മിഴ്‌നാട് രാഷ്ട്രീയത്തിന്റെ മുഖമുദ്ര മാറ്റിമറിച്ചത് സിനിമാരാഷ്ട്രീയക്കാരായിരുന്നു. അണ്ണാദുരൈപോലും സിനിമാക്കാരൻ അല്ലേ? എസ്‌. കലയരശൻ എന്ന പ്രശസ്ത സാമ്പത്തികവിദഗ്ധന്റെ പഠനത്തിൽ ദ്രവീഡിയൻരാഷ്ട്രീയം എങ്ങനെയാണ് തമിഴ്‌നാട്ടിൽ അഭിവൃദ്ധി കൊണ്ടുവന്നതെന്ന് പറയുന്നുണ്ട്. പൊതുവിതരണ സമ്പ്രദായമായിരുന്നു അതിനുപിന്നിൽ. തമിഴ്‌നാട്ടിൽ എൻജിനിയറിങ് വിപ്ലവം കൊണ്ടുവന്നത് എം.ജി.ആർ. എന്ന നടനായിരുന്നു. ഹൈദരാബാദിനെ കേന്ദ്രമാക്കിക്കൊണ്ട് ഇന്ത്യയിലെ ഐ.ടി. ഹബ് കൊണ്ടുവന്നതും എൻ.ടി.ആർ. എന്ന സിനിമാക്കാരനായിരുന്നു. അതിനുപിന്നിൽ പറഞ്ഞുകേൾക്കുന്ന രസകരമായ ഒരു കഥയുണ്ട്. എൻ.ടി.ആർ. പറയുന്നു ആന്ധ്രയിൽ നമുക്ക് തൊഴിൽ സൃഷ്ടിക്കണമെന്ന്. ഉദ്യോഗസ്ഥർ പറഞ്ഞു: ‘തുറമുഖം അടുത്തില്ല, റോഡ് ശൃംഖലകൾ വളരെ അകന്നുമാറിയാണ്’. എങ്കിൽ ഭാരമില്ലാത്തതെന്തെങ്കിലും ഉദ്‌പാദിപ്പിക്കാമെന്നായി എൻ.ടി.ആർ. അപ്പോൾ ആരോ പറഞ്ഞത്രെ ‘കംപ്യൂട്ടർ സോഫ്‌റ്റ്‌വേറിന് ഒട്ടും കനമില്ല’ എന്ന്. അങ്ങനെയാണ് ഹൈദരാബാദ് ഐ.ടി. ഹബ്ബായി മാറിയതത്രേ. പ്രമുഖ സാമ്പത്തിക വിദഗ്ധനായിരുന്ന മാൽക്കം ആദിശേഷയ്യയുടെ നിർദേശപ്രകാരമായിരുന്നു എം.ജി.ആർ. തമിഴകത്ത് എൻജിനിയറിങ് വിപ്ലവം സൃഷ്ടിച്ചത്. അടുത്ത പത്തുവർഷത്തേക്ക് ലോകത്ത് ലക്ഷക്കണക്കിന് എൻജിനിയർമാരുടെ ആവശ്യമുണ്ടാകുമെന്ന് മാൽക്കം ആദിശേഷയ്യ എം.ജി.ആറിനോട് പറയുന്നു. ഉടനെത്തന്നെ എം.ജി.ആർ. തമിഴ്‌നാട്ടിലെ മുഴുവൻ കള്ളച്ചാരായ ഡോണുകളെയും വിളിച്ച് ഉടൻ ഓരോരുത്തരും ഓരോ എൻജിനിയറിങ് കോളേജ് വീതം തുടങ്ങാൻ ഉത്തരവിടുന്നു. ഇല്ലെങ്കിൽ ചാരായ കേന്ദ്രങ്ങളിൽ റെയ്ഡ് ഉണ്ടാകുമെന്നായിരുന്നു ഉത്തരവ്. അഞ്ചുകൊല്ലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ എൻജിനിയറിങ് സ്ഥാപനങ്ങളുള്ള സംസ്ഥാനമായി തമിഴ്‌നാട് മാറി.

