ഡോക്ടര്‍ക്ക് പറ്റിയ ഒരു അബദ്ധം, രാമന്റെയും അമ്മിണിയുടേയും ആറാമത്തെ മകനായി മണി പിറന്നു


കലാഭവന്‍ മണി വിടവാങ്ങി നാല് വര്‍ഷങ്ങള്‍

-

കലാഭവന്‍ മണി വിടവാങ്ങി നാല് വര്‍ഷം

ലയാളത്തിന്റെ മണിക്കിലുക്കം നിലച്ചിട്ട് നാല് വര്‍ഷം. അഭിനയത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴും മണി ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ഈ ചാലക്കുടിയില്‍ ഓട്ടോ ഓടിച്ച് നടന്നവനാണ് താനെന്ന്. ചാലക്കുടിയിലെ ഗ്രാമങ്ങളിലെ പാടത്തും പറമ്പത്തും തന്റെ അച്ഛന്റെ വിയര്‍പ്പുവീണിട്ടുണ്ടെന്ന്.

ഒരു സമ്പന്നന്റെ സുഖസൗകര്യങ്ങള്‍ മുഴുവന്‍ സ്വന്തമാക്കി ജീവിതം വഴിമാറിയൊഴുകിയപ്പോഴും അച്ഛന്‍ പണിയെടുത്ത മണ്ണ് ഒരു വാശിക്കെന്ന വണ്ണം സ്വന്തമാക്കിയപ്പോഴും ഒരു കുറച്ചിലും ഇല്ലാതെ ഓരോ അഭിമുഖങ്ങളിലും തന്റെ പഴയകാലം ആ നാട്ടിന്‍പുറത്തുകാരന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. വന്നവഴികളൊന്നും താന്‍ മറന്നിട്ടില്ല, മറക്കുകയുമില്ല എന്ന് സ്വയമുള്ള ഒരു ഓര്‍മ്മപ്പെടുത്തലുകളായിരുന്നു അവയോരോന്നും.

ദാരിദ്ര്യത്തിന്റെ നടുക്കിലേക്കാണ് ചാലക്കുടിക്കാരന്‍ രാമന്റേയും അമ്മിണിയുടേയും ഏഴു മക്കളില്‍ ആറാമനായി മണി പിറന്ന് വീഴുന്നത്. അതും ഡോക്ടര്‍ക്ക് പറ്റിയ ഒരു അബദ്ധത്തില്‍. നാലു പെണ്‍മക്കള്‍ക്ക് പിറകേ ഒരു മകനെ കിട്ടിയ സന്തോഷത്തില്‍ പ്രസവം നിര്‍ത്തിയ മണിയുടെ അമ്മക്ക് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമായിരുന്നു മണി.

എല്ലാം കൊണ്ടും അതൊരു സമ്മാനം തന്നെയാണെന്ന് കാലവും തെളിയിച്ചു. ചാലക്കുടിയിലെ പണക്കാരനായ കൃഷ്ണന്‍ മേനോന്റെ പണിക്കാരനായിരുന്നു രാമന്‍. അവിടുത്തെ പാടത്തും പറമ്പിലും പണിയെടുത്ത് കിട്ടുന്ന വരുമാനമായിരുന്നു ആ വലിയ കുടുംബത്തിന്റെ ഏകവരുമാനം. അയല്‍ക്കാരനായ അന്തോണിച്ചേട്ടന്റെ വീട്ടിലെ റേഡിയോയില്‍ നിന്നും വയലും വീടും, ചേട്ടനും ചേട്ടത്തിയും തുടങ്ങിയ പരിപാടികളിലൂടെയാണ് കുട്ടിയായ മണി തന്റെ കലാസ്വാദനം ആരംഭിക്കുന്നത്. അതേ അന്തോണിച്ചേട്ടന്റെ വീട്ടിലെ കഞ്ഞിയുടേയും പയറിന്റേയും ചമ്മന്തിയുടേയും രുചി മണി എന്നുമോര്‍ത്തിരുന്നു.

