നടുനിവര്‍ക്കാന്‍ വയ്യാതെ ഞാന്‍ കിടക്കുകയാണെന്ന് അമ്മ; അവിടെ ഉലക്കയുണ്ടോ, നല്ല ഒറ്റമൂലിയാണെന്ന് ജോണ്‍


ജോയ് മാത്യു

കോഴിക്കോട്ടുകാർക്ക് മാത്രമല്ല മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന എല്ലാവർക്കും മാഷിനെ അറിയാം. പച്ചഷർട്ട്, പച്ച പാന്റ്‌സ്, പച്ചത്തൊപ്പി, പച്ച ചെരുപ്പ്, പച്ച ബൈക്ക്, താടിയുള്ളത് പച്ചയാക്കാൻ പോലും മാഷ് തയ്യാറായതാണ്.

വര: ഗിരീഷ്​കുമാർ

നടൻ ജോയ്‌ മാത്യുവും പ്രൊഫസറും പരിസ്ഥിതി പ്രവർത്തകനുമായ ടി. ശോഭീന്ദ്രനും ക്യൂബൻ വിപ്ളവകാരി ഏണസ്റ്റോ ചെഗുവേരയും തമ്മിൽ എന്താണ്‌ ബന്ധം? മറ്റൊന്നുമില്ലെങ്കിലും ഒരുമോട്ടോർസൈക്കിൾ യാത്രയുടെ ബന്ധം ഇവർക്കിടയിൽ ഉണ്ട്‌. ചെഗുവേര സുഹൃത്ത്‌ അൽ​ബേർത്തോ ഗ്രാനഡോയുമൊത്ത്‌ ബ്രസീലിൽനിന്ന്‌ പെറുവിലേക്കാണ്‌ പോയതെങ്കിൽ ജോയ്‌മാത്യു തന്റെ അധ്യാപകൻ കൂടിയായ ശോഭീന്ദ്രൻ മാഷിനെയുംകൊണ്ട്‌ യാത്രചെയ്തത്‌ തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോട്ടേക്കാണ്‌. മൂന്ന്‌ ദശാബ്ദങ്ങൾക്കുമുമ്പ്‌ നടത്തിയ യാത്രയുടെ ഓർമകൾ ഈ ലോക്‌ഡൗൺ സമയത്ത്‌ വീണ്ടും മനസ്സിൽ തെളിഞ്ഞപ്പോൾ

ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയും കോഴിക്കോട്ടുള്ള പ്രൊഫസർ ശോഭീന്ദ്രനും തമ്മിൽ വല്ല ബന്ധവുമുണ്ടോ? രണ്ടുപേരും പട്ടാളപ്പച്ച ധരിക്കുന്നവർ, രണ്ടു പേരും മോട്ടോർ സൈക്കിൾ പ്രധാന വാഹനമാക്കിയിരുന്നവർ. ഒരാൾ ഡോക്ടറാണെങ്കിൽ അപരൻ പ്രൊഫസർ എന്നതാണോ അവർ തമ്മിലുള്ള വ്യത്യാസം? അല്ലേയല്ല. ചിന്തകൊണ്ടും കർമംകൊണ്ടും രണ്ടുപേരും രണ്ടു ധ്രുവങ്ങളിൽ. എന്നിട്ടും ചെഗുവേരയെ തൊടാതെ ഇക്കഥ തുടങ്ങാനാവില്ല. ചെഗുവേര തന്റെ ആത്മസുഹൃത്തായ അൽ​ബേർത്തോ ഗ്രാനഡോയുമായി ലാറ്റിനമേരിക്ക മുഴുവൻ തന്റെ ബൈക്കിൽ യാത്രചെയ്യുകയും അതിലൂടെ സ്വയം ഒരു മാറ്റിത്തീർക്കലിനു വിധേയനാവുന്നതുമായ ‘Motor Cycle Diaries’ എന്ന പുസ്തകം പ്രസിദ്ധമാണ്. അത് പിന്നീട് വാൾട്ടർ സാലസ് സിനിമയാക്കിയപ്പോൾ ലോകം മുഴുവൻ ആവേശത്തരംഗമായി; പലരുടെയും ജീവിതം തന്നെ അത്‌ മാറ്റിമറിച്ചു.

ജീവിതം മാറ്റിമറിച്ചില്ലെങ്കിലും ജീവിതത്തെ മറിച്ചിടാതെ തന്റെ അരുമ ശിഷ്യന് സ്വന്തമായി റെക്കോഡ് സൃഷ്ടിക്കാൻ ഒരു പ്രൊഫസർ തന്റെ ബൈക്കിൽ നടത്തിയ സാഹസികയാത്രയാണ് ഇക്കഥ, സംഭവം നടക്കുന്നത് 1985-ൽ. അന്നേരം ചെ യുടെ മോട്ടോർ സൈക്കിൾ ഡയറി എന്റെ കൈയിൽ കിട്ടിയിട്ടില്ല. റോബർട്ട്‌ എം. പിർസിഗിന്റെ ‘Zen and the Art of Motor CyIce Maintanance’ കുറെക്കാലം വായിക്കുന്ന മാതിരി കൊണ്ടുനടന്നിരുന്നു. അതിൽ നിന്നുള്ള പ്രചോദനമൊന്നും ഉൾക്കൊള്ളുവാനുള്ള പ്രായപൂർത്തിയും കൈവന്നിരുന്നില്ല. അപ്പോഴാണ് തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോട്ടുവരെ ഒരു മോട്ടോർസൈക്കിൾ യാത്ര സംഭവിക്കുന്നത് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒട്ടേറെ കഥാപാത്രങ്ങൾ ഈ യാത്രയിലുണ്ടെങ്കിലും ബൈക്കിൽ സഞ്ചരിക്കുന്ന പ്രധാന വേഷക്കാരായി ശോഭീന്ദ്രൻ മാഷും ശിഷ്യനായ ഞാനും മാത്രമേയുള്ളൂ.

മുപ്പത്തിയഞ്ചു വർഷം മുൻപുള്ള നാഷണൽ ഹൈവേ! ഓടിക്കുന്നതാകട്ടെ അക്കാലത്തെ ഭേദപ്പെട്ടതിൽ ദരിദ്രപ്പെട്ട രാജ്ദൂത് എന്ന കമ്പനിയുടെ വണ്ടി. ബൈക്ക് എന്റേതല്ല ഞാൻ ഡ്രൈവർ മാത്രം. മുതലാളി മറ്റൊരാളാണ്: സാക്ഷാൽ ശോഭീന്ദ്രൻ മാഷ്. സാക്ഷാൽ എന്ന് പറയാൻ കാരണം ആ മാതിരി ഒന്നേ മാഷമ്മാരുടെ കൂട്ടത്തിൽ കാണൂ. ആളെ പരിചയപ്പെടുത്താൻ ഒരു ചെറിയ ദൃശ്യത്തിലേക്ക്‌ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു: സൂര്യൻ ഉണർന്നെണീറ്റ് പ്രഭാതകൃത്യങ്ങൾക്ക് പോകുന്ന സമയം. ഒരു പച്ച ബൈക്കിൽ ഒരു പച്ചക്കുപ്പായക്കാരൻ അനുവാദം ചോദിക്കാതെ പടികടന്നു വരുന്നു. വീട്ടുടമയുടെ സമ്മതം ചോദിക്കാതെ തോട്ടത്തിൽ ഒരു ചെടി നടുന്നു. വീട്ടുടമ ഇറങ്ങിവന്നു. പ്രതിയെ നോക്കുന്നു, തിരിച്ചറിയുന്നു: ‘‘അല്ല മാഷെന്താ ഈ നേരത്ത്?’’ അപ്പോൾ മാഷിന്റെ മറുപടി ‘‘ഞാനൊരു വീട്ടിൽ പോയപ്പോൾ പനികൂർക്കയുടെ ചെടി കണ്ടു, ഇവിടെ അതില്ലല്ലോ. ഇവിടത്തെ ഈ കുറ്റിമുല്ലയുടെ ഒരു തൈ ഞാൻ എടുക്കുന്നുണ്ട്, നമ്മുടെ രമേശന്റെ വീട്ടിലേക്കാ. അവന്റെ വീട്ടിൽ ഈ നിറത്തിലുള്ള കുറ്റിമുല്ല ഇല്ല.’’ മിനിറ്റുകൾക്കുള്ളിൽ ഓപ്പറേഷൻ കഴിഞ്ഞു, ആൾ കുറ്റിമുല്ലയുമായി ബൈക്കിൽ കയറി സ്ഥലംവിട്ടു. ഇതാണ് ശോഭീന്ദ്രൻ മാഷ്.

കോഴിക്കോട്ടുകാർക്ക് മാത്രമല്ല മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന എല്ലാവർക്കും മാഷിനെ അറിയാം. പച്ചഷർട്ട്, പച്ച പാന്റ്‌സ്, പച്ചത്തൊപ്പി, പച്ച ചെരുപ്പ്, പച്ച ബൈക്ക്, താടിയുള്ളത് പച്ചയാക്കാൻ പോലും മാഷ് തയ്യാറായതാണ്. മൊത്തത്തിൽ ഒരു പച്ചപ്പനംതത്ത! ലോകത്തിലെ എന്റെ ഏറ്റവും വലിയ അഭ്യുദയകാംഷി. ഞാൻ പ്രീ ഡിഗ്രി കടമ്പ കടക്കാൻ ഒരുമ്പെടുന്ന കാലത്തുതന്നെ ഒലീവ് പച്ചയുടെ നിറമുള്ള പട്ടാളക്കുപ്പായം ആയിരുന്നു മാഷിന്റെ വേഷം. അദ്ദേഹത്തിന്റെ ഏതോ ചങ്ങാതി പട്ടാളത്തിൽനിന്നും ലീവിൽ വന്നപ്പോൾ സമ്മാനിച്ചതായിരുന്നു അത്. പിന്നീട് മാഷ് അത് സ്വന്തം യൂണിഫോമാക്കി മാറ്റി. എന്റെ വിദ്യാർഥിജീവിതത്തിലെ അസുലഭ ശോഭപകർന്ന സാന്നിധ്യമായിരുന്നു ശോഭീന്ദ്രൻ മാഷ്. ഞങ്ങൾ കൂടിച്ചേർന്നിട്ടുള്ള കഥകൾക്ക് ഒരു പുസ്തകം മതിയാകില്ല. അതിനാൽ ബൈക്ക് യാത്രമാത്രം ഈ കൊറോണക്കാലത്ത് കാച്ചിയെടുക്കാം.

കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പൻ കോേളജിൽ അക്കാലത്ത് അധ്യാപകരും കുട്ടികളും ചേർന്ന് ക്ലാസ് മുറികൾക്കുള്ളിലും പുറത്തും നാടകം കളിച്ചിരുന്നു. പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളായ രാമചന്ദ്രൻ മൊകേരിയായിരുന്നു നേതാവ്, പ്രൊഫസർമാരായ വാസുദേവൻ ഉണ്ണി മാഷ്, പി.പി. രവീന്ദ്രൻ മാഷ്, പത്മനാഭൻ എന്ന പപ്പൻ മാഷ്, നാരായണൻ മാഷ്, സേതുമാധവൻ മാഷ്, സ്‌നേഹപ്രഭ ടീച്ചർ, ഉഷ ടീച്ചർ തുടങ്ങി അസംഖ്യം മാഷമ്മാരും ടീച്ചർമാരും എന്നെപ്പോലുള്ള വിദ്യാർഥികളും ഇക്കളികളിൽ വേഷമിട്ടിരുന്നു.

രാജ്‌ദൂതിലെ ജോൺ

അങ്ങനെ നാടകം കളിച്ചുകളിച്ചു ഞങ്ങൾ സിനിമയിലുമെത്തി. ഞങ്ങൾ എന്നുപറഞ്ഞാൽ രാമചന്ദ്രൻ മൊകേരി, ശോഭീന്ദ്രൻ മാഷ് പിന്നെ ഞാൻ. എത്തിപ്പെട്ടതോ സാക്ഷാൽ ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാനി’ൽ . നിർമാണത്തിന് പണം പിരിക്കലും ഭക്ഷണം സംഘടിപ്പിക്കലും ഫിലിം വാങ്ങാൻ ഓടലും അഭിനയിക്കാൻ നടക്കലും... ഈ സിനിമയിൽ കൂടുതലും നടത്തമാണല്ലോ! ഒക്കെക്കൂടി സംഭവം രസകരമായി നീങ്ങി, സംവിധായകന് യാത്രചെയ്യാൻ കാർ വേണമെന്നൊന്നും നിർബന്ധമില്ല, അത് ഓട്ടോറിക്ഷയായാലും സൈക്കിളായാലും ഇനി നടത്തമാണെങ്കിൽക്കൂടി ജോണിന് സന്തോഷമാണ്. അപ്പോഴാണ് പൊടുന്നനെ ശോഭീന്ദ്രൻ മാഷും മോട്ടോർ ബൈക്കും അവതരിക്കുന്നത്. അതോടെ സംവിധായകൻ തന്റെ വാഹനം ബൈക്കിലേക്ക് മാറ്റി. തുടർന്നങ്ങോട്ട് ശോഭീന്ദ്രൻ മാഷാണ് ജോണിന്റെ പൈലറ്റ്. ജോൺ കയറിയിരുന്നാൽ എവിടെയൊക്കെ നിർത്തണം എന്ന് മാഷിനെക്കാൾ നന്നായി ബൈക്കിന്‌ അറിയാം എന്ന നിലയിലെത്തി കാര്യങ്ങൾ. ചുവന്ന ലൈറ്റ് കത്തുന്ന കേരളത്തിലെ സാധാരണക്കാരുടെ വീഞ്ഞുകടകൾക്ക് മുമ്പിലെത്തിയാൽ ജോൺ പിറകിൽനിന്ന്‌ ഒരുവിളിയാണ് ‘‘ശോഭീ...’’ മാഷ് വിളി കേൾക്കും മുൻപേ വണ്ടി വിളികേൾക്കും. വണ്ടിക്കറിയാമല്ലോ ജോണിനെ! രാവിലെത്തന്നെ ചാരായഷാപ്പിനു മുന്നിൽ അകത്തുപോയ ആളിനെ കാത്തുനിൽക്കുന്ന തങ്ങളുടെ പ്രൊഫസറെക്കാണുന്ന കുട്ടികളും സഹപ്രവർത്തകരും പലപ്പോഴും മൂക്കത്ത് വിരൽവെച്ചിട്ടുണ്ട്.

മാസങ്ങൾ നീണ്ടുനിന്ന സിനിമയുടെ ഷൂട്ടിങ്‌ കഴിഞ്ഞു. ഇനി ഡബ്ബിങ്‌, എഡിറ്റിങ് തുടങ്ങിയ പരിപാടികൾക്കായി ജോൺ തിരുവനന്തപുരത്ത് പോകണം. എങ്ങനെ പോകും എന്ന കാര്യത്തിൽ ജോൺ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു-രാജ്ദൂതിൽ തന്നെ. ആദ്യം എല്ലാവരും എതിരുപറഞ്ഞെങ്കിലും, തിരുവനന്തപുരത്ത് ഒന്നുരണ്ടു മാസത്തേക്ക് കാർ വാടകയ്ക്കെടുക്കാനൊന്നും നിവൃത്തിയില്ലാത്തതുകൊണ്ട് മാഷിനെയും ജോണിനെയും രാജകീയമായിത്തന്നെ രാജ്ദൂതിൽ യാത്രയാക്കി. ഉടുത്ത വസ്ത്രമല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാതിരുന്ന ജോൺ പിറകിൽനിന്ന്‌ ഊർന്നു താഴെപ്പോകാതിരിക്കാനായി മാഷിന്റെ പെട്ടി വണ്ടിയുടെ പിറകിലെ കാരിയറിൽ വെച്ച് കെട്ടി. ജോൺ സാൻഡ്‌വിച്ചായി. (സോറി, ദൃക്‌സാക്ഷിയല്ലാത്തതിനാൽ ആ യാത്രയുടെ കമന്ററി എന്റെ പക്കലില്ല) ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഡബ്ബിങ്‌ നടന്നിരുന്നത്. ഹോട്ടൽ മുറിയിലൊന്നും താമസിക്കാൻ സാമ്പത്തികം ഇല്ലാത്തതുകൊണ്ട് അന്നത്തെ കെ.എസ്.എഫ്.ഡി.സി.യുടെ ചുമതലയുണ്ടായിരുന്ന ഷാജി എൻ. കരുൺ തന്റെ പേരുപോലെ കാരുണ്യവാനായി. ഫ്ലോറിന് മുകളിൽ ജോലിക്കാർക്ക് വിശ്രമിക്കാനുള്ള ഡോർമിറ്ററി പോലുള്ള രണ്ടു മൂന്നു അറകൾ ദരിദ്രവാസികളായ ഞങ്ങൾക്ക് അനുവദിച്ചുതന്നു. ജോണും സംഘവും അവിടെ ചേക്കേറി. താഴത്തെ ഫ്ലോറിൽ അക്കാലത്ത് മമ്മൂട്ടി ‘സ്നേഹമുള്ള സിംഹ’മായി നടിക്കുന്നുണ്ടായിരുന്നു. താഴെ ഷൂട്ട് നടക്കുമ്പോൾ ജോൺ നിശ്ശബ്ദനാകും. എല്ലാവരോടും ബഹളമുണ്ടാകാതിരിക്കാൻ പറയും, ‘അവര് ചുമ്മാ അവരുടെ ജോലിയെടുക്കട്ടെ, നമ്മളായിട്ട് ബുദ്ധിമുട്ടാക്കണ്ട.’ അതായിരുന്നു ജോൺ ലൈൻ.

ബാലചന്ദ്രമേനോനും തന്റെ സിനിമയുടെ ജോലികൾക്കായി അവിടെ ഉണ്ടായിരുന്നു. ആർക്കും ജോൺ ഒരു പ്രശ്നമായിരുന്നില്ല. പ്രശ്നമായിരുന്നത് കൂടെയുള്ള ഞങ്ങൾക്കൊക്കെ ആയിരുന്നല്ലോ! ചിത്രാഞ്ജലി കഥ അവിടെ നിൽക്കട്ടെ. അത് ഒരുപാട് എപ്പിസോഡുകൾ അപഹരിച്ചേക്കാം. നമുക്ക് മോട്ടോർ ബൈക്കിൽ കയറാം.

ഡബ്ബിങ്‌ കഴിഞ്ഞു എല്ലാവരും കെട്ടുകെട്ടി. ജോൺമാത്രം പിന്നെയും അവിടെ തങ്ങി, ഇനിയും ജോലികൾ ബാക്കിയുണ്ടല്ലോ. മാഷിന് തിരിച്ചു പോകണം; എനിക്കും പോകണം. അപ്പോൾ മാഷ് പറഞ്ഞു: ‘‘നീ ഇതുവരെ ലോങ്‌ ഓടിച്ചിട്ടില്ലല്ലോ, ഒരു കാര്യം ചെയ്യ്, ഇവിടന്നങ്ങോട്ട് നീ ഓടിച്ചോ. നിനക്കൊരു റെക്കോഡ് ആയിക്കോട്ടെ!’’ മോട്ടോർ സൈക്കിൾ ഓടിക്കാൻ കിട്ടുന്ന ഒരവസരവും അന്നും ഇന്നും ഞാൻ പാഴാക്കാറില്ല, മാത്രവുമല്ല കോേളജിൽ പഠിക്കുന്ന കാലത്തുതന്നെ മാഷിന്റെ ബൈക്കിന്റെ റിപ്പയർ വർക്കുകൾ നടത്തി ഞാനൊരു ചെറിയ മെക്കാനിക്ക് ആണെന്ന് ചുരുങ്ങിയപക്ഷം മാഷിനെങ്കിലും ഒരു ഐഡിയ ഞാൻ കൊടുത്തിരുന്നു. മോട്ടോർ വാഹനങ്ങളോടുള്ള കമ്പവും അന്നത്തെ ചോരത്തിളപ്പും കൂടിയായപ്പോൾ ഞാൻ അതങ്ങ് ഏറ്റു. അങ്ങനെ യാത്ര ആരംഭിച്ചു. ഫ്ളാഗ് ഓഫ് ചെയ്തത് സാക്ഷാൽ ജോൺ !

യാത്ര തുടങ്ങുന്നു

അങ്ങനെ മാഷിന്റെയും എന്റെയും പൊക്കണങ്ങൾ പിറകിൽ കെട്ടിവെച്ച് ഞങ്ങൾ തിരോന്തരംവിടുന്നു. ഇത്തവണ മാഷാണ് സാൻഡ് വിച്ചായത്, ഞാൻ ഡേവനും. മാഷ് പറഞ്ഞു: ‘‘എന്നാ വിട്ടൂട്, നിനക്കൊരു റെക്കോഡ് ആയിക്കോട്ടെ!’’ തിരോന്തരം കഴിഞ്ഞാൽ കൊല്ലം എന്നാണല്ലോ കണക്ക്. എന്നാൽ കണക്ക് കൂട്ടിയിട്ടും കൂട്ടിയിട്ടും രാജ്ദൂത് പാഞ്ഞെത്തിയ ദൂരത്തിന്റെ പേരാണ് കഴക്കൂട്ടം. കഴക്കൂട്ടമെത്തിയാൽ ഗോപാലകൃഷ്ണൻ എന്നൊരു ചൊല്ല് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ‘അമ്മ അറിയാൻ’ ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന ഗോപാലകൃഷ്ണന്റെ വീട് കഴക്കൂട്ടത്താണ് എന്നതുകൊണ്ടാണത്. എന്നാൽ, അവനെ തിരക്കിപ്പോകുക എന്നതായി അടുത്ത ലക്ഷ്യം. മൊബൈലും ഗൂഗിൾ മാപ്പും ഇല്ലാത്ത കാലമാണെന്നോർക്കണം. പക്ഷേ, അന്നത്തെ മനുഷ്യരെല്ലാം പലപ്പോഴും ഇന്നത്തെ ഗൂഗിൾ മാപ്പിനെക്കാൾ ഭേദമായിരുന്നു. ഗോപാലകൃഷ്ണൻ വീട്ടിലുള്ളതിനാലും വീടിന്റെ വാതിൽ ഞങ്ങൾക്കായി തുറന്നിട്ടതിനാലും പ്രാതലിനു ബുദ്ധിമുട്ടുണ്ടായില്ല. കോഴിക്കോട്ടേക്കുള്ള യാത്രയാണെന്ന് പറഞ്ഞപ്പോൾ അവനും വരണം എന്നുണ്ടായിരുന്നു, പക്ഷേ, ഇനിയുമൊരു സാൻഡ്‌വിച്ച് ആവശ്യമില്ലാത്തതിനാൽ എടുത്തില്ല. (മാസങ്ങൾ കഴിഞ്ഞു ഞങ്ങൾ കേട്ടവാർത്ത ഒരു ബൈക്ക് അപകടത്തിൽപ്പെട്ട് അവൻ മരിച്ചു എന്നതാണ്).

കഴക്കൂട്ടം കഴിഞ്ഞാൽ കൊല്ലം എന്ന ചിന്തയിൽ വീണ്ടും വണ്ടി മുന്നോട്ട്. അപ്പോൾ അതാ വഴിമുടക്കിയായി കിടക്കുന്നു തോന്നയ്ക്കൽ എന്നൊരിടം. എനിക്ക് നല്ല ദാഹം, ചുവന്ന ബൾബ് പകൽ കത്താറില്ലെങ്കിലും എന്റെ ഉൾവെളിച്ചം എനിക്ക് ദാഹം മാറ്റാനുള്ള ഇടം കാണിച്ചുതന്നു. ഇവിടെ ഞാൻ ജോണും മാഷ് പുറത്ത് കാവൽ നിൽക്കുന്ന അതേ പഴയ മാഷും ആയി. അതാണ് അന്നത്തെ അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ സുതാര്യത!

