'ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍...'
ഇടശ്ശേരിയുടെ ഈ വരികള്‍ തറവാടിനെക്കുറിച്ചെഴുതുമ്പോള്‍
ഞാനോര്‍ക്കാഞ്ഞതല്ല. പക്ഷേ, തറവാടിത്തഘോഷണമൊന്നും നടത്തിയിട്ടില്ല കേട്ടോ. പറയാന്‍ തറവാടില്ലെന്നാണ് പറഞ്ഞത്. ഉണ്ടെങ്കില്‍ത്തന്നെ അത് എന്റെ ജീവിതത്തെ ഒരുതരത്തിലും സഹായിച്ചിട്ടില്ല. തറവാട് ഒരിടത്ത് നമ്മളെ തറപ്പിച്ചുനിര്‍ത്തലാണ്. നാടോടിയായ അച്ഛനൊപ്പം ഞങ്ങളും നാടോടികളായി മാറിക്കഴിഞ്ഞപ്പോള്‍പ്പിന്നെ തറവാടിനെന്തു കാര്യം. തറവാടിനെക്കുറിച്ചോര്‍ത്ത് തലപുണ്ണാക്കിയിട്ട് കാര്യവുമില്ല.
അച്ഛന്റെ പാര്‍ട്ടിക്കാര്യം ഞങ്ങളെ അനാഥരാക്കിയെന്നൊന്നും ഞാന്‍ പറയില്ല. അച്ഛന് അതല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. ഓരോരുത്തരുടെയും ജീവിതവഴികളെ അപഹസിക്കാന്‍ എളുപ്പമാണ്. എന്തുകൊണ്ടങ്ങനെ സംഭവിച്ചെന്നൊന്നും അപ്പോളാരും ഓര്‍ക്കാറില്ല. അമ്മയും അമ്മയുടെ വീട്ടുകാരുമൊക്കെ കുറ്റപ്പെടുത്തുന്നതുപോലെ ഞാനങ്ങനെ അച്ഛനെ കുറ്റപ്പെടുത്തുന്നില്ല. അച്ഛന്റെ മനസ്സു നന്നായറിഞ്ഞിട്ടുള്ളത് ഞാനാണ്.
അന്നു ഞാന്‍ കൊച്ചല്ലേ? എനിക്കീ പാര്‍ട്ടീം മറ്റും അറിയേയില്ല. അച്ഛന്റെ പാര്‍ട്ടിപ്രവര്‍ത്തനത്തെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല. ഒരഞ്ചുവയസ്സുകാരി അറിയുന്ന ലോകമേ എനിക്കുള്ളൂ. അതില്‍ ചില പരിചയങ്ങള്‍, ചില അടുപ്പങ്ങള്‍, ചില അകല്‍ച്ചകള്‍, ചില ദുരിതങ്ങള്‍, ചില ദുരന്തങ്ങള്‍, ചില സന്തോഷങ്ങള്‍... അത്രമാത്രം.