എന്തുകൊണ്ടാണ് സിനിമക്കാർ തമിഴ്‌രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് ചോദ്യമുയരാറുണ്ട്. എല്ലാ ജാതിക്കാർക്കും സമ്മതമുള്ള പൊതുവായ വ്യക്തികൾ സിനിമക്കാരാണ് എന്നതാണ് അതിനുള്ള ഉത്തരം. ആന്ധ്രയിൽ എൻ.ടി.ആറും തമിഴ്‌നാട്ടിൽ എം.ജി.ആറും ഉദാഹരണം. നിങ്ങൾ ആന്ധ്രയെ നോക്കൂ. സ്വാതന്ത്ര്യാനന്തരം എൻ.ടി.ആർ. അധികാരത്തിലെത്തുംവരെ ആന്ധ്ര കോൺഗ്രസിന്റെ കൈകളിലായിരുന്നു. ബിഹാർ പോലെയൊരു പിന്നാക്ക സംസ്ഥാനമായിരുന്നു ആന്ധ്ര. ഇന്ന് കേരളത്തെപ്പോലും ആന്ധ്രയുമായി താരതമ്യം ചെയ്യാനാകില്ല. കാരണം ഒരു നടൻ രാഷ്ട്രീയത്തിലേക്ക് വന്നു. അയാൾ നല്ല ഉദ്ദേശ്യം ഉള്ളയാളായിരുന്നു. തെലുങ്ക്‌ ഗംഗയെന്ന് അറിയപ്പെട്ട കൃഷ്ണാനദിയിലെ വെള്ളം റായലസീമയിൽ എത്തിച്ച് അവിടെ ഒരു ഇറിഗേഷൻ  വിപ്ലവം ഉണ്ടാക്കി. മുപ്പതിലേറെ ജലസംഭരണികൾ  അതിനോടുചേർന്ന്  കനാലുകളും ഉള്ള ഒരു പദ്ധതിയാണത്. ഒരു പതിറ്റാണ്ടുകൊണ്ട് ആന്ധ്രയുടെ ജനജീവിതം പാടേ മാറി. അത്രയും വലിയ സ്വപ്നമുള്ളൊരു നേതാവ് ഇന്ത്യയിൽ ചുരുക്കമായിരുന്നു.