അക്കാലത്ത് തോന്നയ്ക്കൽ വാസുദേവൻ ഞങ്ങളുടെ പരിചിതവലയത്തിനകത്ത് കുടുങ്ങിയിട്ടില്ലാത്തതിനാൽ വണ്ടി നേരെ കൊല്ലത്തേക്ക്. കൊല്ലത്തെ കാക്കനാടൻമാരിൽ അകപ്പെട്ടാൽ യാത്ര മുടങ്ങും എന്ന് മാഷിന് അറിയാമായിരുന്നതുകൊണ്ട് അതൊഴിവാക്കി കൊല്ലത്തുതന്നെയുള്ള ‘അമ്മ അറിയാനി’ലെ സഹസംവിധായകരിൽ ഒരാളായ ബർണാഡിനെ തിരക്കിനോക്കിയെങ്കിലും കൊല്ലത്തെ ഒരു ആലയിലും ബർണാഡ് എന്ന ആടിനെ കണ്ടുകിട്ടിയില്ല. എന്നാപ്പിന്നെ തന്റെ ഗൈഡ് ആയ പ്രൊഫസറെ (ശോഭീന്ദ്രൻ മാഷിനും ഗൈഡ്!) കാണേണ്ട ആവശ്യമുണ്ടെന്ന് മാഷ്. ശരി അങ്ങോട്ടു പോവുകതന്നെ. വീട് കണ്ടുപിടിച്ചു. മാഷ് അകത്തേക്കും ഞാൻ പൂച്ചയെപ്പോലെ പുറത്തേക്കും പോന്നു. എനിക്ക് ഉരുക്കുവാൻ കൈയിൽ പൊന്നില്ലല്ലോ!

ആഡം സ്മിത്തിനെയും അമർത്യ സെന്നിനെയുമൊക്കെ മലർത്തിയടിക്കാൻപോന്ന ഗവേഷണ സംബന്ധിയായ പല കണ്ടുപിടിത്തങ്ങളും നടത്തി മാഷ് പുറത്തെത്തി. അപ്പോഴേക്കും എനിക്ക് ചെറുതായി വിശന്നു തുടങ്ങിയിരുന്നു

‘‘മാഷേ എന്തെങ്കിലും കഴിക്കണ്ടേ?’’ -ഞാൻ ചോദിച്ചു ‘‘ഇതിപ്പോ കൊല്ലമല്ലേ ആയിട്ടുള്ളൂ, ഇച്ചിരികൂടിപോയാൽ ആലപ്പുഴ. അവിടെന്ന് കഴിക്കാം. ദാന്ന് പറയുമ്പോഴേക്കും നമ്മള് ആലപ്പുഴ എത്തൂലെ.’’ ‘‘ആണോ?’’ ഞാൻ അദ്‌ഭുതം കൊണ്ട് കുറിതൊട്ടു. ‘‘എന്നാപ്പിന്നെ കുറച്ച് ദൂരം മാഷ് ഓടിക്കൂ ഞാൻ പുറകിലിരിക്കാം.’’ ‘‘അയ്യോ അത് വേണ്ട നിനക്കൊരു റെക്കോഡ് ആയിക്കോട്ടേ’’ എന്നാ ശരി ആലപ്പുഴ ശരണം. എന്റെ മനസ്സിന്റെ മാപ്പിൽ തിരോന്ത്രം കഴിഞ്ഞാൽ, കൊല്ലം, പിന്നെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്. തീവണ്ടിസ്റ്റേഷനിലെ ബോർഡുകൾ മാതിരി. പക്ഷേ, അതിനിടയ്ക്കൊക്കെ പല നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു എന്നത് ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല. അങ്ങനെയാണ്, ഹരിപ്പാട്, കരുനാഗപ്പള്ളി, കായംകുളം തുടങ്ങിയ ദേശങ്ങളും അവിടെയൊ​െക്ക പകലിലും ചുവപ്പ് ബൾബ് പ്രകാശിക്കുന്ന ഇടങ്ങൾ ഉണ്ടെന്നും ഞാൻ അറിഞ്ഞത്. അങ്ങനെ മേൽപ്പറഞ്ഞ സാമന്തരാജ്യങ്ങളിൽ നിർത്തിനിർത്തി ഒടുവിൽ ഞങ്ങൾ ആലപ്പുഴ കണ്ടുപിടിച്ചു.

ആലപ്പുഴയിലെ മഴ, മറന്നുവെച്ച തൊപ്പി

അതൊരു ഭയങ്കര കണ്ടുപിടിത്തമായിപ്പോയി. ആലപ്പുഴ എത്തുമ്പോഴേക്കും ആകാശം കറുത്തു. കാളിദാസൻ പറഞ്ഞുവിട്ട മേഘങ്ങൾ ഇടയ്ക്കുവെച്ച് പണിമുടക്കി തുള്ളികളായി താഴേക്ക് അടർന്നു വീണുകൊണ്ടിരുന്നു. മഴ കാണാൻ നല്ല ശേലാണ് പക്ഷേ, ചില സമയങ്ങളിൽ കൊള്ളാനോ തീരെ കൊള്ളില്ല. പ്രത്യേകിച്ച് വണ്ടിയോടിക്കുന്നവർക്ക്. സൂചികൊണ്ട് മുഖത്ത് കുത്തുന്ന വേദനയാണ് ഉയരങ്ങളിൽനിന്നും ചാഞ്ഞുപതിക്കുന്ന മഴത്തുള്ളികൾക്ക്. ഞങ്ങൾക്കാണെങ്കിൽ ഹെൽമെറ്റോ മഴക്കോട്ടോ ഇല്ല. മഴ സാധാരണ ഇരുട്ടാണ് കൊണ്ടുവരുക. എന്നാൽ, മാഷുടെ തലയിൽ മഴ വീണപ്പോൾ വെളിച്ചമാണുണ്ടായത്. തന്റെ പച്ചത്തൊപ്പി കൊല്ലത്തെ പ്രൊഫസറുടെ വീട്ടിൽ മറന്നുവെച്ച കാര്യം മാഷിന്റെ തലയിൽ അപ്പോഴാണ് തെളിഞ്ഞത് . ‘‘ജോയി ഒന്ന് നിർത്തിയാലോ?’’ ‘‘എന്തേ മാഷേ?’’ തൊപ്പി മറന്നുവെച്ച കഥ മാഷ് പറഞ്ഞു. പിന്നെ സ്വയം ആശ്വസിച്ചു: ‘‘സാരല്യ തൊപ്പിയല്ലേ പോയുള്ളൂ! തല അവിടെയുണ്ടല്ലോ. തൊപ്പിക്ക് മഴ കൊള്ളാൻ യോഗമില്ല എന്ന് കരുതിയാൽ മതി.’’ ചിലപ്പോൾ മാഷ് അങ്ങനെയാണ്, തത്ത്വചിന്താപരമായി സംസാരിച്ചുകളയും. പെട്ടെന്നുതന്നെ കോഴിക്കോട്ടുകാരന്റെ ശുദ്ധതയും കൈവരിക്കും. ‘‘ന്നാ മഴ കൂടും മുൻപേ വേഗം വിട്ടൂട്’’ അതും പറഞ്ഞു മാഷ് ദാർശനികമായി മഴ നനഞ്ഞു. മഴയ്ക്കുണ്ടോ ദാർശനികമായ വേർതിരിവുകൾ?