പാര്‍ട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് കൂത്താട്ടുകുളം മേരിയെയാണ്. കൂത്താട്ടുകുളം തൊടുപുഴയ്ക്കടുത്താണ്. എല്ലാവരുമറിയുന്ന ഒരു പാര്‍ട്ടിക്കാരി അവരാണ്. എനിക്കവരെ നല്ല ഓര്‍മയുണ്ട്. അതിനൊരു കാരണവുമുണ്ട്. ഒരു ദിവസം അവരെന്നെ അണച്ചുപിടിച്ചു ചോദിച്ചു: 'മോളൊരു പാട്ട് പാട്വോ?' അന്നു ഞാന്‍ ചെറുതാ. എന്നാലും എനിക്കതിഷ്ടമായി. അതെന്റെ മനസ്സിനെ തൊട്ടു. എനിക്കെന്തെങ്കിലും മറ്റുള്ളവര്‍ക്കു കൊടുക്കാനായുണ്ടല്ലോ എന്നു തോന്നിയിരിക്കണം. പെട്ടെുന്നുതന്നെ ഞാന്‍ പറഞ്ഞു, നിര്‍ബന്ധിക്കാനൊന്നും നിന്നില്ല,  'എന്നാ ഞാന്‍ പാടാം.' അന്നു പാടിയ പാട്ട് എന്താണെന്ന് എനിക്കോര്‍മയില്ല. ആ മേരിയമ്മയാണ് പഠിപ്പിച്ചുതന്നത്. അതുപോലങ്ങു പാടി. എന്തായാലും പള്ളിക്കൂടത്തില്‍ പഠിച്ചതൊന്നുമായിരിക്കില്ല. എവിടെനിന്നെങ്കിലും കേട്ടു പഠിച്ചതായിരിക്കണം. അന്നേ ഈ പാട്ടിനോടും ഡാന്‍സിനോടുമൊക്കെ വലിയ കൊതിയാ. ഒരു തവണ കേട്ടാല്‍ മതി, അതെന്റെ മനസ്സില്‍ തറഞ്ഞുനില്ക്കും.
ഞാന്‍ ഉത്സാഹത്തോടെ പാടി. വെറും പാട്ടല്ല. പാട്ടിനനുസരിച്ച് ഞാന്‍ ആടുകയും ആംഗ്യങ്ങള്‍ കാട്ടുകയുമൊക്കെ ചെയ്തിരുന്നു. എന്റെ ചുറുചുറുക്കും ആംഗ്യങ്ങളുമൊക്കെ അവരെ രസിപ്പിച്ചിരിക്കണം. ചെറുചിരിയോടെ തലകുലുക്കി എന്നെ ഉത്സാഹിപ്പിച്ചുകൊണ്ട് അവരിരുന്നു. എന്റെ ആദ്യത്തെ കലാപ്രകടനം അതായിരിക്കണം. അതിനുമുന്‍പും ഞാന്‍ പാടിയിട്ടുണ്ടായിരിക്കണം. എന്നാല്‍, ആള്‍ക്കാരെ രസിപ്പിക്കാന്‍വേണ്ടി ആദ്യം പാടിയത് അന്നാണ്. സഖാവ് കൂത്താട്ടുകുളം മേരിയെ അതു രസിപ്പിച്ചെന്നത് എനിക്കേറെ ഇഷ്ടവുമായി.

