മാത്തില്‍ ഹൈസ്‌കൂളില്‍നിന്ന് പത്താംതരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് നാരായണന്‍ ചെന്നൈയിലേക്കു വണ്ടികയറിയത്. അന്ന് സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ജ്യേഷ്ഠസഹോദരന്‍, ഇപ്പോഴത്തെ സെവന്‍ ആര്‍ട്സ് മോഹന്‍ എന്ന മോഹനന്‍ ആയിരുന്നു ആ യാത്രയ്ക്ക് പിന്നില്‍. ഹരി പോത്തന്റെ സുപ്രിയ ഫിലിംസില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു മോഹനന്‍ അന്ന്. ജ്യേഷ്ഠനൊപ്പം ഷൂട്ടിങ്ങും എഡിറ്റിങ്ങും കണ്ടുനടക്കുന്നതിനിടയില്‍ ഒരിക്കല്‍ എ.വി.എം. സ്റ്റുഡിയോ കാണാന്‍ പോയി. അവിടെ കെ.നാരായണന്റെ എഡിറ്റിങ് മുറി കണ്ടെങ്കിലും അതിനുള്ളില്‍ കയറാന്‍ സുരക്ഷാജീവനക്കാരന്‍ അനുവദിച്ചില്ല.
സിനിമ പിറക്കുന്ന ഇരുണ്ട മുറി പിന്നീടുള്ള ദിവസങ്ങളില്‍ മനസ്സില്‍ തിളങ്ങിനിന്നു. സിനിമയിലേക്ക് തിരിയാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ ജ്യേഷ്ഠനോട് ആദ്യമായി പറഞ്ഞത് എഡിറ്റിങ് പഠിക്കണമെന്നായിരുന്നു. അങ്ങനെ വിജയവാഹിനി സ്റ്റുഡിയോയിലെ 12 എഡിറ്റിങ് മുറികളിലൊന്ന് നാരായണന് മുന്നില്‍ തുറക്കപ്പെട്ടു. അതില്‍ രണ്ടാമത്തെ മുറിയിലായിരുന്നു മലയാളം സിനിമകളുടെ എഡിറ്റിങ് നടന്നിരുന്നത്. പ്രശസ്ത എഡിറ്ററും സംവിധായകനുമായ എന്‍.പി.സുരേഷിന് കീഴില്‍ നാരായണനും എഡിറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങി. പിന്നീട് വര്‍ഷങ്ങളോളം ഒരു കൈയില്‍ കത്രികയും മറുകൈയില്‍ പശയും മനസ്സില്‍ തിരക്കഥയുമായി ജീവിതം നിറഞ്ഞോടിക്കൊണ്ടിരുന്നു. ഫിലിം നെഗറ്റീവും പോസിറ്റീവും റോളും പ്രിന്റും മാറിമാറി വന്നുകൊണ്ടിരുന്നു.
ഏയ് ഓട്ടോ
അത്യാവശ്യച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി തുറന്ന മുറുക്കാന്‍ കട ആറുമാസം കഴിഞ്ഞപ്പോള്‍ പൂട്ടി. ജ്യേഷ്ഠനെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ വേണ്ടി അതോടെ മൂവി ബഷീറിന്റെ എംബീസ് പബ്ലിസിറ്റിയില്‍ സിനിമാ പോസ്റ്റര്‍ പതിക്കാന്‍ കൂടി നാരായണന്‍. മുറിവാടക കൊടുക്കാന്‍ പോലും പണമില്ലാതെ കഷ്ടപ്പെട്ടകാലമായിരുന്നു അതെന്ന് നാരായണന്‍. ഓട്ടോ ഓടിച്ച് പണമുണ്ടാക്കാനായി അടുത്ത ചിന്ത. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഓട്ടോ കിട്ടില്ലെന്ന് മനസ്സിലായതോടെ ലൈസന്‍സ് സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ ഓട്ടോഡ്രൈവിങ് പഠിച്ച് ലൈസന്‍സ് പരീക്ഷ ജയിച്ചു. എന്നാല്‍, തമിഴ് അറിയാത്തയാള്‍ക്ക് ലൈസന്‍സ് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് ആര്‍.ടി.ഒ. അത് തടഞ്ഞുവെച്ചു. അടുത്ത ഒരാഴ്ച തമിഴ് പഠിക്കാനായി നീക്കിവെച്ചു. തമിഴ് പത്രങ്ങള്‍ നോക്കി നേരത്തേതന്നെ അക്ഷരങ്ങള്‍ മനസ്സിലാക്കിവെച്ചിരുന്നതിനാല്‍ ആ പരീക്ഷണവും നാരായണന്‍ എളുപ്പം കടന്നു. ആര്‍.ടി.ഒ.യ്ക്ക് മുന്നിലെത്തി ലൈസന്‍സ് അനുവദിക്കാന്‍ തമിഴില്‍ നിന്ന നില്‍പ്പില്‍ ഒരു അപേക്ഷ എഴുതി നല്‍കി. അത് കണ്ട് ഞെട്ടിയ അദ്ദേഹം ലൈസന്‍സ് ഒപ്പിട്ട് നല്‍കി പുറത്ത് തട്ടി പ്രോത്സാഹിപ്പിച്ചത് ഇന്നലെ കഴിഞ്ഞതുപോലെയാണെന്ന് നാരായണന്‍.
