കലാഭവൻ ഷാജോൺ, കലാഭവൻ മണി | photo: mathrubhumi
കലാഭവന്‍ മണി വിടവാങ്ങി എഴ് വര്‍ഷങ്ങള്‍
മണിച്ചേട്ടന്റെ പേരിനൊപ്പമുള്ള 'കലാഭവന്‍' എന്റെ പേരിനൊപ്പവും വന്നത് ഒരുപാട് ഭാഗ്യമായി കരുതുന്നൊരാളാണ് ഞാന്‍. കലാഭവന്‍ എന്ന പ്രസ്ഥാനത്തിന്റെ മഹത്വം എന്നതിലുപരി മണിച്ചേട്ടന്‍ എന്ന വ്യക്തിയുടെ, അത്രയും വലിയ കലാകാരനൊപ്പമുള്ള ഒരു ലേബല്‍, അത് നമ്മുടെ പേരിനൊപ്പവും ചേര്‍ത്തുവെക്കാന്‍ പറ്റിയെന്നതില്‍ ഒരുപാട് അഭിമാനം... മണിച്ചേട്ടനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട് നല്ല നിമിഷങ്ങള്‍, സന്തോഷങ്ങള്‍ മനസ്സിലുണ്ട്. എങ്കിലും ഇന്നും മറക്കാനാവാതെ ഉള്ളില്‍ നനവാര്‍ന്നൊരോര്‍മ കിടപ്പുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പാണ്, ഒരിക്കല്‍ അമേരിക്കന്‍ ട്രിപ്പില്‍ വെച്ച് ഒരു പ്രത്യേകസാഹചര്യത്തില്‍ എനിക്ക് മണിച്ചേട്ടനോട് ഇച്ചിരി ദേഷ്യത്തില്‍ സംസാരിക്കേണ്ടി വന്നു. മറ്റൊന്നുമല്ല, സ്‌നേഹമുള്ളവരെ അദ്ദേഹം അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. അങ്ങനെയൊരു സാഹചര്യത്തില്‍ അറിയാതെ അദ്ദേഹത്തിന്റെ കൈയില്‍ കിടന്ന വള, അതെന്റെ മൂക്കിലൊന്നു തട്ടി. ആ സ്വര്‍ണവളയുടെ ഭാരവും അതിന്റെ വലുപ്പവുമൊക്കെ നമുക്കറിയാമല്ലോ. പെട്ടെന്ന് വന്നൊരു ദേഷ്യത്തില്‍ ഞാനെന്തോ മണിച്ചേട്ടനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും അവിടെ എന്ത് നടക്കുമെന്ന് നമുക്ക് ഉദ്ദേശിക്കാവുന്നതേയുള്ളൂ.
അന്ന് ഞങ്ങള്‍ക്കൊപ്പം ദിലീപേട്ടന്‍, സലിംകുമാര്‍ ചേട്ടന്‍ എല്ലാവരുമുണ്ടായിരുന്നു. ഇവരെല്ലാവരും ഇതു കണ്ടിട്ട് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടന്നങ്ങ് മാറിപ്പോയി. മണിച്ചേട്ടന്‍ തിരിച്ചൊന്നും പ്രതികരിക്കാതെ എന്റെ കണ്ണിലേയ്ക്ക് രണ്ടുസെക്കന്റ് നോക്കിയിട്ട് നടന്നുപോയി. അതുകഴിഞ്ഞ് രണ്ടുമൂന്ന് ദിവസത്തിന് ശേഷം മറ്റെന്തോ കാര്യം പറഞ്ഞ് ധര്‍മജന്റെ കൈപിടിച്ച് തിരിച്ചു അദ്ദേഹം. സ്‌നേഹം കൊണ്ട് ചെയ്യുന്നതാണ്‌ട്ടോ. എന്നാലും ആ സമയത്ത് ധര്‍മജനും മണി ചേട്ടനോട് ദേഷ്യപ്പെട്ടു. 'എന്നാല്‍ പിന്നെ എന്നെയങ്ങട് കൊല്ല്, എന്റെ കുടുംബം മണിച്ചേട്ടന്‍ നോക്ക്' എന്നൊക്കെ പറഞ്ഞു. അന്നും ഇതുപോ ഒന്നും മിണ്ടാതെ മണിച്ചേട്ടന്‍ പോയി.