പാട്ടു മാത്രമല്ല, ആട്ടവും എനിക്കിഷ്ടമാണെന്നു പറഞ്ഞല്ലോ. അമ്മ സാരി എവിടെയെങ്കിലും അഴിച്ചിട്ടാല്‍ മതി, ഉടനെ ഞാനതെടുത്തു ചുറ്റി കണ്ണാടീടെ മുന്‍പില്‍ച്ചെന്ന് ഡാന്‍സ് ചെയ്യും. അതിനു സമയവും നേരവുമൊന്നും നോക്കാറില്ല.
അച്ഛനു പാര്‍ട്ടി മാത്രമല്ല, പാട്ടുമുണ്ട്. അച്ഛന്‍ കലകളോടൊക്കെ ഭയങ്കര ഇഷ്ടമുള്ള ആളാണ്. അച്ഛന്‍ പാട്ടു കേട്ട് താളംപിടിച്ച് തലകുലുക്കിക്കൊണ്ടങ്ങനെയിരിക്കും. അമ്മയ്ക്കതൊന്നുമില്ല. അമ്മ അതൊക്കെ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ ഞാന്‍ അക്കാലത്തു കണ്ടിട്ടേയില്ല.

പാട്ടിനെയും ഡാന്‍സിനെയും കുറിച്ചല്ലല്ലോ ഞാനിപ്പോള്‍ പറയേണ്ടത്. അതൊക്കെ പറഞ്ഞാല്‍ ഒരുപാടു പറയാനുണ്ടാവും. കൂത്താട്ടുകുളം മേരി പാട്ടുപാടാന്‍ പറഞ്ഞതോര്‍ത്തുകൊണ്ടാണ് അതിന്റെ പിന്നാലെ പോയത്.
നേരത്തേ പറഞ്ഞുതുടങ്ങിയത് അച്ഛന്റെ നാടുവിടലാണല്ലോ? ഞങ്ങളുടെ ജീവിതരീതികൊണ്ട് അച്ഛന്റെ നാടുവിടലോടെ ഞങ്ങള്‍ തികച്ചും അനാഥരായി എന്നു പറയാം. അമ്മയുടെ കുടുംബത്തിലേക്ക് ഞങ്ങള്‍ പോകുന്നത് അച്ഛനിഷ്ടവുമല്ല. അതുകൊണ്ട് ഞങ്ങളെ അങ്ങോട്ടു വിടാറില്ല; അച്ഛന്റെ കുടുംബത്തിലേക്കും. അച്ഛനെങ്ങോട്ടു പോകുന്നോ അവിടേക്ക് കെട്ടിപ്പെറുക്കി ഞങ്ങള്‍ പോവുന്നതായിരുന്നല്ലോ പതിവ്. പോകാന്‍ ഞങ്ങള്‍ക്കൊരിടമില്ലാതായി.

അന്ന് ഞാനുമുണ്ട്, എന്റെ അനിയത്തിയുമുണ്ട് - ഇന്ദിര. അച്ഛന്‍ സ്റ്റുഡിയോയൊക്കെ ഇട്ട് മുങ്ങിയത് അമ്മ ഗര്‍ഭിണിയായിരുന്ന കാലത്താണ്, പൂര്‍ണഗര്‍ഭിണി. അമ്മയും രണ്ടു കൊച്ചുകുഞ്ഞുങ്ങളും മാത്രം. ഞാനും എന്റെ അനിയത്തിയും. അനിയത്തിക്ക് എന്നെക്കാള്‍ പത്തുമാസത്തിന്റെ പ്രായവ്യത്യാസം മാത്രമേയുള്ളൂ. ആരുമില്ല നോക്കാനൊന്നും. പോലീസ് ഞങ്ങളുടെ വീട്ടിലൊക്കെ ഭയങ്കര തിരച്ചിലായി. നേരവും കാലവുമൊന്നുമില്ല. രാത്രിയും പകലും പോലീസിന്റെ അന്വേഷണം.

അന്നു ഞങ്ങള്‍ താമസിക്കുന്ന ചെമ്പോട്ടിലെന്ന വീട്ടിലെ ആള്‍ക്കാര്‍ കോണ്‍ഗ്രസ്സുകാരാണ്. അവിടത്തെ അമ്മയുടെ ഒരു മകളെ കല്യാണം കഴിച്ചിരുന്നത് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. പോലീസിലെ അയാളുടെ ജോലി അതാണോ എന്നൊന്നും എനിക്കു പറയാനറിയില്ല. പോലീസിലെ ഒരു വലിയ ഉദ്യോഗസ്ഥനാണെന്നറിയാം. അവരിടയ്ക്കിടെ വീട്ടില്‍ വരും. അച്ഛനിടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നാണ് അവരുടെ ധാരണ.

ഈ വീട്ടിലെ അമ്മയെ 'മറ്റേമ്മ' എന്നാണ് ഞങ്ങളൊക്കെ വിളിക്കാറ്. മറ്റേമ്മ ഞങ്ങള്‍ക്കെല്ലാം ദൈവംമാതിരിയാ. അക്കാലത്ത് ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത് മറ്റേമ്മയാണ്. അമ്മയ്ക്കു വയ്യാണ്ടിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഭക്ഷണംവരെ ഉണ്ടാക്കിത്തന്നിരുന്നത് അവരാണ്.
ഒരു ദിവസം അമ്മയ്ക്കു വയറുവേദന തുടങ്ങി. പ്രസവവേദനയായിരുന്നു അതെന്ന് അറിയാന്‍ ഞങ്ങള്‍ക്കു പ്രായമായിട്ടില്ലല്ലോ. മറ്റേമ്മതന്നെ അമ്മയെ ആസ്പത്രിയില്‍ കൊണ്ടുപോയാക്കി. അതിരാവിലെയായിരുന്നു ആസ്പത്രിയാത്ര. തൊടുപുഴയില്‍ ഒരു പാലത്തിന്റെ അപ്പുറത്തായിരുന്നു ആസ്പത്രി. അതെനിക്കറിയാം. ആസ്പത്രി ഏതായിരുന്നു എന്നൊന്നും പറയാനറിയില്ല.
അന്നുച്ച കഴിഞ്ഞ് മറ്റേമ്മ ഓടിവന്ന് പറഞ്ഞു: 'മോളേ, അമ്മ പെറ്റു. ഒരു മോളും ഒരു മോനും.'

ഒറ്റയടിക്ക് വീട്ടിലെ കുഞ്ഞുങ്ങളുടെ എണ്ണം ഇരട്ടിയായി. അതിലെ ആണ്‍കുഞ്ഞാണ് ബാബു. വീണ്ടും അമ്മയും നാലു മക്കളും മാത്രമായി വീട്ടില്‍.നിരത്തുവക്കിലാണ് വീട്. മുന്‍വശത്തെ വാതില്‍ തുറന്നാല്‍ ഇറങ്ങുന്നത് നിരത്തിലേക്കാണ്. രാത്രിയാകുമ്പോള്‍ പോലീസുകാര്‍ വന്ന് വാതിലില്‍ ഇടിക്കാന്‍ തുടങ്ങും. വാതിലിനടുത്താണ് ഞാന്‍ കിടക്കുന്നത്. വെറുംനിലത്ത് പായ വിരിച്ച്. മുറിയുടെ അങ്ങേയറ്റത്ത് ഒരു കട്ടിലുണ്ട്. അതിലാണ് അമ്മയും കുഞ്ഞുങ്ങളും കിടക്കുന്നത്. അതിനടുത്തുള്ള വാതില്‍ തുറന്നാല്‍ ഒരു ചെറിയ മുറിയാണ്. അതു കഴിഞ്ഞാല്‍ അടുക്കള. ഇത്രയേയുള്ളൂ ഞങ്ങളുടെ സൗകര്യം. അടുക്കള കഴിഞ്ഞ് അപ്പുറത്തൊരു വരാന്തയാണ്. വരാന്തയോടു ചേര്‍ന്ന് മറ്റേമ്മയുടെ വീട്.

ഒരു ദിവസം രാത്രിയില്‍ കതകിലാരോ ഭയങ്കരമായി ഇടിക്കുന്നുണ്ട്. വാതില്‍ കിടന്നങ്ങനെ കുലുങ്ങുന്നു. ഇവിടത്തെ കതകില്‍ തട്ടിയാലും അപ്രത്ത് മറ്റേമ്മയ്ക്കു കേള്‍ക്കാം. മറ്റേമ്മയുടെ വീട് പടിപ്പുരയൊക്കെയുള്ള വീടാണ്. മറ്റേമ്മ പടിപ്പുര കടന്നു വന്നു.
'എന്താ... എന്താ കാര്യം...? അവിടാരുമില്ല. ഞാനാ വീടിന്റെ ആള്‍'മറ്റേമ്മ പോലീസുകാരെ വിരട്ടിയോടിച്ചു. നല്ല തന്റേടമുള്ള സ്ത്രീയായിരുന്നു അവര്‍.

