ലകനായകന്റെ പോരാട്ടവും വാക്കുകളുമൊക്കെ ഈ ലോക്​സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യമാകെ ശ്രദ്ധിച്ചതാണ്. പക്ഷെ അങ്കം കഴിഞ്ഞപ്പോള്‍ ആ നായകന്റെയും പാര്‍ട്ടിയുടേയും  സ്ഥിതിയെന്താണ്...? തമിഴ്​നാട്ടില്‍ മാത്രമെ അത് കാര്യമായ വാര്‍ത്തയാവുന്നുള്ളൂ. കാരണം മറ്റൊന്നുമല്ല. പ്രതീക്ഷിച്ചത്ര തിളക്കം അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. എങ്കിലും അദ്ദേഹത്തെ എഴുതിത്തള്ളാനായിട്ടുമില്ല എന്ന സൂചനയാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്. 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രണ്ടു ദ്രാവിഡ പാര്‍ട്ടികളും പരാജയപ്പെട്ടെന്നും ആ കുറവ് നികത്താനാണ് താന്‍ മക്കള്‍ നീതി മയ്യം (എം.എന്‍എം) എന്ന പാര്‍ട്ടിയുമായി ഇറങ്ങിയിരിക്കുന്നതെന്നും കമല്‍ഹാസന്‍ പ്രചാരണത്തിനിടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതുകേട്ട് ചിലര്‍ വലുതായി പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഒക്കെ വെറും 'വിടല്‍സ്' മാത്രമായിരുന്നു എന്ന് ഇപ്പോള്‍ പുച്ഛിക്കുന്നവരുണ്ട്. എന്നാല്‍ കുറച്ചുകൂടി മുന്നേറിയാല്‍ അടുത്ത നിയമസഭയിൽ കുറേ മണ്ഡലങ്ങളില്‍ ജയവും തോല്‍വിയും നിര്‍ണയിക്കാന്‍ പറ്റുന്ന സ്വാധീനമാവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു കഴിയുമെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പറയുന്നത്.  

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടോര്‍ച്ചാണ് മക്കള്‍ നീതി മയ്യത്തിന് അനുവദിച്ചുകിട്ടിയ ചിഹ്നം. ആ ടോര്‍ച്ചുമടിച്ചുകൊണ്ട് അദ്ദേഹം ''ഇരുട്ടില്‍ തപ്പിത്തടയുന്ന തമിഴര്‍ക്ക്, ശരിയായ രാഷ്ട്രീയ വഴി കാണിച്ചുകൊടുക്കുകയാണെ'' എന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് അനുകൂലികള്‍ പറഞ്ഞിരുന്നത്. പ്രചാരണത്തിനിടെ ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ രണ്ടോ മുന്നോ സ്ഥാനര്‍ഥികള്‍ക്ക് വിജയസാധ്യത പോലും കല്‍പ്പിച്ചവരുണ്ട്. പക്ഷെ അങ്ങനൊയൊന്നും സംഭവിച്ചില്ല.  നാലു സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിനും മീതെ വോട്ടു പിടിച്ചതാണ് ശ്രദ്ധേയമായ ഒരു കാര്യം.  ചെന്നൈ സൗത്തില്‍ ആര്‍. രംഗരാജന്‍ 1,35,465 വോട്ടും കോയമ്പത്തൂരില്‍ ആര്‍. മഹേന്ദ്രന്‍ 1,45,104 വോട്ടും ചെന്നൈ നോര്‍ത്തില്‍ എ.ജി. മൗര്യ 1,31,067 വോട്ടും ശ്രീപെരുമ്പത്തൂരില്‍ എം ശ്രീധര്‍ 1,35,525 വോട്ടും നേടി. പാര്‍ട്ടിയുടെ മറ്റൊരു വിജയപ്രതീക്ഷയായിരുന്ന ചെന്നൈ സെന്‍ട്രലില്‍ കമീല നാസര്‍ 92,249 വോട്ടും നേടി.  പത്തു ശതമാനത്തിലേറെ വോട്ട് ഇക്കൂട്ടത്തിലെ ചില മണ്ഡലങ്ങളില്‍ കിട്ടി.  