എൺപതുകളിൽ എം.ജി.ആർ. അധികാരത്തിലെത്തുമ്പോൾ ഉള്ള തമിഴകമായിരുന്നില്ല എം.ജി.ആർ. അധികാരം ഒഴിയുമ്പോഴുള്ള തമിഴകം. ഇന്ന് തമിഴ്‌നാട്ടിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലാകും തമിഴ്‌നാട് ഒരു പിന്തിരിപ്പിൻ സംസ്ഥാനമല്ലെന്ന്.  ഇന്ന് ദാരിദ്ര്യമില്ല, ജോലിയുണ്ട്. ഈ മാറ്റങ്ങളെല്ലാം കൊണ്ടുവന്നത് എം.ജി.ആർ. ആയിരുന്നു. പ്രായോഗികതയും സ്വപ്നവുമുള്ള വ്യക്തിയായിരുന്നു എം.ജി.ആർ. ഒരിക്കൽ എം.ജി.ആർ. ഹൊസൂരിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ സൈക്കിളിൽ ഒരു പയ്യൻ ചെരുപ്പ് കെട്ടിവെച്ച് വരുന്നതുകണ്ടു. എം.ജി.ആർ. പയ്യനോട് കാര്യം തിരക്കി. സ്കൂൾ വിദ്യാർഥിയായിരുന്നു അവൻ. സവർണവിഭാഗം താമസിക്കുന്ന പ്രദേശങ്ങളിലൂടെ ചെരിപ്പിട്ട് നടന്നാൽ അവനെ മർദിക്കുമെന്നായിരുന്നു മറുപടി. അടുത്തമാസം എം.ജി.ആർ.  തമിഴകത്തിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ചെരുപ്പ് നൽകാൻ ഉത്തരവിറക്കി. ‘‘ഒരുത്തൻ ചെരിപ്പിട്ടാൽ നിങ്ങൾക്ക്  അടിക്കാൻ കഴിയും. തമിഴകം മൊത്തം ചെരിപ്പ് ധരിച്ചാൽ എന്തുചെയ്യാൻ കഴിയും?’’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അങ്ങനെ ചോദിക്കാനും ചെയ്തുകാണിക്കാനും ഒരു ഗുഡ്‌വിൽ വേണം. ഇനി കേരളത്തെ എടുത്തുനോക്കൂ. ഇങ്ങനെ ഗുഡ്‌വിൽ ഉണ്ടായിരുന്ന എത്ര മുഖ്യമന്ത്രിമാരെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കും? തമിഴർ പറയാറുണ്ട്. ‘‘ഇവിടെ നടന്മാർ രാഷ്ട്രീയത്തിൽ വരുന്നതുകൊണ്ട് നമ്മൾ രക്ഷപ്പെട്ടുവെന്ന്.’’ ശരിയാണത്. രാഷ്ട്രീയക്കാർ മാത്രം രാഷ്ട്രീയം കളിക്കുന്നയിടമാണ് ഉത്തരേന്ത്യ. സിനിമാക്കാർ രാഷ്ട്രീയത്തിലിറങ്ങിയാൽ അവരുടെ പ്ലസ് പോയന്റ് ജാതി-മതങ്ങൾക്കപ്പുറത്തുള്ള ജനപ്രശസ്തിയാണ്. നല്ല ഉദ്ദേശ്യം മറ്റൊരു നല്ല കാര്യം. പക്ഷേ, ഒരു സ്ഥാപനം കെട്ടിപ്പടുക്കാൻ അവർക്ക്‌ എളുപ്പത്തിൽ പറ്റില്ല. ഭരണത്തിന്റെ പ്രായോഗികത ചിലപ്പോൾ മനസ്സിലാകില്ല. അതുകൊണ്ട്‌ ജനസമ്മതി വോട്ടാക്കാനവർക്കു കഴിയാതെ വരാം. ഭരണത്തിൽ ചില പിഴവുകളും സംഭവിക്കാം.