അഞ്ചാംദിവസം ഒരു കുഞ്ഞു മരിച്ചു. പെണ്‍കുഞ്ഞ്. കുഞ്ഞു മരിച്ചൂന്നറിഞ്ഞ് രാത്രിയിലും പോലീസുകാര്‍ വീടിന്റെ പരിസരത്ത് പതുങ്ങിയിരിപ്പായി. അച്ഛന്‍ രാത്രിയില്‍ വരാണ്ടിരിക്കില്ലെന്നാണ് അവര്‍ കരുതിയത്. അമ്മയും അങ്ങനെ വിചാരിച്ചുകാണണം. മരിച്ച കുട്ടിയെ കുഴിച്ചിടാതെ കാത്തിരിപ്പാണ്. അതോടെ പോലീസുകാര്‍ക്ക് ആകെ സംശയമായി. മരിച്ച കുട്ടിയെ കുഴിച്ചിടാതെ എന്തിനാ കാത്തിരിക്കുന്നത്? ആരെയാണ് കാത്തിരിക്കുന്നത്? മറ്റേമ്മയുടെ മകളുടെ ഭര്‍ത്താവ് ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടല്ലോ. അയാള്‍ പിറ്റേന്നു പകല്‍ വീട്ടില്‍ വന്നു. പകല്‍ പോലീസ് കാവല്‍ മതിയാക്കും. ഒളിവില്‍ കഴിയുന്നയാള്‍ പട്ടാപ്പകലങ്ങനെ വരില്ലല്ലോ.

നേരത്തേതന്നെ മറ്റേമ്മയോട് അയാള്‍ പറഞ്ഞിരുന്നു, വീട്ടില്‍ വല്ല പുസ്തകങ്ങളും മറ്റുമുണ്ടെങ്കില്‍ നശിപ്പിച്ചുകളയാന്‍. ഞങ്ങളുടെ വീട്ടില്‍ കുറെ പുസ്തകങ്ങളുണ്ടായിരുന്നു. തടിയന്‍പുസ്തകങ്ങള്‍. എല്ലാം കമ്യൂണിസ്റ്റുപുസ്തകങ്ങളാണ്. രണ്ടു ചാക്കു നിറയെ ഉണ്ടായിരുന്നു. അയാള്‍തന്നെ മുന്‍കൈയെടുത്ത് പുസ്തകങ്ങളൊക്കെ ചാക്കില്‍ നിറച്ചു. മറ്റേമ്മയുടെ വീടിന്റെ പുറകില്‍ ഒരു വലിയ പുളിമരമുണ്ടായിരുന്നു. അതിന്റെ ചുവട്ടിലാണ് കുട്ടിയെ കുഴിച്ചിട്ടത്. ആ കുഴിയില്‍ത്തന്നെ പുസ്തകങ്ങളൊക്കെയിട്ട് മുഴുവനും കത്തിച്ചുകളഞ്ഞു. അയാള്‍നേരത്തേതന്നെ മറ്റേമ്മയോട് എല്ലാം കത്തിച്ചുകളഞ്ഞേക്കണമെന്നു പറഞ്ഞിരുന്നു. അതോടെ അച്ഛന്റെ കമ്യൂണിസ്റ്റ് ബന്ധത്തിന് വീട്ടില്‍ തെളിവൊന്നുമില്ലാതെയായി.

