ക്ഷണിക്കാതെ വരുന്ന കോമാളിയെന്ന് പറയുമെങ്കിലും അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും വിഷമമുള്ളതാണ് മരണം. ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവന്ന് മരണം കൈപിടിച്ചു കൊണ്ടുപോയ കല്‍പ്പന അവസാനമായി വെള്ളിത്തിരയില്‍ അഭിനയിച്ച് ഫലിപ്പിച്ചത് മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷങ്ങള്‍ ഒരു നാളും മായില്ല മലയാളിയുടെ മനസ്സില്‍ നിന്ന്. എയ്ഡ്‌സ്‌രോഗിയായ മേരി അവസാന നിമിഷങ്ങള്‍ ചാര്‍ലിക്കും പത്രോസിനുമൊപ്പം നടുക്കടലില്‍ ആഘോഷിച്ചാണ് തന്റെ ദുരിതജീവിതത്തിന് അറുതിവരുത്തിയത്. ക്യൂന്‍ മേരിയുടെ കണ്ണീര്‍ ഇൗ കടലിന്നുവേണ്ടെന്ന് പറഞ്ഞ് ചാര്‍ലി ഒരു മുത്തം കൊടുക്കുന്നുണ്ടെങ്കിലും മുഴുവന്‍ ആഘോഷമായ സിനിമയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗമായി മാറുകയാണ് ഈ ഗാനരംഗം. ഇനി ഒരുപാട് കാലം ഈ രംഗങ്ങളും തിരയിലലയടിക്കുന്ന അതിന്റെ ഈണവും താളവും മരണത്തിന്റെ മുഴക്കത്തോടെ നമ്മുടെ മനസ്സില്‍ മരിക്കാതെ നില്‍ക്കുമെന്നും ഉറപ്പ്.

Kalpana

ചിത്തിരത്തിര എത്തി രാത്തിര ചിത്തറിയുന്ന തിര എന്ന വിജയ് യേശുദാസ് ആലപിച്ച ഗാനത്തിലൂടെയാണ് ഈ രംഗങ്ങള്‍ രംഗത്ത് ആവിഷ്‌കരിക്കപ്പെടുന്നത്. ഇനി ഒരുപാട് കാലം കല്‍പ്പനയുടെ ദൈന്യതയാര്‍ന്ന മുഖ ഈ ദൃശ്യങ്ങളിലൂടെ മലയാളസിനിമയുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് ഉറപ്പ്. ആ കണ്ണിലും മുഖത്തും വരാനിരിക്കുന്ന മരണത്തിന്റെ ഒരു നിഴല്‍പ്പാടുവരെ കണ്ടേക്കാം നമ്മള്‍.