കമലും രജനിയും വരുമ്പോൾ

തമിഴ് സിനിമകളിലെ സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും മത്സരത്തിനിറങ്ങുമ്പോൾ തമിഴ്‌രാഷ്ട്രീയത്തിൽ എന്ത് മാറ്റമുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  ദ്രവീഡിയൻ രാഷ്ട്രീയം അമ്പതുകൊല്ലം പിന്നിട്ടിരിക്കുന്നു. അത് ഇന്ന് കുടുംബരാഷ്ട്രീയം മാത്രമായിരിക്കുന്നു. ഇനി നിങ്ങൾ എത്ര ദ്രാവിഡ രാഷ്ട്രീയം പറഞ്ഞാലും അതൊരു ഫാമിലി പൊളിറ്റിക്‌സായി മാറിക്കഴിഞ്ഞു. ഡി.എം.കെ.യും അങ്ങനെത്തന്നെയാണ്. അപ്പോൾ ജനങ്ങൾക്ക് വേറൊരു ആശ്രയം ആവശ്യമായി വരുന്നു. തമിഴ്‌നാട്ടിലെ വോട്ടർമാരിൽ അറുപത് ശതമാനവും സ്ത്രീകളാണ്. അവർ മുഖം കണ്ടു  വോട്ടുചെയ്യാൻ സാധ്യതയുമുണ്ട്.. ദ്രാവിഡ രാഷ്ട്രീയമെന്നത് ഒരു ചർച്ചാവിഷയം മാത്രമാണ്. എം.ജി.ആറിന് വോട്ടുചെയ്തവരൊക്കെയും ദ്രാവിഡരാഷ്ട്രീയത്തിന് വോട്ടുചെയ്തവരാണെന്ന് പറയാൻ സാധിക്കുകയില്ല. എം.ജി.ആർ. അധികാരത്തിലെത്തിയശേഷം ഒരിക്കൽപോലും ഡി.എം.കെ.യ്ക്ക് ശക്തമായ രീതിയിൽ മുന്നേറാൻ സാധിച്ചില്ല.  കോൺഗ്രസുമായി സഖ്യമുണ്ടാക്കിയെല്ലാമാണ് ഡി.എം.കെ. പിന്നീട് അധികാരത്തിലെത്തിയത്.  കമൽഹാസൻ എലൈറ്റിനോട് സംസാരിക്കുന്നയാളും രജനി പോപ്പുലറിനോട് സംസാരിക്കുന്നയാളുമാണെന്ന ബോധം ആദ്യംമുതലേ പതിഞ്ഞുപോയിട്ടുണ്ട്. ഇരുവരും ഒന്നിക്കുമെന്ന് പറയപ്പെടുന്നുമുണ്ട്. പക്ഷേ, അവർ ഒന്നിക്കില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്, കാരണം രണ്ടുപേരും വ്യത്യസ്ത ആശയങ്ങൾ വെച്ചുപുലർത്തുന്നവരാണ്.

ജനങ്ങളെ വോട്ടിലേക്ക് നയിക്കാനുള്ള ജനപ്രീതിമാത്രം ഉണ്ടായാൽ പോരാ. ‘വലവീശാൻ അറിഞ്ഞതുകൊണ്ടുമാത്രമായില്ലല്ലോ വലയെടുക്കാനും അറിഞ്ഞിരിക്കണം.’ എം.ജി.ആർ. രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഇരുപതുകൊല്ലമായിട്ടുള്ള ‘എം.ജി.ആർ. രസികർ മൻട്രം’ ഒപ്പമുണ്ടായിരുന്നു. ഡി.എം.കെ. പിളർന്നപ്പോൾ അതിലൊരു വിഭാഗത്തെയും കൂടെച്ചേർത്താണ് എം.ജി.ആർ. പാർട്ടി രൂപവത്‌കരിച്ചത്. രജനിക്കും കമലിനും മൻട്രങ്ങളുണ്ട്. എന്നാൽ, കമലിന്റെയും രജനിയുടെയും രസികർ മൻട്രത്തിന് എത്ര വ്യാപ്തിയുണ്ടെന്നോ താഴെത്തട്ടിൽ സ്വാധീനമുണ്ടെന്നോ കൃത്യമായി വിലയിരുത്താൻ സാധിച്ചിട്ടില്ല. കമലിന്റെ പാർട്ടിക്ക് കഴിഞ്ഞതിരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടുനേടാൻ കഴിഞ്ഞിട്ടുണ്ട്. രജനിക്ക് എത്ര വോട്ടുകൾ നേടാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പറയാൻ സാധിക്കൂ. എം.ജി.ആർ.-ജയലളിത-കരുണാനിധി കാലത്തേപ്പോലെയല്ല ഇന്നത്തെ തമിഴ്‌രാഷ്ട്രീയത്തിന്റെ സ്ഥിതി. ശക്തനായ ഒരു നേതാവിന്റെ അഭാവം ഇന്ന് തമിഴകം നേരിടുകയാണ്. സ്റ്റാലിനാകട്ടെ അങ്ങനെയൊരു മുഖമില്ല. ചിന്തകനോ, പ്രാസംഗികനോ, സെലിബ്രിറ്റിയോ അല്ല സ്റ്റാലിൻ. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് രജനിയും കമലും സ്റ്റാലിനും എടപ്പാടിയുമെല്ലാം കടന്നുവരുന്നത്. ആരുടെ യോഗത്തിനായിരിക്കും തിരക്ക്? ഞാൻ വിചാരിക്കുന്നു അത് സ്വാഭാവികമായും രജനിക്ക് തന്നെയായിരിക്കും. താരാരാധന എന്നത് വലിയൊരു സമ്പാദ്യമാണ്, ഇതിനെ വിശ്വാസമാക്കി മാറ്റണം. വോട്ടാക്കി മാറ്റണം. ജനങ്ങളെ പോളിങ് ബൂത്തിലെത്തിച്ച് വോട്ടാക്കി മാറ്റണം. ഇതിന് ഇരുവർക്കും സാധിക്കുമോയെന്നത് അവരുടെ രാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തനം പോലെയിരിക്കും.

