സിനിമാ ചിത്രീകരണ ലൊക്കേഷനുകളില്‍ കാണുമ്പോള്‍ കലാഭവന്‍ മണി മിക്കവാറും ഷൂട്ടിങ്ങ് കാണാന്‍ വന്ന സാധാരണക്കാര്‍ക്കിടയില്‍ കഥ പറഞ്ഞിരിക്കുന്നത് കാണാമായിരുന്നു. ഹാസ്യതാരമായും പിന്നീട് നായകനായും അന്യഭാഷകളില്‍ വില്ലനായും ശോഭിച്ച് താരപദവിയിലെത്തിയപ്പോഴും ഈ രീതിക്ക് മാറ്റം കണ്ടില്ല. ഷൂട്ടിങ് കാണാന്‍ വന്ന അമ്മൂമ്മമാരെയും അപ്പൂപ്പന്മാരെയുമെല്ലാം മണി കയ്യിലെടുത്തു. അവരോട് കൂടെ പഴങ്കഥ പറഞ്ഞും പാട്ടുപാടിയും രസിച്ചു.
മണിയുടെ നാടന്‍പാട്ടുകള്‍ പിന്നെ ലോകം മുഴുവന്‍ കൊണ്ടാടി. സ്വന്തം അച്ഛനില്‍നിന്നും, അമ്മൂമ്മമാരില്നിന്നും അപ്പൂപ്പന്മാരില്നിന്നുമെല്ലാം വീണ് കിട്ടിയ നാടോടി ഈണങ്ങളായിരുന്നു മണിയുടെ പാട്ടിന്റെ കരുത്ത്. സംവിധായകന് സന്തോഷ് ശിവന് ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. സിനിമയുടെ ആവശ്യാര്‍ത്ഥവും അല്ലാതെയും വിദേശങ്ങളിലൊക്കെ യാത്ര പോകുമ്പോള്‍ ഞാന്‍ കാറില്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളാണ് വെക്കാറ്. ഇങ്ങനെ എത്രയോ ആരാധകര്‍ ഈ പാട്ടിനുണ്ടായിരുന്നു.
പാട്ടിന് താങ്കള്‍ യേശുദാസിനെക്കോള് പ്രതിഫലം വാങ്ങുന്നുണ്ടല്ലോ എന്നൊരിക്കല്‍ ഒരു പത്രപ്രവര്ത്തകന് ചോദിച്ചപ്പോള്‍ യേശുദാസ് പാട്ട് പഠിച്ചിട്ടുണ്ട്, ഞാന്‍ പഠിച്ചിട്ടില്ല എന്നായിരുന്നു മണിയുടെ മറുപടി. സ്കൂള്‍ പഠനമോ ശാസ്ത്രീയ സംഗീതപഠനമോ ഒന്നുമായിരുന്നില്ല മണിയുടെ പഠനം, ജീവിത സര്‍വ്വകലാശാലയില്‍ നിന്നാണ് മണി മിമിക്രിയും അഭിനയവും പാട്ടും എല്ലാം പഠിച്ചത്. അതുകൊണ്ട് ഒരു താരജീവിതം കെട്ടിപ്പടുക്കാനും മണിക്ക് കഴിഞ്ഞു. സമുദായം എന്ന ആദ്യ ചിത്രത്തിലെ വേഷം പരീത് എന്ന സഹായിയായിട്ടായിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്നെ വന്ന അക്ഷരത്തില്‍ ഓട്ടോ ഡ്രൈവറുമായി. ജീവിതത്തിലും മണി ഓട്ടോ ഡ്രൈവറായിരുന്നു.
'സമുദായത്തിന്റെ സെറ്റില്‍ ജോലിക്ക് വന്നതായിരുന്നു മണി. അവിടെ കെ.പി.എ.സി. ലളിതയ്ക്കും മറ്റ് താരങ്ങള്‍ക്കും മുന്നില്‍ മിമിക്രി അവതരിപ്പിച്ച് ചിരിപ്പിക്കുമ്പോള്‍ ലളിത ചേച്ചിയാണ് ചോദിക്കുന്നത് ഇവനൊരു വേഷം കൊടുത്തു കൂടെയെന്ന്' ഇന്നസെന്റ് വന്നില്ലെങ്കില്‍ ആ വേഷം അബൂബക്കര്‍ ചെയ്യും, അബൂബക്കറിന്റെ മുസ്ലിയാര് വേഷം മാമുക്കോയയും, മുസ്ലിയാരിന്റെ സഹായിയായ പരീതിന്റെ വേഷം ഇവനും കൊടുക്കാം എന്ന് ഞാന്‍ പറഞ്ഞു. അതുപോലെ സംഭവിച്ചു. സംവിധായകന് അമ്പിളി ഓര്‍മ്മിച്ചു. 'ഇന്നസെന്റ് വരല്ലേ' എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നെന്ന് മണി പിന്നെ പറഞ്ഞു. ഈ സെറ്റില്‍ നിന്നും എന്നോട് അനുവാദം ചോദിച്ചാണ് 'അക്ഷര'ത്തിലേക്ക് പോയത് അമ്പിളി പറഞ്ഞു.
