സിനിമയില്‍ ശബ്ദം കൊണ്ട്  കരയിപ്പിച്ച 'ബാപ്പ' കോഴിക്കോട്ടുണ്ട്| അഭിമുഖം


By കെ.പി നിജീഷ് കുമാര്‍

4 min read
Read later
Print
Share

നൗഷാദ് ഇബ്രാഹിം

'' ടൈഗര്‍ബാം പുരട്ടിത്തരാന്‍ നീ അടുത്തില്ലെന്ന സങ്കടം മാത്രേ ഉള്ളൂ, പണി കുറവായോണ്ട് സൂക്കേടിനും കുറവുണ്ട് ''- പ്രവാസത്തിന്റെ നോവും നിസ്സഹായതയും ഉള്ളിലൊതുക്കി കമറുദ്ദീന്‍ ഭാര്യ നബിസുവോട് മനസ്സ് തുറന്ന് സംസാരിക്കുമ്പോള്‍ സിനിമ കണ്ട് നില്‍ക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ഇവരെ കേട്ട് നില്‍ക്കാനാവില്ല. ബേസില്‍ ജോസഫിനെ നായകനാക്കി മുഹസിന്‍ സംവിധാനം ചെയ്ത 'കഠിന കഠോരമീ അണ്ഡകടാഹ'മെന്ന സിനിമ ഒ.ടി.ടിയില്‍ കഴിഞ്ഞ ദിവസം റിലീസായതോടെ വലിയ പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. കമറുദ്ദീന്റെ ശബ്ദം കൊണ്ട് സിനിമയെ അങ്ങോളമിങ്ങോളം നയിച്ച നൗഷാദ് ഇബ്രാഹിം എന്ന കോഴിക്കോട്ടുകാരനും അഭിമാന നിമിഷത്തിലാണ്. സിനിമയില്‍ ബേസിലിന്റെ കമറുദ്ദീനെന്ന പ്രവാസിയായ ബാപ്പയുടെ ശബ്ദമായിട്ടാണ് നൗഷാദ് ഇബ്രാഹിം എത്തുന്നതെങ്കിലും ആ ബാപ്പയാണ് സിനിമയുടെ കാതല്‍. അവരുടെ ജീവിതത്തേയും പ്രവാസത്തേയും ചുറ്റി പറ്റി തന്നെയാണ് 1.53 മണിക്കൂറുള്ള സിനിമ മുന്നോട്ടുപോവുന്നതും. ശബ്ദം കൊണ്ട് മുഴുനീള കഥാപാത്രമായ നൗഷാദ് ഇബ്രാഹിം സാസാരിക്കുന്നു.

  • എങ്ങനെയാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിലെത്തുന്നത്?
സിനിമയുടെ സംവിധായകന്‍ മുഹസിനും എഴുത്തുകാരൻ ഹർഷാദും എന്റെ സുഹൃത്തുക്കളാണ്. അങ്ങനെയാണ് അവിചാരിതമായി ഒരു ദിവസം മുഹസിന്‍ എന്നെ വിളിക്കുന്നത്. ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്നും ഇതില്‍ പ്രധാന കഥാപാത്രമായ ബാപ്പയുടെ ശബ്ദം നല്‍കാന്‍ പലരേയും ശ്രമിച്ചിട്ടും കിട്ടിയില്ലെന്നും നിങ്ങളുടെ അറിവില്‍ ആരെങ്കിലുമുണ്ടോയെന്നും അന്വേഷിച്ചായിരുന്നു ആ വിളി. ബാപ്പയുടെ ശബ്ദമാണ് സിനിമയെ അങ്ങോളമിങ്ങോളം മുന്നോട്ടു കൊണ്ടുപോവുന്നുവെന്നത് കൊണ്ട് നിര്‍ണായകമായ കഥാപാത്രം കൂടിയായിരുന്നു കമറുദ്ദീന്റെ ശബ്ദം. ഒരു അറുപത് വയസ്സെങ്കിലും ഉള്ളയാളാണ് കമറുദ്ദീന്‍. ആ ശബ്ദത്തിന് നീണ്ട കാലത്തെ പ്രാവാസത്തിന്റെ വേദനയും വയ്യായ്മയുമെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും ഒപ്പം കോവിഡന്റെ പശ്ചാത്തലവും ഉണ്ടായിരിക്കണമെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെയന്ന് സംവിധായകനോട് വെറുതെ പറഞ്ഞതാണ്. പക്ഷെ അത് വലിയ വിജയമാവുകയായിരുന്നു.