പഠിക്കാന്‍ മടിയനായിരുന്നെങ്കിലും ഉച്ചക്കഞ്ഞിയുടെ ആകര്‍ഷണത്തില്‍ മണി മുടങ്ങാതെ സ്‌കൂളിലെത്തും. പഠനത്തില്‍ മോശമായിരുന്നെങ്കിലും കായികമേളകളിലും കലോത്സവങ്ങളിലും ഒന്നാംസ്ഥാനത്ത് തന്നെയായിരുന്നു മണി. ഓട്ടവും ചാട്ടവും മിമിക്രിയും പദ്യപാരായണവുമായി മണി പത്തുവരെയെത്തി. പക്ഷേ കിട്ടിയ ഗ്രേസ് മാര്‍ക്കുകള്‍ക്കൊന്നും മണിയെ എസ്.എസ്.എല്‍.സിയെന്ന കടമ്പ കടത്താന്‍ സാധിച്ചില്ല.

എസ്.എസ്.എല്‍.സിക്കായി രണ്ടാമൂഴമൊരുങ്ങുന്നതിനിടയില്‍ തന്നെ മണി ഓട്ടോ തൊഴിലാളിയായി കുടുംബത്തെ പോറ്റാനിറങ്ങി. അതിനിടയില്‍ രണ്ടാംവട്ടവും പത്തില്‍ ആഘോഷമായി തന്നെ തോറ്റു. അതോടെ പഠനം തനിക്കുപറഞ്ഞ മേഖലയല്ലെന്ന് സ്വയം മുദ്രകുത്തി തൊഴില്‍ തേടിയിറങ്ങി. ഒരു തൊഴിലും മണിക്ക് തൊഴിലല്ലാതിരുന്നില്ല. വൈദ്യശാലക്ക് വേണ്ടി കുറുന്തോട്ടി പറിക്കാനിറങ്ങിയതുള്‍പ്പടെ തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയും കിണല്‍കുത്തുകാരനായും മണി ജീവിതവേഷങ്ങള്‍ പകര്‍ന്നാടിക്കൊണ്ടിരുന്നു. അതിനിടയില്‍ മിമിക്രി ഉള്‍പ്പടെയുള്ള കലാപ്രവര്‍ത്തനങ്ങളും തുടര്‍ന്നു.

തൃശൂര്‍ മാപ്രാണത്ത് ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ് മണി തൃശൂര്‍ പീറ്റര്‍ എന്നയാളെ പരിചയപ്പെടുന്നത്. പീറ്റര്‍ മണിയെ കലാഭവനിലേക്ക് ക്ഷണിച്ചു. മണിയടിച്ചുതന്നെയാണ് കലാഭവനിലേക്ക് മണി പ്രവേശനം നേടുന്നത്. കലാഭവനില്‍ നിരന്നിരുന്ന കാലാകാരന്മാരായ ജഡ്ജിംഗ് പാനലിനേയും ആബേലച്ചേയും കോളിംഗ് ബെല്ലിന്റെ ശബ്ദമനുകരിച്ച് മണി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

അങ്ങനെ ചാലക്കുടിക്കാരന്‍ മണി കലാഭവന്‍ മണിയായി. വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രക്കിടയിലാണ് സംവിധായകന്‍ അമ്പിളിയുടെ ശ്രദ്ധയില്‍ മണി പതിയുന്നത്. അങ്ങനെ സമുദായം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ മണി അരങ്ങേറ്റം കുറിച്ചു. അക്ഷരമായിരുന്നു അടുത്തപടം. മണിക്കേറെ പ്രിയപ്പെട്ട ഓട്ടോക്കാരന്റെ വേഷം തന്നെയായിരുന്നു ആ പടത്തില്‍. നായകനായ സുരേഷ് ഗോപിയെ കയറ്റിക്കൊണ്ടുപോകുന്ന ഓട്ടോക്കാരന്‍.

സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യാനായി കിക്കറെടുക്കവേ കിക്കറൊടിഞ്ഞ് കൈയിലിരുന്നതും അപഹാസ്യനായി കണ്ണില്‍ വെള്ളം നിറഞ്ഞതും മണി പിന്നീട് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. അന്നാരും കാണാതെ കണ്ണുതുടച്ച ആ അതുല്യനടന്‍ പിന്നീട് നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ കണ്ണും മനസ്സും നിറച്ചത് കാലത്തിന്റെ കൗതുകം.

ചാലക്കുടി ചന്തയില്‍ പലപ്പോഴും സാധനങ്ങള്‍ വാങ്ങാനെത്തുന്ന ലോഹിതദാസിനെ മണി കണ്ടിരുന്നെങ്കിലും ലോഹിതദാസ് മണിയെ കാണുന്നത് ചാലക്കുടിയിലെ ഒരു സ്‌കൂളില്‍ നടന്ന കലാപരിപാടിക്കിടിയിലാണ്. മണിയുടെ മിമിക്രിയില്‍ ആകൃഷ്ടനായ ലോഹിതദാസ് മണിയെ സല്ലാപത്തിലേത്ത് ക്ഷണിച്ചു.

സല്ലാപത്തിന്റെ സെറ്റിലെത്തിയ മണിക്ക് ചെത്തുകാരന്റെ പണിയായുധങ്ങള്‍ നല്‍കി തെങ്ങില്‍ കയറാന്‍ ലോഹിതദാസ് നിര്‍ദേശം നല്‍കി. ആ തെങ്ങിലിരുന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്നു മഞ്ജുവാര്യരെ നോക്കി പാടുന്ന മണിയെ മലയാളസിനിമ പിന്നെ കൈ പിടിച്ചു കയറ്റുകയായിരുന്നു. സഹനടനായും ഹാസ്യതാരമായും വില്ലനായും നായകനായും മലയാളവും മറുഭാഷകളും മണിയുടെ വേഷപ്പകര്‍ച്ചകള്‍ ആസ്വദിച്ചു. പത്താംക്ലാസുവരെ മാത്രം പഠിച്ച മണി മലയാളസിനിമയിലെ ലോകനാഥന്‍ ഐ.എ.എസായി.

87-ലെ കലോത്സവത്തിന് മന്ത്രി ചന്ദ്രശേഖരന്റെ കൈയില്‍ നിന്നും ലഭിച്ച 500 രൂപയില്‍ അച്ഛന്റെ ചികിത്സാച്ചെലവും ഒരു പുതിയ വാച്ചും ഒരു പഴയ സൈക്കിളും വാങ്ങിയതിന് ശേഷം ബാക്കി വന്ന തുക ഓലമേഞ്ഞ വീട്ടില്‍ സൂക്ഷിക്കാന്‍ അലമാരയില്ലാത്തതിനാല്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ പൗഡറിട്ട് ഒരു പായില്‍ പൊതിഞ്ഞ് വീട്ടുമുറ്റത്ത് കുഴിച്ചിട്ട മണി ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന മുന്തിയനടനായി. ചാലക്കുടി പുഴയുടെ തീരത്ത് വീടുവച്ചു. നാട്ടുപ്രമാണിയായി.

തന്നോടൊപ്പം ഒരു നാടിനെ തന്നെ മണി വളര്‍ത്തി, ചാലക്കുടിയെ. നാടിനേയും നാട്ടുകാരേയും മണി മറന്നില്ല. എന്തിനും അവര്‍ക്കൊപ്പം കൂടി. ചാലക്കുടിയിലെ പെരുന്നാളും ഉത്സവവും അങ്ങനെ ഓരോ ആഘോഷവും മണിയുടേതും കൂടിയായിരുന്നു. ഓരോ വികസനവും മണിയുടെ സ്വപ്നമായിരുന്നു. മണിക്കൂടാരത്തില്‍ നിന്നും മറ്റാര്‍ക്കും മുമ്പേ മണി പറന്നകപ്പോള്‍ ചാലക്കുടിക്കാര്‍ക്ക് ബാക്കിയായത് നിറവും ആരവുമില്ലാത്ത മണിക്കിലുക്കമില്ലാത്ത ആഘോഷങ്ങളാണ്.

Content Highlights : Kalabhavan Mani fourth Death Anniversary Kalabhavan Mani Life Movies Tribute

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented