രണ്ട് ബന്ധമാണ് കന്നഡയുടെ അംബരീഷിന് മലയാളവുമായി ഉണ്ടായിരുന്നത്. ഒന്ന് നടനായും മറ്റൊന്ന് പ്രിയതാരം സുമലതയുടെ ഭര്‍ത്താവെന്ന നിലയിലും. വയലിൻ മാന്ത്രികൻ ചൗഡയ്യയുടെ കുടുംബത്തിൽ പിറന്നിട്ടും സംഗീതവഴിയിൽ സഞ്ചരിക്കാത്ത അംബരീഷിനെ മലയാളികൾ ഇന്നും ഓർക്കുന്നത് ഒരു സംഗീതജ്ഞന്റെ വേഷത്തിന്റെ പേരിലാണ്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനത്തിൽ അരവിന്ദൻ എന്ന സംഗീതജ്ഞന്റെ വേഷമാണ് അംബരീഷ് ചെയ്തത്. പിന്നീട് ഒൻപത് വർഷം കഴിഞ്ഞാണ് അക്കാലത്ത് മലയാളത്തിലെ നിറസാന്നിധ്യമായിരുന്ന സുമലതയെ മിന്നുകെട്ടുന്നത്. വിവാഹശേഷം സുമലത അഭിനയിച്ചിട്ടില്ല.
രാജ്കുമാറിനും വിഷ്ണുവർധനുമൊപ്പം ത്രിമൂർത്തികളിൽ ഒരാളായി പതിറ്റാണ്ടോളം കന്നഡ സിനിമയിൽ അരങ്ങു വാണ താരം കൂടിയാണ് അംബരീഷ്. റിബല്‍ സ്റ്റാർ എന്ന ഇമേജായിരുന്നു അംബരീഷിന്. ബോളിവുഡിലെ അമിതാഭ് ബച്ചന്റെ പതിപ്പായ കന്നഡയുടെ ക്ഷുഭിത യൗവ്വനം. ഇൗ വേറിട്ട ഇമേജ് കൊണ്ടാണ് അംബരീഷ് രാജ്കുമാറിനും വിഷ്ണുവർധനുമിടയൽ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്തത്. ഈ ഇമേജിന്റെ കാര്യത്തിൽ മാത്രമല്ല, കന്നഡയ്ക്ക് അത്ര പരിചിതമല്ലാത്ത, രാഷ്ട്രീയവും സിനിമയും കൈകോർക്കുന്ന ഫോർമുല ഉപയോഗിക്കുന്ന കാര്യത്തിലും വേറിട്ടുനിന്ന ആളാണ് അംബരീഷ്. ഇക്കാര്യത്തിൽ തന്റെ മുൻഗാമികളല്ല, തെലുങ്കിലെ എൻ.ടി. ആറും തമിഴകത്തെ എം.ജി.ആറുമായിരുന്നു മാതൃക. രാജ്കുമാറും വിഷ്ണുവർധനും ബോധപൂർവം തന്നെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ തന്റെ ജനപ്രിയത രാഷ്ട്രീയത്തിലേയ്ക്കുള്ള ചവിട്ടുപടിയാക്കുകയായിരുന്നു അംബരീഷ്. മാണ്ഡ്യയിൽ പങ്കെടുത്ത ആദ്യ യോഗത്തിൽ തന്നെ ചീമുട്ടകളും ചെരുപ്പുകളുമൊക്കെയായിരുന്നു വരവേറ്റതെങ്കിൽ അതേ മാണ്ഡ്യയിൽ നിന്ന് മൂന്ന് തവണ, അതും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഒരിക്കൽ കേന്ദ്രമന്ത്രിയും പിന്നീട് സംസ്ഥാന മന്ത്രിയുമായി. തമിഴിന്റെയും തെലുങ്കിന്റെയും വഴിയിൽ നിന്ന് മാറി സഞ്ചരിച്ച കർണാകടത്തിൽ രാഷ്ട്രീയക്കാര്‍ക്കിടയിലെ ഏക സിനിമാക്കാരനും സിനിമാക്കാര്‍ക്കിടയിലെ ഏക രാഷ്ട്രീയക്കാരനുമായിരുന്നു ഏറെക്കാലം അംബരീഷ്. രണ്ടിടത്തും ഒരുപോലെ സജീവമാവുകയും തന്റേതായ ഒരു ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു.
തന്റെ ആദ്യ ചിത്രമായ നാഗരാഹാവുവിലൂടെ തന്നെ അംബരിഷ് കന്നഡ സിനിമയില്‍ തന്റെ വ്യക്തമായ സ്ഥാനം നേടിയെടുത്തെന്നു പറയാം. ശത്രുഘ്നന്‍ സിന്ഹയുമായുള്ള സാമ്യം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ ആദ്യ കാലങ്ങളില്‍ ഒരുപാട് സഹായിച്ചിരുന്നു. കന്നഡ സിനിമയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നത് അദ്ദേഹത്തെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ സഹായിച്ചു.