  • ഒരിടത്ത് പോലും പ്രത്യക്ഷപ്പെടുന്നല്ലെങ്കിലും കമറുദ്ദീനെന്ന ബാപ്പയാണ് സിനിമയെ അങ്ങോളമിങ്ങോളം നയിക്കുന്നത്. അത്ര പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരിക്കുമെന്ന് കരുതിയിരുന്നോ
നമ്മള്‍ അനുഭവിച്ച കോവിഡിന്റെ ഒരോ വശവും തൊട്ടിറിഞ്ഞാണ് സിനിമ മുന്നോട്ടുപോവുന്നതെങ്കിലും ബാപ്പയായിരിക്കും സിനിമയെ കൊണ്ടുപോവുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നു. 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന പേരിന് പകരം ബാപ്പ എന്ന പേര് പോലും ഒരു വേള സംവിധായകന്‍ ഈ സിനിമയ്ക്കായി ആലോചിച്ചിരുന്നുവെന്നാണ് കേട്ടത്. അത്രമാത്രം പ്രാധാന്യമാണ് ഈ സിനിമയില്‍ ബാപ്പയ്ക്കുള്ളത്. പക്ഷെ ആ ശബ്ദം തന്നെ സിനിമയിലെ പ്രധാന നായക വേഷത്തിലെത്തുമെന്ന് വിചാരിച്ചിരുന്നില്ല. സിനിമ ഇറങ്ങിയ ശേഷം ലോകത്തിന്റെ പല ഭാഗത്ത് നിന്നുമാണ് കമറുവിനെ തേടി വിളിയെത്തുന്നത്.

ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ കുടംബത്തിന് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ ചെലവഴിക്കാന്‍ വിധിക്കപ്പെട്ട് ഒടുവില്‍ സ്വന്തം ശവശരീരം പോലും നാട്ടിലെത്താതായി നിസ്സഹായരായി പോയ നിരവധി പേരെയാണ് കോവിഡ് കാലത്ത് നമ്മല്‍ കണ്ടത്. അത് ആര്‍ക്കും മറക്കാന്‍ കഴിയാത്ത കാര്യമാണ്. പ്രോട്ടോക്കോളും നൂലാമാലകളും ക്വാറന്റൈനുമൊക്കൊയി നമ്മള്‍ കഴിഞ്ഞു കൂടിയ കാലത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ചിത്രം. അത്തരത്തിലുള്ള പ്രോട്ടോക്കോളിന്റെ ഇരയാണ് കമറുദ്ദീനും. അവസാന നിമിഷം സ്വന്തം മക്കള്‍ക്ക് പോലും നല്ല രീതിയില്‍ കാണാന്‍ കഴിയാതെ ഖബറില്‍ അടങ്ങാന്‍ വധിക്കപ്പെട്ടുപോയവന്‍. ഇതേ പ്രോട്ടോകോള്‍ മാസങ്ങള്‍ക്കള്ളില്‍ മാറി മറിഞ്ഞ് എല്ലാം മറന്ന് തിരഞ്ഞെടുപ്പ് ആഘോഷമടക്കം നമ്മള്‍ നടത്തി. ഇവിടെയാണ് കമറുദ്ദീന്റെ ശബ്ദത്തിന് സിനിമയില്‍ പ്രാധാന്യമേറുന്നതും. നമ്മള്‍ ഓരോരുത്തരും അനുഭവിച്ച നേറനുഭവമായതുകൊണ്ടും അതില്‍ നിന്ന് ഇപ്പോഴും നമ്മള്‍ മുക്തമാവാത്തത് കൊണ്ടും ആ കാലത്തെ വീണ്ടും ഓര്‍മിപ്പിക്കുക കൂടി ചെയ്യുകയാണ് കഠിന കഠോരമീ അണ്ഡകടാഹം ഓരോ പ്രേക്ഷകരേയും.