പിന്നെ അച്ഛന്‍ തൊടുപുഴയില്‍ വന്നിട്ടേയില്ല. ആ സ്റ്റുഡിയോയൊക്കെ അങ്ങനെത്തന്നെ പോയി; ക്യാമറേം സാധനങ്ങളുമെല്ലാം. അതെങ്ങനെ പോയെന്നും ആരു കൊണ്ടുപോയി എന്നൊന്നും ആര്‍ക്കുമറിയില്ല. അതൊന്നും അന്വേഷിച്ചതുമില്ല.
പിന്നെ ഞങ്ങള്‍ അച്ഛനെ കാണുന്നത് ആറു മാസം കഴിഞ്ഞിട്ടാണ്. അന്നു ഞങ്ങള്‍ തൊടുപുഴയിലല്ല.
പവിഴമല്ലിയും പാട്ടിന്റെ പാലാഴിയും അച്ഛന്റെ ഒളിവിലാകല്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് എന്നെയായിരിക്കണം. എങ്കിലും അച്ഛന്‍ എന്നെങ്കിലും വരാതിരിക്കില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, അച്ഛന്‍ വരുന്നതുവരെ ഞങ്ങളെങ്ങനെ കഴിയും എന്നൊക്കെ ആലോചിക്കാനുള്ള കരളുറപ്പും അന്നുണ്ടായിരുന്നില്ല. കുഞ്ഞല്ലേ? അമ്മയുടെ കാര്യവും അതുതന്നെയായിരിക്കണം. നാളെയെക്കുറിച്ച് അമ്മ ഒരുകാലത്തും ആലോചിച്ചുകാണില്ല. കല്യാണത്തിന് അമ്മ കാണിച്ച ആ ധൈര്യം ഇപ്പോള്‍ ചോര്‍ന്നുപോയിരിക്കുന്നു. ഒരു ധൈര്യത്തിനിറങ്ങിപ്പുറപ്പെട്ടു. ഇനി തിരിച്ചുപോവാനും വയ്യ. മറ്റേമ്മയുടെ സംരക്ഷണത്തില്‍ ഇങ്ങനെ എത്രകാലം കഴിയും എന്നൊന്നും അമ്മ ആലോചിച്ചിട്ടേ ഉണ്ടാവില്ല.

മരിക്കുന്നതുവരെ അപ്പൂപ്പന് അച്ഛനോടു ദേഷ്യമായിരുന്നു. ദേഷ്യമുണ്ടാകാതിരിക്കുമോ? പറക്കമുറ്റാത്ത മക്കളെ ആരോരുമില്ലാത്തൊരിടത്ത് കൊണ്ടുപോയി പാര്‍പ്പിച്ചു മുങ്ങിയ ആളല്ലേ. 'ചതിയനാണ് ചതിയന്‍.' അതും ഇതാദ്യത്തെ തവണയല്ലല്ലോ? മൂത്ത മകളെ പ്രസവിച്ചപ്പോഴും സ്ഥിതി ഇതുതന്നെയല്ലേ. പ്രസവം കഴിഞ്ഞ് ചോരക്കുഞ്ഞിനെയുംകൊണ്ട് അമ്മയല്ലേ അച്ഛനെത്തേടി തൊടുപുഴയ്ക്കു പോയത്? അതുതന്നെയല്ലേ പിന്നെയും ആവര്‍ത്തിക്കുന്നത്. അപ്പൂപ്പന്‍ അച്ഛനെ ഇങ്ങനെ വഴക്കുപറയുന്നതിന് അപ്പൂപ്പനെ കുറ്റം പറയാന്‍ പറ്റുമോ?

അച്ഛനുമമ്മയും നോക്കാനില്ലാതെ, ഒരു ചൊല്ലുവിളിയുമില്ലാതെ വളര്‍ന്ന് നാടോടിയായ അച്ഛനെയും കുറ്റംപറയാന്‍ പറ്റില്ല. സ്‌നേഹമില്ലാത്തവനായിരുന്നില്ല അച്ഛന്‍. ഒരുപാടൊരുപാടു സ്‌നേഹമുള്ളയാള്‍. ചെറുപ്പത്തിലൊന്നും അനുഭവിക്കുകയും ശീലിക്കുകയും ചെയ്തിട്ടില്ലാത്ത, ബന്ധങ്ങളുടെയും കര്‍മബന്ധനങ്ങളുടെയും ചുഴിയില്‍ക്കിടന്നു പിടഞ്ഞ് അവശനായ ഒരാള്‍. ചെറുപ്പംതൊട്ടേ അനുഭവിച്ച സ്വാതന്ത്ര്യം കാരണം സ്വന്തവും സ്വതന്ത്രവുമായ ജീവിതവഴികള്‍ തേടിയ ആള്‍. അതോടൊപ്പം മനസ്സില്‍ ഇച്ഛാശക്തിയുടെ ദീപം തെളിഞ്ഞുകത്തുമ്പോള്‍, അതിന്റെ ചൂടിലും വെളിച്ചത്തിലും രാഷ്ട്രീയബോധം ഉണരുന്നെങ്കില്‍ അതൊരു നന്മതന്നെ. അവിടെ സ്വന്തവും ബന്ധവുമൊക്കെ അപ്രസക്തമാവുന്നതില്‍ പരിതപിച്ചിട്ട് കാര്യവുമില്ല. ഇങ്ങനെയൊന്നും ഞാനന്ന് ആലോചിച്ചുകാണില്ല. കുഞ്ഞല്ലേ! അത് കൂടുതല്‍ അനുഭവിക്കാന്‍ കഴിയാതിരുന്ന അച്ഛന്റെ വാത്സല്യത്തോടുള്ള കൊതിയായിരുന്നു കരള്‍ നിറയെ.

