വണ്ടി നിര്‍ത്തി ഡ്രൈവര്‍ പറഞ്ഞു, ''കഴിയുമെങ്കില്‍ സാറും കാണണം ഈ പടം''


രവി മേനോൻ

ഇന്ത്യൻ സിനിമയിലെ ഉജ്വലനക്ഷത്രമാണ് ശങ്കരാഭരണമെന്ന സിനിമയിലൂടെ പ്രസിദ്ധനായ സംവിധായകൻ കെ. വിശ്വനാഥ്. ദാദാ സാഹേബ് അവാർഡ് വൈകിയെത്തിയ അംഗീകാരമാണ് അദ്ദേഹത്തിന്. ശങ്കരാഭരണത്തിൻ്റെ കഥ വിശ്വനാഥിൻ്റെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും കഥ കൂടിയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പാട്ടെഴുത്തിൽ രവിമേനോൻ മുന്പൊരിക്കൽ എഴുതിയ ആ കഥ അവാർഡ് വേളയിൽ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഞങ്ങൾ പുനപ്രസിദ്ധീകരിക്കുന്നു...

കുറ്റാക്കൂരിരുട്ടാണ് പുറത്ത്; പോരാത്തതിന് വേനൽക്കാറ്റിന്റെ പൊള്ളുന്ന ചൂടും. മുൻപൊരിക്കലും വിശാഖപട്ടണത്തെ തെരുവുകൾ ഇത്ര ഇരുണ്ടു കണ്ടിട്ടില്ല വിശ്വനാഥ്. പ്രതീക്ഷയുടെ അവസാനത്തെ കൈത്തിരിയും ആരോ ഊതിക്കെടുത്തിയ പോലെ.

വിയർത്തൊലിച്ച് ടാക്സിയുടെ പിൻസീറ്റിൽ ചാരിക്കിടക്കുന്നു തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസതുല്യനായ സംവിധായകൻ. അശുഭകരമായ ചിന്തകളാണ് മനസ്സു നിറയെ. താൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആന്ധ്രയിൽ റിലീസായിട്ട് മൂന്നു നാല് ദിവസമായി. തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ട് വളരെ മോശം. റിലീസ് ചെയ്ത ദിവസം പടം കാണാൻ എത്തിയത് വിരലിലെണ്ണാവുന്നവർ മാത്രം. പിറ്റേന്ന് പ്രേക്ഷകരുടെ എണ്ണം കൂടിയെങ്കിലും ഒരൊറ്റ പ്രദർശനശാലയും പകുതിയെങ്കിലും നിറഞ്ഞുകണ്ടിട്ടില്ല ഇതുവരെ. ഇങ്ങനെ പോയാൽ വാരാന്ത്യത്തിൽ പടം തിയേറ്ററുകളിൽ നിന്ന് എടുത്തുമാറ്റുമെന്നുറപ്പ്. ഒപ്പം മരിച്ചു മണ്ണടിയുക വർഷങ്ങളെടുത്ത് താൻ പടുത്തുയർത്തിയ ഒരു സുന്ദര സ്വപ്നം കൂടിയാകും.
കലുഷമായ മനസ്സിലേക്ക് എങ്ങുനിന്നോ ഒരു പാട്ടിന്റെ ശീലുകൾ ഒഴുകിയെത്തുന്നു: ``ഓംകാരനാദാനു സന്താന മൗഗാനമേ ശങ്കരാഭരണമു.....'' അത്ഭുതം തോന്നി. തന്റെ പുതിയ പടത്തിലെ പാട്ടാണ്. സ്റ്റിയറിംഗിൽ താളമിട്ട്‌ രസിച്ചു പാടുന്ന ടാക്സി ഡ്രൈവറെ കൌതുകത്തോടെ നോക്കിയിരിക്കേ, എവിടെയോ ആരോ പ്രതീക്ഷയുടെ ഒരു കിളിവാതിൽ തുറന്ന പോലെ. ``ഇത് ആരുടെ പാട്ടാണെന്ന് അറിയുമോ?'' വിശ്വനാഥ് ചോദിച്ചു. തിരിഞ്ഞുനോക്കാതെ ഡ്രൈവറുടെ മറുപടി: `` ശങ്കരാഭരണം എന്ന പുതിയ പടത്തിലെ പാട്ടാണ്. എസ് പി ബാലസുബ്രഹ്മണ്യം പാടിയത്. അസാധ്യ സിനിമ. ആറു തവണ കണ്ടു കഴിഞ്ഞു ഞാൻ. ഇനിയും കാണും. ..'' ഒരു നിമിഷം നിർത്തി ഡ്രൈവർ തുടരുന്നു: ``കഴിയുമെങ്കിൽ സാറും കാണണം ആ പടം. ഇഷ്ടപ്പെടും എന്നുറപ്പ്.''

വിശ്വസിക്കാൻ പ്രയാസം തോന്നിയെന്ന് വിശ്വനാഥ്. ``അപ്പോഴും എനിക്ക് സംശയമായിരുന്നു. ശങ്കരാഭരണത്തിന്റെ സംവിധായകൻ ഞാനാണെന്ന് അറിഞ്ഞിട്ടാകുമോ ഇയാളുടെ വാചകമടി? ക്ഷമ കെട്ട് വീണ്ടും ചോദിച്ചുപോയി: എന്തേ ആ പടത്തോട് ഇത്രയും ഇഷ്ടം തോന്നാൻ? ക്ലാസിക്കൽ മ്യൂസിക്ക് പഠിച്ചിട്ടുണ്ട് അല്ലേ?'' ഇത്തവണ വഴിയരികിൽ കാർ ബ്രേക്കിട്ട് നിർത്തി, തിരിഞ്ഞുനോക്കിക്കൊണ്ട് ഡ്രൈവർ പറഞ്ഞു: ``ഇല്ല സാർ. ഇഷ്ടത്തിന്റെ കാരണം വിശദീകരിക്കാൻ സത്യമായും എനിക്കറിയില്ല. ആ സിനിമ കാണാൻ എപ്പോൾ തിയേറ്ററിൽ പോയാലും അമ്പലത്തിൽ ചെന്നിരുന്ന പോലെ തോന്നും. മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും സന്തോഷവും കിട്ടും. മുൻപൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല..'' നിശബ്ദനായി ഡ്രൈവറുടെ മുഖത്തു നോക്കിയിരുന്നു വിശ്വനാഥ്.
ആരോ കാതിൽ മന്ത്രിക്കും പോലെ തോന്നി അപ്പോൾ: ദൈവം നിനക്കൊപ്പമുണ്ട്. നിന്റെ പടം ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്നു. ``സിനിമാജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. '' വിശ്വനാഥ് ഓർക്കുന്നു. ``പുറത്തെ ചുടുകാറ്റിൽ പോലും സംഗീതം ഉണ്ടെന്നു തോന്നിയ നിമിഷം.'' യാത്ര പറഞ്ഞു പിരിയവേ സ്വയം പരിചയപ്പെടുത്തിയ വിശ്വനാഥിന്റെ കൈ രണ്ടും ചേർത്തു പിടിച്ച് ഡ്രൈവർ പറഞ്ഞു: ``സാർ സംശയിക്കേണ്ട. ഈ പടം നൂറു ദിവസം ഓടും. തീർച്ച..''ആ പ്രവചനത്തിനും കാലത്തിനു തന്നെയും അപ്പുറത്തേക്ക് ശങ്കരാഭരണം വളർന്നത് പിൽക്കാല ചരിത്രം.
ഹൈദരാബാദിലെ റോയൽ തിയേറ്ററിൽ മാത്രം 216 ദിവസം തുടർച്ചയായി കളിച്ചു ആ ചിത്രം. ഒട്ടുമിക്ക കേന്ദ്രങ്ങളിലും സെഞ്ച്വറിയും ഡബിൾ സെഞ്ച്വറിയും തികച്ചു. കാസറ്റ് വിൽപനയിൽ റെക്കോർഡ് സൃഷ്ടിച്ചു. സാധാരണക്കാരായ കാണികൾ മാത്രമല്ല അക്കാദമിക് ബുദ്ധിജീവികൾ വരെയുണ്ടായിരുന്നു ശങ്കരാഭരണത്തിന്റെ ആരാധകരിൽ. മലയാളമുൾപ്പെടെയുള്ള മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോഴും ആ മാജിക്കിന് മങ്ങലേറ്റില്ല എന്നതാണ് അത്ഭുതം. മറ്റൊരു ഡബ്ബിംഗ് ചിത്രത്തിനും അവകാശപ്പെടാനാവാത്ത അഭൂതപൂർവമായ വിജയമാണ് കേരളത്തിൽ ശങ്കരാഭരണം നേടിയത് എന്നോർക്കുന്നു വിശ്വനാഥ്. നാല് ദേശീയ അവാർഡുകളും അഞ്ചു ആന്ധ്രപ്രദേശ് സംസ്ഥാന (നന്ദി) അവാർഡുകളും ഫിലിംഫെയർ അവാർഡും ഉൾപ്പെടെ ബഹുമതികളുടെ ഒരു നീണ്ട നിര തന്നെ ആ സിനിമയെ തേടിയെത്തി.
എട്ടാമത് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, താഷ്കന്റ് ഫെസ്റ്റിവൽ , മോസ്കോ ഫെസ്റ്റിവൽ , ഫ്രാൻസിലെ ബീസൻകോണ്‍ തുടങ്ങി പങ്കെടുത്ത ചലച്ചിത്രോൽസവങ്ങളിലെല്ലാം മുഖ്യ ആകർഷണകേന്ദ്രമായി മാറി ശങ്കരാഭരണം. സി എൻ എൻ - ഐ ബി എൻ കുറച്ചു കാലം മുൻപ് എക്കാലത്തെയും മികച്ച നൂറ് ഇന്ത്യൻ ചിത്രങ്ങൾ തിരഞ്ഞെടുത്തപ്പോൾ ആ പട്ടികയിലും ഉണ്ടായിരുന്നു വിശ്വനാഥിന്റെ മാസ്റ്റർപീസ്‌. `` ശങ്കരാഭരണം സ്നേഹത്തോടെ ഓർമ്മയിൽ സൂക്ഷിക്കുന്ന, അതിലെ പാട്ടുകൾ ഹൃദയത്തോട് ചേർത്തു വെക്കുന്ന ഒരാളെയെങ്കിലും ദിവസവും കണ്ടുമുട്ടാറുണ്ട് ഞാൻ. വിവിധ ഭാഷകളിലായി അൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ആളുകൾ എന്നെ ശങ്കരാഭരണം വിശ്വനാഥ് എന്ന് വിളിക്കുമ്പോൾ അഭിമാനം തോന്നും.