മഴ ഞങ്ങളെ അടിമുടി വെള്ളത്തിലാക്കി. ചുവപ്പ് ബൾബ് തന്ന ഉത്തേജനമൊക്കെ അതിലൊലിച്ചു പോയി. ‘‘നമുക്ക് ഇച്ചിരി നേരം ഒന്ന് നിർത്തിയാലോ?’’ ഞാൻ ചോദിച്ചു. മാഷ് പുറത്തെ ഏതോ ബോർഡ് വായിച്ചു സ്ഥലം മനസ്സിലാക്കി. ‘‘നമ്മളിപ്പോ അമ്പലപ്പുഴ എത്തി. ഈ മഴ അമ്പലപ്പുഴ മാത്രമേ ഉണ്ടാവൂ, ആലപ്പുഴ എത്തിയാൽ മഴയുണ്ടാകില്ല.’’ സാമ്പത്തികശാസ്ത്രമാണ് വിഷയമെങ്കിലും കാലാവസ്ഥാകാര്യങ്ങളിലും അദ്ദേഹം ശുദ്ധാത്മാവ് തന്നെ. മഴയ്ക്കുണ്ടോ അമ്പലപ്പുഴയും ആലപ്പുഴയും! മഴയുടെ കാഠിന്യം കൂടുകതന്നെയാണ്. പകലിലെ ഇരുട്ടുമഴ മുൻപിലുള്ള നിരത്തുപോലും കാണാതാക്കി.’’ ‘‘ഓടിച്ചിട്ടും ഓടിച്ചിട്ടും ആലപ്പുഴ എത്തുന്നില്ലല്ലോ മാഷേ? നമുക്ക് വഴിതെറ്റിയോ?’’ അപ്പോൾ വന്നു മാഷിന്റെ ക്ലാസ്സ് മറുപടി: ‘‘എല്ലാ വഴികളും അവസാനം ചെന്നെത്തുക ഒരേ വഴിയിലാണ്.’’ അനുബന്ധവും വന്നു: ‘‘ഒന്നും നോക്കണ്ട യ്യ് വേഗം വിട്ടൂട്.’’ പിന്നെ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, നേരെ വിട്ടു. ആ പോക്കിലാണ് വണ്ടി ഒരു ഗട്ടറിൽ ചാടിയത്. ഞങ്ങൾ ഇരുവരും തെറിച്ചു പോയില്ല എന്നുമാത്രം. എതിരേവന്ന കെ.എസ്.ആർ.ടി.സി. ബസ് സൈഡ് തരാതെവന്നപ്പോൾ ഞാൻ വെട്ടിച്ചതാണ് വണ്ടി കുഴിയിൽ ചാടാൻ കാരണം. അക്കാലത്ത് കുഴികളെക്കൊണ്ടായിരുന്നു നിരത്ത് ഉണ്ടാക്കിയിരുന്നതെന്ന് ചരിത്രകാരന്മാർ. ഭാഗ്യത്തിന് ബസ്‌ ഡ്രൈവറുടെ തെറി മഴയുടെ മുഴക്കത്തിൽ ഒലിച്ചുപോയി.

ഞങ്ങൾ കുലുങ്ങിക്കുലുങ്ങി മുന്നോട്ട് ...ബൈക്കിനു പകരം കുതിരയെയാണോ ഓടിക്കുന്നതെന്നു എനിക്ക് സംശയമായി, കാരണം തെളിച്ച വഴിക്കല്ല വണ്ടി പോകുന്നത്, ഇടത്തോട്ട് തിരിക്കുമ്പോൾ വലത്തോട്ട് പോകും വലത്തോട്ടാണെങ്കിലോ ഇടത്തോട്ടും പോകും. ‘‘മാഷെ ഇനി മുൻപോട്ട് പോണമെങ്കിൽ നമുക്ക് ഏതെങ്കിലും വർക്ക് ഷോപ്പിൽ കാണിക്കണം.’’ ‘‘ജോയിതന്നെ ഒന്ന് നോക്ക്, നീ ഒരു മെക്കാനിക്ക് അല്ലേ’’ -എന്നായി മാഷ്. ‘‘നടക്കൂല മാഷേ, ഞാൻ വിചാരിച്ചിട്ട് കാര്യമില്ല, കാര്യമായ എന്തോ പ്രശ്നമാണ് നമുക്ക് വർക്ക്ഷോപ്പ് തന്നെ നോക്കാം.’’ ‘‘ആയിക്കോട്ടെ’’ എന്ന് മാഷ് പിന്നീട് വർക്ക്ഷോപ്പ് നോക്കിയായിരുന്നു യാത്ര. മഴയും ഇരുട്ടുംകൂടി ആലപ്പുഴ ഞങ്ങളുടെ കണ്ണുകളിൽനിന്നും മറച്ചു. ഞങ്ങൾ ചേർത്തലയ്ക്കുള്ള വഴിയിലാണെത്തിയത്. അപ്പോൾ മഴയുടെ മാറ്റ് ഒന്നുകുറഞ്ഞു. രംഗം തെളിഞ്ഞു. റോഡരികിൽ ഞങ്ങളെ കാത്തിട്ടെന്നവണ്ണം ഒരു ടൂ വീലർ വർക്ക് ഷോപ്പ് തുറന്നിരിക്കുന്നു.

അപ്പോൾ ജോൺ അമ്മയോട്‌ ചോദിച്ചു: ‘‘അവിടെ ഉലക്കയുണ്ടോ? അതൊരു ഒറ്റമൂലിയാണ്‌...’’
നേരം രാത്രി. കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു. ഇവിടെ മനുഷ്യർ ഇത്രനേരത്തേ കൂടണയുമോ? പോർച്ചുഗലിലെ കല്ലറയിലേക്ക് കൊണ്ടുപോയെങ്കിലും ഫോർട്ട് കൊച്ചിയിലെ പള്ളിപ്പറമ്പിലെ ഗാമയുടെ ശൂന്യമായ കുഴിമാടംപോലെ വിജനമായിരുന്നു മട്ടാഞ്ചേരിയിലെ നിരത്തുകൾ. അപ്പോൾ അതാ ഒരു രൂപം കടലിൽനിന്നും പൊങ്ങിവരുന്നപോലെ... ജോയ്‌ മാത്യു തുടരുന്നു...

സന്തോഷംകൊണ്ടെനിക്ക് ഓടിക്കാൻ വയ്യാതായി. ഞങ്ങൾ വർക്ക്‌ഷോപ്പിലെത്തി. അവിടത്തെ പ്രധാനിയോട് കാര്യം പറഞ്ഞു. അയാൾ വന്നു ഒറ്റ നോട്ടമേ നോക്കിയുള്ളൂ. ഹാൻഡിൽ ബാർ പിടിച്ചോരു പൊക്കൽ! അത് പഴം പോലെ ഊരി അയാളുടെ കൈയിൽ വന്നു. ഞങ്ങൾ അന്തംവിട്ടു നോക്കിനിൽക്കെ അയാൾ പറഞ്ഞു: ‘‘ഇത് ഉള്ളിൽവെച്ച് പൊട്ടിപ്പോയതാ. അപകടം പറ്റാതെ ഇവിടെവരെ എത്തിയത് ഭാഗ്യം! നിങ്ങൾ എവിടന്നു വരുന്നു?’’ ‘‘ഞങ്ങള് തിരുവനന്തപുരത്തുനിന്ന്‌ വരുകയാണ്.’’ ‘‘ഏതായാലും ഒന്നും പറ്റാതെ ഇവിടെ എത്തിയല്ലോ, ഹാൻഡിൽ ഷാഫ്റ്റ് പൊട്ടിയതാണ്, വെൽഡ് ചെയ്യേണ്ടിവരും. കുറച്ചുസമയം എടുക്കും.’’ ‘‘ആയിക്കോട്ടെ.’’ എന്ന് മാഷ്.

joy mathew
ജോയ് മാത്യു, പ്രൊഫ. ശോഭീന്ദ്രൻ, കവയിത്രി റോസ് മേരി എന്നിവർ

അപ്പോഴാണ് അടുത്ത ചായക്കടയിലെ ചില്ലലമാരയിൽ സ്വർണനിറമുള്ള കപ്പ വേവിച്ചത് ഞങ്ങളെ കൊതിയോടെ നോക്കുന്നത് കണ്ടത്. ഇനിയെന്തിനു കാത്തുനിൽക്കണം? നല്ല മത്തിക്കറിയും ബീഫും കപ്പയ്ക്ക് കൂട്ട് വന്നപ്പോൾ അവിടെത്തന്നെ താമസിച്ചാലോ എന്നും തോന്നിപ്പോയി. ഹോട്ടലിലെ ബില്ല് മാഷ് കൊടുത്തു. ഇനി വർക്ക്ഷാപ്പിലെ ബില്ല് കൊടുക്കണം. ‘‘അമ്മദ് ഒന്നും തന്നില്ലേ ?’’(അമ്മദ് എന്നാൽ അമ്മ അറിയാൻ സിനിമയുടെ നടത്തിപ്പുകാരൻ, അദ്ദേഹം യാത്ര​െച്ചലവിനായി എന്റെ െെകയിൽ പണം തന്നിരിക്കും എന്നാണു മാഷ് കരുതിയത്, മാഷുടെ െെകയിൽ ധാരാളം പണം ഉണ്ടാകുമെന്ന് ഞാനും കരുതി, അതൊരു തെറ്റാണോ സാർ?) ഞാൻ പറഞ്ഞു: ‘‘ഇല്ല.’’ വഴിനീളെയുള്ള ചുവന്ന ബൾബിട്ട ഇടത്താവളങ്ങളിലെല്ലാം മാഷിന്റെ പോക്കറ്റ് തന്നെയായിരുന്നു എന്റെ ഖജനാവ്. ‘‘അപ്പൊ ഇനി എന്താക്കും? വർക്ക് ഷോപ്പിൽ പൈസ കൊടുക്കണം, പെട്രോൾ അടിക്കണം’’ ഞാനും മാഷും കൈയിലുള്ളത് നുള്ളിപ്പെറുക്കിയാലും രക്ഷയില്ല. ഇനിയാണ് മാഷിന്റെ ഇടപെടൽ: മാഷ് ഒരു കടലാസിൽ വർക്ക് ഷോപ്പിന്റെ വിലാസം കുറിച്ചെടുക്കുന്നു. ജോലി കഴിഞ്ഞു നിൽക്കുന്ന മെക്കാനിക്കിനെ മാഷ് സമീപിക്കുന്നു ‘‘എന്താ നിങ്ങളെ പേര്?’’ ‘‘വർഗീസ്’’. എഴുതിയെടുത്ത കടലാസ് കാണിച്ച് മാഷ് ചോദിക്കുന്നു ‘‘ഇത് തന്നെയല്ലേ അഡ്രസ്?’’ വർഗീസ് ഭയന്ന മട്ടിൽ ‘‘എന്തിനാ?’’ വിജയനും ദാസനും നടിക്കുന്ന സി.ഐ.ഡി. സിനിമകൾ അപ്പോൾ ഇറങ്ങിയിട്ടില്ലെങ്കിലും മാഷിന്റെ പട്ടാളക്കുപ്പായവും മറ്റും വർഗീസ്‌പുണ്യാളനിൽ സംശയത്തിന്റെ വിത്തുപാകുന്ന ശബ്ദം ഞാൻ കേട്ടു.

‘‘റിപ്പയർ ചെയ്തതിന്‌ എന്താ വേണ്ടത്?’’ ‘‘എന്തെങ്കിലും തന്നാൽ മതി’’ എന്ന് വിനയാന്വിതൻ വർഗീസ്. ‘‘അത് പറ്റില്ല. നിങ്ങൾ ചെയ്ത ജോലിയുടെ കൂലി നിങ്ങൾ പറയണം.’’ പുന്നപ്ര വയലാർ സമരഭൂമിയുടെ അയൽപ്രദേശമായതിനാലാവണം മാഷും ഞാനും പെട്ടെന്ന് കമ്യൂണിസ്റ്റുകൾ ആയി ‘ജോലിക്ക് കൂലി വരമ്പത്തുതന്നെ’ എന്ന നിലപാടെടുത്തു. ഏറെ നിർബന്ധങ്ങൾക്കുശേഷം ഒടുവിൽ വർഗീസ് പറഞ്ഞു: ‘‘അമ്പത് രൂപ തന്നാൽ മതി’’ അപ്പോഴാണ് മാഷ് ശരിക്കും വിജയനോ ദാസനോ ആയത്, ‘‘ന്നാൽ ഒരു കാര്യം ചെയ്യു ഒരു നൂറു ഉറുപ്പിക തരൂ,.. ചില്ലറയായിട്ടുമതി.’’ ചായക്കടയിൽ കൊടുക്കാൻ ചില്ലറയ്ക്കോ മറ്റോ ആണെന്ന് കരുതി നിഷ്‌കളങ്ക വർഗീസ് അകത്ത് പോയി പെട്ടിയിൽക്കിടന്ന നൂറു രൂപയുമായി വന്നു. അതിൽ നിന്നും അൻപത് രൂപയെടുത്ത് മാഷ് വർഗീസിന് തന്നെ നൽകുന്നു. കൂടാതെ ഇങ്ങിനെയും പറഞ്ഞു ‘‘പണിക്കൂലി കടമാക്കുന്നില്ല നൂറുരൂപ ഞാൻ കോഴിക്കോട്ട് എത്തിയിട്ട് അയക്കാം.’’ സാമ്പത്തികശാസ്ത്രത്തിൽ ആത്ര പിടിപാടില്ലാത്ത വർഗീസ് കണക്കിന്റെ കളികൾ ആലോചിച്ച് തല വിയർത്തു. ഞങ്ങൾ നൽകിയ അയാളുടെതന്നെ അൻപത് രൂപയുമായി ഇനിയെന്തെങ്കിലും പറയും മുൻപേ മാഷ് സ്ഥിരം ഡയലോഗ് കാച്ചി: ‘‘ന്നാ പിന്നെ അങ്ങനെ ചെയ്യാ’’ ഞങ്ങൾ യാത്ര പറഞ്ഞു. ഇനി കൊച്ചിക്ക്. അതെ, പഴയ കൊച്ചിയിലേക്ക് തന്നെ...

കാണാത്ത കലാധരനും ഉമ്പായി ആവാത്ത ഇബ്രായിൻകുട്ടിയും

‘‘അപ്പോൾ മാഷേ നമ്മുടെ കൈവശം ഇനി പൈസ ഒന്നും ഇല്ലല്ലോ’’ -ഞാൻ ആകുലനായി. മാഷിന് യാതൊരു കുലുക്കവുമില്ല, മാത്രമല്ല വീണ്ടും തത്ത്വചിന്തകനുമായി: ‘‘അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും.’’

‘‘പക്ഷേ, നമ്മൾ നടക്കുകയല്ലല്ലോ മാഷേ ഓടുകയല്ലേ? അതിനു ഇന്ധനം വേണ്ടേ?’’ ‘‘അതും ശരിയാണല്ലോ. ഒരു കാര്യം ചെയ്യ്, കൊച്ചിയെ മറന്നേക്ക്. നേരെ എറണാംകുളത്തിനു വിട്. അവിടെ നമ്മുടെ കലാധരൻ ഉണ്ടല്ലോ, ഇല്ലെങ്കിൽ തങ്കച്ചനെങ്കിലും ഉണ്ടാവും.’’

ഒഡേസയുടെ എറണാകുളത്തെ സംഗമകേന്ദ്രം ചിത്രകാരനായ കലാധരന്റെ കാരിക്കാമുറിയിലെ കലാപീഠമാണ് അപ്പോൾ ലക്ഷ്യം. അങ്ങനെ കാരിക്കാമുറിയായി പക്ഷേ, അവിടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു എന്നുമാത്രം. മുറിക്കുള്ളിൽനിന്നും മുഴുവനായതോ പാതിയായതോ ആയ കലാധരന്റെ ചില്ലുചിത്രങ്ങൾ ആ ഇരുട്ടിലും ഞങ്ങളെ പരിചയഭാവത്തിൽ നോക്കി ചിരിച്ചു.

കലാധരനെ ബന്ധപ്പെടാനാണെങ്കിൽ വേറെ വഴിയൊന്നും ഇല്ല. ‘‘എന്നാപ്പിന്നെ കൊച്ചിക്കുതന്നെ പോട്ടെ, നമ്മൾ ഷൂട്ടുചെയ്ത സ്ഥലമല്ലേ ആരെങ്കിലുമൊക്കെ കാണാതിരിക്കുമോ?’’ -എനിക്ക് ചിരിവന്നു. ‘‘മാഷേ, ഷൂട്ട് കഴിഞ്ഞിട്ട് വർഷം ഒന്നുകഴിഞ്ഞില്ലേ?’’ ‘‘എന്നാലും അതിലെയൊക്കെ ഒന്ന് കറങ്ങിനോക്കാം, നിനക്കൊരു റെക്കോഡ് വേണ്ടേ?’’

എന്നെ വീഴ്ത്തുന്ന ആ റെക്കോഡ് സ്വപ്നം മാഷ് ഇടയ്ക്കിടയ്ക്ക് പുറത്തെടുക്കും, അപ്പോൾ ഞാൻ തരളിതനാവും, ക്ഷീണം മറക്കും. ‘അമ്മ അറിയാൻ’ ഷൂട്ടിങ്ങുമായി മാസങ്ങളോളം ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമൊക്കെ പണപ്പിരിവും അഭിനയവും ഒക്കെയായി നടന്നതിനാൽ പരിചയക്കാരും പറ്റുകടക്കാരും ഒട്ടേറെ. ആരെയെങ്കിലും കൈയിൽക്കിട്ടണമെന്ന പ്രാർഥനയിൽ വണ്ടിവിട്ടു.

നേരം രാത്രി. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. ഇവിടെ മനുഷ്യർ ഇത്രനേരത്തേ കൂടണയുമോ? പോർച്ചുഗലിലെ കല്ലറയിലേക്ക് കൊണ്ടുപോയെങ്കിലും ഫോർട്ട് കൊച്ചിയിലെ പള്ളിപ്പറമ്പിലെ ഗാമയുടെ ശൂന്യമായ കുഴിമാടംപോലെ വിജനമായിരുന്നു മട്ടാഞ്ചേരിയിലെ നിരത്തുകൾ. അപ്പോൾ അതാ ഒരു രൂപം കടലിൽനിന്നും പൊങ്ങിവരുന്നപോലെ. അടുത്തുവന്നപ്പോൾ ആളെ മനസ്സിലായി. ഞങ്ങളുടെ സിനിമയിൽ പാടിയ ഇബ്രായിൻകുട്ടി. ഉമ്പായി എന്ന് പിന്നീട് ജോൺ ജ്ഞാനസ്നാനം ചെയ്യുന്നതിനുമുൻപുള്ള ഗസൽ ഗായകൻ ഇബ്രായിൻകുട്ടി. കൂടെ ഒരു ആരാധകക്കൂട്ടവുമുണ്ട്.

ഇബ്രായിൻകുട്ടി ഞങ്ങളെയും ഞങ്ങൾ ഇബ്രയിൻകുട്ടിയെയും തിരിച്ചറിഞ്ഞെങ്കിലും സഹായം ചോദിക്കാനുള്ള ഒരു പരിചയം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ചില കാര്യങ്ങളിലൊക്കെ ഞങ്ങൾ ഭയങ്കര ഡീസന്റ് ആണ്. നല്ല പരിചയമുള്ളവരോടും തീരെ പരിചയമില്ലാത്തവരോടും മാത്രമേ പണം ചോദിക്കൂ. നടുക്കണ്ടങ്ങളെ വെറു​തേവിടുകയാണ് പതിവ്. അപ്പോൾപ്പിന്നെ ചോദിക്കാവുന്നത് അദ്ദേഹത്തെ ജോണിനും ഞങ്ങൾക്കും പരിചയപ്പെടുത്തിയ നസീമിനെ കണ്ടുകിട്ടാൻ എന്താണ് വഴി എന്നതാണ്.

നസീം ഉൾക്കടലിൽ മീൻപിടിക്കാൻ ബോട്ടിൽപ്പോയി എന്ന വിവരമാണ് അദ്ദേഹത്തിൽനിന്നു കിട്ടിയത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നീന്തിപ്പഠിക്കുന്നതുപോലെയാണ് നസീമിന് ആഴക്കടലിൽനിന്ന് മീൻപിടിക്കലും കരയിലിരുന്നു സിനിമപിടിക്കലും. നസീം മീൻപിടിച്ച് തിരിച്ചെത്തുന്ന സമയം പ്രവചനാതീതം എന്ന് ഷൂട്ടിങ്ങിനായി ഞങ്ങൾ താമസിച്ചിരുന്ന XL റെസ്റ്റോറന്റ് കാരൻ പയ്യൻ പറഞ്ഞു. അല്പനേരത്തേക്കെങ്കിലും അവൻ ഞങ്ങളുടെ സ്നേഹമുള്ള ആതിഥേയനായി. ചായകുടി കഴിഞ്ഞപ്പോൾ മാഷ് അവന്റെ അഡ്രസ്‌ എഴുതിയെടുക്കുന്നത് കണ്ടപ്പോൾത്തന്നെ എനിക്ക് കാര്യം മനസ്സിലായി.

‘‘തൃശ്ശൂർവരെ എത്താനുള്ളതുണ്ട്’’. ‘‘എന്നാ പിന്നെ അങ്ങോട്ട് വിട്ടൂട്. അവിടെ നമുക്കൊരാളുണ്ട്.’’ ഞാൻ എന്റെ സംശയം ചോദിച്ചു: ‘‘മാഷേ ഒരാളുടെ കൈയിൽനിന്നും ആദ്യമേ കുറച്ചധികം രൂപ വാങ്ങിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാകില്ലായിരുന്നല്ലോ?’’ അതിനും സാമ്പത്തികശാസ്ത്രത്തിൽ പ്രതിവിധിവന്നു. ‘‘ചെറിയ പൈസയാകുമ്പോൾ അവർക്കത് നിസ്സാരമായിരിക്കും. വലിയ തുകയാകുമ്പോൾ അവരുടെ പ്ലാനുകൾ നമുക്കുവേണ്ടി മാറ്റേണ്ടിവരും. അത് ശരിയല്ലല്ലോ! നമ്മൾ സിനിമ ഉണ്ടാക്കിയത് അങ്ങനെയല്ലേ?’’ നേരാംവണ്ണം മാഷിന്റെ എക്കണോമിക് ക്ലാസ്‌ അറ്റൻഡ് ചെയ്യാത്തതിന്റെ കുഴപ്പം എനിക്ക് അപ്പോഴാണ് ബോധ്യപ്പെട്ടത്.

അപ്പോൾ ഫോർട്ട് കൊച്ചിയിൽനിന്നു നേരെ വൈപ്പിനിലേക്ക്. മദ്യദുരന്തത്തിൽ കാഴ്ചപോയവരുടെ ദ്വീപ്. എന്നാൽ, ശബ്ദംകൊണ്ട് സിനിമയിൽ മന്ത്രവാദം ചെയ്യാനായി രംഗനാഥ് രവി എന്നൊരുവന്റെ ജനനം കാത്തുകിടക്കുന്ന മണ്ണ്. അവിടെ കിടന്നിരുന്ന അവസാനത്തെ ജങ്കാർ ഞങ്ങളെയും കയറ്റി ഫെറി കടത്തി. ഞങ്ങളും ബൈക്കും അങ്ങനെ കോട്ടപ്പുറത്തെത്തി.

