തിനാറുവര്‍ഷങ്ങള്‍ക്കു മുമ്പ്, ആള്‍വാര്‍പേട്ടിലെ കമല്‍ഹാസന്റെ പഴയ വീട്ടിലേക്കുള്ള പടികള്‍  ആദ്യമായി കയറിയത് ഇന്നും മറക്കാനാവാത്തൊരോര്‍മ്മയാണ്. 'ഇന്ത്യന്‍' മുതല്‍ 'കളത്തൂര്‍ കണ്ണമ്മ'വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ ഛായാചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിട്ടിരുന്നു. കമലിന്റെ അഭിനയചക്രത്തിലൂടെയുള്ള ഒരു സ്വപ്നസഞ്ചാരം പോലെ നീണ്ടുപോകുന്ന ചിത്രവഴിത്താരകള്‍! രാജ് കമല്‍ ഫിംലിസിന്റെ സ്വീകരണമുറിയിലെത്തിയപ്പോള്‍ അവിടെ ഒരു ആറുവയസ്സുകാരന്റെ വലിയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. ആദ്യ സിനിമയായ 'കളത്തൂര്‍ കണ്ണമ്മ'യിലെ കുഞ്ഞു കമല്‍.
 
'കടന്നുവന്ന വഴികളൊന്നും ഞാന്‍ മറന്നിട്ടില്ല' എന്ന് കമലിന്റെ ശബ്ദത്തില്‍ ആ ചിത്രം മന്ത്രിക്കുന്നുവോ? മുകളിലെ മുറിയുടെ കനമുള്ള വാതില്‍ തുറന്ന് നിറഞ്ഞ പുഞ്ചിരിയോടെ ഇന്ത്യന്‍ സിനിമയിലെ ആ മഹാത്ഭുതം മുന്നിലെത്തി. കൈകൂപ്പി, ഹസ്തദാനത്തോടെ ഒരു സ്വാഗതം!  അതായിരുന്നു ആദ്യ കൂടികാഴ്ച. പുതിയ ചിത്രത്തിന്റെ ചര്‍ച്ചയ്‌ക്കെത്തിയ വിദേശികളോട് ഒഴിവു ചോദിച്ച് ഇരുപത് മിനിറ്റ് സമയം കമല്‍ അനുവദിച്ചു. ഇരുപത് മണിക്കൂറിന്റെ വിലയുള്ള ആ ഇരുപത് മിനിറ്റിനുള്ളില്‍ കരുതിയ ചോദ്യങ്ങളില്‍ പത്തെണ്ണംപോലും ചോദിക്കാനാവാതെ അല്പം നിരാശയോടെ യാത്രപറയുമ്പോള്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ കമല്‍ പറഞ്ഞു: ''വിഷമിക്കേണ്ട, തീര്‍ച്ചയായും ഒരഭിമുഖത്തിനുള്ള സമയം ഞാന്‍ നിങ്ങള്‍ക്കു തരും.'' 
 
കാത്തിരിപ്പ് അത്ര നീണ്ടതായി തോന്നിയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊച്ചിയിലെ ലേ മെറിഡിയനില്‍ വെച്ച് തികച്ചും യാദൃച്ഛികമായി കമല്‍ സമയം അനുവദിച്ചു. മണിക്കൂറുകള്‍ നീണ്ട സംഭാഷണം സിനിമേതരവിഷയങ്ങളിലൂടെ കടന്നുപോയി. കവി, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍. കമലിലെ എഴുത്തുകാരനെ പരിചയപ്പെടുത്തിയ അഭിമുഖമായിരുന്നു അത്. തുടര്‍ന്ന് പരിചയം പുതുക്കാന്‍ രണ്ടവസരംകൂടി സാധ്യമായി. കോഴിക്കോട്ട് ഐ.വി.ശശിയെ ആദരിച്ച 'ഉത്സവ'വും ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷവും. അന്നും കമല്‍ പറഞ്ഞു: ''വൈകാതെ നമുക്കു കാണാം.'' 
 