ജാതി എന്ന താക്കോൽ

തമിഴ്‌നാട്ടിൽ സിനിമക്കാർക്ക് സാധ്യത തെളിയിക്കുന്ന മറ്റൊരു രഹസ്യമുണ്ട്. എല്ലായിടത്തുമെന്നപോലെ ജാതിരാഷ്ട്രീയം തന്നെയാണ് തമിഴ്‌നാട്ടിലും മുഖ്യം. ഇവിടെ പ്രധാനമായും നാല് പ്രബലജാതികളുണ്ട്: തേവർ, വണ്ണിയർ, കൗണ്ടർ, നാടാർ. ഈ ജാതിവിഭാഗങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ നിർണയിക്കുന്നത്. ആറോളം ന്യൂനപക്ഷ സമുദായങ്ങളുമുണ്ട്. തമിഴ്‌നാടിന്റെ പ്രശ്‌നം ഈ നാല് പ്രബല ജാതിവിഭാഗങ്ങളിൽനിന്ന് ആരെങ്കിലും അധികാരത്തിലെത്തിയാൽ മറ്റ് മൂന്ന് വിഭാഗങ്ങൾക്കും സംശയം ജനിക്കുമെന്നതാണ്. കൗണ്ടർ സമുദായത്തിലുള്ളയാളാണ് എടപ്പാടി പളനിസ്വാമി. ഒ. പനീർസെൽവം തേവർ വിഭാഗത്തിൽപെടുന്നയാളാണ്. ഇങ്ങനെയൊരു കൂട്ടായ വിഭാഗമാണ് ഇന്ന് എ.ഐ. ഡി.എം.കെ. ഭരണനേതൃത്വത്തിലുള്ളത്. ഈ നാലുപേർക്കും പൊതുസ്വീകാര്യനായ ഒരാളായിരിക്കും നേതാവായി വരുക. കാമരാജിനുശേഷം ഈ നാലുസമുദായങ്ങളിൽനിന്നും ശക്തനായ നേതാവ് ഉയർന്നുവന്നിട്ടില്ല. കരുണാനിധിയാകട്ടെ ഇസയ് വെള്ളാളർ എന്ന നൂക്ലിയർ കമ്യൂണിറ്റിയിൽപ്പെടുന്ന ആളാണ്. എം.ജി.ആറും ജയലളിതയും അങ്ങനെയാണ്. ഈ നാല് ജാതിക്കാരും അവർക്കു സമ്മതമുള്ള ഒരു അന്യനെ സ്വീകരിക്കും.   അയാൾ ഒരു സെലിബ്രിറ്റിയായിരിക്കണം, ജാതിയടയാളങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.  എടപ്പാടി എന്ത് ചെയ്താലും തേവരടക്കമുള്ള മറ്റ് ജാതിക്കാർ അംഗീകരിക്കില്ല. അപ്പോൾ എടപ്പാടിക്ക് തുല്യമായി അപ്പുറത്ത് മറ്റ് നാടാരെ പ്രതിഷ്ഠിക്കേണ്ടിവരും. ഇപ്പുറത്ത് ഒരു വണ്ണിയനെയും വെച്ചാലേ ഭരിക്കാൻ കഴിയൂ. അവിടെയാണ് കമലിന്റെയും രജനിയുടെയും തമിഴ്‌രാഷ്ട്രീയത്തിലെ സാധ്യതകൾ തുറക്കുന്നത്. കാരണം, ഈ രണ്ടു നടന്മാരും നേരത്തേ പറഞ്ഞപോലുള്ള നാല് പ്രബലജാതിയിൽ ഉൾപ്പെടുന്നവരല്ല. രജനീകാന്ത് മറാഠിയാണ്, കമൽഹാസനാകട്ടെ ബ്രാഹ്മണനും.

