കാരൈക്കുടി മണി | photo: mathrubhumi archives
തന്ത്രിവാദ്യങ്ങളുടെയോ സുഷിരവാദ്യങ്ങളുടെയോ പിന്തുണയില്ലാതെ താളവാദ്യങ്ങൾമാത്രം ഉപയോഗിച്ച് കർണാടക സംഗീതക്കച്ചേരി നടത്താമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തയാളാണ് കാരൈക്കുടി ആർ. മണി. ഗുരു കാരൈക്കുടിയെ ‘താളവാദ്യ ചക്രവർത്തി’യെന്നാണ് ആസ്വാദകർ വിശേഷിപ്പിച്ചിരുന്നത്.
ടി. രാമനാഥ അയ്യരുടെയും പട്ടമ്മാളിന്റെയും മകനായി കാരൈക്കുടിയിൽ 1945 സെപ്റ്റംബർ 11-നാണ് ഗണപതി സുബ്രഹ്മണ്യമെന്ന മണിയുടെ ജനനം. പാലക്കാട് മണി അയ്യരെ മൃദംഗത്തിലെ അവസാനവാക്കായി കണക്കാക്കിയ സമയത്താണ് കാരൈക്കുടി മണിയുടെ തുടക്കം. മണി അയ്യരെ മാനസഗുരുവായി സ്വീകരിച്ച ആ യുവാവിന് അദ്ദേഹത്തിന്റെ പ്രതാപകാലത്തുതന്നെ ശ്രദ്ധേയനാവാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെയും പഴനി സുബ്രഹ്ണ്യം പിള്ളയുടെയും വാദനശൈലിയുടെ ആരാധകനായിരുന്നെങ്കിലും പിന്നീട് സ്വന്തമായി രൂപംകൊണ്ട ‘കാരൈക്കുടി മണി ബാണി’യുടെ പ്രയോക്താവായി.
മൂന്നാംവയസ്സിൽ രംഗു അയ്യങ്കാരുടെ ശിഷ്യനായി സംഗീതപഠനം തുടങ്ങിയ മണി എട്ടാംവയസ്സിൽ ഗുരുവിനൊപ്പം ആദ്യ കച്ചേരി അവതരിപ്പിച്ചു. മൃദംഗത്തിനുവേണ്ടി പിന്നീട് വായ്പാട്ട് ഉപേക്ഷിച്ചു. ചെന്നൈയിലേക്കു താമസംമാറിയപ്പോൾ കെ.എം. വൈദ്യനാഥന്റെയും ടി.ആർ. ഹരിഹരശർമയുടെയും കീഴിൽ പഠനം തുടർന്നു.
കർണാടകസംഗീതത്തിലെ അതികായരായ എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുരൈ സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, എന്നിവരുടെ കച്ചേരികൾക്ക് മൃദംഗം വായിച്ചു. ആ കൂട്ടുകെട്ട് ഇന്നത്തെ തലമുറയിലെ ടി.എം. കൃഷ്ണയും സഞ്ജയ് സുബ്രഹ്‌മണ്യവും വരെ നീണ്ടു.
കർണാടകസംഗീതത്തിന്റെ ആന്തരികസൗന്ദര്യത്തെ മൃദംഗത്തിലൂടെ പ്രസരിപ്പിച്ച അദ്ദേഹം മൃദംഗത്തിനൊപ്പം ഘടം, തവിൽ, ചെണ്ട തുടങ്ങിയ താളവാദ്യങ്ങൾമാത്രം ചേർത്ത് തനിയാവർത്തനങ്ങൾ അവതരിപ്പിച്ചു. മൃദംഗം, പുല്ലാങ്കുഴൽ, മാൻഡലിൻ, വയലിൻ, ഘടം, തബല എന്നീ ആറുവാദ്യങ്ങളുമായി അവതരിപ്പിച്ച ഒരുമണിക്കൂറോളംനീണ്ട ‘ഷൺമുഖ’ എന്ന സംഗീതവിരുന്ന് ആഗോളതലത്തിൽത്തന്നെ ശ്രദ്ധനേടി. പോൾ സൈമൺ, പോൾ ഗ്രബോസ്കി, ജോൺ കൈസാൻ നെപ്ട്യൂൺ തുടങ്ങിയ വിദേശസംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചു. മൃദംഗത്തിന്റെ താളത്തിനൊത്ത് ഭരതനാട്യത്തിന്റെ ചുവടുകൾ അവതരിപ്പിച്ച് താളവാദ്യത്തിന് ദൃശ്യരൂപം നൽകി.
‘ശ്രുതിലയ’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ താളവാദ്യസംഘം ലോകമെമ്പാടും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം തുടങ്ങിയ ‘ലയമണി ലയം’ എന്ന സംഗീത-നൃത്ത മാസികയ്ക്ക് ലോകമെങ്ങും വരിക്കാരുണ്ട്. സംഗീതത്തിന്റെ പ്രോത്സാഹനത്തിനായി തുടങ്ങിയ ശ്രുതിലയ സേവാ ട്രസ്റ്റ്, ശ്രുതിലയ കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്ക് പ്രധാന നഗരങ്ങളിൽ കേന്ദ്രങ്ങളുണ്ട്.
അരനൂറ്റാണ്ടിലേറെ കർണാടകസംഗീതലോകത്ത് നിറഞ്ഞുനിന്ന 77-കാരനായ കാരൈക്കുടി ആർ. മണി വ്യാഴാഴ്ച ചെന്നൈയിൽ വെച്ചാണ് അന്തരിച്ചത്. പതിനെട്ടാം വയസ്സിൽ രാഷ്ട്രപതിയിൽനിന്ന് ആദ്യ ദേശീയപുരസ്കാരം ഏറ്റുവാങ്ങിയ അതുല്യകലാകാരന് 1999-ൽ സംഗീത-നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
Content Highlights: karaikkudi mani karnatic music legendary mridangam artist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..