സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം ജൂറി ചെയര്മാന് കുമാര്‍ സാഹ്നിയുടെ ഫോണ്‍കോള്‍ മികച്ച സിനിമയുടെ സംവിധായകന് സി. ഷെരീഫിനെത്തേടിയെത്തി.
''ഷെരീഫില്‍ കാലത്തിന്റെ പള്‍സറിയുന്ന നല്ല ഡയറക്ടറെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും, മലയാളത്തിന്റെ പരിമിതി വിട്ട് വരൂ, ഞാന്‍ താങ്കളെ അവിടേക്ക് ക്ഷണിക്കുന്നു...'' കുമാര്‍ സാഹ്നിയുടെ വാക്കുകള്‍ വലിയ ഊര്‍ജമാണ് ഈ കലാകാരനില്‍ നിറച്ചത്. കാരണം പരിമിതികളോടും പ്രതിസന്ധികളോടും പോരാടിയാണ് ഷെരീഫ് കാന്തന്-ദ ലവര് ഓഫ് കളര്‍ എന്ന ചിത്രമൊരുക്കിയത്. അംഗീകാരത്തിലേക്ക് പിടിച്ചുകയറിയ ആ യാത്രയുടെ കഥ പറയുകയാണ് റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ ഈ കലാകാരന്...
''വടക്കന്‍കേരളത്തില്‍ തളിപ്പറമ്പിനടുത്ത് കൂവേരിയാണ് എന്റെ നാട്. സിനിമ വലിയ സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കും എന്നല്ലാതെ അതിലേക്കുള്ള വഴിയൊന്നുമറിയില്ല.
അത്തരം ആഗ്രഹത്തിന്റെ ആദ്യപടിയെന്നോണമാണ് സെക്ഷന്‍ 376, ബീഫ്, റിയര്‍വ്യൂ എന്നീ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയത്. അതിന് കിട്ടിയ പ്രോത്സാഹനത്തില്‍ ഈ രംഗത്ത് ഇനിയും എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ഉണ്ടായി. അങ്ങനെ കണ്ണൂരിലെ കലാസ്നേഹികളുടെ കൂട്ടായ്മയില്‍ ഒരുക്കിയ ജനകീയ സിനിമകളായ നന്മകള് പൂക്കുന്ന നാട്ടില്‍, ഇളംവെയില്‍ എന്നീ സിനിമകള്‍ക്ക് അസോസിയേറ്റ് ഡയറക്ടറായി. ഇതാണ് ഈ മാധ്യമരംഗത്തെ എന്റെ മുന്‍ പരിചയം.
രോഹിത് വെമുലയുടെ മരണപശ്ചാത്തലത്തില് പത്തുമിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ഒരു ഷോര്ട്ട്ഫിലിമായാണ് ഈ ചിത്രം തുടങ്ങിയത്. ദളിതരുടെ പ്രശ്നമായിരുന്നു ചിത്രത്തിന് വിഷയം. പിന്നീട് ആ ചിത്രം ഞങ്ങളറിയാതെ 20 മിനിറ്റായി വളര്‍ന്നു. അതിനിടയില്‍ വയനാട്ടിലെ ആദിവാസികളുമായി ഇട പഴകാന്‍ കഴിഞ്ഞപ്പോഴാണ് അവരുടെ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞത്. പിന്നീട് അവരുടെ പ്രശ്നങ്ങളും ആചാരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമായപ്പോള്‍ ഒരുമണിക്കൂര്‍ നാല്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമായത് വളര്‍ന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായ കാന്തനായെത്തിയത് 2012-ല്‍ സംസ്ഥാന ജൂറി പരാമര്‍ശം നേടിയ മാസ്റ്റര്‍ പ്രജിത്തായിരുന്നു. കഥയില്‍ ഇത്തിയമ്മ എന്ന മുത്തശ്ശിവേഷം വളര്‍ന്നപ്പോള്‍ അത് ദയാഭായ് ചെയ്താല്‍ നന്നാകുമെന്ന്തോന്നി, ആദ്യം നിരസിച്ചെങ്കിലും കഥകേട്ടപ്പോള്‍ അവര്‍ സന്തോഷത്തോടെ സ്വീകരിച്ചു. ബാക്കി കഥാപാത്രങ്ങളെ വയനാട്ടിലെ തിരുനെല്ലിയിലെ കുറിച്യ വര്‍ഗക്കാരാണ് അവതരിപ്പിച്ചത്. വസ്ത്രാലങ്കാരമോ ചമയമോ ഇല്ലാതെ കഥാപാത്രങ്ങളെ യഥാര്‍ഥമായാണ് ഞങ്ങള്‍ അവതരിപ്പിച്ചത്.
സൗഹൃദക്കൂട്ടായ്മയില്‍ നിര്‍മാണം തുടങ്ങിയ ചിത്രം പ്രതീക്ഷകള്‍ തകിടം മറിച്ച് വളര്‍ന്നപ്പോള്‍ സാമ്പത്തിക ബാധ്യതയായി, കൂട്ടൂകാര്‍ പിന്‍വാങ്ങി. പിന്നീട് ടാപ്പിങ്ങില്‍നിന്ന് കിട്ടുന്ന ചെറിയ തുക സ്വരൂപിച്ചും കിട്ടുന്ന സ്ഥലത്തുനിന്നെല്ലാം കടംവാങ്ങിയുമാണ് ഞാന്‍ സിനിമ പൂര്‍ത്തിയാക്കിയത്. എനിക്കൊപ്പം ഛായാഗ്രാഹകനായി പ്രിയനും സംഗീതസംവിധായകനായി സച്ചിന്ബാബുവുംചേര്ന്നു. ഇരുപത്തയ്യായിരം രൂപയ്ക്ക് തുടങ്ങിയ ചിത്രം പൂര്‍ത്തിയായപ്പോള്‍ 25 ലക്ഷമായി.''