സാധാരണ ഞങ്ങള്‍ക്കൊപ്പം തന്നെ ചിരിച്ചുകളിച്ച് നടക്കുന്ന മണിച്ചേട്ടനാണ്. മണിച്ചേട്ടന്റെ നെഞ്ചില്‍ തലവെച്ചാണ് ഞാനും ധര്‍മജനും കിടക്കാറുണ്ടായിരുന്നതും. എന്നാല്‍ ധര്‍മജനുമായിട്ട് ദേഷ്യപ്പെട്ട അന്ന് അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞാല്‍ വരുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. പക്ഷേ അന്നേറെ വൈകിയിട്ടും അദ്ദേഹത്തെ കണ്ടില്ല. അപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള ആര്‍ട്ടിസ്റ്റ് സുബി ചോദിച്ചു, 'മണിച്ചേട്ടനും നിങ്ങളും തമ്മില്‍ എന്താ പ്രശ്‌നമെന്ന്?' മണിച്ചേട്ടന്‍ മുറിയിലിരുന്ന് കരയുകയാണെന്ന് പറഞ്ഞു.
ഞങ്ങള്‍ അവളെയും കൂട്ടി മണിച്ചേട്ടന്റെ മുറിയിലേക്ക് ചെന്നു. ഞങ്ങള്‍ നോക്കുമ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ മണിച്ചേട്ടന്‍ പൊട്ടിക്കരയുന്നു. ഞാനും ധര്‍മജനും കാര്യം ചോദിച്ചപ്പോള്‍ പെട്ടെന്ന് അദ്ദേഹം സങ്കടത്തോടെ ഞങ്ങളെ നോക്കി. 'എടാ നിന്നെയൊക്കെ ഞാന്‍ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോള്‍ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ പറയുക'' അതുകേട്ടതും ഞങ്ങള്‍ക്കും സങ്കടം വന്നു.
ഞങ്ങള്‍ മണിച്ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കരച്ചിലിനുശേഷം ഞങ്ങള്‍ക്കൊപ്പം മുറിയിലേക്ക് വന്നു. അന്നെനിക്ക് മനസ്സിലായി, ഈ പുറമേ കാണിക്കുന്ന ദേഷ്യമോ പരുക്കന്‍സ്വഭാവമോ ഒന്നുമല്ല, ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ് അദ്ദേഹത്തിന്റേത്. പിന്നീടൊരിക്കല്‍ പോലും മണിച്ചേട്ടനെ വേദനിപ്പിക്കുന്നതരത്തിലുള്ള ഒരു സംസാരമോ പെരുമാറ്റമോ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അദ്ദേഹത്തെ വിഷമിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.
ഞങ്ങളിലൊരാളായി എന്നും
മണിച്ചേട്ടനൊപ്പം രണ്ടുമൂന്ന് സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യമേ എനിക്ക് കിട്ടിയിട്ടുള്ളൂ. അതിലുപരി രണ്ടുമൂന്ന് രണ്ടുമൂന്ന് തവണ മണിച്ചേട്ടനൊപ്പം വിദേശയാത്രകള്‍ ചെയ്യാനവസരം ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ സ്ഥലങ്ങളിലൊക്കെ മണിച്ചേട്ടനൊപ്പം പോവാന്‍ പറ്റിയിരുന്നു. അപ്പോഴൊക്കെയാണ് കലാഭവന്‍ മണി എന്ന കലാകാരനെയും മനുഷ്യനെയും അടുത്തറിയാന്‍ കഴിഞ്ഞത്. ആ ഗ്രൂപ്പിലുള്ള മറ്റു പല നടന്മാരും പലപ്പോഴും മിമിക്രിക്കാരുമായി വലിയ സൗഹൃദത്തില്‍ അല്ലാതിരിക്കുമ്പോഴും മണിച്ചേട്ടന്‍ എന്നു പറയുന്നൊരാള് ഫുള്‍ടൈം ഞങ്ങള്‍ക്കൊപ്പമായിരിക്കും.