വ്യക്തികളെ അപ്രസക്തമാക്കിക്കൊണ്ട് ഒരു സിനിമ കാലത്തിനപ്പുറത്തേക്ക് വളരുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ആ പടത്തിൽ അഭിനയിച്ച സോമയാജലുവും രാജലക്ഷ്മിയും തുളസിയും മഞ്ജുഭാർഗവിയും എല്ലാം പിൽക്കാലത്ത് അറിയപ്പെട്ടത് ശങ്കരാഭരണത്തിന്റെ പേരിലല്ലേ?'' വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ പലതും തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകൾ ആയിരുന്നുവെന്നോർക്കുക: സാഗരസംഗമം, സ്വാതിമുത്യം (ചിപ്പിക്കുൾമുത്ത്), സപ്തപദി, സ്വാതികിരണം, ശ്രുതിലയലു, സ്വരാഭിഷേകം, ശുഭസങ്കൽപ്പം....
എസ് പി ബിയുടെ ശങ്കരാഭരണം
നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ വിശ്വനാഥ് സംസാരിച്ചുകൊണ്ടിരിക്കേ ഓർമ്മ വന്നത് പഴയൊരു കൂട്ടുകാരനെയാണ്- കോഴിക്കോട്ടുകാരനായ ശ്യാം. ശങ്കരാഭരണം നൂറു തവണയെങ്കിലും കണ്ടിരിക്കും അവൻ. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കടുത്ത ആരാധകനാണ്. അടിയുറച്ച ശാസ്ത്രീയസംഗീത പ്രേമിയും. എഞ്ചിനീയറിംഗ് ബിരുദമെടുത്ത് ഗൾഫിലും ആഫ്രിക്കയിലും ജോലി ചെയ്ത ശേഷം ഫ്രഞ്ചുകാരിയായ ഭാര്യയോടൊപ്പം അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്നു ഇപ്പോൾ. ഒരു വർഷം മുൻപ് യാദൃഛികമായി പഴയ സഹപാഠിയെ ഫേസ്ബുക്കിൽ കണ്ടുമുട്ടിയപ്പോൾ ചോദിക്കാതിരിക്കാനായില്ല: ``ഓർമ്മയുണ്ടോ ശങ്കരാഭരണം റിലീസ് ദിവസം തന്നെ ഇടിച്ചുകയറി കണ്ടത്? ദൊരകുനാ ഇടുവണ്ടിസേവാ എന്ന ഗാനരംഗത്ത് ശങ്കരശാസ്ത്രികളുടെ തൊണ്ട ഇടറിയപ്പോൾ തിയേറ്ററിലെ ഇരുട്ടിലിരുന്ന് ഒരു നാണവുമില്ലാതെ വാവിട്ടു കരഞ്ഞതും?''
ഒന്നും മറന്നിരുന്നില്ല ശ്യാം. ബാലു മഹേന്ദ്രയുടെ കവിത തുളുമ്പുന്ന ക്യാമറാ ഫ്രെയിമുകൾ പോലും. ``മുപ്പതു കൊല്ലത്തിനിടക്ക് ഞാൻ പോകാത്ത നാടില്ല. കേൾക്കാത്ത സംഗീതവും. ജാസ്, പോപ്‌, റോക്ക്, റെഗ്ഗെ, ബ്ലൂസ്, ഹിപ്ഹോപ്‌, സൽസാ, ടാംഗോ, ഫങ്ക്.... എല്ലാം ഒരുപോലെ ഇഷ്ടം. ലോകസംഗീതത്തിന്റെ ഒരു ക്രോസ് സെക്ഷൻ തന്നെയുണ്ട്‌ എന്റെ പെൻഡ്രൈവിൽ. എങ്കിലും ദിവസവും ഒരു ശീലം പോലെ `ശങ്കരാഭരണ'ത്തിലെ ഒരു പാട്ടെങ്കിലും കേൾക്കും. ശങ്കരാ നാദശരീരാ പരാ, അല്ലെങ്കിൽ ഓംകാര നാദാനു, അതുമല്ലെങ്കിൽ ദൊരകുനാ, രാഗം താനം പല്ലവി, ബ്രോചേവാരെവരുരാ നിനുവിനാ ....ഇവയിലേതെങ്കിലുമൊന്ന്. ആവർത്തിച്ചു കേട്ടുകേട്ട് എന്റെ ഭാര്യയും മക്കളും വരെ എസ് പി ബിയുടെ ആരാധകരായിരിക്കുന്നു. ശങ്കരാഭരണത്തിന്റെയും...''
ശ്യാമിന്റെ ഉദാഹരണം ഒറ്റപ്പെട്ടതാവാൻ ഇടയില്ല. കഴിഞ്ഞൊരു ദിവസം ശങ്കരാഭരണം മക്കൾക്കൊപ്പമിരുന്ന് വീണ്ടും കണ്ടു. ചെറിയൊരു ആശങ്കയുണ്ടായിരുന്നു ഉള്ളിൽ. പണ്ട് കണ്ടു ഹൃദയത്തിൽ പതിഞ്ഞ പടങ്ങൾ പലതും വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ കടുത്ത നിരാശയാണ് തോന്നുക. ഇത്രയും നാടകീയമായ കഥാമുഹൂർത്തങ്ങളും അഭിനയ ശൈലിയും എങ്ങനെ 1980 കളിലെ കൗമാരക്കാരന് ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നോർത്ത് അത്ഭുതവും. ഏറെ പ്രിയപ്പെട്ട പല പാട്ടുകളുടെയും ചിത്രീകരണം പിന്നീട് കണ്ടപ്പോൾ അരോചകമായി തോന്നിയിട്ടുണ്ട്. പണ്ട് മൂന്നും നാലും വട്ടം ആസ്വദിച്ചു കണ്ട പടങ്ങൾ ഒരു തവണ കണ്ടുതീർക്കാൻ തന്നെ പ്രയാസപ്പെട്ട അനുഭവങ്ങളും ധാരാളം. പക്ഷേ ശങ്കരാഭരണം അതിനൊരു അപവാദമായിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റിയ പതിപ്പായിട്ടുപോലും സ്വാഭാവികചലനങ്ങളോടെ വെള്ളിത്തിരയിൽ നിറയുന്ന കഥാപാത്രങ്ങൾ. നിശബ്ദതയുടെ വാചാലത അനുഭവിപ്പിക്കുന്ന ഫ്രെയിമുകൾ. മനോഹരമായ ഗാനചിത്രീകരണങ്ങൾ. ഗോദാവരി നദിയുടെയും ഹോയ്സാലേശ്വര-ചെന്നകേശവ ക്ഷേത്രച്ചുമരുകളിലെ അപൂർവമായ കൊത്തുവേലകളുടെയും മഞ്ജുഭാർഗവിയുടെ നൃത്ത ചലനങ്ങളുടെയും സൗന്ദര്യം മുഴുവൻ ആവാഹിച്ച ബാലു മഹേന്ദ്രയുടെ ക്യാമറക്കണ്ണുകൾക്കും പറയണം നന്ദി. പക്ഷേ പടം മുഴുവൻ കണ്ടുതീർന്നിട്ടും ഒരു സംശയം മാത്രം ബാക്കി. ഡോ ബാലമുരളീകൃഷ്ണയേയും കെ ജെ യേശുദാസിനേയും പോലുള്ള സംഗീതസവ്യസാചികൾ വിളിപ്പുറത്തുണ്ടായിട്ടും ``ശങ്കരാഭരണ''ത്തിലെ പാട്ടുകൾ ശാസ്ത്രീയസംഗീതജ്ഞാനിയല്ലാത്ത എസ് പി ബാലസുബ്രഹ്മണ്യത്തെ കൊണ്ടു പാടിക്കാൻ വിശ്വനാഥ് തീരുമാനിച്ചതെന്തുകൊണ്ട് ? മൂന്നര പതിറ്റാണ്ടായി ശങ്കരാഭരണത്തിന്റെ ശിൽപ്പി ഉത്തരം പറഞ്ഞു മടുത്ത ചോദ്യമാവണം അത്. എന്നിട്ടും പരിഭവലേശമന്യേ ഹൃദയം തുറന്നു ചിരിച്ചു 86 കാരനായ വിശ്വനാഥ്. ``നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ബാലു പാടിയ പാട്ടുകളിൽ തന്നെയുണ്ട്‌. 35 വർഷം ആ പാട്ടുകൾ കേട്ടിട്ടും അതു തിരിച്ചറിഞ്ഞില്ലെന്നോ? അത്ഭുതം..''