ചെന്നൈയിലെ തിയ്യറ്ററുകളില്‍നിന്ന് തിയ്യറ്ററുകളിലേക്കായിരുന്നു പലപ്പോഴും നാരായണന്റെ ഓട്ടോ ഓട്ടം. എല്ലാ പടങ്ങളും കാണും. പടം തീരുന്നതിന് തൊട്ടുമുമ്പിറങ്ങി കാക്കിയിട്ട് പടം കണ്ടിറങ്ങുന്നവര്‍ക്ക് വേണ്ടി ഓടും. അങ്ങനെ ഒരുനാള്‍ ജെമിനി ഫ്ലൈ ഓവറിന് സമീപത്തുവെച്ച് രണ്ടുപേര്‍ ഓട്ടോയ്ക്ക് കൈനീട്ടി. ഡ്രൈവര്‍സീറ്റില്‍ നാരായണനെ കണ്ട് ജ്യേഷ്ഠന്‍ മോഹനന്‍ ഞെട്ടി. ഓട്ടോ ഓടിക്കാന്‍ തുടങ്ങിയ കാര്യം നാരായണന്‍ മോഹനനോട് പറഞ്ഞിരുന്നില്ല. ഓട്ടോ ഓടിക്കുന്നതിലെ അപകടങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയശേഷം അദ്ദേഹം നാരായണന് ചെന്നൈ മാതൃഭൂമിയില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ശരിയാക്കിക്കൊടുത്തു. അന്ന് ബ്യൂറോ ചീഫായിരുന്ന എ.സഹദേവനൊപ്പം രണ്ട് വര്‍ഷം. ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാനും പല പ്രമുഖരുമായി പരിചയപ്പെടാനും അക്കാലത്ത് കഴിഞ്ഞതായി നാരായണന്‍. അതിനൊപ്പം ഷൂട്ടിങ് ലൊക്കേഷനുകളില്‍ യഥേഷ്ടം കയറിയിറങ്ങാനും കഴിഞ്ഞു. സോമനും ഷീലയും അഭിനയിച്ച 'പവിഴമുത്തി'ന്റെതായിരുന്നു ആദ്യം കണ്ട ഷൂട്ടിങ്. 'ചിത്രഭൂമി'ക്കുവേണ്ടി ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ശേഖരിക്കാനും ലൊക്കേഷനുകളില്‍ പോയി. സിനിമകളുടെ ആദ്യഷോകള്‍ക്കും നാരായണന്‍ സ്ഥിരമായി എത്തിത്തുടങ്ങി.
ഓര്‍മകള്‍ ഉണ്ടായിരിക്കണം
ചോറ്റാനിക്കര ദേവിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് എന്‍.പി.സുരേഷ് സംവിധാനവും എഡിറ്റും ചെയ്ത 'അമ്മേ നാരായണ' എന്ന സിനിമയുടെ ഫിലിമാണ് നാരായണന്‍ ആദ്യമായി തൊടുന്നത്. ശ്രീവിദ്യ മൂന്ന് റോളുകളില്‍ വെള്ളിത്തിരയില്‍ ദേവിയായി തിളങ്ങുന്നത് ആദ്യം കണ്ടവരില്‍ ഒരാള്‍ നാരായണനായിരുന്നു.
സുരേഷിന്റെ സംവിധാനത്തില്‍ ഭരത് ഗോപിയും ഹിന്ദി നടി രാമേശ്വരിയും ചേര്‍ന്ന് അഭിനയിച്ച 'ഓണത്തുമ്പിക്കൊരൂഞ്ഞാല്‍' എന്ന ചിത്രത്തില്‍ നാരായണന്‍ മുഴുവന്‍ സമയ അസിസ്റ്റന്റ് എഡിറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായി. തൊട്ടുപിന്നാലെ സുരേഷിനൊപ്പം 'കടമറ്റത്ത് അച്ചനി'ലും പ്രവര്‍ത്തിച്ചു. ഭരതന്റെ 'ഒഴിവുകാലം', 'വൈശാലി' എന്നിവയുടെ എഡിറ്റിങ്ങില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചെങ്കിലും സംവിധാനം/എഡിറ്റിങ് ഭരതന്‍ എന്നാണ് സിനിമയില്‍ ടൈറ്റില്‍ നല്‍കിയതെന്ന് നാരായണന്‍. 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തില്‍ വീണ്ടും ഭരതനൊപ്പം പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു അന്ന് എഡിറ്റിങ്. അതിനിടയില്‍ ബാലു കിരിയത്തിന്റെ 'തത്തമ്മേ പൂച്ച പൂച്ച'യുടെ അസിസ്റ്റന്റ് എഡിറ്ററായി.
