കലേഷ് രാമാനന്ദ് | ഫോട്ടോ: www.instagram.com/kaleshramanand/
'അച്ഛനും അമ്മയും സമാധാനമായി ഉറങ്ങുന്നതില്പ്പരം വേറെന്താണ് വേണ്ടത്?'
ഹൃദയം എന്ന ചിത്രം കണ്ടവരാരും ഈ സംഭാഷണമോ അത് പറയുന്ന സെല്‍വയേയോ ഒരിക്കലും മറക്കാനിടയില്ല. അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്‍കുന്നത് സെല്‍വയാണ്. ഒരര്‍ത്ഥത്തില്‍ ആ ചങ്ങാതിക്കൂട്ടത്തിന്റെ ഹൃദയം തന്നെയാണ് സെല്‍വ. സെല്‍വയായെത്തിയത് ഒരു മലയാളി നടനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി കലേഷ് രാമാനന്ദ് ആണ് ഹൃദയത്തിലെ സെല്‍വ. തിയേറ്റര്‍ കലാകാരനും ഡബ്ബിങ് കലാകാരനുമായ തന്നെ വിനീത് ശ്രീനിവാസന് കണ്ടെത്തിയതെങ്ങനെയെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് പറയുകയാണ് കലേഷ്.
വിനീത് ശ്രീനിവാസനുമായുള്ള ബന്ധം
കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ വിനീതേട്ടന് (വിനീത് ശ്രീനിവാസന്) എന്നെ അറിയാം. ആലപ്പുഴ രാജഗിരി എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചത്. ഞാന്‍ ഡിഗ്രി പഠിക്കുന്ന സമയത്താണ് വിനീതേട്ടന് സംവിധാനം ചെയ്ത മലയാളി എന്ന ആല്‍ബത്തിലെ 'മിന്നലഴകേ' എന്ന പാട്ടിറങ്ങുന്നത്. ആ പാട്ട് ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം, ഞാന്‍ അതിലുണ്ട്. റോമയുടെ കൂടെയുള്ള നാലഞ്ച് ചെക്കന്മാരില് ഒന്ന് ഞാനാണ്. മലര്‍വാടിക്ക് മുമ്പാണ് അത് ചെയ്തത്. അന്ന് പക്ഷേ സിനിമ എന്നത് കരിയറായൊന്നും ചിന്തിച്ചിട്ടില്ല. പിന്നീട് തിയേറ്റര്‍ ആര്ട്ടിസ്റ്റായതിനുശേഷം ആറേഴ് കൊല്ലമായി ഡബ്ബിങ് രംഗത്തുണ്ട്.
ഹൃദയത്തിലേക്ക്
എട്ടുകൊല്ലം മുമ്പ് മമ്മൂക്ക നായകനായ 'കുഞ്ഞനന്തന്റെ കട' എന്ന സിനിമയിലായിരുന്നു തുടക്കം. സുകു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതിന് ശേഷം തമിഴില്‍ 'തനി ഒരുവനില്‍' ജയം രവിയുടെ കൂടെ അഭിനയിച്ചു. തനി ഒരുവന് വിനീതേട്ടന് കണ്ടിട്ടുണ്ടായിരുന്നു. നന്നായി ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അപ്പോഴാണ് ചാന്‍സെന്ന രീതിയില്‍ ഞാന്‍ വിനീതേട്ടനോട് ചോദിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം നമ്പര്‍ തരുന്നത്. പിന്നെ ഞാന്‍ ചെയ്യുന്ന ഹ്രസ്വചിത്രങ്ങളുടേയും ഡബ്ബിങ് വീഡിയോകളുമെല്ലാം അയച്ചുകൊടുക്കും. ഇടയ്ക്കെപ്പോഴെങ്കിലും ഒരു തമ്പ്സ് അപ് അയക്കും. പക്ഷേ പുള്ളി അതെല്ലാം കാണുന്നുണ്ടെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്. മൂന്നുകൊല്ലം മുമ്പ് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഒരു സുഹൃത്തിനെ സ്വീകരിക്കാന്‍ നില്ക്കുമ്പോള് അവന് വരുന്ന അതേ ഫ്ളൈറ്റില്‍ വിനീതേട്ടനും ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യം വന്നതും. സുഹൃത്ത് ആദ്യം വന്നിരുന്നെങ്കില്‍ വിനീതേട്ടനെ കാണാന്‍ കഴിയില്ലായിരുന്നു. ഞങ്ങള്‍ സംസാരിച്ചു. വിളിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. രണ്ട് മാസത്തിന് ശേഷം ഒരു സന്ദേശം വന്നു. പുതിയ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി, ഒരു വേഷമുണ്ടെന്നായിരുന്നു അതിന്റെ ചുരുക്കം. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ വിനീതേട്ടന്റെ വീട്ടില്‍ പോയി എല്ലാം സംസാരിച്ചു.
സെല്‍വയായി മാറാനൊരുങ്ങുന്നു
2019-ലാണ് ഈ കഥാപാത്രത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. കഥാപാത്രത്തേക്കുറിച്ച് കഥപറയുമ്പോള്‍ത്തന്നെ പറഞ്ഞുതന്നിരുന്നു. അരുണ്‍ എന്ന കഥാപാത്രത്തിന് മാത്രമല്ല എല്ലാവര്ക്കും മാതൃകയായ ഒരു പയ്യനാണ് സെല്‍വ എന്ന് പറഞ്ഞുതന്നിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുകളിലേക്ക് കൊണ്ടുവരണം എന്നാഗ്രഹിക്കുന്നയാളാണ്. അതിന് സഹായമാവുന്നത് അവരുടെ പഠനമാണെന്ന് മനസിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നയാളാണ്. ആ ഒരു പ്രായത്തില്‍ എല്ലാവരും റിബല്സ് ആവുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി വ്യത്യസ്തമായി ചിന്തിക്കുന്നയാളാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. സെല്വയേപ്പറ്റി കേട്ടപ്പോഴേ എന്താണാ കഥാപാത്രമെന്ന് നന്നായി ഉള്‍ക്കൊള്ളാനായി.
മലയാളിയാണെങ്കിലും ചെയ്തത് തമിഴ് കഥാപാത്രം
കഥാപാത്രത്തേക്കുറിച്ച് മാത്രമേ ഞാന്‍ ചിന്തിച്ചുള്ളൂ. മലയാളസിനിമയില്‍ തമിഴ് കഥാപാത്രം വരിക എന്നു പറഞ്ഞാല്‍ അതൊരു കാമ്പുള്ളതാണെങ്കില്‍ മലയാളികള്‍ക്ക് എപ്പോഴും ഒരു സോഫ്റ്റ് കോര്‍ണറുണ്ടാവും. മലയാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ടാവും. ഒന്നുരണ്ട് കൂട്ടുകാരോട് കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു മലയാളിയാണ് ഈ കഥാപാത്രം ചെയ്തതെന്ന് എപ്പോഴെങ്കിലും നീ അറിയിക്കണമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ സിനിമ നന്നായാല്‍ സെല്‍വയെ എല്ലാവര്ക്കും ഇഷ്ടപ്പെടും. സെല്‍വയെ ഇഷ്ടപ്പെട്ടാല്‍ ആ നടനുവേണ്ടിയുള്ള അന്വേഷണമുണ്ടാവും. അതിനേക്കുറിച്ചാലോചിച്ച് ഞാന്‍ വേവലാതിപ്പെടണ്ട, തന്ന ജോലി നന്നായി ചെയ്താല്‍ മതിയെന്നാണ് ഞാന്‍ ആലോചിച്ചത്.
സെല്‍വ എന്ന ഐഡന്റിറ്റി
സെല്‍വ ഒരു ഐഡന്റിറ്റിയായി മാറിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ നടന് അറിയപ്പെടുക എന്നത് ഒരു ഭാഗ്യമല്ലേ? ഹൃദയത്തിന്റെ സെറ്റില്‍ എല്ലാവരും അവരുടെ ശരിയായ പേരില്‍ പരസ്പരം വിളിച്ചപ്പോള്‍ എന്നെ എല്ലാവരും സെല്‍വ അണ്ണാ എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ വിളി കേള്‍ക്കുകയും ചെയ്യും. സെല്‍വ എന്ന് ബാക്കിയുള്ളവര്‍ വിളിക്കുന്നു, ഞാന്‍ കേള്‍ക്കുന്നു, എന്താണിവിടെ നടക്കുന്നതെന്ന് വിനീതേട്ടന് ഒരിക്കല്‍ ചോദിച്ചിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണതൊക്കെ. ഇനി അടുത്തപടം ചെയ്യുമ്പോള്‍ ചിലപ്പോള്‍ സെല്‍വയെ അവതരിപ്പിച്ച നടന് എന്ന് പറയുമായിരിക്കും. ഇങ്ങനെയൊരു കഥാപാത്രത്തെ തന്നതിന് വിനീതേട്ടനോടും നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തോടും വളരെയധികം നന്ദിയുണ്ട്.