ശങ്കരാഭരണം ഒരു ആശയമായി മനസ്സിൽ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ് പി ബിയെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്- പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ. ബാലമുരളീകൃഷ്ണ പാടണം എന്നായിരുന്നു സംഗീത സംവിധായകൻ കെ വി മഹാദേവന്റെ ആഗ്രഹം. സിനിമയിലെ നായകൻ ലോകം മുഴുവൻ ആദരിക്കുന്ന ശാസ്ത്രീയ സംഗീതജ്ഞനാകുമ്പോൾ അദ്ദേഹത്തിന് വേണ്ടി പാടുന്നത് ഒരു സാധാരണ പാട്ടുകാരൻ ആകരുതല്ലോ. എന്നാൽ എസ് പി ബി വെറുമൊരു സാധാരണ ഗായകൻ അല്ല എന്ന് മറ്റാരെക്കാൾ അറിയാമായിരുന്നു വിശ്വനാഥിന്. ``പരിചയസമ്പന്നരായ ശാസ്ത്രീയ സംഗീത വിശാരദൻമാരിലൊന്നും കാണാത്ത ചില ഗുണവിശേഷങ്ങളുണ്ട് അയാൾക്ക്‌. നല്ലൊരു നടനാണ്‌. അതിലുപരി കഴിവുറ്റ മിമിക്രി ആർട്ടിസ്റ്റും. ആരുടേയും ശബ്ദവും ഭാവങ്ങളും ചേഷ്ടകളും അതിഗംഭീരമായി അനുകരിക്കും ബാലു. ശിവാജി ഗണേശനെയും എം ജി ആറിനെയും ഒക്കെ ബാലു അനുകരിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട് ഞാൻ. സംവിധായകൻ ഉദ്ദേശിക്കുന്ന ഏതു ഭാവവും ശൈലിയും ആലാപനത്തിൽ കൊണ്ടുവരാൻ ഉള്ളിലെ ഈ ശബ്ദാനുകരണ വിദഗ്ദൻ അയാളെ സഹായിച്ചിട്ടുണ്ടാകം.'' ശങ്കരാഭരണത്തിൽ പരമ്പരാഗത ശൈലിയിലുള്ള ശാസ്ത്രീയ സംഗീത കൃതികളല്ല ശങ്കരശാസ്ത്രികൾ പാടുന്നതെന്ന് ഓർമ്മിപ്പിക്കുന്നു വിശ്വനാഥ്‌. ലളിതശാസ്ത്രീയ ഗാനങ്ങളാണ് അവ. ചെറിയൊരു നാടകീയത ഇല്ലെങ്കിൽ അത്തരം പാട്ടുകൾ ജനകീയമാവില്ല. സിനിമയിലെ കഥാമുഹൂർത്തങ്ങളുടെ വൈകാരിക ഭാവവുമായി ചേർന്നു നിൽക്കുകയും വേണം അവ. ആലാപനത്തിൽ ഈ നാടകീയത ആവിഷ്കരിക്കാൻ എസ് പി ബിയോളം കഴിവുള്ളവർ വേറെ ഇല്ല എന്നാണ് എന്റെ വിശ്വാസം. '' മറ്റൊന്നു കൂടി പറഞ്ഞു വിശ്വനാഥ്. ``ബാലുവും ഞാനും തമ്മിൽ അപൂർവമായ ഒരു ഹൃദയൈക്യമുണ്ട്. ബാലുവിന്റെ കഴിവുകളുടെ വ്യാപ്തി എനിക്ക് നന്നായറിയാം. എന്നിലെ സംവിധായകന് വേണ്ടത് എന്താണെന്ന് അയാൾക്കും. മാത്രമല്ല ബാലു എന്റെ അടുത്ത ബന്ധു കൂടിയാണ്. സഹോദര തുല്യൻ. കുട്ടിക്കാലം മുതലേ അറിയാം അയാളെ. ലക്ഷ്യത്തിലെത്താൻ വേണ്ടി കഠിനമായി അധ്വാനിക്കാൻ മടിയില്ലാത്ത കൂട്ടത്തിലാണ്. ശങ്കരാഭരണത്തിലെ പാട്ടുകളുടെ പൂർണ്ണതക്ക് വേണ്ടി ബാലു സഹിച്ച ത്യാഗങ്ങൾ നേരിട്ട് കണ്ടയാൾ എന്ന നിലക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാനാകും- - മറ്റാരു പാടിയാലും ആ ഗാനങ്ങൾ ഇത്രത്തോളം ശ്രദ്ധിക്കപ്പെടില്ലായിരുന്നു.''
നന്ദി പുകഴേന്തിക്ക്
മികച്ച ഗായകനുള്ള ദേശീയ അവാർഡും നന്ദി അവാർഡും ഫിലിംഫെയർ അവാർഡും ഉൾപ്പെടെ ശങ്കരാഭരണം നേടിത്തന്ന കീർത്തിമുദ്രകൾ ഒന്നടങ്കം എസ് പി ബാലസുബ്രഹ്മണ്യം സമർപ്പിച്ചിട്ടുള്ളത് ഒരു തിരുവനന്തപുരംകാരനാണ് -- ചാലയിൽ ജനിച്ചുവളർന്ന് തമിഴകത്ത് വാദ്യവിന്യാസ വിദഗ്ദനായി പേരെടുത്ത വേലപ്പൻ നായർ എന്ന അപ്പുവിന്. ``പുകഴേന്തി'' എന്ന പേരിലാണ് സിനിമാലോകത്ത് അപ്പുവിനു ഖ്യാതി. കെ വി മഹാദേവന്റെ വിശ്വസ്ത സഹായിയായ പുകഴേന്തിയുടെ ആത്മാർഥമായ ശിക്ഷണം ഇല്ലായിരുന്നെങ്കിൽ ശങ്കരാഭരണത്തിലെ പാട്ടുകൾ പാടി ഫലിപ്പിക്കാൻ തനിക്ക് കഴിയില്ലായിരുന്നു എന്ന് വിശ്വസിക്കുന്നു എസ് പി ബി. ``ശങ്കരാഭരണത്തിൽ പാടാൻ ക്ഷണം ലഭിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാനാണ് ഞാൻ ശ്രമിച്ചത്. പിതാവിനെ പോലെ ഞാൻ ആദരിക്കുന്ന വിശ്വനാഥ് സാറിന്റെ പടമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. ഈ പടവും ഒരു അവിസ്മരണീയ ദൃശ്യാനുഭവം ആകുമെന്നുറപ്പായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് പടത്തിലെ പാട്ടുകളോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ സംശയം. പാട്ടുകളുടെ നിലവാരമില്ലായ്മ കൊണ്ട് ഒരു ക്ലാസിക് പടം ശ്രദ്ധിക്കപ്പെടാതെ പോയാലോ? അതിൽപ്പരം ഒരപമാനമുണ്ടോ. സംവിധായകന് മാത്രമല്ല ആ സിനിമയിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും അത് ദുഷ്പേരുണ്ടാക്കും. എനിക്കു പകരം മറ്റേതെങ്കിലും പാട്ടുകാരനെ തേടാൻ അപേക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വിശ്വനാഥ് സാറിന് എന്റെ കഴിവുകളിൽ അത്രയും വിശ്വാസമായിരുന്നിരിക്കണം; പുകഴേന്തി മാസ്റ്റർക്കും.''
കെ വി മഹാദേവനാണ് സംഗീതസംവിധായകൻ. അടിമൈപ്പെണ്‍ എന്ന എം ജി ആർ ചിത്രത്തിലെ ആയിരം നിലവേ വാ എന്ന മനോഹര പ്രണയഗാനത്തിലൂടെ എസ് പി ബിയ്ക്ക് സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും വലിയ ബ്രേക്ക്‌ നൽകിയ വ്യക്തി. വേറെയും മെലഡികൾ കെ വി എമ്മിന് വേണ്ടി പാടി ഹിറ്റാക്കിയിട്ടുണ്ടെങ്കിലും ശങ്കരാഭരണത്തിൽ തന്നെ കാത്തിരിക്കുന്നത് ആയുസ്സിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണെന്ന് നന്നായറിയാം എസ് പി ബിക്ക്. `ഏറെ മാനസിക സംഘർഷം അനുഭവിച്ച നാളുകളായിരുന്നു അവ. റെക്കോർഡിംഗ് അടുക്കുന്തോറും പിരിമുറുക്കവും കൂടിവന്നു. ആ സന്ദിഗ്ദ ഘട്ടത്തിലാണ് ദൈവദൂതനെ പോലെ പുകഴേന്തി സാർ അവതരിക്കുന്നത്. കെ വി എമ്മിന്റെ വിശ്വസ്തനായ സംഗീത സഹായി. പുകഴേന്തിയുടെ മാന്ത്രിക സ്പർശമില്ലാത്ത ഒരൊറ്റ മഹാദേവഗാനവുമില്ല. ഉള്ളിലെ വേവലാതി എന്റെ മുഖത്തു നിന്ന് വായിച്ചെടുത്തിരിക്കണം അദ്ദേഹം. ഒരു ദിവസം പുകഴേന്തി എന്നെ വിളിച്ചു പറഞ്ഞു: പേടിക്കേണ്ട. ഈ പടത്തിലെ എല്ലാ പാട്ടുകളും നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ഒരാഴ്ച സാവകാശം തരുക.'' ഒരാഴ്ചയല്ല ഒരു വർഷമിരുന്നു പഠിച്ചാലും പിഴവില്ലാതെ ശാസ്ത്രീയ കൃതികൾ പാടാൻ തനിക്ക് കഴിയില്ല എന്നു തന്നെയായിരുന്നു അപ്പോഴും എസ് പി ബിയുടെ വിശ്വാസം.
പിറ്റേന്ന് കാലത്തു തന്നെ കുറെ ഓഡിയോ കാസറ്റുകളുമായി പുകഴേന്തി എസ് പി ബിയെ കാണാനെത്തുന്നു. `` പടത്തിലെ ഗാനങ്ങൾ എല്ലാം കാസറ്റിൽ പാടിവെച്ചിരിക്കുകയാണ് അദ്ദേഹം. ശ്രദ്ധാപൂർവ്വം അവ കേൾക്കാനും ഏറ്റു പാടാനുമാണ് എനിക്ക് കിട്ടിയ നിർദേശം.'' എസ് പി ബി. ``ആ നിമിഷം മുതൽ ഒരു തപസ്യ പോലെ ഞാൻ എന്റെ പരിശീലനം തുടങ്ങി. വീട്ടിലോ സ്റ്റുഡിയോയിലോ വെറുതെ ഇരിക്കുമ്പോൾ, കാറിൽ യാത്ര ചെയ്യുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, കുളിക്കുമ്പോൾ, രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, പുലർച്ചെ ഉണരുമ്പോൾ എല്ലാം ഞാൻ ആ കാസറ്റുകൾ കേട്ടുകൊണ്ടിരുന്നു. പുകഴേന്തിയുടെ തെല്ലു പരുഷമെങ്കിലും ഹൃദ്യമായ ശബ്ദത്തിൽ നിറഞ്ഞുനിന്ന ഭാവംശം എന്റെ ആലാപനത്തിലേക്കു പകർത്താൻ ശ്രമിച്ചു. ദിവസവും രാവിലെ പുകഴേന്തിയുടെ ഫോണ്‍ വരും. ഈ പരീക്ഷണത്തിൽ ഞാൻ പരാജയപ്പെടരുതെന്ന് എന്നെക്കാൾ നിർബന്ധം ആ വലിയ മനുഷ്യനായിരുന്നു...''