ഞാന്‍, കലാഭവന്‍ പ്രജോദ്, ഹരിശ്രീ യൂസഫ്, ധര്‍മജന്‍ ബോള്‍ഗാട്ടി...അങ്ങനെ ഞങ്ങള്‍ കുറച്ചു കലാകാരന്മാരാണ് മണിച്ചേട്ടനൊപ്പം ഉണ്ടാവാറുള്ളത്. അന്നു വേണമെങ്കില്‍ മണിച്ചേട്ടന് പ്രധാനപ്പെട്ട മറ്റ് നടന്മാര്‍ക്കൊപ്പം നടക്കാം. അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം. പക്ഷേ, അദ്ദേഹം നടക്കുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ഞങ്ങള്‍ക്കൊപ്പമായിരിക്കും. എന്നെയും പ്രജോദിനെയും ധര്‍മജനെയും കെട്ടിപ്പിടിച്ചായിരിക്കും കിടക്കുക. മണിച്ചേട്ടന് പ്രത്യേകം ഒരു മുറിയുണ്ടെങ്കിലും ഫ്രഷ് ആവാന്‍ വേണ്ടിമാത്രമായിരിക്കും അവിടേക്ക് പോവുക.
എയര്‍പോര്‍ട്ടിലൊക്കെ പോയാല്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെ എന്തുപൈസയാവുമെന്ന് നമുക്കറിയാം. പക്ഷേ, ഞങ്ങള്‍ വിശന്നിരിക്കുകയാണെന്ന് മനസ്സിലാക്കിയാല്‍ 'മോനേ, കഴിക്കാനെന്തെങ്കിലും വേണോ, കുടിക്കാനെന്തെങ്കിലും വേണോ' എന്നു ചോദിച്ച് ഞങ്ങള്‍ക്കെന്തെങ്കിലുമൊക്കെ വാങ്ങിച്ചുതരും. അദ്ദേഹത്തിന്റെ ആ പരിപാടിക്ക് കിട്ടുന്ന തുകയുടെ വലിയൊരു ശതമാനം അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ചെലവാക്കിയിട്ടുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്ക് വളരെ തുച്ഛമായ വേതനമായിരിക്കും ട്രിപ്പൊക്കെ കഴിയുമ്പോള്‍ കിട്ടുന്നത്. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ മാനേജര്‍ ജോബി മണിച്ചേട്ടനെ വിളിക്കാന്‍ വന്നിട്ടുണ്ടാവും. ഞങ്ങളെ കെട്ടിപ്പിടിച്ച് യാത്ര പറയുംമുമ്പ് ജോബിയെ വിളിക്കും. 'ജോബി, അതിങ്ങുതാടാ' എന്നുപറയും. അപ്പോള്‍ അദ്ദേഹം കുറച്ച് പാക്കറ്റ് മണിച്ചേട്ടന് കൊടുക്കും.
ആ ഓരോ പാക്കറ്റും ഞങ്ങള്‍ക്കുതരും. അതു തുറന്നുനോക്കുമ്പോള്‍ സ്വര്‍ണമോതിരമായിരിക്കും. അങ്ങനെ എനിക്കും പ്രജോദിനും ധര്‍മജനുമൊക്കെ മണിച്ചേട്ടന്റെ വക സ്വര്‍ണമോതിരം കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരുപാട് സ്‌നേഹം തന്നിട്ടുള്ളയാളാണ് മണിച്ചേട്ടന്‍. ഇന്നും ഏതുവേദിയില്‍ ചെന്നാലും എവിടെ പോയാലും മണിച്ചേട്ടനെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. അത്രയധികം എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് അദ്ദേഹം.