ജയലളിതയും കരുണാനിധിയും മുഖ്യമന്ത്രിയായപ്പോൾ നാല് ജാതികളുടെയും ആളുകൾ മന്ത്രിക്കസേരയിൽ ഉണ്ടാകും. പിന്നെ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളും ഉണ്ടാകും. എങ്കിലേ തമിഴകം ഭരിക്കാൻ സാധിക്കുകയുള്ളൂ.  ജാതിക്ക് അപ്പുറത്ത് ജാതിയടയാളം ഇല്ലാതെയൊരു സെലിബ്രിറ്റി സിനിമയിൽനിന്നല്ലാതെ മറ്റെവിടെനിന്ന് വരും?  രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ സെലിബ്രിറ്റിയാണെന്ന്‌ തമിഴ്‌നാട്ടിൽ എല്ലാവർക്കും അറിയാം, അതേസമയം, നേരത്തേ നാം പറഞ്ഞതുപോലെ ഒരു ജാതിയുടെ ആളുമല്ല. രജനി രാഷ്ട്രീയപ്പാർട്ടി രൂപവത്‌കരിച്ചുകഴിഞ്ഞാൽ എല്ലാ ജാതിയിലുമുള്ള ഓരോ ആളുകളെ കൊണ്ടുവന്ന് പാർട്ടിയിൽ വെക്കാൻ സാധ്യതയുണ്ട്. ആ പാർട്ടിയിൽ ഒരു വണ്ണിയനേതാവുണ്ടാകും, ഒരു കൗണ്ടറുണ്ടാകും ഒരു നാടാരുണ്ടാകും ഒരു തേവരുണ്ടാകും. അപ്പോൾ തേവർക്കുവേണ്ടി പ്രചാരണം നടത്താൻ രജനി അങ്ങോട്ടുപോകും നാടാർക്കുവേണ്ടി പ്രചാരണം നടത്താൻ ഇങ്ങോട്ടുപോകും. വണ്ണിയർ നേതാവിനുവേണ്ടി പോകുന്നു, അങ്ങനെ ജയിച്ചുകയറുന്നു. എന്തുകൊണ്ടാണ് ശിവാജി ഗണേശൻ ഇങ്ങനെ പോകാതിരുന്നത്? എം.ജി.ആറിന് തുല്യനല്ലേ ശിവാജി ഗണേശൻ? ശിവാജി ഗണേശൻ തേവരാണ്. അപ്പോൾ തേവരല്ലാത്തവർ സ്വീകരിക്കണമെന്നില്ല. എന്റെ അഭിപ്രായത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ സ്റ്റാലിൻ ജയിച്ചുവരാനുള്ള സാധ്യതകളാണ് കൂടുതൽ. കാരണം ഭരണവിരുദ്ധവികാരം തമിഴ്‌നാട്ടിൽ അത്രയ്ക്കും ശക്തമാണ്. പത്തുവർഷമായി തമിഴകത്തിന്റെ അധികാരം കൈയാളുന്നത് എ.ഐ.എ.ഡി.എം.കെ.യാണ്. പക്ഷേ, കമലും രജനിയും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമ്പോൾ വോട്ടുകൾ എങ്ങോട്ടുതിരിയുമെന്ന് കണക്കുകൂട്ടാനാകില്ല. രജനീകാന്തിന് ജനപ്രീതിയുണ്ട്. പക്ഷേ, എല്ലായിടത്തും പ്രചാരണത്തിന് നേരിട്ടെത്താൻ സാധിക്കുകയില്ല. ആസ്വാദകരുടെ വലിയസംഘത്തെ കൃത്യമായി ഏകോപിപ്പിക്കാൻ സാധിക്കുമോ എന്നതും മുൻകൂട്ടി കാണാനാകില്ല.

കമൽഹാസനും ഇതുതന്നെയാണ് അവസ്ഥ. പക്ഷേ, കമൽഹാസനെക്കാൾ  കുറച്ചുകൂടി പ്രൊഫഷണലാണ് രജനി എന്നെനിക്ക് തോന്നുന്നു. കാരണം രജനികൊണ്ടുവരുന്നത് അർജുനമൂർത്തിയെന്ന രാഷ്ട്രീയ തന്ത്രജ്ഞനെയാണ്. പ്രശാന്ത്കിഷോറി​െനപ്പോലെ ഒരു മോഡേൺ ഗെയിംപ്ലാനറാണ് അർജുനമൂർത്തിയും. അങ്ങനെയൊരാൾ കമൽഹാസനില്ല. അത് തമിഴ്‌രാഷ്ട്രീയത്തിൽ രജനീകാന്തിന് ഒരു പ്ലസ് പോയന്റാണ്. അർജുൻമൂർത്തി ബി.ജെ.പി. ചായ്‌വുള്ളയാളാണെന്നും ആരോപണമുണ്ട്. ഇത്തരം രാഷ്ട്രീയതന്ത്രജ്ഞർക്ക് പ്രത്യേകമായി രാഷ്ട്രീയമില്ല, കാശ് കൊടുത്താൽ അവരുടെ പ്രൊഫഷണലിസം കൃത്യമായി ചെയ്തുകൊടുക്കാനുള്ള ഒരു സംഘാടകൻ മാത്രമാവും അയാൾ. ഇത്തരക്കാരെ പാർട്ടിയിലേക്ക് എത്തിച്ച്‌ സംഘാടകനായി നിർത്തുകയെന്നത് ഒരു ട്രെൻഡാണ്. അതൊരു അമേരിക്കൻ ട്രെൻഡാണ്. ഡി.എം.കെ., പ്രശാന്ത് കിഷോറിനെക്കൊണ്ടുവന്നതുപോലെ രജനി അർജുനമൂർത്തിയെ കൊണ്ടുവരുന്നു. ഇതേ, അർജുനമൂർത്തിയാകട്ടെ മുൻപ് ബി.ജെ.പി. യുടെ സെല്ലിലായിരുന്നു. അതിന് മുൻപാകട്ടെ ദയാനിധിമാരന്റെ ആളുമായിരുന്നു.  

രജനീകാന്ത് ഇപ്പോൾ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി സർക്കാരിനെതിരേ പറഞ്ഞാൽ, ഭരണവിരുദ്ധവികാര തരംഗത്തിന്റെകൂടി ഭാഗമായി ഡി.എം.കെ.യിലേക്ക് പോകേണ്ട ഒരുവിഭാഗം വോട്ടുകൾ ലഭിക്കാനിടയുണ്ട്. ഇപ്പോഴും എ.ഐ.എ.ഡി.എം.കെ.യോട് അമർഷമുള്ള എന്നാൽ, ഡി.എം.കെ.യ്ക്ക് വോട്ടുചെയ്യാൻ താത്‌പര്യമില്ലാത്ത ഒരുപാട് ആളുകളുണ്ട്. പിന്നെ യുവാക്കളുടെ വോട്ടുകൾ. ഇവരുടെ വോട്ടുകളിൽ ഒരുവിഭാഗമൊക്കെ രജനിക്കും കമലിനും കിട്ടാൻ സാധ്യതയുണ്ട്.

