സിനിമയുടെ തിരക്കുകളില്‍ വല്ലപ്പോഴും മാത്രമായിരുന്നു അച്ഛന് വീട്ടിലെത്തിയിരുന്നത്, വന്നുകഴിഞ്ഞാല്‍ പിന്നെ ആഘോഷമാണ് പുറത്തുപോയി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പതിവില്ലായിരുന്നു. അമ്മയെ അടുക്കളയില്‍ നിന്നോടിച്ച് ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് പാചകം ഏറ്റെടുക്കുന്നതാണ് പതിവ്. ചോറും മീന്‍കറിയുമായിരുന്നു അച്ഛനെന്നും ഇഷ്ടം എന്നാല്‍ എനിക്കിഷ്ടം അച്ഛനുണ്ടാക്കുന്ന മാമ്പഴപുളിശ്ശേരിയാണ്. അടുപ്പിലത് തളച്ചുവരുമ്പോഴേക്കും നാവില്‍ കപ്പലോടാനുള്ള വെള്ളം നിറയും അച്ഛനുണ്ടാക്കുന്ന കറികളുടെ രുചി ഇന്നും നാവിലുണ്ട്. യാത്രകളിലെല്ലാം അച്ഛന് പുതിയ പരീക്ഷണങ്ങള്‍ പുറത്തെടുക്കാമായിരുന്നു. പാട്ടിലും പാചകത്തിലും അച്ഛനെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്ന് ഞാനന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛനൊന്നിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുമ്പോള്‍ മകള്‍ ശ്രീലക്ഷ്മി വാചാലയായി.
എന്നെ ഡോക്ടറായി കാണാനാണ് അച്ഛന് ഇഷ്ടപ്പെട്ടത്. പഠനകാര്യത്തില്‍ ഏന്നോട് കൂടുതലായി ഒന്നും ചോദിക്കാറില്ല എന്നാല്‍ ഞാന്‍ പഠിത്തത്തില്‍ പിറകോട്ടുപോകാതെ നോക്കണമെന്ന് അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.ഓരോ വിദേശയാത്രകഴിഞ്ഞുവരുമ്പോഴും എനിക്കായി എന്തെങ്കിലുമൊന്ന് പ്രത്യേകം കരുതിയിട്ടുണ്ടാകും. സമ്മാനങ്ങളില്‍ ഏറ്റവും അധികം ലഭിച്ചത് വാച്ചുകളായിരുന്നു നമുക്ക് രണ്ടാള്‍ക്കും ഒരേ കൈവണ്ണമാണെന്നുപറഞ്ഞ് അതുകെട്ടിതരുമ്പോഴെല്ലാം എന്നെകളിയാക്കുമായിരുന്നു.
അച്ഛനുള്ളപ്പോള്‍ വീട് പാട്ടില്‍ നിറയും എന്നെ പാടന്‍ പഠിപ്പിച്ചത് അച്ഛനായിരുന്നു, തെറ്റുമ്പോഴെല്ലാം കൂടെപാടി ശരിയാക്കിതന്നു. മിന്നാമിനുങ്ങേ...മിന്നും മിനുങ്ങേ... എന്നപാട്ട് ഇപ്പോള്‍ കേള്‍ക്കുമ്പോഴും അറിയാതെ കണ്ണുനിറയും. അച്ഛന് പാടിയ പാട്ടുകളുടെയെല്ലാം ശേഖരം എന്റെ കയ്യിലുണ്ട്.
എന്റെ വലിയൊരു കൂട്ടായിരുന്നു എന്നും അച്ഛന്,ദേഷ്യപ്പെട്ടുകൊണ്ടുള്ള അച്ഛന്റെ ചിത്രം എന്റ മനസ്സിലില്ല.സ്കൂളില്‍ ഞാന്‍ കലാപരിപാടികളില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നുപറയുമ്പോള്‍ അച്ഛന് ഉഷാറാകും. സ്കിറ്റുകളെല്ലാം പറഞ്ഞുതരും, പലതരം നിര്‍ദ്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കും ഒരു പരിപാടി ഏറ്റവും നന്നാക്കാനുള്ള പൊടികൈകളെല്ലാം അതിലുണ്ടാകും. അച്ഛന്റെ സിനിമ ചാലക്കുടിയില്‍ വരുമ്പോഴെല്ലാം ഞങ്ങളൊന്നിച്ച് തിയേറ്ററില്‍ പോകുമായിരുന്നു. ഒരുമിച്ചുള്ള യാത്രകളിലെല്ലാം ഞാനച്ഛനെ കൂടുതല്‍ സ്നേഹിച്ചു,ഓര്‍മ്മകളുടെ വിവരണം ശ്രീലക്ഷ്മിയുടെ കണ്ണുകളെ നനച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..