1994ലെ അസംബ്ലി ഇലക്കഷന്‍ തൊട്ട മുന്‍പാണ് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേരുന്നത്. എന്നാല്‍ തങ്ങളുടെ റിബല്‍ താരത്തിന്റെ രാഷ്ട്രീയ പരിവേഷം ജനങ്ങള്‍ തുടക്കത്തിൽ സ്വീകരിച്ചില്ല. പല പൊതുവേദികളിലും ചെരുപ്പ് എറിഞ്ഞും ചീഞ്ഞ മുട്ട എറിഞ്ഞുമാണ് ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. 1996ലെ പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ അദ്ദേഹം പാര്‍ട്ടി വിട്ടു. എന്നാല്‍ ഹിറോയിസം സിനിമയില്‍ മാത്രല്ല രാഷ്ട്രിയത്തിലും സാധ്യമാണെന്ന് അംബരീഷ് തെളിയിച്ചു.1998 ലെ പൊതു തിരഞ്ഞെടുപ്പില്‍ ജനതാദള്‍ ടിക്കറ്റില്‍ മാണ്ഡ്യയില്‍ നിന്നും മത്സരിച്ച അംബരീഷ് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിയെ തോല്പിച്ചത്. ഒരു വർഷത്തിനകം കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയ അംബരീഷ് മാണ്ഡ്യയില്‍ തന്നെയാണ് മത്സരിച്ചത്. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ കോൺഗ്രസ് ടിക്കറ്റിൽ 1999ലും 2004ലും വിജയിച്ചു. 2004 മുതൽ 2006 വരെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.
എവിടെയും തന്റെ വിയോജിപ്പുകള്‍ അറിയിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത അദ്ദേഹം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കാവേരി ട്രൈബ്യൂണല്‍ വിധിയോടു വിയോജിച്ച് രാജിവച്ചു. എന്നാല്‍ ഈ രാജി ഔദ്യോഗിമായി സ്വീകരിക്കപ്പെട്ടില്ല. എന്നാല്‍, 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാറ്റ് മാറിവീശി. മാണ്ഡ്യയിൽ ആദ്യമായി അംബരീഷ് മുട്ടുകുത്തി. പിന്നീട് കര്‍ണാടക മന്ത്രിസഭയില്‍ ഭവനവകുപ്പ് മന്ത്രിയായി. എന്നാൽ, സിദ്ധരാമയ്യ മന്ത്രിസഭാ പുനഃസംഘടനത്തിൽ അംബരീഷിനെ ഒഴിവാക്കിയത് വൻ വിവാദത്തിന് വഴിവച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചതുവഴി പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയത്തിലും ചെയ്ത വേഷങ്ങൾക്കും റിബൽ സ്വഭാവമുണ്ടായിരുന്നെങ്കിലും സിനിമയിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അങ്ങേയറ്റത്തെ സഹൃദയനായിരുന്നു അംബരീഷ്. സൂപ്പർതാരനിരയിൽ എതിരാളിയായിരുന്നെങ്കിലും വിഷ്ണുവർധനുമായി ദൃഢമായ ഒരു സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു അംബരീഷ്. നഗരഹാവു എന്ന ചിത്രത്തില്‍ തുടങ്ങിയ സൗഹൃദം ഏവരേയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ഈ ചിത്രത്തില്‍ അംബരീഷ് വില്ലനും വിഷ്ണുവര്ദ്ധന് നായകനുമായിരുന്നു. പിന്നീടാണ് അംബരീഷും നായകപദവിയിലേയ്ക്ക് ഉയർന്നു. ഒന്നിച്ച് ഒരേ കാലത്ത് നായകരായി നിറഞ്ഞുനിന്നിട്ടും ഇവരുടെ ഇടയില്‍ അസ്വാരസ്യങ്ങള്‍ ഒന്നും തന്നെ ഉടലെടുത്തിരുന്നില്ല. അപൂർവമായിരുന്നു സിനിമാലോകത്ത് ഇത്തരം സൗഹൃദങ്ങൾ. 2009ല്‍ വിഷ്ണുവര്ദ്ധന് വിട പറഞ്ഞപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതില്‍ അദ്ദേഹം മുന്‍ പന്തിയില്‍ ഉണ്ടായിരുന്നത് അംബരീഷായിരുന്നു. 2000ല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ദിഗജ്ജാരുവിലെ കുച്ചിക്കു കുച്ചിക്കു എന്ന പാട്ടില്‍ ഇരുവരുടെയും സൗഹൃദം വിളിച്ചോതുന്ന രംഗങ്ങളായിരുന്നു. ഇതു കൂടാതെ സ്നേഹിതാര സവാല്, സ്നേഹ സേതു, മഹാ പ്രജണ്ടരു, അലളേ ഹെജ്ജേ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ച് എത്തിയതായിരുന്നു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അദേഹം ഒട്ടും സെലക്ടടീവായിരുന്നില്ല. എന്നാൽ, മനസ്സില്‍ തങ്ങിനില്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവനേകാന്‍ അദേഹത്തിനായി. നാഗരഹോളി എന്ന ചിത്രത്തിലെ വേഷം ഏവരും ഓര്‍ത്തിരിക്കുന്നതായിരുന്നു.
1981 ല്‍ ഇറങ്ങിയ അന്ദ എന്ന ചിത്രത്തിലെ പോലീസുകാരന്റെ വേഷം ചെയ്തത് മുതലാണ് ആംഗ്രി യങ് മാൻ ഇമേജ് അംബരീഷിന് ചാർത്തിക്കിട്ടിയത്. അതേ വര്‍ഷം ഇറങ്ങിയ പുട്ടണ്ണ കണകള്, രംഗനായകി എന്നീ ചിത്രങ്ങളിലൂടെ പക്വതയാര്‍ന്ന വേഷങ്ങളും തന്റെ പക്കല്‍ ഭദ്രമാണെന്ന് അംബരീഷ് തെളിയിച്ചു.
അന്ദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കന്നഡ സര്‍ക്കാരിന്റെ അവാര്‍ഡും, മസനഡ ഹൂവുവിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാവും വിഷ്ണുവര്ദ്ധനന് അവാര്‍ഡും അംബരീഷ് കരസ്ഥമാക്കി.
ContentHighlights: Actor Ambarish Passed Away, Actress Sumalatha, Ganam Malyalam movie, Ambarish political career, rajkumar, vishnuvardhan