വിജയാ ഗാർഡൻസിലായിരുന്നു പൂജയും റെക്കോഡിംഗും. ആദ്യം റെക്കോഡ് ചെയ്യേണ്ടത് ഓംകാര നാദാനു എന്ന പാട്ടാണ് -- സിനിമയിൽ സോളോ ആയും ഡ്യൂയറ്റ് ആയും കടന്നുവരുന്ന ശാസ്ത്രീയ ഗാനം. മുഹൂർത്തസമയമായിട്ടും ബാലുവിനോപ്പം പാടേണ്ട എസ് ജാനകി എത്തിയിട്ടില്ല. അന്വേഷിച്ചപ്പോൾ, തെല്ലു പരിഭവത്തിലാണ് അവർ. ഗാനത്തിന്റെ ഏതാനും വരികളിൽ മാത്രമേ തന്റെ ശബ്ദസാന്നിധ്യമുണ്ടാവൂ എന്ന് ആരോ അവരെ ധരിപ്പിച്ചിരിക്കയാണത്രെ. തിരക്കുകൾ മാറ്റിവെച്ച് ഒന്നോ രണ്ടോ വരി പാടാൻ മാത്രമായി താൻ എന്തിന് വരണം എന്നാണ് ജാനകിയുടെ ചോദ്യം. ``ശങ്കരാഭരണ'ത്തിൽ ഒരു ഗായകശബ്ദവും അപ്രധാനമല്ല എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വന്നു''-- വിശ്വനാഥ്‌ ഓർക്കുന്നു. ``പക്ഷേ ആദ്യഗാനം പാടാൻ മൈക്കിനു മുന്നിൽ എത്തിയതോടെ എല്ലാ പരിഭവവും മറന്ന് പാട്ടിൽ ലയിച്ചുചേർന്നു ജാനകി. '' എസ് പി ബിയെ പോലെ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല ജാനകിയും. `ശങ്കരാഭരണ'ത്തിൽ ഒരൊറ്റ ഗാനം കൂടിയേ അവരുടെ ശബ്ദത്തിൽ നാം കേട്ടുള്ളൂ: എസ് പി ബിക്കൊപ്പം പാടിയ സാമജവരഗമനാ എന്ന ഹിന്ദോള രാഗ കീർത്തനം. മറ്റു ഗാനങ്ങൾ എല്ലാം പാടിയത് വാണിജയറാം. കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും ഒരു പോലെ അവഗാഹമുള്ള വാണി തന്നെ മുഖ്യഗായികയായി വേണമെന്നത് കെ വി മഹാദേവന്റെ നിർബന്ധമായിരുന്നു. മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ശങ്കരാഭരണത്തിലെ ഗാനങ്ങൾ വാണി ജയറാമിന് നേടിക്കൊടുത്ത ബഹുമതികൾ നിരവധി.
ശങ്കരാഭരണത്തിന്റെ റെക്കോർഡിംഗ് രസകരമായ ഓർമ്മയാണ് വാണിയ്ക്ക്. പരസ്പരം കളിയാക്കിയും തമാശകൾ പങ്കിട്ടും ചെലവഴിച്ച ദിനങ്ങൾ. ``സ്റ്റുഡിയോയിൽ ചെന്നാൽ എസ് പി ബിയെ ശങ്കരശാസ്ത്രി എന്നാണു ഞാൻ വിളിക്കുക. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്തതിന്റെ ചെറിയൊരു ആത്മവിശ്വാസക്കുറവ് തുടക്കത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും പതുക്കെ പതുക്കെ അതു മാറിവന്നു. ഏതു ക്ലാസിക്കൽ സംഗീതജ്ഞനോടും കിടപിടിക്കും വിധം ശങ്കരാഭരണത്തിലെ പാട്ടുകൾ ബാലു പാടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ആ പാട്ടുകളുടെ ജനപ്രീതി തന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്. മാത്രമല്ല മികച്ച ഗായകനും ഗായികക്കും സംഗീത സംവിധായകനും ഒരുമിച്ചു ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങൾ അധികമില്ല താനും. ശങ്കരാഭരണത്തിൽ പാടിയിരുന്നില്ലെങ്കിൽ അത് വലിയൊരു നഷ്ടമായേനെ എന്ന് തോന്നാറുണ്ട്.'' വാണിയുടെ ഈ വാക്കുകളോട് ചേർത്തു വെക്കേണ്ട മറ്റൊരു അനുഭവം വിശ്വനാഥ് ഓർത്തെടുത്തതിങ്ങനെ: ``ശങ്കരാഭരണത്തിന്റെ ടൈറ്റിൽ മ്യൂസിക്കിൽ ഒരു ചെറിയ ഹമ്മിംഗ് വരുന്നുണ്ട്. അത് പാടാൻ ബാലുവിന്റെ സഹോദരി എസ് പി ശൈലജയെ ആണ് ഞങ്ങൾ കണ്ടുവെച്ചിരുന്നത്. എന്നാൽ പാടാൻ വിളിച്ചപ്പോൾ ശൈലജക്ക് ചെറിയൊരു മടി. ഒരു കൊച്ചു ഹമ്മിംഗിന് വേണ്ടി ബുദ്ധിമുട്ടി സ്റ്റുഡിയോയിൽ വരേണ്ടതുണ്ടോ എന്ന് അവർ ചിന്തിച്ചിരിക്കാം. എങ്കിലും ക്ഷണം നിരസിക്കും മുൻപ് ജ്യേഷ്ഠന്റെ അഭിപ്രായം ചോദിക്കാൻ മറന്നില്ല ശൈലജ. ബാലു അനിയത്തിയെ ഉപദേശിച്ചത് എന്തെന്നോ? ശങ്കരാഭരണത്തിൽ വെറുതെ ഒന്നു മൂളാൻ അവസരം കിട്ടുന്നതു പോലും നീ ഭാഗ്യമായി കരുതണം. അത്രയും മഹത്തായ ഒരു സിനിമയാണിത്. ശൈലജ പാടാൻ മടിച്ചു നിന്നില്ല പിന്നെ. എവിടെ വെച്ച് കാണുമ്പോഴും ശങ്കരാഭരണത്തിന്റെ ഭാഗമാകാൻ അവസരം നൽകിയതിന് നന്ദി പറയാറുണ്ട്‌ അവർ.''
പാടി ഫലിപ്പിക്കാൻ ഏറ്റവും പ്രയാസപ്പെട്ടത്‌ ഓംകാര നാദാനു സന്താന മൗഗാനമേ എന്ന ഗാനമാണെന്നു പറയും എസ് പി ബാലസുബ്രഹ്മണ്യം. ദേശീയ അവാർഡ് നേടിത്തന്നതും ഇതേ ഗാനം തന്നെ. ``മറ്റു പാട്ടുകൾ എല്ലാം അനായാസമായിരുന്നു എന്നല്ല അതിന്റെ അർത്ഥം. നീണ്ട റിഹേഴ്സലുകൾക്കു ശേഷമാണ് ഓരോ പാട്ടും റെക്കോർഡ്‌ ചെയ്തത്-- പുകഴേന്തി സാറിന്റെ ക്ഷമാശീലത്തിനു നന്ദി. വാണിജിയുടെ പ്രോത്സാഹനത്തിനും. പാടിയതിൽ ഏറ്റവും എളുപ്പം ഏതായിരുന്നു എന്നു ചോദിച്ചാൽ പറയാം-- പോപ്‌ മ്യൂസിക് ഭ്രാന്തന്മാരെ പാഠം പഠിപ്പിക്കാൻ വേണ്ടി ശങ്കരശാസ്ത്രി യോഡ്‌ലിംഗ് ശൈലിയിൽ പാടുന്ന സംഗീത ശകലം. സിനിമയിലെ ശാസ്ത്രീയ കൃതികളേക്കാൾ സാധാരണക്കാരായ പ്രേക്ഷകരുടെ കയ്യടി നേടിയത് അതാണെന്ന കാര്യം വേറെ.'' വാണി ജയറാമിനൊപ്പം നാലു പാട്ടുകൾ പാടി എസ് പി ബി - ദൊരകുനാ ഇടുവണ്ടിസേവാ, മാനസ സഞ്ചരരേ, ബ്രോചേവാ രെവരുരാ, പലുകെ ബംഗാരമായേന. ശങ്കരാ നാദശരീരാ പരാ, രാഗം താനം പല്ലവി, മാണിക്യവീണാ (എസ് പി ബി), യേ തീരുഗ നാനു (വാണി ജയറാം) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ. പാട്ടുകളിൽ ഭൂരിഭാഗവും രചിച്ചത് വേട്ടൂരി സുന്ദരരാമമൂർത്തി.
വിമർശനങ്ങളും
ശങ്കരാഭരണത്തിലെ ഗാനങ്ങളെ പുതുമ നശിക്കാത്ത ശ്രവ്യാനുഭവങ്ങൾ ആക്കി മാറ്റിയത് എസ്‌ സ്വാമിനാഥൻ എന്ന ശബ്ദലേഖന വിദഗ്ദന്റെ ഇന്ദ്രജാലം കൂടിയാണെന്ന് വിശ്വസിക്കുന്നു വിശ്വനാഥും എസ് പി ബിയും. സ്വാമിനാഥനോട് ആത്മബന്ധമുണ്ട് ഇരുവർക്കും. എസ് പി ബിയുടെ ആദ്യത്തെ ചലച്ചിത്ര ഗാനം -- ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണയിലെ (1966) ഏമി ഈ വിന്ത മോഹം-- ഇതേ വിജയാ ഗാർഡൻസിൽ റെക്കോർഡ്‌ ചെയ്തത് സ്വാമിനാഥനാണ്. സിനിമാ ജീവിതത്തിന്റെ ആരംഭദശയിൽ വാഹിനി സ്റ്റുഡിയോയിൽ സൌണ്ട് അസിസ്റ്റന്റ് ആയിരുന്ന കാലം മുതലേ സ്വാമിനാഥനെ അറിയാം വിശ്വനാഥിന്. വാഹിനിയിൽ സഹപ്രവർത്തകർ ആയിരുന്നു ഇരുവരും. തഞ്ചാവൂരിൽ നിന്ന് 1940 കളിൽ ചെന്നൈയിൽ എത്തിയതാണ് സ്വാമിനാഥൻ. ``എന്റെ മിക്ക സിനിമകളുടെയും ശബ്ദലേഖനം നിർവഹിച്ചത് സ്വാമിനാഥനാണ്. സാങ്കേതിക പരിമിതികൾ ഒരിക്കലും അദ്ദേഹത്തിന് പ്രതിബന്ധമായിരുന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ശങ്കരാഭരണം തന്നെ.''-- വിശ്വനാഥ്. ``ശങ്കരാഭരണത്തിലെ പാട്ടുകൾ റെക്കോർഡ്‌ ചെയ്യുമ്പോൾ ഇന്നത്തെ പോലെ മൾട്ടി ചാനൽ സംവിധാനവും ട്രാക്ക് സമ്പ്രദായവും ഒന്നും നിലവിൽ വന്നിട്ടില്ല. ഓർക്കസ്ട്രക്കും ഗായകർക്കുമായി വിജയ ഗാർഡൻസിൽ ആകെയുള്ളത് നാലു ചാനലാണ്. അന്ന് റെക്കോർഡ്‌ ചെയ്ത പാട്ടുകൾ എന്നിട്ടും തികവാർന്ന അനുഭവങ്ങളായി നിലനിൽക്കുന്നുവെങ്കിൽ അതിനു പിന്നിൽ സ്വാമിനാഥന്റെ കരവിരുതു തന്നെ.'' പാട്ടുകളുടെ പിന്നണിയിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്ത അതിപ്രഗൽഭരായ ഓർക്കസ്ട്ര കലാകാരന്മാരെയും കൃതജ്ഞതയോടെ ഓർക്കുന്നു വിശ്വനാഥ്. ``ചീനാക്കുട്ടിയുടെ മൃദംഗം ഒഴിച്ചു നിർത്തി ശങ്കരാഭരണത്തിലെ പാട്ടുകളെ കുറിച്ച് സങ്കൽപ്പിക്കാനാകുമോ? വലിയൊരു കച്ചേരിക്ക്‌ വായിക്കുന്ന അതെ ഗൗരവത്തോടെ, അർപ്പണബുദ്ധിയോടെ രാവും പകലുമെന്നില്ലാതെ മൃദംഗം വായിക്കുന്ന ചീനാക്കുട്ടിയുടെ ചിത്രം മറക്കില്ല. വയലിനിൽ പ്രസാദ്‌ റാവു, മഹാദേവൻ, പുല്ലാങ്കുഴലിൽ നഞ്ചപ്പ, തബലയിൽ മൈക്കൽ... ഓരോരുത്തരും അവരവരുടെ റോൾ ഗംഭീരമാക്കി. അതുകൊണ്ടു കൂടിയാണ് ആ പാട്ടുകൾ ഇന്നും ആസ്വദിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ ഈ കലാകാരന്മാരെയൊന്നും ആരും ഓർക്കുന്നില്ല എന്നു മാത്രം.''