'ആര്യന്‍' സംവിധാനം ചെയ്യുന്നതിനിടയില്‍ പ്രിയദര്‍ശനോട് നാരായണന്റെ കാര്യം ജ്യേഷ്ഠന്‍ മോഹനന്‍ സൂചിപ്പിച്ചു. അങ്ങനെ ബാലാജിയുടെ സുജാത സ്റ്റുഡിയോയില്‍ 'ചിത്ര'ത്തിന്റെ രണ്ടാം ഷെഡ്യൂള്‍ എഡിറ്റിങ്ങില്‍ എന്‍.ഗോപാലകൃഷ്ണനൊപ്പം നാരായണന്‍ ചേര്‍ന്നു. പിന്നീട് വന്ദനം, വെള്ളാനകളുടെ നാട്, കിലുക്കം, മിഥുനം, അഭിമന്യു, വേണു നാഗവള്ളിയുടെ ഏയ് ഓട്ടോ, ലാല്‍സലാം, ആയിരപ്പറ എന്നീ സിനിമകളെല്ലാം നാരായണന്റെ കൈകളിലൂടെ വെള്ളിത്തിരയിലെത്തി. 'ചിത്ര'ത്തിന്റെ ഹിന്ദി പതിപ്പ് 'മുഷ്‌കുരാഹട്ട്', 'വന്ദന'ത്തിന്റെ തെലുങ്ക് പതിപ്പ് 'നിര്‍ണയം' എന്നിവയുടെ എഡിറ്റിങ്ങിലും നാരായണനുണ്ടായിരുന്നു. പ്രിയദര്‍ശന്റെ സിനിമ എഡിറ്റ് ചെയ്യാന്‍ എളുപ്പമാണെന്ന് നാരായണന്‍ പറയുന്നു. അതില്‍ ഷോട്ടുകള്‍ക്ക് പഞ്ഞമുണ്ടാകില്ല. എഡിറ്റിങ്ങിന് അനുയോജ്യമായ രീതിയില്‍ സിനിമയെടുക്കുന്നതിലും പ്രിയദര്‍ശന്‍ മിടുക്കനാണെന്നാണ് നാരായണന്റെ പക്ഷം.
ചെന്നൈ വിട്ട് തിരുവനന്തപുരത്തെത്തിയ നാരായണനെ കാത്ത് ടി.വി.ചന്ദ്രന്റെ അഞ്ച് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എഡിറ്റര്‍ വി.വേണുഗോപാലിനൊപ്പം പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി എന്നിവ. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ജോലി. അപ്പോഴേക്കും സിനിമയില്‍ നിന്ന് ഫിലിം മാഞ്ഞുപോയിത്തുടങ്ങിയിരുന്നു. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കമ്പ്യൂട്ടര്‍ എഡിറ്റിങ്ങും നാരായണന്‍ പഠിച്ചു. 2000-ല്‍ മലയാളത്തിലെ ആദ്യ ഡി.ടി.എസ്. ചിത്രം ജയരാജിന്റെ 'മില്ലേനിയം സ്റ്റാര്‍സി'ന്റെ എഡിറ്റിങ്ങില്‍ എന്‍.പി.സതീഷിനൊപ്പം ചേര്‍ന്നു. 2007-ല്‍ ബാബു തിരുവല്ലയുടെ 'തനിയേ' സിനിമ സ്വന്തമായി എഡിറ്റ് ചെയ്തു.
ഇന്നത്തെ പല സിനിമകളും കാഴ്ചക്കാരനെ ഭ്രമിപ്പിക്കുകയാണ്. സിനിമ കണ്ടിറങ്ങിയാല്‍ കഥപോയിട്ട് ഒന്നും മനസ്സില്‍ തങ്ങിനില്‍ക്കില്ല. ശബ്ദകോലാഹലമാണ് പല ചിത്രങ്ങളും. ശബ്ദമില്ലാത്തിടത്തേക്കാണ് കാഴ്ചക്കാരന്റെ ശ്രദ്ധ കൂടുതലായി എത്തുക. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ ശബ്ദം കുറച്ചുപയോഗിക്കാന്‍ കാരണവും അതാണെന്ന് നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നു.