ഒരു സന്ധ്യയില്‍ അപ്രതീക്ഷിതമായി എത്തിയ കമലിന്റെ കോള്‍, അടുത്ത ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ആള്‍വാര്‍പേട്ടിലെ ഓഫീസിലെത്താനായിരുന്നു നിര്‍ദ്ദേശം. കാറിന്റെ വേഗതയില്‍ ഒരു രാത്രിമുഴുവന്‍ കമലിന്റെ വേഷപ്പകര്‍ച്ചകള്‍ മനസ്സിലൂടെ കടന്നുപോയ യാത്ര. നേരത്തേയെത്തി ഓഫീസില്‍ കമലിനുവേണ്ടിയുള്ള കാത്തിരിപ്പ്. കൃത്യം പന്ത്രണ്ടു മണിക്ക് കമല്‍ മുന്നില്‍. പത്തുവര്‍ഷത്തിനു ശേഷവും അതേ ചിരി, കൈകൂപ്പല്‍, ഊഷ്മളമായ അതേ ഹസ്തദാനം. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിനു വേണ്ടിയുള്ള ദീര്‍ഘസംഭാഷണത്തിന് ഉച്ചഭക്ഷണം പോലും മാറ്റി വെച്ച് കമല്‍ ചോദ്യങ്ങള്‍ കാത്തിരുന്നു.
 
അളന്നുമുറിച്ച, തന്റേടത്തോടെയുള്ള ഉത്തരം. കണ്ണും പുരികവും ചുണ്ടും തീര്‍ക്കുന്ന നടനതാളങ്ങളാല്‍ കഥകള്‍ ദൃശ്യങ്ങളാല്‍ മുന്നില്‍ വിരിയിക്കുകയായിരുന്നു കമല്‍. എത്രയോ സിനിമകളില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ച ഭാവങ്ങള്‍. ഒരു പക്ഷേ, ഇനിയും കണ്ടിട്ടില്ലാത്ത കമലിന്റെ പുതുഭാവങ്ങള്‍! ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചി തന്റെ ക്യാമറയില്‍ അതെല്ലാം മനോഹര ദൃശ്യങ്ങളാക്കി മാറ്റി. ആ കൂടിക്കാഴ്ചയും മറക്കാത്ത അനുഭവമായിരുന്നു.
 
അറുപതാം പിറന്നാളിലേക്ക് നടന്നടുക്കുന്ന കമലുമായി വീണ്ടും ഒരു സംഭാഷണത്തിനായി ചെന്നൈയിലെത്തുമ്പോള്‍ തിമിര്‍ത്തു പെയ്യുന്ന ആടിമാസമഴയാണ് സ്വാഗതമേകിയത്. 'ഗൃഹലക്ഷ്മി'ക്കു വേണ്ടി ആള്‍വാര്‍പേട്ടിലെ വീട്ടില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ചന്ദന നിറത്തിലുള്ള പാന്റും ഷര്‍ട്ടും ധരിച്ച് ക്ലീന്‍ഷേവില്‍ പുഞ്ചിരി തൂകിയ കമല്‍. അറുപതിലും ഒരു യുവാവിന്റെ കരുത്തും പ്രസരിപ്പും ഞങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞു. പുറത്ത് തിമിര്‍ക്കുന്ന മഴയേക്കാളും ശക്തി കമലിന്റെ വാക്കുകള്‍ക്കുണ്ടായിരുന്നു. അക്ഷരങ്ങള്‍ വാക്കുകളായ് പെയ്തിറങ്ങിയത് സിനിമ മാത്രം സ്വപ്നം കണ്ട് നട്ടുച്ച നേരത്തും മദിരാശി നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടി ലൊക്കേഷനിലേക്കു പോകുന്ന കമല്‍ഹാസനില്‍ നിന്നാണ്.
 