ചിത്രീകരണമികവാണ് ശങ്കരാഭരണത്തിലെ ഗാനങ്ങളുടെ ആസ്വാദ്യതക്ക് മാറ്റു കൂട്ടിയ മറ്റൊരു പ്രധാന ഘടകം. ഗാനരംഗങ്ങളെ വഴിപാടാക്കി മാറ്റുന്നതിനോട് മുൻപേ എതിർപ്പുള്ളയാളാണ് വിശ്വനാഥ്. ``സിനിമയിൽ പാട്ടുകൾ അനിവാര്യമാണ് എന്ന വിശ്വാസമൊന്നും എനിക്കില്ല. കഥയുടെ ഒഴുക്കിൽ സ്വാഭാവികമായി ലയിച്ചു ചേരേണ്ടവയാണ് അവ. ശങ്കരാഭരണത്തിൽ ഒരൊറ്റ ഗാനരംഗം പോലും അധികപ്പറ്റായി തോന്നാതിരുന്നത് പ്രകൃതിയുടെ പശ്ചാത്തലത്തിൽ ബാലു മഹേന്ദ്ര ഔചിത്യത്തോടെ അവ ചിത്രീകരിച്ചതു കൊണ്ടാണ്.'' വിശ്വനാഥ് പറയുന്നു. ഗോദാവരി, കൃഷ്ണ നദീതീരങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ശങ്കരശാസ്ത്രിക്ക് മുൻപിൽ മഞ്ജുഭാർഗവിയുടെ തുളസി എന്ന കഥാപാത്രം ആദ്യമായി നൃത്തം ചെയ്യുന്ന രംഗം ചിത്രീകരിച്ചത് ഗോദാവരീ നദിക്കരയിലാണ്. ``രാഗം താനം പല്ലവി'' എന്ന ഗാന (നൃത്ത) രംഗം ഷൂട്ട്‌ ചെയ്തത് കർണ്ണാടകയിലെ ഹല്ലിബിഡുവിലുള്ള ഹോയ്സാലേശ്വര ക്ഷേത്രത്തിലും ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലും വെച്ച്. ക്ലൈമാക്സിൽ ദൊരകുനാ എന്ന പാട്ട് പാടി ശങ്കരശാസ്ത്രികൾ മരണത്തിനു കീഴടങ്ങുന്ന വികാരദീപ്തമായ രംഗം പകർത്തിയത് രാജമുന്ദ്രിയിലെ ഒരു കല്യാണമണ്ഡപത്തിൽ വെച്ചായിരുന്നു എന്നോർക്കുന്നു വിശ്വനാഥ്. ശങ്കരാ നാദശരീരാപരാ എന്ന ഗാനം മാത്രം ചെന്നൈയിൽ ചിത്രീകരിക്കേണ്ടി വന്നു. അഡയാറിലെ ഒരു ക്ഷേത്രമാണ് ആ ഗാനത്തിന്റെ പശ്ചാത്തലം. `` വി .ശേഷുവിന്റെ കൊറിയോഗ്രഫി ഇല്ലാതെ ശങ്കരാഭരണം എന്ന സിനിമയുമില്ല. ചിത്രാ വിശ്വേശ്വരനെ പോലുള്ള വിഖ്യാത നർത്തകിമാർ പോലും ശേഷു ചിട്ടപ്പെടുത്തിയ നൃത്ത രംഗങ്ങളെ അകമഴിഞ്ഞു പ്രശംസിച്ചിട്ടുണ്ട്‌.''-- വിശ്വനാഥ്.
അസാമാന്യ ജനപ്രീതി നേടിയെങ്കിലും ശങ്കരാഭരണത്തിലെ ഗാനങ്ങൾ അവയുടെ അതിലാളിത്യത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി അറിയുക. കർണ്ണാടക സംഗീതത്തെ അങ്ങേയറ്റം ലാഘവത്തോടെ കണ്ടു എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്. ``ബ്രോചേവാ രെവരുരാ എന്ന വിഖ്യാത കൃതി ശങ്കര ശാസ്ത്രികൾ പാടിപ്പടിപ്പിക്കുന്നത് തന്നെ വികലമായാണ്. പുതിയ തലമുറയിലെ ശുദ്ധ സംഗീത പ്രേമികൾക്കും യുവ സംഗീതജ്ഞർക്കും തെറ്റായ സന്ദേശം നൽകുന്നു ഈ ചിത്രം.'' ഒരു സംഗീത പണ്ഡിതൻ എഴുതി. എസ് പി ബിക്ക് ശങ്കരാഭരണത്തിലെ ഗാനങ്ങളോട് നീതി പുലർത്താൻ കഴിഞ്ഞില്ല എന്നായിരുന്നു സംഗീത നിരൂപകൻ സുബ്ബുഡുവിന്റെ നിരീക്ഷണം. ``ബാലമുരളീകൃഷ്ണയോ യേശുദാസോ പാടിയിരുന്നെങ്കിൽ കുറച്ചു കൂടി ആസ്വാദ്യകരമായ ശ്രവ്യാനുഭവങ്ങൾ ആയേനെ ആ പാട്ടുകൾ.'' പോപ്‌ സംഗീതത്തിന്റെ പ്രചാരത്തിന് എതിരായ ഒരു പ്രതിരോധമായി കർണ്ണാടക സംഗീതത്തെ വിലകുറച്ചു കണ്ടതിലായിരുന്നു മറ്റു ചിലർക്ക് അമർഷം. എല്ലാ കാഴ്ചപ്പാടുകളും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു വിശ്വനാഥ്. ``വിമർശകർ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ശങ്കരാഭരണം ഒരു സിനിമ മാത്രമാണ്. സുദീർഘമായ കച്ചേരികൾ അവയുടെ ചിട്ടവട്ടങ്ങളോടെ സിനിമയിൽ ഉൾപ്പെടുത്തുന്നതിന് പരിമിതികളുണ്ട്. മാത്രമല്ല സമൂഹത്തിന്റെ എല്ലാ തട്ടിലും ഉള്ളവർ ആസ്വദിക്കേണ്ട കലാരൂപമാണിത്. ജ്ഞാനികളെയും പണ്ഡിതരേയും മാത്രം ഉദ്ദേശിച്ച് ഒരു വാണിജ്യ സിനിമ നിർമിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല.'' എങ്കിലും ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരന്റെ ഹൃദയവുമായി അടുപ്പിക്കാൻ ശങ്കരാഭരണത്തിനു കഴിഞ്ഞു എന്നതിൽ സംശയമില്ല വിശ്വനാഥിന്. നൂറു വർഷം കൊണ്ട് മദ്രാസ്‌ മ്യൂസിക് അക്കാദമിക്ക് സാധിക്കാത്തത് ഒരൊറ്റ സിനിമ കൊണ്ട് വിശ്വനാഥിനു കഴിഞ്ഞു എന്നായിരുന്നു കർണ്ണാടക സംഗീത കുലപതിയായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രശസ്തമായ വിലയിരുത്തൽ. ``അതിലും വലിയ ഒരു അംഗീകാരം എനിക്ക് കിട്ടാനില്ല.''- വിശ്വനാഥ് പറയുന്നു. .
