരുണയുടെ രക്ഷാധികാരിയായിരുന്നുവെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്. എന്നാല്‍ കള്ക്ടര്‍ നല്‍കിയ കത്തിലെ വിവരങ്ങള്‍ ഇങ്ങനെ...
താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല. തന്റെ പേര് രക്ഷാധികാരി എന്ന നിലയില്‍ നിങ്ങള്‍ ഉപയോഗിച്ചതായി ചില പത്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളിലൂടെ മനസ്സിലായി. എന്റെ പേര് ഉപയോഗിക്കുന്നത് നിയമവിരുധമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും.
ആര്‍.എസ്.സിയിലെ ഭിന്നിപ്പ്
ആഷിക് അബുവിന്റെയും കൂട്ടരുടെയും കൊച്ചി മ്യൂസിക് ഫൗണ്ടേഷന് റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ സൗജന്യമായി വിട്ടുനല്‍കിയത് ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു. പരിപാടിയിലൂടെ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടോയെന്ന് അംഗമായ വി.ആര്‍.നായര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സുതാര്യത ഉറപ്പു വരുത്താനാണ് അന്ന് ഈ ആവശ്യം ഉന്നയിച്ചതെന്ന് വി.ആര്‍.നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററിന്റെ ഒരു ദിവസത്തെ വാടക ഒന്നര ലക്ഷം രൂപയാണ്. കരുണ സംഗീതനിശയ്ക്കും റിഹേഴ്സലിനുമായി കഴിഞ്ഞ ഒക്ടോബര്‍ 29 മുതല്‍ സ്റ്റേഡിയം സൗജന്യമായി വിട്ടുനല്‍കണമെന്നായിരുന്നു സംഘാടകരുടെ ആവശ്യം. ഈ വിഷയം സ്പോര്‍ട്സ് സെന്റര്‍ യോഗത്തില്‍ ചര്‍ച്ചയായിരുന്നപ്പോള്‍ തന്നെ അംഗമായ വി.ആര്‍.നായര്‍ എതിര്‍പ്പറിയിച്ചിരുന്നു. പണം ദുരിതാശ്വാസ നിധിയിലേക്ക് തന്നെ എത്തുമോ എന്നതായിരുന്നു ആശങ്ക. ഇക്കാര്യം ഉറപ്പുവരുത്താന്‍ സ്പോര്‍ട്സ് സെന്റര്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിരുന്നുവെന്നും തന്റെ വിയോജനക്കുറിപ്പോടെയാണ് അന്ന് തീരുമാനം കൈകൊണ്ടതെന്നും വി.ആര്‍.നായര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ നിരന്തരം അറിയിച്ചതിനെത്തുടര്‍ന്നാണ് സൗജന്യമായി സ്റ്റേഡിയം വിട്ടുനല്‍കിയതെന്ന് ആര്‍.എസി.സി അധികൃതര്‍ പറയുന്നു. എന്നാല്‍ കരുണ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ലെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതാണെന്നുമാണ് ആഷിക് അബുവിന്റെ വിശദീകരണം. ഇത് തന്നെ വലിയ വൈരുദ്ധ്യമാണ്.
ആരോപണങ്ങളെ ശക്തമാക്കുന്ന തെളിവുകള്‍ പുറത്ത്
തുക കൈമാറാന്‍ സാവകാശം ചോദിച്ചുവെന്ന് സംഘാടകര്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്‌പോര്‍ട്ട്‌സ് സെന്റര്‍ സംഘാടകര്‍ക്ക് അയച്ച കത്തിന് മറുപടി ലഭിച്ചില്ല. സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സംഘാടകര്‍ക്ക് അയച്ച കത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...
2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചത്. എന്നാല്‍ ഇതില്‍നിന്ന് ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നില്ല. തുടര്‍ന്ന് 2020-ല്‍ ജനുവരി മൂന്നിന് സ്പോര്‍ട്സ് സെന്റര്‍ സംഗീത നിശയുടെ സംഘാടകര്‍ക്ക് കത്തയച്ചിരുന്നു. സംഘാടകര്‍ ഇതിന് മറുപടി നല്‍കിയില്ല.'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടയ്ക്കാന്‍ വേണ്ടി പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറഞ്ഞ് നിങ്ങള്‍ സൗജന്യമായി വേദി ഉപയോഗിച്ചു. എന്നാല്‍ ആ പണം അടച്ചിട്ടുണ്ടോ അല്ലെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്താണ്?' എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ഫെബ്രുവരി ആറിന് പണമടച്ചില്ല എന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി പതിനാലിന് സംഘാടകര്‍ പണമടച്ചു. ജില്ലാ കളക്ടറോട് പണം അടക്കുന്നതിന് മാര്‍ച്ച് 31 വരെ സാവകാശം ചോദിച്ചിരുന്നുവെന്നാണ് സംഘാടകര്‍ പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍ ഇക്കാര്യം റീജണല്‍ സ്പോര്‍ട്സ് സെന്ററോ അധികൃതരോ അറിഞ്ഞിരുന്നില്ല. സാവകാശം ചോദിച്ചിട്ടുണ്ടെങ്കില്‍ സ്പോര്‍ട്സ് സെന്ററിന്റെ കത്തിന് മറുപടിയായി അത് നല്‍കാമായിരുന്നു.
പരാതിയില്‍ നടപടിയെടുക്കുമോ?
സംഭവത്തില്‍ ജില്ലാ കളക്ടറുടെ പരാതി പോലീസിന്റെ മുന്നിലുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ മുമ്പാകെയുള്ള പരാതി പരിശോധിച്ചുവരികയാണ്.
ഇനിയും ഉത്തരം കിട്ടാത്ത കാര്യങ്ങള്‍
- എത്ര ടിക്കറ്റുകള്‍ വിറ്റുപോയെന്ന വിവരം സംഘാടകര്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.
- സ്‌പോര്‍സര്‍ഷിപ്പ് ഉണ്ടായിരുന്നില്ല എന്ന് പറയുമ്പോള്‍ തന്നെ ടിക്കറ്റില്‍ കൊടുത്തിരിക്കുന്ന സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാര്‍ ആയിരുന്നു എന്ന ആരോപണത്തിന് മറുപടിയില്ല
- ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ലെന്ന് ആഷിക് അബു അവകാശപ്പെടുമ്പോള്‍ ടിക്കറ്റില്‍ ദുരിതാശ്വാസ നിധിയെക്കുറിച്ച് കൃത്യമായ പരാമര്‍ശമുണ്ട്. ആര്‍.എസ്.സി സ്‌റ്റേഡിയം സൗജന്യമായി നല്‍കിയതും ഇതേ കാരണം കൊണ്ടായിരുന്നു.
- കളക്ടര്‍ പരിപാടിയുടെ രക്ഷാധികാരിയായിരുന്നുവെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ അവകാശപ്പെട്ടിരുന്നു. കളക്ടര്‍ നിഷേധിച്ചിട്ടും ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തത് എന്തുകൊണ്ട്?
- ആരോപണം ഉയര്‍ന്നതിന് ശേഷമാണ് പണം കൈമാറിയത്. ഇതെക്കുറിച്ച് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതയില്ല.
- തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ എന്ന സ്‌പോര്‍ട്‌സ് സെന്ററിന്റെ ചോദ്യത്തിന് പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട്?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..