തനിയേ
ബന്ധുവായ ബാലാമണിയെ 1995-ല്‍ നാരായണന്‍ കല്ല്യാണംകഴിച്ചു. ഭാര്യയുമൊത്ത് ചൈന്നെയില്‍ ജീവിതം തുടങ്ങി. 1996-ല്‍ മകന്‍ ദര്‍ശന്‍ പിറന്നു. വളര്‍ച്ചയുടെ പടവുകളില്‍ ദര്‍ശന്‍ ഇടറുന്നത് മനസ്സിലായതോടെ നാരായണന്റെ സിനിമാജീവിതം മകനിലേക്ക് എഡിറ്റ് ചെയ്യപ്പെട്ടു. ഇന്ന് ഇരുപത്തിമൂന്നാംവയസ്സിലും ദര്‍ശന്‍ ഒന്നും സംസാരിക്കില്ല. ആരെങ്കിലും വാരിനല്‍കിയാല്‍ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. പാട്ട് മാത്രമാണ് അവന് ഇഷ്ടം. രാവും പകലും മകന് വേണ്ടി നാരായണന്റെ വീട്ടില്‍ നേര്‍ത്ത സംഗീതം മുഴങ്ങും, ദുഃഖസീനുകളില്‍ ദൃശ്യങ്ങള്‍ക്കൊപ്പമെത്തുന്ന ശോകസംഗീതം പോലെ. തന്റെ ജീവിതത്തിലെ ട്വിസ്റ്റാണ് ഇതെന്ന് നാരായണന്‍ പറയുന്നു.

ദര്ശന് ഓട്ടോയിലെ യാത്ര ഇഷ്ടമാണ്. അവനെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അപ്പുറത്തെ പയ്യന്നൂരിലെ എം.ആര്‍.സി.എച്ചില്‍ എത്തിക്കാന്‍ നാരായണന്‍ സ്വന്തമായി ഓട്ടോ വാങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍നിന്ന് നേടിയ ഓട്ടോ ഡ്രൈവിങ് ലൈസന്‍സ് വീണ്ടും പൊടിതട്ടിയെടുത്തു. ഇന്ന് ക്ലാസുള്ള ദിവസങ്ങളില്‍ എന്നും രാവിലെ ദര്‍ശനുമായി പയ്യന്നൂരിലേക്ക് നാരായണന്റെ ഓട്ടോ ഓടും. മകനെ സ്‌കൂളിലാക്കിയശേഷം നാരായണന്‍ പയ്യന്നൂരിലെ സ്റ്റുഡിയോകളില്‍ അത്യാവശ്യ എഡിറ്റിങ് ജോലികള്‍ ചെയ്യും. അതില്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചുപോയി വൈകീട്ടുവരെ ഓട്ടോ ഓടിക്കും. അതിനിടയില്‍ കഴിഞ്ഞവര്‍ഷം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ നാരായണന്റെ ജീവിതത്തില്‍ വിധി വീണ്ടും എഡിറ്റിങ് നടത്തി. തിരക്കഥയില്ലാത്ത സിനിമ പോലെയാണ് 58 വര്‍ഷത്തെ തന്റെ ജീവിതമെന്ന് നാരായണന്‍ പറയുന്നു. ഇന്ന് ദിവസവും ആറ് ഗുളിക കഴിച്ചാണ് നാരായണന്‍ ഓട്ടോ ഓടിക്കുന്നത്.

ചിത്രം പകർത്തിയത് പ്രകാശ് മഹാദേവഗ്രാമം
പല പഴയ ഹിറ്റ് സിനിമകളുടെയും തുടക്കത്തില്‍ വെള്ളിത്തിരയില്‍ തെളിയുന്ന ഒരു പേര് മാത്രമാണ് ഇന്ന് നാരായണന്‍. സിനിമയില്‍ മറ്റൊന്നുമാകാന്‍ നാരായണന് കഴിഞ്ഞില്ല. എന്നാല്‍, മലയാളത്തിലേക്ക് ആദ്യമായി 'രജതമയൂരം' കൊണ്ടുവന്ന ജയരാജിന്റെ 'ഒറ്റാല്‍' എന്ന ചിത്രം നിര്‍മിച്ചത് തന്റെ ജ്യേഷ്ഠന്‍ മോഹനനാണെന്ന് നാരായണന്‍ അഭിമാനത്തോടെ പറയുന്നു.
Content Highlights: k narayanan former film editor, life story, who worked for Malayalam superhit Movies