``ശങ്കരാഭരണ''ത്തിലെ പാട്ടുകളുടെ വ്യാകരണ ശുദ്ധി വിമർശനബുദ്ധിയോടെ ഇഴകീറി പരിശോധിക്കേണ്ട കാര്യമില്ല എന്നാണ് കർണാടക സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ അഭിപ്രായം. `` സിനിമ എന്ന നിലയിൽ നല്ലൊരു അനുഭവമായിരുന്നു അത്.,'' തൃശൂർ ഗവ മോഡൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് ശങ്കരാഭരണം ആദ്യമായി കണ്ട ഓർമ്മയിൽ ശ്രീവത്സൻ പറയുന്നു. ``ഏറ്റവും പ്രധാനം സാധാരണക്കാരനായ സംഗീത പ്രേമിക്ക് ശാസ്ത്രീയ സംഗീതത്തെ കുറിച്ച് ഉൾക്കാഴ്ച നൽകാൻ ആ സിനിമക്ക് കഴിഞ്ഞു എന്നതാണ്. ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ എത്രയോ സാധാരണക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്, കർണാടകസംഗീതത്തോടുള്ള ആഭിമുഖ്യം അവരിൽ വളർത്തിയത് ശങ്കരാഭരണം ആണെന്ന്. ഒരു സിനിമക്ക് അത്രയെങ്കിലും കഴിഞ്ഞു എന്നത് പ്രശംസയർഹിക്കുന്ന കാര്യമല്ലേ?.'' ദക്ഷിണേന്ത്യൻ സിനിമയിൽ സംഗീത പ്രധാനമായ ചലച്ചിത്രങ്ങളുടെ പ്രവാഹത്തിന് തുടക്കമിട്ടതും ശങ്കരാഭരണമായിരുന്നു എന്നോർക്കുക. ത്യാഗയ്യ (സംവിധാനം: ബാപ്പു), മേഘസന്ദേശം (ദാസരി നാരായണ റാവു), സപ്തപദി, ശ്രുതിലയലു, സ്വർണകമലം, സിരിവെണ്ണല, സ്വാതികിരണം, സ്വാതിമുത്യം (വിശ്വനാഥ്)....ആ പട്ടിക നീളുന്നു. രണ്ടു വർഷത്തിനു ശേഷം മലയാളത്തിലും പുറത്തുവന്നു സംഗീതസാന്ദ്രമായ ഒരു ശ്രീകുമാരൻ തമ്പി ചിത്രം -- ഗാനം.
പോപ്പും കർണാടക സംഗീതവും
സത്യത്തിൽ, ഇന്നു നമ്മൾ വെള്ളിത്തിരയിൽ കാണുന്ന ശങ്കരാഭരണമല്ല വിശ്വനാഥിന്റെ മനസ്സിൽ ആദ്യം രൂപം കൊണ്ട ശങ്കരാഭരണം . തീർത്തും വ്യത്യസ്തമായ മറ്റൊരു കഥയായിരുന്നു അത് . ``1976 ൽ സിരി സിരി മുവ്വ എന്ന പടം സംവിധാനം ചെയ്ത ശേഷമാണ് ശാസ്ത്രീയ സംഗീത പ്രധാനമായ ഒരു സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ. ഞാനും സിനിമാ രംഗത്തെ പ്രശസ്ത കൊറിയോഗ്രാഫറായ കൃഷ്ണമൂർത്തിയും. ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ് മൂർത്തി. മായാബസാർ തുടങ്ങിയ ക്ലാസിക് സിനിമകളുടെ നൃത്തസംവിധായകൻ. യാത്രക്കിടയിലെപ്പോഴോ മൂർത്തി അദ്ദേഹത്തിന് പരിചയമുള്ള ഒരു സംഗീതജ്ഞന്റെ കഥ പറഞ്ഞു. പ്രശസ്തിയുടെ ഔന്നത്യത്തിൽ വിളങ്ങി നിന്ന ശേഷം ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു ജീവിതം. അതിലൊരു ഹൃദയ സ്പർശിയായ സിനിമയുണ്ടെന്ന് തോന്നി എനിക്ക്. എന്നാൽ നാലു വർഷത്തിനു ശേഷം ശങ്കരാഭരണം പ്ലാൻ ചെയ്യുമ്പോഴേക്കും അന്ന് കേട്ട കഥ ഒരു ഉപകഥ മാത്രമായി മാറിയിരുന്നു. ഇന്ത്യയിലെ പരമ്പരാഗത സംഗീതത്തിൽ ധാരാളം അധിനിവേശം നടന്നു വന്ന കാലമാണ്. ശുദ്ധസംഗീതം എന്ന സങ്കൽപ്പം തന്നെ മാഞ്ഞു തുടങ്ങി. പോപ്‌ സംഗീതത്തിന്റെ വികലമായ അനുകരണങ്ങൾ കൊണ്ട് സംഗീത വിപണി നിറഞ്ഞു. നമ്മുടെ തനതു സംഗീതവും സംസ്കാരവും വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. ആ എളിയമോഹത്തിന്റെ സാഫല്യമായിരുന്നു ശങ്കരാഭരണം.''
പോപ്‌ സംഗീതത്തിന്റെ ``പരിമിതിക''ളെ സൗമ്യമായിട്ടാണെങ്കിലും പരിഹസിക്കുന്നുണ്ട് സിനിമയിൽ ശങ്കരശാസ്ത്രി. തിയേറ്ററുകളെ ഇളക്കി മറിച്ച രംഗം. ഇന്നാണെങ്കിൽ അത്രയും സ്വീകാര്യത ലഭിക്കുമായിരുന്നോ ആ വിമർശനത്തിന്? ആഗോള സംഗീത ധാരകൾ മുഴുവൻ നമ്മുടെ വിരൽത്തുമ്പിൽ വന്നു നിൽക്കുന്ന ഈ കാലത്ത് ശങ്കരശാസ്ത്രികൾ കാലഹരണപ്പെട്ട പ്രവാചകനായി വിലയിരുത്തപ്പെടാൻ സാധ്യതയില്ലേ? ``ഒരിക്കലുമില്ല.'' വിശ്വനാഥ് പറയുന്നു. ``ശാസ്ത്രികൾക്ക് ഇന്നുമുണ്ട് പ്രസക്തി. മനസ്സിനെ തൊടുന്ന സംഗീതം ഓർമ്മ മാത്രമായിരിക്കുന്നു നമുക്ക്. സിനിമാ ഗാനങ്ങൾക്ക് പോലും പഴയ ജനപ്രീതിയില്ല. സംഗീതത്തിന്റെ മൗലിക മുദ്രകൾ വീണ്ടെടുക്കുക എന്ന ആശയത്തിന് അന്നുള്ളിടത്തോളം, ഒരു പക്ഷെ അതിനേക്കാൾ പ്രസക്തിയുണ്ട് ഇന്ന്.'' പാശ്ചാത്യ സംഗീതത്തെ സിനിമയിൽ ഒരിടത്തും വിമർശിച്ചിട്ടില്ല എന്നു കൂട്ടിച്ചേർക്കുന്നു വിശ്വനാഥ്. ``എല്ലാ സംഗീത ശാഖകൾക്കും അവയുടേതായ മൂല്യമുണ്ട്. ഒന്നിനെ ഉയർത്താൻ മറ്റൊന്നിനെ ഇടിച്ചുതാഴ്ത്തേണ്ട കാര്യമില്ല എന്ന ലളിതമായ സന്ദേശമാണ് സിനിമ നൽകിയത്.''
ഏതെങ്കിലുമൊരു ബോക്സോഫീസ് വിജയഫോർമുല പിന്തുടർന്ന ചിത്രമായിരുന്നില്ല ശങ്കരാഭരണം എന്ന് അടിവരയിട്ടു പറയുന്നു വിശ്വനാഥ്. ``എക്കാലവും പ്രസക്തമായ ഒട്ടേറെ സാമൂഹികപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട് ആ ചിത്രം. ജാതിവ്യവസ്ഥ, കലാരംഗത്തെ സവർണ്ണ മേധാവിത്തം, സ്ത്രീപുരുഷ ബന്ധത്തിന്റെ സങ്കീർണ്ണതകൾ, പരമ്പരാഗത കലകളിൽ പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം ... അങ്ങനെ പലതും. നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളുടെയും നന്മയുടേയും വീണ്ടെടുപ്പിന്റെ കഥ കൂടിയാണത്. പശ്ചാത്തലമായി സംഗീതത്തിന്റെ വിശാലമായ കാൻവാസ് ഉണ്ടായിരുന്നു എന്നു മാത്രം. ആ പശ്ചാത്തലം ഉണ്ടായിരുന്നതു കൊണ്ടാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് ശങ്കരാഭരണം അനായാസം കടന്നുചെന്നത്..'' സമൂഹത്തെ ആ സിനിമ എത്രകണ്ട് സ്വാധീനിച്ചു എന്നറിയാൻ അന്നത്തെ പത്രവാർത്തകൾ ശ്രദ്ധിച്ചാൽ മതി എന്ന് ഓർമ്മിപ്പിക്കുന്നു വിശ്വനാഥ്. ``മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന് മ്യൂസിക് അക്കാദമിയിലെ എം ജി ആറിന്റെ പ്രസംഗമാണ്. ലോകത്ത് രണ്ടേ രണ്ടു പേർക്ക് മുൻപിൽ മാത്രമേ എനിക്ക് നമസ്കരിക്കാൻ തോന്നിയിട്ടുള്ളൂ; അമ്മയ്ക്കും, ശങ്കരാഭരണത്തിന്റെ ശിൽപ്പിക്കും മുൻപിൽ-- അദ്ദേഹം പറഞ്ഞു.'' അപൂർവമായി മാത്രം തിയേറ്ററിൽ ചെന്ന് സിനിമ കാണാറുള്ള ലതാ മങ്കേഷ്കർ ശങ്കരാഭരണം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതാണ് മറ്റൊരു ആഹ്ലാദാനുഭവം. ചെന്നൈയിൽ ലതാജിക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക പ്രദർശനം തന്നെ ഒരുങ്ങി. ശിവാജി ഗണേശൻ ആണ് ആ ഷോ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്.
ശങ്കരാഭരണത്തിന്റെയും സാഗരസംഗമത്തിന്റെയും സംവിധായകൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ പതിവായി വിശ്വനാഥ് അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമുണ്ട് : ``സംഗീതം പഠിച്ചിട്ടുണ്ടോ?'' ഇല്ലേയില്ല എന്നാണു വിശ്വനാഥിന്റെ ഉത്തരം. രണ്ടു സഹോദരിമാർ അത്യാവശ്യം പാടും. ``എന്റേത് കേൾവിജ്ഞാനമാണ്. ഒരു പാട്ട് കേട്ടാൽ നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനാകും. അല്ലാതെ അഗാധമായ സംഗീതജ്ഞാനമൊന്നും ഇല്ല. രാഗങ്ങളെ കുറിച്ച് യാതൊരു പിടിപാടുമില്ല. എങ്കിലും സിനിമയിൽ ഉപയോഗിക്കേണ്ട ശബ്ദത്തെ കുറിച്ച് ബോധ്യമുണ്ട്, ഒരു പക്ഷെ ചെറുപ്പത്തിൽ ശബ്ദലേഖകനായി ജോലി ചെയ്തത് കൊണ്ടുള്ള ഗുണമാകാം.'' ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ കൃഷ്ണാ നദി തീരത്തുള്ള പെഡപ്പുലിവാറു എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന കാശിനാധുനി വിശ്വനാഥ് 1940 കളിലാണ് തെന്നിന്ത്യൻ സിനിമയുടെ തലസ്ഥാനമായ മദ്രാസിൽ എത്തിപ്പെടുന്നത്. വാഹിനി സ്റ്റുഡിയോയിൽ സൌണ്ട് അസിസ്റ്റന്റ് ആയിട്ടാണ് തുടക്കം. ``അന്ന് തെക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സ്റ്റുഡിയോ ആണ് വാഹിനി. എല്ലാ ഭാഷകളിലെയും സിനിമകളുടെ സൌണ്ട് റെക്കോർഡിംഗ് അവിടെയാണ് നടക്കുക. പ്രശസ്തനായ കൃഷ്ണയ്യർ ആണ് അന്ന് വാഹിനിയിൽ ചീഫ് സൌണ്ട് എൻജിനീയർ. അദ്ദേഹത്തിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്ന കാലത്ത് മലയാളത്തിൽ പല ചിത്രങ്ങളുടെയും ഗാനലേഖനത്തിൽ പങ്കാളിയായിട്ടുണ്ട്. കെ രാഘവൻ, ദക്ഷിണാമൂർത്തി ഇവരൊക്കെ അന്ന് വാഹിനിയിൽ സ്ഥിരക്കാർ..''