സുഭിക്ഷതയില്‍, ഒന്നുമറിയാതെ വളര്‍ന്ന അമ്മയ്ക്കും പോംവഴികള്‍ തേടാനുള്ള വിവേകവും തന്റേടവും കുറവായിരുന്നു.
പക്ഷേ, മറ്റേമ്മ- നമ്മുടെയൊക്കെ ജീവിതത്തില്‍ ചിലപ്പോഴൊക്കെ ദൈവം ഏതെങ്കിലും രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടല്ലോ? ഞങ്ങളുടെ ജീവിതത്തില്‍ അനുതാപം ചൊരിയാന്‍ ആദ്യം പ്രത്യക്ഷപ്പെട്ട ദൈവം മറ്റേമ്മയായിരുന്നു.
മറ്റേമ്മ അമ്മയുടെ പേറ്റുരക്ഷാകാര്യങ്ങളൊക്കെ നോക്കി, ഒരമ്മയെപ്പോലെ. പെറ്റ് വയറൊഴിഞ്ഞ പെണ്ണല്ലേ? വേണ്ട രക്ഷകളൊക്കെ വേണ്ട കാലത്ത് ലഭിക്കണ്ടേ? ഒന്നിനും ഒരു കുറവും വരുത്തിയില്ല. വെറുതേ ഒരു കാട്ടിക്കൂട്ടലല്ലെന്നു സാരം. വേതും കുളിയും വേണ്ട മരുന്നുകഴിപ്പുമൊക്കെ നേരാംവണ്ണം നടന്നുകഴിഞ്ഞപ്പോള്‍ അമ്മയ്ക്കുവേണ്ടി ജീവിതം ആലോചിച്ചതും അവര്‍തന്നെ. ഈ മൂന്നു കുഞ്ഞുങ്ങളെയുംകൊണ്ട് എത്രകാലം ഇവരിങ്ങനെ ഇവിടെ കഴിയും.

അച്ഛന്‍ വരുമെന്നോര്‍ത്ത് കാലാകാലം ഇവരിങ്ങനെ അന്യനാട്ടില്‍ കഴിയാന്‍ പറ്റുമോ? അന്നത്തെ കാലം അതാണ്. ഒളിവില്‍ പോയ പലരും തിരിച്ചുവരാത്ത കാലം. പോലീസിന്റെ കൈയിലകപ്പെട്ടാല്‍ ആരുമറിയില്ല. കൊന്ന് എവിടെയെങ്കിലും കുഴിച്ചുമൂടിയാലും ലോകം അറിയില്ല. ഒന്നാലോചിച്ചാല്‍ ഇന്നും അതിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. ലോക്കപ്പുമരണങ്ങളുടെ കാലമാണല്ലോ ഇത്. അറസ്റ്റുകള്‍ അങ്ങനെ രേഖപ്പെടുത്താറുമില്ല.

തയ്യാറാക്കിയത്-ബാബു ഭരദ്വാജ്

K.P.A.C.lalitha,katha thudarum