ഹാസ്യവേഷങ്ങളിലൂടെ തിളങ്ങിയ മണിക്ക് ആദ്യ ബ്രേക്ക് സുന്ദര്‍ദാസിന്റെ സല്ലാപമായിരുന്നു. പിന്നെ ഹരികുമാറിന്റെ ഉദ്യാനപാലകന്‍, വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റും അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് ചിത്രങ്ങളുമായി.
സല്ലാപത്തിന്റെ സെറ്റില്‍വെച്ച് എന്റെ റൂംമേറ്റായിരുന്നു മണി. അന്ന് വാസന്തിയുടെ കഥ ഞാന്‍ മണിയോട് പറഞ്ഞു. മണി അത് അഭിനയിച്ച് കാട്ടാനും തുടങ്ങി. പിന്നെ കഥ വിനയനിലെത്തി സംഗതി സിനിമയുമായി. ഇതിന്റെ പേരില്‍ ഞാന്‍ മണിയ്ക്കെതിരെയും വിനയനെതിരെയും കേസ് കൊടുത്തിരുന്നു. കേസും തര്‍ക്കവും മുറുകുമ്പോഴും ഞങ്ങളുടെ സൗഹൃദത്തിന് ഒരു പോറലുമേറ്റിരുന്നില്ല എന്നത് ഒരു പക്ഷേ വിചിത്രമായി തോന്നിയേക്കും.
''സംവിധായകന് ശരത്ചന്ദ്രന് വയനാട് പറയുന്നു. ഞാന്‍ രണ്ടാമത്തെ ചിത്രം 'നന്മ' ചെയ്യുമ്പോള്‍ കഥ കേട്ടതും ഇഷ്ടപ്പെട്ടു. ആഴങ്ങളില്‍ നിന്ന് ശവം മുങ്ങിയെടുക്കുന്ന മുത്തുചെട്ടിയാരുടെ വേഷം മണി അവിസ്മരണീയമാക്കി. ഞാന്‍ കൊടുത്ത കേസില്‍ ജാമ്യം എടുക്കാന്‍ ഷൂട്ടിങ്ങിന്റെ ഇടയിലാണ് മണിപോയത്. നന്മ നിറഞ്ഞ ആ മനസ്സായിരുന്നു മണിയുടേത്. ആശയപരമായ യുദ്ധവും തര്‍ക്കവും നടക്കുമ്പോഴും സൗഹാര്‍ദം അതിന്റെ വഴിക്ക് തന്നെപോയി. ഞാന്‍ തുടങ്ങാന്‍ പോകുന്ന കുയില്‍ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്യാമെന്ന് മണി പറഞ്ഞിരുന്നു. ഒരു വില്ലന്‍ വേഷമായിരുന്നു അത്. ശരത് പറയുന്നു.
മലയാളത്തില്‍ ഇടയ്ക്കിടെ നായക വേഷം ചെയ്യുന്ന മണി അത് എല്ലാം മണ്ണിനോട് അടുത്ത് നില്ക്കുന്ന, സാധാരണക്കാരെ നേരിട്ട് സ്പര്‍ശിക്കുന്ന കഥാപാത്രങ്ങളെ ആയിരുന്നു അവതരിപ്പിച്ചത് ഒട്ടോഡ്രൈവര്‍ കളക്ടറാവുന്നതും, പോലീസ് ഉദ്യോഗസ്ഥനാവുന്നതും പോലുള്ള സാധാരണക്കാരന്റെ കഥകള്‍, സിനിമയില്‍ നിന്ന് സമ്പാദിച്ച പണം തന്റെ അച്ഛന് കൂലിപണിയെടുത്ത പറമ്പുകള്‍ വാങ്ങാനാണ് മണി ഏറെയും ചെലവഴിച്ചത് അതോടൊപ്പം പലര്‍ക്കും സഹായങ്ങള്‍ എത്തിക്കാനും മണി ഉപയോഗിച്ചു.
Content Highlights : Kalabhavan Mani Third Death Anniversary Kalabhavan Mani Tribute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..