പിന്നീട് ചെന്നൈയില്‍ ആഘോഷങ്ങളൊന്നുമില്ലാതെ നടന്ന തന്റെ അറുപതാം പിറന്നാളിനും കമല്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു: 'വരണം, വരാതിരിക്കരുത്'. ആ പിറന്നാളിന് ആഘോഷങ്ങളില്ലായെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ല. തയ്യല്‍ മെഷീനും വീല്‍ചെയറുമൊക്കെയായി നൂറുകണക്കിന് പാവപ്പെട്ട മനുഷ്യരെ സഹായിച്ചുകൊണ്ടായിരുന്നു അറുപതാം പിറന്നാള്‍ കമല്‍ ആഘോഷിക്കാതെ ആഘോഷിച്ചത്. അന്നു രാത്രി പിരിയുമ്പോഴും കമല്‍ പറഞ്ഞു: 'നമുക്ക് വീണ്ടും കാണാം'. 'പാപനാശ'-ത്തിന്റെ സെറ്റില്‍, എ വി എം സ്റ്റുഡിയോയില്‍, രാജ്കമല്‍ ഫിലിംസിന്റെ ഓഫീസില്‍, വാലഞ്ചേരിയിലെ വീട്ടില്‍ അങ്ങനെ  വീണ്ടും.... വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടി. എല്ലാം മാതൃഭൂമിക്കു വേണ്ടിയുള്ള കൂടിക്കാഴ്ചകള്‍. പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കമല്‍ഹാസന്‍ എന്ന നടനും മനുഷ്യനും അക്ഷരങ്ങളില്‍ വിടര്‍ന്ന പതിനാറു അഭിമുഖങ്ങള്‍.
 
ഒടുവിലത്തെ കൂടിക്കാഴ്ച മാതൃഭൂമി ഓണപ്പതിപ്പിനു വേണ്ടിയായിരുന്നു. തന്റെ നിലപാടുകള്‍ അടിവരയിട്ടു പറയുമ്പോള്‍ കമലില്‍ ഒരു പോരാളിയുണ്ടായിരുന്നു. സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും തന്റെ മാധ്യമമായ സിനിമയിലൂടെ അതിന് അഭ്രാവിഷ്‌കാരം നല്‍കുകയും ചെയ്യുന്ന ഒരസാധാരണ മനുഷ്യന്‍ എന്നും കമലിലുണ്ട്.
 
 'എഴുത്തുകാരെയും കലാകാരന്മാരെയും കൊല്ലുമെന്ന ഭീക്ഷണിയുള്ളപ്പോള്‍ ഇവിടെയെങ്ങനെ ആവിഷ്‌കാരസ്വാതന്ത്ര്യം സാധ്യമാകു'മെന്ന് ചോദിക്കുന്ന കമല്‍ഹാസന്‍, 'സിനിമ എന്റെ സ്വപ്നം മാത്രമല്ല കമല്‍ഹാസന്‍ എന്ന മനുഷ്യന്റെ ചിന്തകളും ആശയങ്ങളും സമൂഹത്തോട് വിളിച്ചുപറയാനുളള മാധ്യമം കൂടിയാണ്' എന്നു പറയുന്ന കമല്‍ഹാസന്‍,  'ഒരു കലാകാരനെന്ന നിലയില്‍ എന്റെ സാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ ആരൊക്കെ മുന്നോട്ടു വന്നാലും മരണം വരെ ഞാന്‍ അതിനെതിരെ ശബ്ദമുയര്‍ത്തു'ന്ന കമല്‍ഹാസന്‍, 'എന്റെ സ്‌പേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ പിന്നെ ഞാനെന്തിന് ഇന്ത്യക്കാരനായി ജീവിക്കണം?' എന്ന് ഫാസിസ്റ്റുകളോട് മുഷ്ടി ചുരുട്ടി ചോദിക്കുന്ന കമല്‍ഹാസന്‍. 'ഇന്ത്യന്‍' സിനിമയുടെ മണ്ണില്‍ നിന്നുകൊണ്ട് ഈ 'തന്റേടം' എത്രപേര്‍ക്ക് സാധ്യമാകും. ഇവിടെയാണ് കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ കണ്ട കമല്‍ഹാസന്‍ വ്യത്യസ്തനാകുന്നത്. കൂര്‍ത്തചോദ്യങ്ങള്‍ക്കു മുമ്പില്‍ ആരെയും ഭയപ്പെടാതെ ഉത്തരങ്ങള്‍ തരുന്ന ഒരേയൊരു നടന്‍.
 
Content Highlights : Kamal Hassan Turns 65 Ulakanayakan Birthday special