മണിച്ചേട്ടന്റെ പകരക്കാരന്‍
ഞാനേറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നൊരാളാണ് അദ്ദേഹം. മണിച്ചേട്ടന്റെ പകരക്കാരനായിട്ടായിരുന്നു സിനിമയിലും സ്റ്റേജിലും എന്റെ തുടക്കം. സല്ലാപം എന്ന സിനിമയിലേക്ക് അവസരം കിട്ടി കലാഭവനില്‍ നിന്ന് മണിച്ചേട്ടന്‍ പോകുമ്പോള്‍ ഉണ്ടായ ഗ്യാപ്പിലേക്കാണ് ഞാനടക്കമുള്ള പല കലാകാരന്മാരും കലാഭവനിലെത്തുന്നത്. അതിനുശേഷം മണിച്ചേട്ടന്‍ ചെയ്തതുപോലെ താരങ്ങളെ അനുകരിക്കുകയും സ്‌കിറ്റ് ചെയ്യുന്നതുമൊക്കെ ഞാനായിരുന്നു. ശരിക്കും മണിച്ചേട്ടന്റെ ഒരു പകരക്കാരനായിട്ടാണ് ഞാന്‍ കലാഭവനില്‍ എത്തിയതെന്നു പറയാം.
പിന്നീട് 1999-ല്‍ മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലും മണിച്ചേട്ടന്റെ പകരക്കാരനായിട്ടാണ് എന്നെ സെലക്ട് ചെയ്തത്. ആ കരടിയുടെ വേഷത്തിനുള്ളില്‍ ആരായാലും തിരിച്ചറിയില്ലെന്നും മണിച്ചേട്ടനെ ക്കൊണ്ട് പിന്നീട് ഡബ്ബ് ചെയ്യിച്ചാല്‍ മതിയെന്നും രണ്ടുമൂന്ന് ദിവസത്തിനുശേഷമാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് ഐഡിയ തോന്നിയത്.
അപ്പോള്‍ മണിച്ചേട്ടന്റെ ശരീരപ്രകൃതിയോട് ഏകദേശം സാമ്യമുള്ള ആളെ അവര്‍ തിരയുകയായിരുന്നു. കോട്ടയം നസീര്‍ക്കയാണ് അതിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ, സിബി കെ. തോമസിനോടും സംവിധായകന്‍ സന്ധ്യാമോഹനോടും എന്നെക്കുറിച്ച് പറയുന്നത്. ഞാനന്ന് സ്റ്റേജില്‍ മണിച്ചേട്ടനെ അനുകരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യമായി ഞാന്‍ സിനിമയിലെത്തുന്നത്. അതും മണിച്ചേട്ടന്റെ ഡ്യൂപ്പായിട്ട്.
വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ച സഹദേവന്‍ എന്ന കഥാപാത്രം തമിഴില്‍ ചെയ്തത് മണിച്ചേട്ടനായിരുന്നു. അതും എനിക്കുകിട്ടിയ വലിയൊരു അംഗീകാരമാണ്. ഞാനഭിനയിച്ച് പ്രേക്ഷകര്‍ അംഗീകരിച്ച ഒരു കഥാപാത്രം, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ കഥാപാത്രം ഞാന്‍ ആരാധിക്കുന്ന നടന്‍ തമിഴില്‍ ചെയ്യുന്നുവെന്ന് പറയുമ്പോള്‍ ഒരുപാട് സന്തോഷമായിരുന്നു.
'പാപനാസ'ത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസം മണിച്ചേട്ടന്‍ എന്നെ വിളിച്ചിരുന്നു. 'മോനേ, നാളെ ഷൂട്ട് തുടങ്ങുകയാണ്, നീ പ്രാര്‍ഥിക്കണം' എന്നു പറഞ്ഞു. അത് ഗംഭീരസിനിമയാവട്ടെ എന്ന് ഞാനും ആശംസിച്ചു. എന്നെ വലിയ കാര്യമായിരുന്നു മണിച്ചേട്ടന്. അതുപോലെത്തന്നെ എനിക്കും.
(2022 സെപ്റ്റംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: kalabhavan shajon sharing his memories with actor kalabhavan mani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..