ബി കൂട്ടുകാര്‍ക്കിടയില്‍ ഒരു വിളക്കായിരുന്നു; സ്‌നേഹവും സാന്ത്വനവും  ഊര്‍ജവും പകരുന്ന വിളക്ക്. 25 വര്‍ഷത്തെ സൗഹൃദത്തിന്റെ കരുത്ത് ഞങ്ങള്‍ക്കിടയിലുണ്ട്. കാണികളെ ചിരിപ്പിക്കുന്ന അബി ജീവിതത്തില്‍ പൊട്ടിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ സീരിയസോടെയായിരുന്നു അബി എല്ലാ കാര്യങ്ങളെയും സമീപിച്ചത്.

മൂവാറ്റുപുഴക്കാരായ അബി, ഷിയാസ്, ബഷീര്‍ ടീം കൊച്ചിയില്‍ വന്നു താമസമുറപ്പിച്ച കാലം. അന്ന് കൊച്ചിയില്‍ ദിലീപ്, നാദിര്‍ഷ ടീമും സമാന്തരമായി വളര്‍ന്നുവരുന്നുണ്ടായിരുന്നു. സമാന ചിന്താഗതിക്കാരായവര്‍ പിന്നീട് ഒന്നായി. അങ്ങനെയാണ് 'ദേ മാവേലി കൊമ്പത്ത്' എന്ന കാസറ്റ് പിറക്കുന്നത്. അത് കുറെക്കാലം പോയി. അതില്‍നിന്ന് മാറിനിന്നാണ്  'ദേ മമ്മാലി കൊമ്പത്ത്' എന്ന കാസറ്റ്  അബിയുടെ നേതൃത്വത്തില്‍ ഇറക്കിയത്. ദേ മമ്മാലി കൊമ്പത്ത് എന്ന മിമിക്രി കാസറ്റിനു വേണ്ടിയായിരുന്നു ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത്.പിന്നീട് രണ്ട് ടീമുകളും മത്സരിച്ച് കാസറ്റുകള്‍ ഇറക്കാന്‍ തുടങ്ങി. അങ്ങനെ രസകരമായ കുറെ കോമഡി കാസറ്റുകള്‍ പിറന്നു. ജോലിയിലും ജീവിതത്തിലും കഠിനാധ്വാനിയായിരുന്നു അബി.

കലാകാരനെന്ന അഹംഭാവം ഒരിക്കലും ആ ജീവിതത്തില്‍ കണ്ടില്ല. പലപ്പോഴും പ്രോഗ്രാമിനു പോകുമ്പോള്‍ വണ്ടിയില്‍ നിന്ന് സാധനം ഇറക്കാനും അത് സ്റ്റേജില്‍ ഫിറ്റ് ചെയ്യാനും അബി ഉണ്ടാകും. അത് മറ്റുള്ളവര്‍ക്കു വലിയ പ്രചോദനമാണ്. എന്നെ ഏറ്റവും കൂടുതല്‍ തവണ വിദേശ പരിപാടിക്ക് കൊണ്ടുപോയത് അബിയാണ്. പ്രോഗ്രാം ബുക്ക് ചെയ്യാന്‍ വരുന്നവര്‍ക്ക് മുന്നില്‍വയ്ക്കുന്ന ഡിമാന്റ് കണ്ടാല്‍ ഞെട്ടും. ''തരികിട പരിപാടിക്കാരാണെങ്കില്‍ ഇപ്പോഴേ വിട്ടുപോകട്ടെ. അല്ലാതെ നമ്മളെ അവിടെ കൊണ്ടുപോയി അവര്‍ മുങ്ങും.'' അതായിരുന്നു അബിയുടെ ന്യായം. അത് വലിയ പാഠമാണ്. ക്ഷമയുടെ അറ്റത്ത് മാത്രമേ അവന്‍ പ്രതികരിക്കാറുള്ളൂ. 

ഒരിക്കല്‍ വിദേശപരിപാടിക്ക് പോയപ്പോള്‍ ഒരു നടിയുടെ അമ്മ വിമാനം കയറിയപ്പോള്‍ വലിയ ഡിമാന്റ് വെക്കാന്‍ തുടങ്ങി. തുടക്കക്കാരിയാണ് നടിയെങ്കിലും അമ്മയ്ക്കായിരുന്നു ജാട. ശല്യം സഹിക്കാതായപ്പോള്‍ അബി ഒരു നമ്പരിറക്കി. വിമാനത്തില്‍ അനൗണ്‍സ്മെന്റ് വന്നപ്പോള്‍ അബി അമ്മയോട് പറഞ്ഞു ''ദേ... നിങ്ങളുടെ യഥാര്‍ഥ വയസ്സും പാസ്പോര്‍ട്ടിലെ വയസ്സും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറയുന്നു. നിങ്ങളെ തിരിച്ചിറക്കുമെന്നാണ് അനൗണ്‍സ്. അതുകൊണ്ട് എയര്‍ ഹോസ്റ്റസുമാരുടെ ശ്രദ്ധയില്‍ പെടാതെ മിണ്ടാതിരുന്നോ?'' ഇംഗ്ലീഷറിയാത്ത അമ്മ പിന്നെ മിണ്ടാതിരുന്നു. എയര്‍ ഹോസ്റ്റസുമാര്‍ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പോലും അവര്‍ മുഖമുയര്‍ത്തിയില്ല.

ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച് പോകണമെന്നായിരുന്നു അബിയുടെ ജീവിതമതം. ഒരിക്കല്‍ തിരുവനന്തപുരത്തു നിന്ന് ചാനല്‍ പ്രോഗ്രാം കഴിഞ്ഞ് ഞാനും അബിയും കുളപ്പുള്ളി ലീലച്ചേച്ചിയും കൊച്ചിയിലേക്ക് വരുകയായിരുന്നു. യാത്രാക്ഷീണത്താല്‍ വണ്ടിയില്‍ ഞാന്‍ ഉറക്കംതൂങ്ങിയപ്പോള്‍ അബി സീറ്റ് പുറകോട്ട് വലിച്ച് നിവര്‍ത്തി എന്നെ കിടത്തി. ഞാന്‍ ആദ്യം സമ്മതിച്ചില്ല. ഒടുവില്‍ അബിയുടെ നിര്‍ബന്ധത്തില്‍ ഞാന്‍ കിടന്നു. കുറേനേരം കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ വണ്ടി ചെറുതായി ഇളകുന്നു. വണ്ടി നീങ്ങുന്നില്ല. അബിയെ സീറ്റിലും കാണുന്നില്ല. ഞാന്‍ പുറത്തിറങ്ങി സമയം നോക്കിയപ്പോള്‍ പുലര്‍ച്ച നാലുമണി. ആരെയും ഉണര്‍ത്താതെ അബി പഞ്ചറായ വണ്ടിയുടെ ടയര്‍ മാറ്റുകയാണ്. അതാണ് ആ കലാകാരന്റെ മനസ്സ്.

മിമിക്രിക്കാരെയും പ്രേക്ഷകരെയും അബി പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്. സിദ്ദിക്ക്-ലാല്‍ ടീമിന്റെ വിദേശ പ്രോഗ്രാം നടക്കുന്ന സമയം. അനുകരണ ഐറ്റംസില്‍ നമ്മള്‍ കൊണ്ടുപോയ ഐറ്റമെല്ലാം തീര്‍ന്നു. ഒടുവില്‍ പ്രേക്ഷകരുടെ അഭ്യര്‍ഥന വരാന്‍ തുടങ്ങി. ധൈര്യപൂര്‍വം അവര്‍ ആവശ്യപ്പെട്ട ശബ്ദങ്ങളെല്ലാം അവതരിപ്പിച്ച് പ്രേക്ഷകരെ തോല്‍പിച്ച കലാകാരനായിരുന്നു അബി. അതിനിടയില്‍ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അബിക്ക് കഴിഞ്ഞു. അവന് സിനിമയില്‍ വലിയ ഭാവി ഞങ്ങള്‍ സ്വപ്നം കണ്ടു. പക്ഷേ, പലതും അസ്ഥാനത്തായി. നമുക്ക് വിധിച്ചത് നമുക്ക് കിട്ടും എന്നവന്‍ എപ്പോഴും പറയും.

കൊച്ചു കഥാപാത്രമാണെങ്കിലും അത് ആത്മാര്‍ഥമായി സമീപിക്കാനായിരുന്നു ആ ചങ്ങാതിയുടെ ഉപദേശം. ഒരു നടന്‍ പൂര്‍ണനാകുന്നത് സിനിമാ നടനാകുമ്പോഴാണെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല. കാരണം അതെന്നെ ജീവിതംകൊണ്ട് പഠിപ്പിച്ചത് അബിയാണ്. രണ്ടുമാസം മുന്‍പാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. സംവിധാനമോഹത്തില്‍ ഒരുക്കിയ ഒരു കഥയെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അന്ന് അവന്‍ വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ഡങ്കിപ്പനി വന്നതിനുശേഷം ബ്ലഡ് കൗണ്ട് ശരിയാകുന്നില്ലെന്നവന്‍ പറഞ്ഞു. പല കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചെങ്കിലും എവിടെയൊക്കെ ശ്രദ്ധയറ്റ് പോകുന്നതുപോലെ എനിക്ക് തോന്നി. പഴയ ഫയര്‍. ഇടയ്ക്കിടെ കെട്ടുപോകുന്നതുപോലെ...

അവസാനരാത്രിയിലും ശക്തമായ ചുമയുണ്ടായിരുന്നത്രേ. അന്നവന്‍ ബെഡ്ഡില്‍നിന്ന് എഴുന്നേറ്റ് മക്കളുടെ അടുത്ത് പോയി അവരെ കെട്ടിപ്പിടിച്ച് കിടന്നു... ചങ്ങാതീ നീ മനസ്സിലാക്കിയിട്ടുണ്ടായിരുന്നോ നീ എങ്ങോട്ടാണ് പോകുന്നതെന്ന്... മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍ കഴിയില്ലല്ലോ നിന്റെ ചിരിക്കുന്ന മുഖം...  

Content Highlights: kalabhavan abi, Kakabhvan Haneef, kalabhavan abi demise, Shane Nigam