തള്ളിക്കയറുന്ന യുവജനത

വളരുന്ന പാർട്ടികളിലേക്ക് യുവാക്കളുടെ തള്ളിക്കയറ്റമെന്നത്‌ തമിഴ്‌നാട്ടിൽ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. അതിനൊരുകാരണമുണ്ട്. നിങ്ങൾ പുതുതായി ഡി.എം.കെ.യിൽ ചേർന്നുവെന്നിരിക്കട്ടെ, ഡി.എം.കെ.യുടെ. ഓരോ ജില്ലയിലെയും നേതാക്കൾ നാടുവാഴികളെപ്പോലെയാണ്. അവർക്ക് കീഴിൽ നിങ്ങൾക്ക് പ്രവർത്തിക്കാൻ അവസരമുണ്ടാകും. നിങ്ങൾക്ക് ഉയർച്ചയുണ്ടാകില്ല. ഇനി ഓരോ ജില്ലയിലും ഈ പറയുന്ന നേതാക്കന്മാർക്കുശേഷം അവരുടെ മക്കളായിരിക്കും ആ സ്ഥാനത്തേക്ക് വരുക. അപ്പോൾ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ വന്നാൽ ഉയർന്നുവരാൻ സാധ്യതയുള്ള പാർട്ടിയേതാണ്? അവിടെയായിരിക്കും രജനിയുടെയും കമൽഹാസന്റെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രസക്തിയെ യുവാക്കൾ നോക്കിക്കാണുന്നത്. അതായിരിക്കും ഈ രണ്ട് നടന്മാരുടെ രാഷ്ട്രീയപ്രവേശം മൂലം തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടാകുന്ന മറ്റൊരു വലിയ മാറ്റം.

രജനി 15 ശതമാനം വോട്ട് നേടിയെന്നിരിക്കട്ടെ 20 എം.എൽ.എ.മാരെ ലഭിച്ചാൽ അവരുടെ റീച്ച് എന്തായിരിക്കും? ആ എം.എൽ.എ.മാരിൽ പലർക്കും ചിലപ്പോൾ അഞ്ചുവർഷം കഴിയുമ്പോൾ മന്ത്രിയായി മാറാനും സാധിച്ചേക്കും. അതേസമയം, ഡി.എം.കെ.യിൽ പ്രവർത്തിച്ചാൽ ഒരിക്കലും ഒരു യുവാവിന് നേതൃസ്ഥാനത്തേക്ക് ഉയരാൻ കഴിയില്ല. എ.ഐ.ഡി.എം.കെ.യിലും ഇതുതന്നെയാണ് അവസ്ഥ. മക്കൾരാഷ്ട്രീയം പ്രബലവുമാണ്. അവിടെയാണ് തമിഴ്‌രാഷ്ട്രീയത്തിൽ രജനിയുടെ സാധ്യതയും തമിഴ് പൊളിറ്റിക്‌സിന്റെ മാറ്റവും ഉണ്ടാകാനിരിക്കുന്നത്. രജനീകാന്ത് രാഷ്ട്രീയത്തിൽവരുമെന്ന് പറയുമ്പോൾ യുവാക്കൾ ആവേശഭരിതരാവുന്നതും അതുകൊണ്ടാണ്‌. രാഷ്ട്രീയത്തിൽ യുവാക്കൾക്ക് വലിയ സാധ്യതയായിരിക്കും ഈ രണ്ടുതാരങ്ങളും തുറന്നിടുക.

ഡിസൈൻ: ലിജീഷ് കാക്കൂർ

(മാധ്യമപ്രവർത്തകനായ  അരുൺ പി. ഗോപിയുമായുള്ള സംഭാഷണത്തിന്റെ  അടിസ്ഥാനത്തിൽ തയ്യാറാക്കിയത്, വരാന്തപതിപ്പിൽ നിന്നും)

Content Highlights: Kamal Haasan Rajanikanth Tamil Nadu Politics, elections