സംവിധാനത്തിലേക്ക്
വാഹിനിയിൽ വെച്ചാണ് പ്രശസ്ത സംവിധായകൻ എ സുബ്ബറാവുവിനെ പരിചയപ്പെട്ടതും. അതോടെ റെക്കോർഡിസ്റ്റിന്റെ ജോലിയോടുള്ള ആകർഷണം കുറഞ്ഞു. സംവിധായകനാകുക എന്നതായി അടുത്ത ലക്‌ഷ്യം. സുബ്ബറാവുവിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആയി ദീർഘ കാലം പ്രവർത്തിച്ച ശേഷം മൂഗ മനസുലു (1964) എന്ന ചിത്രത്തോടെ അദ്ദേഹത്തിന്റെ സംവിധാന സഹായിയായി മാറി വിശ്വനാഥ്. സംഗീതസാന്ദ്രമായ മൂഗ മനസുലുവിൽ നാഗേശ്വര റാവുവും സാവിത്രിയുമായിരുന്നു മുഖ്യറോളുകളിൽ. തെലുങ്കിലെ എക്കാലത്തെയും വലിയ മ്യൂസിക്കൽ ഹിറ്റുകളിൽ ഒന്നായി ആ ചിത്രം. മൂഗ മനസുലുവിനു വേണ്ടി പ്രവർത്തിക്കുന്ന കാലത്താണ് സംഗീത സംവിധായകൻ കെ വി മഹാദേവനുമായി അടുത്തതും. പ്രൈവറ്റ് മാസ്റ്റർ (1967) ആണ് കെ വി എം ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച വിശ്വനാഥ് ചിത്രം. തെലുങ്കിലും തമിഴിലുമായി വിശ്വനാഥിന്റെ നിരവധി ചിത്രങ്ങളിൽ പിൽക്കാലത്ത് മഹാദേവ സംഗീതം മുഴങ്ങി. ``കെ വി എം ജീവിച്ചിരിക്കുമ്പോൾ അപൂർവമായേ ഞാൻ മറ്റു സംഗീത സംവിധായകരെ തേടിപ്പോയിട്ടുള്ളൂ.'' വിശ്വനാഥ് പറയുന്നു. ``സാഗരസംഗമത്തിൽ ഇളയരാജ വന്നത് പോലും നിർമാതാക്കളുടെ ആഗ്രഹപ്രകാരമാണ്. അതീവ ഹൃദ്യമായ ഗാനങ്ങൾ ഒരുക്കിക്കൊണ്ട് കെ വി എമ്മിന്റെ അഭാവം പ്രതിഭാശാലിയായ ഇളയരാജ നികത്തി എന്ന് മറക്കുന്നില്ല.''
സിരി സിരി മുവ്വ (1976) ആണ് വിശ്വനാഥിലെ സംവിധായകന്റെ കഴിവുകൾ ആദ്യം പുറത്തുകൊണ്ടുവന്ന ചിത്രം. മൂകയായ ഒരു നർത്തകി (ജയപ്രദ) കലാജീവിതത്തിലും വ്യക്തിജീവിതത്തിലും നേരിടുന്ന പ്രതിസന്ധികൾ ഹൃദയസ്പർശിയായി ചിത്രീകരിച്ച സിരി സിരി മുവ്വയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന് ആ സിനിമയിലെ സംഗീതമായിരുന്നു. കെ വി മഹാദേവന്റെ ഈണത്തിൽ എസ് പി ബിയും പി സുശീലയും പാടിയ ഗാനങ്ങൾ ഒന്നൊഴിയാതെ ഹിറ്റായി. സുശീലക്ക്‌ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് മൂന്നാം തവണ നേടിക്കൊടുത്ത ചിത്രവും സിരി സിരി മുവ്വ തന്നെ. മൂന്നു വർഷത്തിനു ശേഷം ഇതേ ചിത്രം സർഗം എന്ന പേരിൽ ഹിന്ദിയിലും അവതരിപ്പിച്ചു വിശ്വനാഥ്. ജയപ്രദയും ഋഷി കപൂറും ആയിരുന്നു നായികാനായകന്മാർ. ലക്ഷ്മീകാന്ത് പ്യാരേലാൽ ഈണമിട്ട സർഗത്തിലെ ഗാനങ്ങളിൽ ``ഡഫ്ലീവാലേ ഡഫ്ലി ബജാ'' ( മുഹമ്മദ്‌ റഫി, ലത) സൂപ്പർ ഹിറ്റായിരുന്നു. തുടർന്ന് സംഗീതപ്രധാനമായ ഒരു പിടി സാമൂഹ്യചിത്രങ്ങൾ വിശ്വനാഥിന്റെ സംവിധാനത്തിൽ പുറത്തുവന്നു. ശങ്കരാഭരണം ആയിരുന്നു അവയിൽ ഏറ്റവും ശ്രദ്ധേയം.
ശങ്കരാഭരണം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു വിശ്വനാഥിന്. തെലുങ്കു ചിത്രത്തിലെ പാട്ടുകൾ മലയാളം പതിപ്പിൽ അതേപടി നിലനിർത്തണം. ``സംസ്കൃതത്തിന്റെ സ്വാധീനമുള്ള ഭാഷകളാണ് തെലുങ്കും മലയാളവും. പൊതുവായി പല വാക്കുകളും ഈ ഭാഷകളിൽ ഉണ്ടായതും അതുകൊണ്ട് തന്നെയാവാം. ഗാനങ്ങൾ തെലുങ്കിലാണെങ്കിലും മലയാളികൾക്ക് അവ ആസ്വദിക്കാൻ പ്രയാസം ഉണ്ടാവില്ലെന്ന് എനിക്കു തോന്നി. ആ വിശ്വാസം തെറ്റായിരുന്നില്ലെന്നാണ് പാട്ടുകളുടെ സ്വീകാര്യത തെളിയിച്ചത്. മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ പാട്ടുകളായിരുന്നു ശങ്കരാഭരണത്തിലേത്.''-- വിശ്വനാഥ് . ``ഗാനങ്ങൾ മലയാളത്തിൽ മാറ്റിയെഴുതിയിരുന്നെങ്കിൽ ഇത്രയും സ്വീകാര്യത കിട്ടില്ലായിരുന്നു എന്ന് ഉറപ്പാണ്.'' അഭയദേവ് ആണ് സംഭാഷണങ്ങളുടെ മൊഴിമാറ്റം നിർവഹിച്ചത്. മലയാളത്തിൽ ഡബ് ചെയ്ത ആർട്ടിസ്റ്റുകളും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു; പ്രത്യേകിച്ച്, ശങ്കരശാസ്ത്രിക്ക് ശബ്ദം നൽകിയ നടൻ ജഗന്നാഥവർമ. പടത്തിന്റെ നൂറാം നാൾ തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോൾ, ജസ്റ്റിസ് ബാലകൃഷ്ണൻ ഏറാടിയായിരുന്നു മുഖ്യാതിഥി എന്നോർക്കുന്നു വിശ്വനാഥ്. ``കൊച്ചു ശങ്കരനായി അഭിനയിച്ച തുളസിറാമിനെ കണ്ടപ്പോൾ ജസ്റ്റിസിന് അത്ഭുതമായിരുന്നു. ഓമനത്തമുള്ള ആണ്‍കുട്ടിയായി അഭിനയിച്ച് പ്രേക്ഷകരുടെ മുഴുവൻ മനം കവർന്ന ബാലതാരം യഥാർത്ഥത്തിൽ ഒരു പെണ്‍കുട്ടിയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്.''
സിനിമയിൽ മഞ്ജുഭാർഗവിയുടെ മകനായി അഭിനയിച്ച ആ കൊച്ചുമിടുക്കി തെലുങ്കിലെ അറിയപ്പെടുന്ന സ്വഭാവനടിയാണിന്ന്-- തുളസി ശിവമണി. കൈക്കുഞ്ഞായിരിക്കുമ്പോൾ അഭിനയം തുടങ്ങിയതാണ് തുളസി. ആദ്യചിത്രമായ ഭാര്യ (1968) യിൽ അഭിനയിക്കുമ്പോൾ തുളസിക്ക് പ്രായം വെറും മൂന്നു മാസം. ശങ്കരാഭരണത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ തുളസി 1990 കളോടെ ``മുതിർന്ന'' റോളുകളിലേക്ക് തിരിഞ്ഞു. അവസാനമായി ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് പ ണ്ണയാറും പത്മിനിയും (2014) എന്ന തമിഴ് ചിത്രത്തിലാണ്. ഭർത്താവായ പ്രശസ്ത കന്നഡ സംവിധായകൻ ശിവമണിക്കും മകൻ സായ് തരുണിനും ഒപ്പം സംതൃപ്തമായ കുടുംബ ജീവിതം നയിക്കുന്നു 47 കാരിയായ തുളസി.