സ്പോട്ടിലെഴുതിയ ഡയലോഗ്
ചിത്രീകരണത്തിനിടെ രസകരമായ ഒരു സംഭവമുണ്ടായി. പ്രണവ് അവതരിപ്പിക്കുന്ന അരുണും അശ്വതിന്റെ ആന്റണിയും സെല്‍വയുടെ അടുത്തേക്ക് കമ്പെയിന്‍ സ്റ്റഡി നടത്താന്‍ വരുന്ന ഒരു രംഗമുണ്ട്. നേരത്തെ വേറെ ഒരു രീതിയിലാണ് അത് പ്ലാന്‍ ചെയ്തിരുന്നത്. ഷൂട്ടിങ് നടക്കുന്നതിന് തൊട്ടുമുമ്പാണ് സീനീല്‍ മാറ്റമുണ്ടെന്ന് വിനീതേട്ടന് പറഞ്ഞത്. അന്ന് രാവിലയാണ് ആ ഡയലോഗുകള്‍ എഴുതിയത്. തന്ന ഡയലോഗ് കുറച്ച് അധികമുണ്ടായിരുന്നു താനും. പത്തുമിനിറ്റുകൊണ്ട് എടുക്കണമെന്ന് പറഞ്ഞപ്പോള്‍ ആകെ ടെന്‍ഷനായി. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന അദ്ദേഹം വളരെ കൃത്യമായി പറഞ്ഞുതന്നു. സ്ക്രിപ്റ്റില്‍ ഇല്ലാത്ത സംഭാഷണങ്ങളായതുകൊണ്ട് ഞാനെന്താണ് പറയാന്‍ പോകുന്നതെന്ന് വിനീതേട്ടനും എനിക്കുമല്ലാതെ മറ്റൊരാള്‍ക്കും അറിയില്ല. മാസ്റ്റര്ഷോട്ട് എടുത്തശേഷം ഡബ്ബിങ്ങിന്റെ ആവശ്യത്തിനായി തിരക്കഥയിലേക്ക് ആ സംഭാഷണം എഴുതിച്ചേര്‍ക്കുകയായിരുന്നു. സത്യത്തില്‍ വിനീതേട്ടന്റെ തിരക്കഥ എന്നു പറയുന്നത് ഒരു ബ്ലൂപ്രിന്റാണ്. മാറ്റിയെഴുതലൊന്നും അങ്ങനെ ഉണ്ടാവാറില്ല.
പ്രണവ് നമ്മള് ചിന്തിക്കുന്നയാളല്ല
പ്രണവ് ഒരു പ്രണവ് മോഹന്‍ലാല്‍ ആണെന്നും ഒരു മഹാനടന്റെ മകനാണെന്നും നമ്മള് ചിന്തിക്കുന്നുണ്ട്. പക്ഷേ പ്രണവിന് ആ ചിന്തയില്ല. പ്രണവിനെ സ്ബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മനുഷ്യന് മാത്രമാണ്. അങ്ങനെയൊക്കെ പറയാന്‍ പറ്റും. പക്ഷേ ജീവിക്കാന്‍ പറ്റില്ല. ഒരു വിസ്മയം തന്നെയാണദ്ദേഹം. എല്ലാവരോടും ഇങ്ങോട്ട് വന്ന് സംസാരിക്കുന്ന കൂട്ടത്തിലാണ്. ഇടവേളകളില്‍ പുറത്ത് കാരവനില്‍ പോയി ഇരിക്കുന്ന ആളൊന്നുമല്ല. പരീക്ഷയെഴുതുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ആ ക്ലാസ് റൂമിലെ ബെഞ്ചിലിരിക്കുമ്പോഴാണ് ഞങ്ങള്‍ ആദ്യമായി പരസ്പരം പരിചയപ്പെടുന്നത്. സഹജീവിയായി നമ്മളെ കാണുന്ന മനുഷ്യനാണ് പ്രണവ്. ഓഡിയോ ലോഞ്ചിന് ചെന്നൈയില്‍ നിന്ന് വരുമ്പോള്‍ നിമിത്തം പോലെ കണ്ടുമുട്ടി. ഒരുമിച്ചാണ് വന്നത്. അന്നും കുറേ നേരം സംസാരിച്ചു. ഡബ്ബിങ്ങിന്റെ സമയത്തും ഒരുമിച്ചുണ്ടായിരുന്നു. സെല്‍വയും അരുണും എന്ന് പറയുന്നതുപോലെ നല്ല ഒരു സൗഹൃദമുണ്ട് ഇപ്പോള്‍. ആദ്യ ഷോ പ്രണവിന് കാണാന്‍ പറ്റിയിരുന്നില്ല. ഞാനും അശ്വതുമെല്ലാം പ്രണവിനെ വിളിച്ചു. സെല്വയെപ്പറ്റി എല്ലാവരും നല്ലത് പറയുന്നുണ്ടെന്ന് പ്രണവ് പറഞ്ഞു. പുള്ളി ഭയങ്കര ഹാപ്പിയാണ്.
ചാര്‍ളിയില്‍ ഇല്ലാത്ത കഥാപാത്രമായി മാരയില്‍
മാരയുടെ സംവിധായകന് തനി ഒരുവന് കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹം ചെന്നൈയില്ത്തന്നെയുള്ളയാളാണ്. നാടകങ്ങളൊക്കെ വന്ന് കാണുമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തിനൊപ്പം ഞാനൊരു നാടകം ചെയ്തപ്പോള്‍ അതുകാണാന്‍ പുള്ളിയും വന്നിരുന്നു. അതൊരു ഇംഗ്ലീഷ് നാടകമായിരുന്നു. പിന്നീട് ചാര്‍ളിയുടെ റീമേക്ക് പുള്ളി ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഒരു മെസേജ് അയച്ചു. അറിയിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടാലോചിച്ചപ്പോള്‍ ചാര്‍ളിയില്‍ എനിക്ക് പറ്റിയ കഥാപാത്രമൊന്നുമില്ലെന്ന് മനസിലായി. അതോടെ ഞാനത് വിട്ടു. പെട്ടന്നൊരു ദിവസം മാരയുടെ കാസ്റ്റിങ് ഡയറക്ടര്‍ വിളിച്ച് റോളുണ്ടെന്ന് പറയുന്നത്. സത്യത്തില്‍ ചാര്‍ളിയില്‍ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. മാരയ്ക്കുവേണ്ടി പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു.
ഹൃദയത്തിലെ അതേ ലുക്കില്‍ ചെയ്ത മാര
ഹൃദയത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് മാരയില്‍ നിന്നുള്ള വിളി വരുന്നത്. 2019 മാര്‍ച്ചില്‍ കോളേജ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയമായിരുന്നു അത്. ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിക്ക് പോകുന്ന വഴിയാണ് മാരയുടെ ലൊക്കേഷന്‍. ഹൃദയത്തിലെ സെല്‍വ എന്ന കഥാപാത്രത്തിന്റെ രംഗത്തിന്റെ ചിത്രീകരണം ഉച്ചയോടെ കഴിഞ്ഞിരുന്നു. ആ സെറ്റില്‍ നിന്ന് പോയി രാത്രി മാരയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുവന്നു. ഒ.ടി. റിലീസായതുകൊണ്ട് ആദ്യം വന്നത് മാരയാണെന്നുമാത്രം.
ഡബ്ബിങ് കൂടെ കൊണ്ടുപോകുന്നു
ഡബ്ബിങ് ജോലികളുള്ളതിനാല്‍ ചെന്നൈയില്‍ത്തന്നെയാണ് സ്ഥിരതാമസം. തമിഴില്‍ എസ്.ടി.ആര്, ജീവ എന്നിവര്‍ക്കും തെലുങ്കില്‍ റാം പോത്തിനേനി, അഖില്‍ അക്കിനേനി എന്നിവര്‍ക്കൊക്കെ മലയാളത്തില്‍ ശബ്ദം നല്‍കുന്നത് ഞാനാണ്. തമിഴില്‍ ഈയിടെ ഈശ്വരന് എന്ന ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പില്‍ ചിമ്പുവിന് ശബ്ദം നല്കി.
പുതിയ ചിത്രങ്ങള്‍
ഹൃദയം റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഒരു തമിഴ് സിനിമ ചെയ്തു. നിവിന്‍ പോളിയുടെ 'റിച്ചി' സംവിധാനം ചെയ്ത ഗൗതം രാമചന്ദ്രന് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. നായികാ പ്രാധാന്യമുള്ള സിനിമയില്‍ സായി പല്ലവിയാണ് പ്രധാനവേഷത്തില്‍. ഇതില്‍ സായി പല്ലവിയുടെ ജോഡിയായാണ് എത്തുന്നത്. അതിന്റെ ഷൂട്ട് കഴിഞ്ഞു.
Content Highlights: kalesh ramanand interview, hridayam movie, pranav mohanlal, vineeth sreenivasan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..