മധുരയില്‍ 85048, തിരുവള്ളൂരില്‍ 73731, വിരുദനഗരില്‍ 57129, തിരുപ്പൂരില്‍ 64657 എന്നിവയാണ് അര ലക്ഷം കടന്ന് വോട്ട് പിടിച്ച സീറ്റുകള്‍.  ഈ പറഞ്ഞവയില്‍ ചിലതിലൊക്കെ മൂന്നാം സ്ഥാനത്തുമാണ്. പക്ഷെ, ഡി.എം.കെയും എ.ഐ.ഡി.എം.കെയും കഴിഞ്ഞാല്‍ നിലവില്‍ മറ്റു പ്രബലര്‍ ഇല്ലാത്തതിനാല്‍ മൂന്നാം സ്ഥാനം ആരും കാര്യമാക്കുന്നില്ല. എങ്കിലും ടി.ടി.വി ദിനകരന്റെ അമ്മ മക്കല്‍ മുന്നേറ്റ കഴകം, സംവിധായകന്‍ സീമാന്റെ നാം തമിഴര്‍ കക്ഷികള്‍ എന്നിവരെ പല മണ്ഡലങ്ങളിലും പിന്നിലാക്കാന്‍ കഴിഞ്ഞത് കമല്‍ഹാസന് അശ്വസിക്കാം. പാര്‍ട്ടിക്ക് ഒരു ലക്ഷവും അരലക്ഷവുമൊക്കെ വോട്ടു നേടാനായ മേല്‍പ്പറഞ്ഞ മണ്ഡലങ്ങളെല്ലാം നഗരമേഖലകളിലാണ്. ഈ നേട്ടം ഗ്രാമങ്ങളില്‍ തീരെ കാണുന്നുമില്ല. കന്യാകുമാരി മണ്ഡലത്തില്‍ പതിനായിരത്തില്‍ താഴെയാണ് വോട്ട്. ഏതായാലും ഇതിഹാസ താരം പിന്നോട്ടില്ല. മുന്നോട്ടുവെച്ച കാല്‍ മുന്നോട്ടു തന്നെ. 

 ''ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ ഇന്ന്  തോറ്റു. പക്ഷെ അവര്‍ നാളത്തെ വിജയികളാണ് '' ഫലം അറിഞ്ഞ ശേഷം പാര്‍ട്ടി ഓഫീസില്‍ വെച്ച് പത്രക്കാരോടെ താരത്തിന്റെ പ്രതികരണം ഇതായിരുന്നു. പോരാട്ടം നിര്‍ത്താന്‍ തയ്യാറല്ലെന്നു തന്നെ താരം ഉറപ്പിച്ചുപറഞ്ഞു. ''നിരാശയ്ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ല. വെറും 14 മാസം മാത്രം പ്രായമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. അതുകൊണ്ട് ഭാവിയില്‍ ഏറെ പ്രതീക്ഷയുണ്ട്''. വോട്ടു ചെയ്ത ജനങ്ങള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെല്ലാം നന്ദി പറഞ്ഞ കമല്‍ഹാസന്‍ ജനങ്ങളുടെ ക്ഷേമത്തിനായി താന്‍ ഇനിയും ഇവിടത്തന്നെ കാണുമെന്നും അറിയിച്ചു. ഒറ്റയ്ക്ക് എല്ലായിടത്തും മത്സരിക്കാനുള്ള തീരുമാനം ശരിയാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നും പറഞ്ഞു അദ്ദേഹം.  ബി.ജെ.പി. രാജ്യമാകെ ഉണ്ടാക്കിയ നേട്ടം ജനവിധി തന്നെയാണെന്ന് അംഗീകരിക്കാന്‍ മടിയ്ക്കാത്ത അദ്ദേഹം പക്ഷെ കാവിവത്കരണത്തിനെതിരായ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. 

രണ്ടു വര്‍ഷം കഴിയുമ്പോള്‍ തമിഴ് നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പു വരും. കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. ഇരുവരുടേയും അസാന്നിധ്യം കമല്‍ഹാസനെപ്പോലെ ആരാധകര്‍ ഏറെയുള്ള സിനിമാക്കാരന് കാര്യങ്ങള്‍ എളുപ്പമാക്കണം. അര ലക്ഷത്തിനു മുകളില്‍ ഇപ്പോള്‍ പാര്‍ട്ടി വോട്ട് പിടിച്ച മണ്ഡലങ്ങളിലെല്ലാം ആ സമയത്ത് ഡി.എം.കെ.യുടെയും എണ്ണാ ഡി.എം.കെയുടേയും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍, ഇപ്പോഴത്തെ ശക്തിവെച്ച് മുന്നോട്ടു പോയാല്‍, കമല്‍ ഹാസന് സാധിക്കും. ശരാശരി 7 അസംബ്ലി മണ്ഡലങ്ങളാണ് ഒരു ലോക്‌സ്ഭാ മണ്ഡലത്തിലുള്ളത്. ആ നിലയക്ക് പതിനായിരം വോട്ടോളം മതി ഒരു അസംബ്ലി മണ്ഡലത്തിന്റെ വിധി മാറ്റിയെഴുതാന്‍. അത്രയും വോട്ട് ഇപ്പോള്‍ ഈ മണ്ഡലങ്ങളില്‍ ഉണ്ട്. എന്നാല്‍ ജയിക്കാന്‍ തക്ക വോട്ടുകള്‍ ഇപ്പോഴും ആയിട്ടില്ല എന്ന സത്യം പാര്‍ട്ടിയെ തുറിച്ചുനോക്കുന്നു. 

സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളില്‍ വെല്ലൂര്‍ ഒഴിച്ചുള്ള 38 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 മണ്ഡലങ്ങളിലും പോണ്ടിച്ചേരിയിലുമാണ് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മത്സരിച്ചത്. വെള്ളിത്തിരയില്‍ പല വേഷങ്ങളും കെട്ടിയാടിയ കമല്‍ ഹാസന്റെ തിരഞ്ഞെടുപ്പിലെ കന്നിപ്പോരാട്ടമായിരുന്നു ഇക്കുറി. അദ്ദേഹം സ്ഥാനാര്‍ഥിയായില്ലെങ്കിലും എല്ലാവരെയും മുന്നില്‍ നിന്നു നയിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ തമിഴകത്ത് മാത്രം ഒതുങ്ങിയില്ല.  ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെയാണെന്നു പറയാന്‍ അദ്ദേഹം ധൈര്യം കാട്ടി. അത് വലിയ ഒച്ചപ്പാടുമുണ്ടാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരുവക്കുറിച്ചിയിലായിരുന്ന പ്രസ്താവന. 'മുസ്ലീ ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് പറയുന്നതല്ല, ഗാന്ധി പ്രതിമക്കു മുന്നില്‍ വെച്ചാണ് ഞാനിതു പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണ്'  ഇതായിരുന്നു പ്രസ്താവന. ഹിന്ദുത്വ സംഘനകളില്‍ നിന്നും വലിയ എതിര്‍പ്പു വിളിച്ചുവരുത്തിയ ഈ പരാമര്‍ശം കേസാവുകയും താരത്തിന് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കേണ്ടിവരികയും ചെയ്തു. 

ഈ പരാമര്‍ശത്തെ കുറിച്ചു പ്രതികരിച്ചതിന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂറും കുടുങ്ങി. ഗോഡ്‌സെ അന്നു ഇന്നും ദേശഭക്തനാണെന്നായിരുന്നു പ്രജ്ഞയുടെ പ്രതികരണം. ഇത് വിവാദമായതോടെ ബി.ജെ.പി ദേശിയ നേൃതൃത്വം തന്നെ നേരിട്ടെത്തി തിരുത്തി. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ്ങിനെയാണ് ഭോപ്പാലില്‍ പ്രജ്ഞ നേരിട്ടത്. എന്നിട്ടും മൂന്നു ലക്ഷത്തിലേറെ വോട്ടിന് പ്രജ്ഞ വിജയിച്ചു. 

തമിഴകത്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നനെയും ചിന്തിപ്പിക്കുന്നതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി. രജനികാന്ത് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതു തന്നെ പറ്റിയ സമയം എന്നാണ് തമിഴകത്തുനിന്നു വരുന്ന വാര്‍ത്തകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പോലും സമയമായില്ല എന്നു പറഞ്ഞ് രജനി മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ലോക്‌സഭയിലേക്കുള്ള ഫലം പ്രഖ്യാപിച്ചാല്‍ വൈകാതെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു സഹോദരന്‍ സത്യനാരയണ അറിയിച്ചിരുന്നത്. 

എ.ഐ.ഡി.എം.കെയിലെ ചേരിപ്പോരാണ് ലോക്‌സഭയിലേക്ക് വന്‍പരാജയത്തിന് ഇടയാക്കയിതെന്ന പ്രചാരണവും പുതിയ പാര്‍ട്ടിയുണ്ടാക്കി പുറത്തുചാടിയ ടി.ടി.വി. ദിനകരന് വേണ്ടത്ര ശോഭിക്കാന്‍ കഴിയാത്തതുമെല്ലാം രജനിക്ക് അനുകൂല ഘടകമാവുന്നുവെന്നാണ് സംസാരം. രാഷ്ട്രീയത്തിലെ ആത്മീയപാതയാണ് രജനികാന്ത് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ ഉള്‍വിളിക്കായി കാത്തിരുന്നേ മതിയാവൂ. അത് ബി.ജെ.പിയും ഉറ്റു നോക്കുന്നുണ്ട്. കാരണം എ.ഐ.എ.ഡി.എം.കെയുമായി കൂട്ടുണ്ടാക്കി ഇക്കുറി മത്സരിച്ചപ്പോള്‍ ആകെയുള്ള ഒരു സീറ്റും അവര്‍ക്ക് നഷ്ടപ്പെട്ടു. രജനി വന്നാല്‍ ബി.ജെ.പി. കൂടെക്കൂടിയേക്കും എന്നാണ് തമിഴകത്തുനിന്നും കേള്‍ക്കുന്നത്. 

തമിഴ്‌നാട്ടില്‍ ഈ തിരഞ്ഞെടുപ്പില്‍ വെല്ലൂര്‍ ഒഴികെ 38 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 37 സീറ്റും ഡി.എം.കെ. -കോണ്‍ഗ്രസ്- ഇടതുമുന്നണി സഖ്യമാണ് നേടിയത്. ഒരു സീറ്റാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് കിട്ടിയത്. കഴിഞ്ഞ കുറി എ.ഐ.എ.ഡി.എം.കെയ്ക്കായിരുന്നു വന്‍ ഭൂരിപക്ഷം. 

Content Highlights: kamal haasan, makkal needhi maiam, lok sabha election in tamil nadu, kamal haasan godse remark controversy, makkal needhi maiam total votes