ശങ്കരാഭരണത്തിന്റെ അസുലഭ വിജയത്തിൽ പങ്കാളികളായ മറ്റു പലരും ഓർമ്മയായിക്കഴിഞ്ഞു. സിവിൽ സർവീസിൽ നിന്ന് സിനിമയിലെത്തിയ ജെ വി സോമയാജുലു അന്തരിച്ചത്‌ 2004 ലാണ്. അതിനിടെ മലയാളത്തിലെ `സോപാനം' ഉൾപ്പെടെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു അദ്ദേഹം. ``ശങ്കരാഭരണത്തിൽ അഭിനയിക്കുമ്പോൾ ജില്ലാ കളക്റ്ററുടെ പദവി വഹിക്കുകയാണ് സോമയാജുലു. ജോലിത്തിരക്കിനിടെ വീണു കിട്ടുന്ന സമയം പരമാവധി വിനിയോഗിച്ച് രാവും പകലുമെന്നില്ലാതെ അഭിനയിക്കുകയിരുന്നു അദ്ദേഹം,''-- വിശ്വനാഥ് പറഞ്ഞു. ``പടം റിലീസ് ചെയ്തു കഴിഞ്ഞു സോമയാജുലുവിനെയും കൂട്ടി ആന്ധ്രയിലെ തിയേറ്ററുകൾ സന്ദർശിച്ചത് രസകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ കാലിൽ വീഴാൻ നിറകണ്ണുകളോടെ ആളുകൾ ക്യൂ നിന്നു; പ്രത്യേകിച്ച് സ്ത്രീകൾ.
ക്ഷീണം മാറ്റാൻ ഇടയ്ക്കൊരിക്കൽ സോമയാജുലു സിഗരറ്റിന് തീ കൊളുത്തിയപ്പോൾ ജനങ്ങൾ ക്ഷുഭിതരായി. ശുദ്ധസംഗീതത്തിന്റെ ഉപാസകനായ ശങ്കരശാസ്ത്രി പുകവലിക്കുന്നതും പാൻറ്സും ഷർട്ടും ധരിച്ച് റോഡിലൂടെ നടന്നുപോകുന്നതും ഒന്നും സഹിക്കാനാകുമായിരുന്നില്ല അവർക്ക്.'' ശാസ്ത്രിയുടെ ശിഷ്യയും ആരാധികയുമായി വേഷമിട്ട മഞ്ജുഭാർഗവി ശങ്കരാഭരണത്തിനു ശേഷം അധികം സിനിമകളിൽ അഭിനയിച്ചില്ല. നർത്തകിയും സീരിയൽ നടിയുമായാണ്‌ പിന്നീട് മഞ്ജു പേരെടുത്തത്. ശാസ്ത്രിയുടെ അഭിഭാഷക സുഹൃത്തിന്റെ റോളിൽ തിളങ്ങിയ അല്ലു രാമലിംഗയ്യ 2004 ൽ കഥാവശേഷനായി. ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിടർന്ന കണ്ണുകളുള്ള രാജലക്ഷ്മി മലയാളം-തമിഴ് സിനിമകളിൽ സജീവസാന്നിധ്യമായിരുന്നു ഒരിക്കൽ. തൃഷ്ണ, അഹിംസ, പൂവിരിയും പുലരി, തിരുപ്പാച്ചി, സാധു മിരണ്ടാ തുടങ്ങിയ ചിത്രങ്ങൾ ഓർക്കുക. അമ്പതു വയസ്സ് പിന്നിട്ട ഈ നടി ഇപ്പോൾ തെലുങ്ക്‌ സീരിയലുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഒരു വർഷത്തോളമായി വിശ്രമജീവിതത്തിലാണ് ശാരദയുടെ കാമുകനായി അഭിനയിച്ച ചന്ദ്രമോഹൻ (സംവിധായകൻ വിശ്വനാഥിന്റെ ബന്ധു കൂടിയാണ് ഇദ്ദേഹം) . ശങ്കരാഭരണത്തിന് വർഷങ്ങൾക്ക് മുൻപ് ഒരു മലയാള ചിത്രത്തിൽ നായകതുല്യമായ വേഷത്തിൽ അഭിനയിച്ചിരുന്നു ചന്ദ്രമോഹൻ എന്നത് അധികമാർക്കും അറിയാത്ത കാര്യം -- കെ സുകു സംവിധാനം ചെയ്ത അനന്തശയനം (1972) എന്ന ചിത്രത്തിൽ. ശങ്കരാഭരണത്തിലെ സുന്ദരഗാനങ്ങൾ രചിച്ച വെട്ടൂരി സുന്ദരരാമ മൂർത്തിയും അവ റെക്കോർഡ്‌ ചെയ്ത സ്വാമിനാഥനും ഇന്ന് ജീവിച്ചിരിപ്പില്ല. ഛായാഗ്രാഹകൻ ബാലു മഹേന്ദ്ര യാത്രയായത് കഴിഞ്ഞ വർഷം.
അഞ്ചു വർഷത്തോളമായി വിശ്വനാഥ് ഒരു പടം സംവിധാനം ചെയ്തിട്ട്. ഹരി ഗോപാൽകൃഷ്ണ നായകനായ `ശുഭപ്രദം' ആയിരുന്നു ഒടുവിലത്തെ ചിത്രം. ഉള്ളിലെ സംവിധായകന് അവധി കൊടുത്തിരിക്കയാണെങ്കിലും വിശ്വനാഥിലെ നടൻ ഇപ്പോഴും സിനിമയിൽ സജീവം. ആദ്യം അഭിനയിച്ചത് 1995 ൽ സ്വന്തം സംവിധാനത്തിൽ പുറത്തു വന്ന ശുഭസങ്കൽപ്പത്തിൽ. അൻപേ ശിവം, കുരുതിപ്പുനൽ, കാക്കൈ ചിറകിനിലെ, യാരടി നീ മോഹിനി, സ്വരാഭിഷേകം, ദേവസ്ഥാനം, ലിംഗാ, സിംഗം 2 എന്നിങ്ങനെ തമിഴിലും തെലുങ്കിലുമായി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു വിശ്വനാഥ്. അടുത്തിടെ പുറത്തുവന്ന ഉത്തമവില്ലനിൽ നായകനായ കമൽഹാസന്റെ ഭാര്യാപിതാവിന്റെ റോളായിരുന്നു. ``അടിസ്ഥാനപരമായി ഞാനൊരു സംവിധായകനാണ്. അഭിനയം ഒരു ഹോബിയായി മാത്രമേ കണ്ടിട്ടുള്ളൂ. അത്ര വലിയ അഭിനയപ്രതിഭയൊന്നും അല്ലെന്ന ഉത്തമബോധ്യവുമുണ്ട്.'' അഞ്ചു ദേശീയ അവാർഡും അഞ്ചു ആന്ധ്ര പ്രദേശ്‌ സംസ്ഥാന അവാർഡും പത്തോളം ഫിലിംഫെയർ അവാർഡുകളും പത്മശ്രീയും കലാതപസ്വി പട്ടവും പൊട്ടി ശ്രീരാമുലു തെലുഗു സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും അടക്കം എണ്ണമറ്റ ബഹുമതികൾ നേടിയിട്ടുള്ള ചലച്ചിത്രപ്രതിഭയുടെ വിനയാന്വിതമായ വാക്കുകൾ.
``ശങ്കരാഭരണത്തെ കുറിച്ച് ദിവസങ്ങളോളം സംസാരിച്ചാലും മടുക്കില്ല എനിക്ക്. എന്റെ ജീവിതം മാറ്റിമറിച്ച സിനിമയല്ലേ അത്.'' വിശ്വനാഥ് പറയുന്നു. `` ചാഗണ്ഡി കോടേശ്വരറാവു എന്നൊരു പുണ്യാത്മാവുണ്ട്. ആന്ധ്രയിലെ ഏറ്റവും പ്രശസ്തനായ ആത്മീയപ്രഭാഷകൻ. ഭഗവദ്ഗീതയെ കുറിച്ചും മഹാഭാരതത്തെ കുറിച്ചും ഉപനിഷത്തുക്കളെ കുറിച്ചും ഒക്കെയാണ് അദ്ദേഹം വാചാലമായി സംസാരിക്കുക. എന്നാൽ കഴിഞ്ഞ ദിവസം ഇതാദ്യമായി അദ്ദേഹം ഒരു സിനിമയെ കുറിച്ച് പ്രഭാഷണം നടത്തി -- ശങ്കരാഭരണത്തെ കുറിച്ച്. ഒന്നല്ല, മൂന്ന് ദിവസം തുടർച്ചയായി. ആയുസ്സിൽ ഈ ഒരൊറ്റ സിനിമയേ കണ്ടിട്ടുള്ളൂവത്രേ അദ്ദേഹം. ഹൈദരാബാദിലെ ശ്രീനഗർ കോളനി ഹാളിലെ നിറഞ്ഞ സദസ്സിൽ ഒരാളായി ആ പ്രഭാഷണം കേട്ടിരിക്കേ എന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു. മൂന്നര പതിറ്റാണ്ട് മുൻപ് ഹൈദരാബാദിലെ റോയൽ തിയേറ്ററിൽ അഞ്ചോ ആറോ പേരടങ്ങിയ സദസ്സിനു മുന്നിൽ പ്രദർശനം തുടങ്ങിയ ഒരു സിനിമ ഇത്രയും കാലത്തിനിടെ സഞ്ചരിച്ച വഴികളിലൂടെ പിന്നിലേക്ക്‌ നടക്കുകയായിരുന്നു എന്റെ മനസ്സ്. ദൈവാനുഗ്രഹം എന്നല്ലാതെ മറ്റെന്തു പറയാൻ ?''
സിനിമയിലെ അവസാനത്തെ കച്ചേരിക്കു മുൻപ്, സദസ്സിനെ നോക്കി കൈകൂപ്പി ശങ്കരശാസ്ത്രികൾ പറയുന്ന വാക്കുകളാണ് ഓർമ്മ വന്നത്: ``പാശ്ചാത്യ സംഗീതക്കൊടുങ്കാറ്റിൽ ആടിയുലയുന്ന കർണാടകസംഗീത ജ്യോതി കെടാതിരിക്കാൻ കൈപ്പത്തികൾ ചേർത്തു പിടിച്ച മഹാത്മാവ് ആരായാലും അദ്ദേഹത്തിന് ആയിരമായിരം പ്രണാമം. അനന്തമായി പ്രവഹിക്കട്ടെ ഈ അമൃതവാഹിനി....'' തിരശീലക്കു പിന്നിൽ മറഞ്ഞു നിന്ന ആ മഹാത്മാവ് കെ വിശ്വനാഥ് എന്ന സംഗീതപ്രേമിയല്ലാതെ മറ്റാര് ?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented