
-
''സന്തോഷം വരുമ്പോള്‍ അച്ഛന്‍ അടുക്കളയില്‍ കയറും. ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന പതിവൊന്നുമില്ല. പാചകം അച്ഛനു ഭയങ്കര ഇഷ്ടമായിരുന്നു. അമ്മയെ പുറത്താക്കി ചില ദിവസങ്ങളിലെല്ലാം ഞങ്ങള്‍ അടുക്കള കൈയടക്കും. അച്ഛനുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരി അടുപ്പത്ത് തിളയ്ക്കുമ്പോള്‍ നാവില്‍ കപ്പലോടും.''- കലാഭവന്‍ മണിയെ ഓര്‍ക്കുകയാണ് മകള്‍ ശ്രീലക്ഷ്മി....
അച്ഛനോട് മാത്രം സംസാരിച്ച് വിരല്‍ത്തുമ്പില്‍ തൂങ്ങിയുള്ള നടത്തം ഇനിയില്ലെന്നും കാറില്‍ ഒന്നിച്ചുള്ള യാത്രകള്‍ അവസാനിച്ചെന്നും ശ്രീലക്ഷ്മി ഇന്ന് വേദനയോടെ തിരിച്ചറിയുന്നുണ്ട്. എങ്കിലും ചില സത്യങ്ങളംഗീകരിക്കാന്‍ മനസ്സനുവദിക്കുന്നില്ല. മണിക്കൂടാരമെന്ന ചാലക്കുടിയിലെ വീട്ടില്‍ നിന്നും മണി കണ്ണെത്താദൂരത്തേക്ക് പോയ്മറഞ്ഞതായി അമ്മയും മകളും വിശ്വസിക്കുന്നില്ല. വലിയൊരിടവേള ഇല്ലാതാക്കി മൂളിപ്പാട്ടിന്റെ അകമ്പടിയില്‍ കൈനിറയെ മീനും പച്ചക്കറിയുമായി മണി വരുമെന്നു കരുതാനാണവര്‍ക്കിഷ്ടം. അന്നു പറയാന്‍ അതുവരെയുള്ള ഓരോ കാര്യവും അവരിരുവരും അടുക്കോടെ എടുത്തുവയ്ക്കുകയാണ്.
അച്ഛനൊപ്പമുള്ള യാത്രകളെക്കുറിച്ച്
ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് അച്ഛന് ഭയങ്കര തിരക്കായിരുന്നു. എങ്കിലും ഇടവേളകളില്‍ ഞങ്ങള്‍ പലയിടത്തും പോയി. വീട്ടിലുള്ളവരെല്ലാം കൂടി ഒന്നിച്ച് യാത്രപോകുക എന്നതായിരുന്നു രീതി. അച്ഛന്റെ പാചകവും പാട്ടും യാത്രകള്‍ ആഘോഷമാക്കി. വയനാട്ടിലാണ് ഏറ്റവും ഒടുവില്‍ പോയത്. മൂന്നു ദിവസം അവിടെ ഒരു ബംഗ്‌ളാവില്‍ തങ്ങി. അച്ഛനൊപ്പം സിഡിയിലും സ്റ്റേജ് ഷോയിലുമെല്ലാം പാടി. എങ്ങനെയായിരുന്നു അനുഭവം അച്ഛനുള്ളപ്പോഴെല്ലാം വീട് പാട്ടില്‍ നിറയും. എന്നെ പാടാന്‍ പഠിപ്പിച്ചത് അച്ഛനാണ്. തെറ്റുമ്പോഴെല്ലാം ചേര്‍ന്നുനിന്ന് കൂടെ പാടി താളം ശരിയാക്കും. അച്ഛനൊപ്പമാണ് ആദ്യമായി സ്റ്റുഡിയോയില്‍ പോയതും പാടിയതും. അയ്യപ്പഭക്തിഗാനവും നാടന്‍പാട്ടും ഉള്‍പ്പെടെ മൂന്നു കാസറ്റുകളില്‍ പാടി.
അച്ഛന്‍ പാടിയ പാട്ടുകളിലേറ്റവും ഇഷ്ടം ഏതാണ്.
അച്ഛന്റെ പാട്ടുകളുടെ വലിയൊരു സി.ഡി. ശേഖരം തന്നെ എന്റെ കൈയിലുണ്ട്. മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ... എന്ന പാട്ട് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ കണ്ണുനിറയും. ഉമ്പായി കുച്ചാണ്ട് പ്രാണന്‍ കത്തണമ്മാ... എന്ന അച്ഛന്റെ പാട്ട് എനിക്കേറെ പ്രിയപ്പെട്ടതാണ്.
അച്ഛനഭിനയിച്ച സിനിമയെല്ലാം കാണാന്‍ പോകാറുണ്ടോ അച്ഛനഭിനയിച്ച സിനിമ ചാലക്കുടിയില്‍ വരുമ്പോള്‍ കൊണ്ടുപോകുന്നത് പതിവായിരുന്നു. മിക്കതും സിനിമ കാണാന്‍ രാത്രിയിലാണ് പോകുക. ഞാനും അമ്മയും സിനിമ കാണാന്‍ കൂടെ ചെല്ലുന്നത് അച്ഛനിഷ്ടമാണെന്നതിനാല്‍ ഞങ്ങള്‍ ഒരിക്കലും മുടക്കം പറയാറില്ല. സിനിമ കണ്ടാല്‍ അഭിപ്രായം ചോദിക്കുന്നത് അച്ഛന്റെ ശീലമായിരുന്നു. ആമേന്‍ സിനിമയിലെ ലൂയിപാപ്പാന്റെ വേഷം എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ബെന്‍ജോണ്‍സനാണ് എനിക്ക് പ്രിയപ്പെട്ട അച്ഛന്റെ സിനിമ.
അച്ഛന്‍ നല്‍കിയ സമ്മാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്
ദീര്‍ഘദൂര യാത്രകള്‍ കഴിഞ്ഞെത്തുമ്പോഴെല്ലാം അച്ഛന്റെ കൈയില്‍ നിരവധി സമ്മാനങ്ങള്‍ കാണും. എന്റെ പിറന്നാളിനാണ് ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് ജാഗ്വര്‍ കാര്‍ വീട്ടില്‍ വാങ്ങിയത്. പുതിയ കാര്‍ വാങ്ങുന്ന വിവരം അച്ഛന്‍ സസ്പെന്‍സായി നിര്‍ത്തുകയായിരുന്നു. എവിടെ പോയാലും എനിക്കച്ഛന്‍ വാച്ചുകള്‍ കൊണ്ടുവരുമായിരുന്നു. എന്റെയും അച്ഛന്റെയും കൈകള്‍ക്ക് ഒരേ വണ്ണമാണെന്നും അതിനാല്‍ വാങ്ങാന്‍ എളുപ്പമാണെന്നും കളിപറയുമായിരുന്നു.
ഗൗരവക്കാരനായ അച്ഛനെ കണ്ടിട്ടുണ്ടോ
ഇല്ല, ഇതുവരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. അച്ഛനില്‍ നിന്ന് അടികിട്ടിയത് ഓര്‍മ്മയില്‍ ഇല്ല. അച്ഛന്‍ എനിക്കൊരു സുഹൃത്തിനെ പോലെയായിരുന്നു. സ്‌കൂളില്‍ ഞാന്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നുവെന്നു പറഞ്ഞാല്‍ എനിക്കെല്ലാ പ്രോത്സാഹനവുമായെത്തും. സ്‌കിറ്റ് അവതരണത്തിനും പാട്ടിനുമെല്ലാം അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.
ആശ്വാസവാക്കുകളുമായി ഒരുപാട് പേര്‍ ഇന്നും എത്താറുണ്ടോ.
അച്ഛന്റെ മരണമറിഞ്ഞതു മുതല്‍ വീട്ടിലേക്കെന്നും ആളുകളെത്തുന്നുണ്ട്. ഇന്നലെയും ഇന്നുംവരെ ആളുകള്‍ വന്നു. അച്ഛനെ അടക്കിയ മണ്ണിനടുത്തു നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതു കാണാം. ചിലര്‍ ഞങ്ങളോട് സംസാരിക്കും. നന്നായി പഠിക്കണമെന്ന് എന്നോടെല്ലാവരും പറഞ്ഞു. അച്ഛന്‍ നല്‍കിയ സഹായങ്ങളെക്കുറിച്ചാണ് വന്നവരില്‍ പലരും സംസാരിച്ചത്. വീടുവയ്ക്കാനും കല്ല്യാണം നടത്താനും ആസ്പത്രിച്ചെലവിനുമെല്ലാം അച്ഛന്‍ പണം നല്‍കിയ കഥകള്‍ കേട്ടു. അവരുടെയെല്ലാം പ്രാര്‍ത്ഥന ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നു കേള്‍ക്കു മ്പോള്‍ ആശ്വാസമുണ്ട്.
(നേരത്തേ പ്രസിദ്ധീകരിച്ചത്)
Content Highlights: Kalabhavan Mani death Anniversary, daughter Sreelakshmi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..