  • പ്രശസ്ത ഡബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയാണ് കമറുദ്ദീന്റെ ഭാര്യ നബീസയായി എത്തുന്നത്. നിങ്ങള്‍ രണ്ടു പേരും തമ്മില്‍ തന്നെയുള്ളതാണ് സംഭാഷണങ്ങള്‍ ഏറേയും. അവരുമായിട്ടുള്ള കോംബോ എങ്ങനെയായിരുന്നു.
ശ്രീജേച്ചിയുടെ ശബ്ദവുമായി ഒത്തുപോവുകയെന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. പ്രായമുള്ള കഥാപാത്രമായതു കൊണ്ട് അവരേക്കാള്‍ ഒരു പത്ത് വയസ്സെങ്കിലും അധികമുള്ള ഭര്‍ത്താവിന്റെ ശബ്ദത്തിലൂടെ വേണമായിരുന്നു വോയ്‌സ് മോഡുലേറ്റ് ചെയ്യാന്‍. പക്ഷെ യഥാര്‍ഥത്തില്‍ അവരേക്കാള്‍ ഏറെ പ്രായം കുറഞ്ഞയാളുമാണ് ഞാന്‍. പക്ഷെ ദൈവാനുഗ്രഹത്തില്‍ എല്ലാം ശരിയായി. സിനിമ ഇറങ്ങി ഏറെക്കഴിഞ്ഞാണ് ശ്രീജേച്ചിക്ക് പോലും ഞാനാണ് കമറുദ്ദീന്റെ ശബ്ദം ചെയ്‌തെന്ന് മനസ്സിലായത്. അവര്‍ വിളിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തു. നിരവധി ഇമോഷന്‍സുകളും സങ്കടങ്ങളുമെല്ലാം ഉള്ളിലൊതുക്കിയാണ് ഏപ്പോഴും കമറുദ്ദീന്‍ ഫോണ്‍ ചെയ്യുക. ഭാര്യയെ വിഷമിപ്പാക്കാതെ തന്റെ പ്രശ്‌നങ്ങളൊന്നും അറിയിക്കാതേയുള്ള സംസാരം. കോവിഡ് കാലത്ത് സര്‍ക്കാര്‍ ഒരുക്കി തരുന്ന സംവിധാനത്തിലൂടെ നാട്ടിലെത്താന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രവാസിക്ക് അപ്രതീക്ഷിതമായി വിധി തിരിച്ചടിയാകുന്ന കഥയാണ് സിനിമ പറയുന്നത്.

സിനിമയുടെ സംവിധായകന്‍ മുഹസിന്റെ ആഡ് ഫിലിമിനൊക്കെ ഞാന്‍ നേരത്തെ ഡബ്ബ് ചെയ്തിരുന്നു. പക്ഷെ ക്യാരക്ടറിന് ആദ്യമായിട്ടാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആരെയിങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച് മുഹസിന്‍ എന്നെ വിളിക്കുമ്പോഴും കഥാപാത്രത്തിന് ഡബ് ചെയ്യുന്ന കാര്യം മുഹസിന്റെ മനസ്സിലുണ്ടായിരുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചു. അതിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. നേരത്തെ ജയരാജന്റെ വീരം എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ ഡബ് ചെയ്തിരുന്നു. ആ ഒരു ആത്മവിശ്വാസത്തിലാണ് മുഹസിനോട് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞത്. ആദ്യ ഭാഗം തന്നെ ചെയ്ത് ഡബ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇത് മതിയെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഏകദേശം രണ്ട് മണിക്കൂറോളമുള്ള സിനിമയുടെ ഭാഗമാവുന്നത്.

എത്ര നിസ്സഹായനാണ് പ്രവാസിയായ ഒരു മനുഷ്യന്‍ എന്നത് കമറുവെന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെ കാഴ്ചക്കാരുടെ ഉള്ളിലെത്തിച്ചിട്ടുണ്ട് സിനിമ. ഏതെങ്കിലും തരത്തിലുള്ള പ്രവാസ അനുഭവമുണ്ടോ?

ഞാന്‍ പ്രവാസിയായിരുന്നു എന്റെ പിതാവും പ്രവാസിയായിരുന്നു. പക്ഷെ ഇതിനേക്കാളപ്പുറം നമ്മള്‍ ഓരോരുത്തരും അനുഭവിച്ച ഇനിയൊരിക്കലും ഉണ്ടാവരുതേ എന്ന് ചിന്തിച്ച കാലം കൂടിയായിരുന്നു കോവിഡ് കാലം. നമ്മള്‍ അക്കാലത്ത് സുഹൃത്തുക്കളോടും കുടുംബക്കാരോടുമൊക്കെ സംസാരിച്ചതും പെരുമാറിയതുമെല്ലാമാണ് സിനിമയിലുണ്ടായതും. കമറുദ്ദീന്‍ എല്ലാ പ്രാവാസിയേയും പോലെ നാട്ടില്‍ കുടുംബത്തോടും സുഹൃത്തക്കളോടും ഒപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പക്ഷെ സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും പ്രവാസത്തിലേക്ക് തള്ളിവിടപ്പെട്ടയാളാണ്. മാത്രമല്ല കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടതൊക്കെ സ്വന്തം മകനാല്‍ പോലും അവസാന കാലത്ത് ചോദ്യം ചെയ്യടുമ്പോഴും കമറുദ്ദീന് സങ്കടമില്ല. കാരണം അതിലേറെ അനുഭവിക്കുന്നതാണ് ഒരു പ്രവാസി. ഇതിനെയെല്ലാം അതിന്റെ യഥാര്‍ഥ ഭാവത്തോടെ പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായത്.

  • ഏറെ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു കമറു, ഡബ്ബിംഗ് ജോലികളെല്ലാം പെട്ടെന്ന് തീര്‍ക്കാന്‍ കഴിഞ്ഞോ
ഞാന്‍ നേരത്തെ പറഞ്ഞില്ലേ നമ്മളെല്ലാം കടന്നുപോയ കണ്ട ഒരു പിടി കഥാപാത്രത്തിന്റെ കൂടെയാണ് കമറുദ്ദീനും വരുന്നത്. ഒറ്റദിവസം കൊണ്ട് ഡബിംങ് തീര്‍ക്കാനായി. കമറുദ്ദീന് ഒരു മുഖം ഉണ്ടാവരുത് എന്നത് തന്നെയാണ് സിനിമയുടെ സംവിധായകന്റെ ബ്രില്ല്യന്‍സ്. കാരണം കമറു സിനിമയിലെ ബേസില്‍ അവതരിപ്പിച്ച ബെച്ചുവിന്റെ മാത്രം ബാപ്പയല്ല. അന്ന് വീടെത്താനാവാത്ത പ്രവാസ മണ്ണില്‍ തന്നെ ജീവിതം തീര്‍ന്നുപോയ ഒരു പേട് പേരുടെ ബാപ്പയാണ്. അങ്ങനെയൊരു ഫീല്‍ അനുഭവിച്ചത് കൊണ്ടുമാത്രം തന്നെ പലരും സങ്കടത്തോടെയാണ് വിളിക്കുന്നത്, ചിലര്‍ കരയുന്നുണ്ട്. സ്വന്തം ബാപ്പയുടേയും ഉമ്മയുടേയും സഹോദരന്റേയുമെല്ലാം മയ്യിത്ത് പോലും കാണാന്‍ പറ്റാത്ത ഒരുപാട് പേരുണ്ട് അവരില്‍. അവരുടെ മനസ്സില്‍ ഒരു സ്ഥാനം ലഭിക്കാനായി എന്നത് തന്നെയാണ് എന്നെ സംബന്ധിച്ച് നേട്ടം. അതിന് മുഹസിനോടും ബേസിലിനോടും ശ്രീജേച്ചിയോടുമെല്ലെ നന്ദി പറയുകയാണ്.

Content Highlights: kadina kadoramee andakadaham, noushad ibrahim interview, OTT Release, Basil Joseph

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bhavana about struggle in Malayalam Industry  film, New film

6 min

മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് മനസ്സുകൊണ്ടുറപ്പിച്ചിരുന്നു | ഭാവനയുമായി അഭിമുഖം

Feb 16, 2023


mathrubhumi

3 min

ഭൂമിയിലില്ലാത്ത ജീവിതങ്ങള്‍!

Aug 23, 2015


Karuna Kochi Music foundation controversy Aashiq Abu Bijibal shahabaz aman Sandeep warrier Hibi Eden

7 min

കരുണ വിവാദം? സംഘാടകരുടെ വിശദീകരണങ്ങളും വൈരുദ്ധ്യങ്ങളും; നാള്‍വഴിയിലൂടെ

Feb 18, 2020

Most Commented