പന്തളത്തുനിന്നും പന്തംകൊളുത്തി പി.സി. ജോസ്സിയും കൂട്ടരും പുസ്തകപ്രസാധകസംഘം കോട്ടപ്പുറത്തേക്ക് മാറ്റാൻ കച്ചകെട്ടിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ കോട്ടപ്പുറത്ത് ഞങ്ങൾക്കപ്പോൾ അത്താണികളില്ല. നേരെ കൊടുങ്ങല്ലൂർ, അവിടെ ക്ഷേത്രത്തിനു പടിഞ്ഞാറ് ഒ.കെ. ബിൽഡിങ്ങിൽ ജ്ഞാനബുദ്ധൻ ടി.എൻ. ജോയിയുണ്ട്. പക്ഷേ, ജനകീയസിനിമയോടും ജോണിനോടും അകലംപാലിച്ചിരുന്ന അദ്ദേഹത്തെ ഒഴിഞ്ഞുപോകുകയാണ് നല്ലതെന്നുതോന്നി .

അങ്ങനെ മതിലകം, തൃപ്പയാർ, വാടാനപ്പിള്ളി, കാഞ്ഞാണി വഴി തൃശ്ശിവപേരൂർ എന്ന് ഇന്ത്യൻ റെയിൽവേ എഴുതിവെക്കുകയും തൃശ്ശൂർ എന്ന് നാട്ടുകാർ പച്ചയ്ക്ക് പറയുകയും ചെയ്യുന്ന നാട്ടിലെത്തി. ‘‘മാഷേ, തൃശ്ശൂരെത്തി’’. അടുത്തതായി മാഷിന്റെ റൂട്ട് മാപ്പാണ്. ‘‘ഇവിടെ ഒരു വലിയ മെതാനമുണ്ട്. അതിനെ ചുറ്റിവരുമ്പോൾ ഒരു ലോഡ്ജ് കാണാം. അവിടെ ഒരാളുണ്ട്. അയാളെ കിട്ടിയാൽ എല്ലാം റെഡി’’. എനിക്കാകെ അറിയാവുന്നത് വാഞ്ചി ലോഡ്ജ് ആണ്. അതായിരുന്നു ഒഡേസയുടെയും ജോണിന്റെയും എന്നല്ല കേരളത്തിലെ ഒട്ടുമിക്ക സാംസ്കാരിക പ്രവർത്തകരുടെയും കേന്ദ്രഭരണപ്രദേശം. അങ്ങനെയാണ് തൃശ്ശൂരിന്‌ സാംസ്കാരിക തലസ്ഥാനം എന്ന പേർ ലഭിക്കുന്നത്. അല്ലാതെ ബത്തകിത്തകൾ വാങ്ങി പിഴയ്ക്കുന്നവരും അവർക്ക് ശീട്ട് എഴുതിക്കൊടുക്കുന്ന മാസശമ്പളക്കാരും ജീവിച്ചുപോകുന്ന തട്ടിനുമുട്ടിന്‌ അക്കാദമികളുള്ള രാജ്യമായതുകൊണ്ടല്ല. ഇന്നത്തെ കറന്റ് ബുക്സിന്റെ പബ്ലിക്കേഷൻ മാനേജർ ജോണി അക്കാലത്ത് കെ.എസ്.ആർ.ടി.സി.ക്ക് സമീപമുള്ള വാഞ്ചി ലോഡ്ജിൽ ഒരൊറ്റമുറിയിൽ ‘വാക്കി’നോ, ‘പ്രേരണ’യ്ക്കോ വേണ്ടി കാവൽകിടക്കുന്ന കാലം. സിവിക് ചന്ദ്രൻ ആയിരുന്നു മൊത്തത്തിൽ പത്രാധിപരെങ്കിലും ജോണിയായിരുന്നു ഏവർക്കും എന്തിനും പ്രാപ്യൻ. അന്നയാൾ നാൽപ്പതു വർഷങ്ങൾക്കുശേഷം എടുക്കാനുദ്ദേശിക്കുന്ന ‘വാഞ്ചി ലോഡ്ജ്’ എന്നൊരു സിനിമയ്ക്ക് തിരക്കഥ എഴുതാനായി പണിപ്പുര കെട്ടിയുണ്ടാക്കി അവിടേക്ക് താമസം മാറിയാലോ എന്ന ചിന്തയിലായിരിക്കാം എന്ന് ഞാൻ അകക്കണ്ണിൽ കണ്ടു. മാഷ് കാണാതിരിക്കാൻ കണ്ണ് ഇറുക്കിയടച്ചു. അദ്ദേഹത്തിന്റെ കല്പനയനുസരിച്ച് അദ്ദേഹത്തിനു മാത്രം അറിയാവുന്ന അജ്ഞാതന്റെ വാസസ്ഥലം തേടി ഞങ്ങൾ ഓട്ടം ആരംഭിച്ചു.

എടപ്പാൾ രാജ്യത്തെ മഴയും തട്ടുകടക്കാരന്റെ ചോദ്യവും

‘‘ഇപ്രാവശ്യം നമ്മൾ കണ്ടുപിടിക്കും!’’ ശുഭാപ്തിവിശ്വാസത്തിന്റെ അപ്പൂപ്പനായ മാഷ് ഒടുവിൽ മൈതാനത്തിന്റെ മൂന്നാം റൗണ്ടിൽ ഒരു പ്രത്യേക സ്ഥലമെത്തിയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു; വണ്ടി നിന്നു. ഞാൻ നോക്കിയപ്പോൾ തുടങ്ങിയ ഇടത്തിൽത്തന്നെയാണ് എത്തിനിൽക്കുന്നത്. മൂന്നുവട്ടം ചുറ്റിയടിച്ചതു വെറുതേ.

‘‘മാഷേ, ഇത് നമ്മൾ തുടങ്ങിയ ഇടത്തുതന്നെയാണ്’’. ‘‘ആയിക്കോട്ടെ അവസാനം എന്ന് പറഞ്ഞാൽ അതൊരു തുടക്കമല്ലേ!’’ വീണ്ടും ഫിലോസഫി. മാഷ് വണ്ടിയിൽനിന്നും ഇറങ്ങി ഒരു ഇടവഴിയിലേക്ക് അപ്രത്യക്ഷനായി. ഇരുളിൽ കുറച്ചധികം നേരം ഞാൻ കാത്തുനിന്നു. മാഷിനെ കാണാനില്ല. കൂരാക്കൂരിരുട്ട്. ഇങ്ങനെയുള്ള സമയത്താണത്രേ അമീബ ഇരപിടിക്കാൻ ഇറങ്ങുക എന്ന് ഏതോ പാഠപുസ്തകത്തിൽ വായിച്ചത് എനിക്കോർമവന്നു. ഞാൻ മാഷ് പോയ വഴിയിലൂടെ ഒന്ന് നടന്നുനോക്കി. അപ്പോഴതാ മാഷ് വരുന്നു. ‘‘എന്തായി മാഷേ, കണ്ടുപിടിച്ചോ’’. മാഷ് പറഞ്ഞു: ‘‘അതേ മുറി, അതേ ലൈറ്റ്, ഓൻ അന്നത്തെപ്പോലെ അതേ കസേരയിൽത്തന്നെ ഇരിക്കുന്നു.’’ ‘‘എത്ര കിട്ടി?’’ ഞാൻ 200 വാങ്ങി. ഇനി ടെൻഷനടിക്കേണ്ടല്ലോ’’

‘‘മാഷേ, ആദ്യം പെട്രോൾ, പിന്നെ ഭക്ഷണം’’. ‘‘ആയിക്കോട്ടെ’’. അങ്ങനെ പെട്രോളും ഭക്ഷണവും കഴിഞ്ഞു. കൈയിൽ കാശുണ്ടായിട്ടും ചുവന്ന ബൾബുകൾ പ്രകാശിക്കുന്ന വഴിയോരങ്ങൾ ഇനി ഉണ്ടാവില്ലല്ലോ എന്ന സങ്കടത്തോടെ ശേഷിച്ച ഭൂവിഭാഗങ്ങൾകൂടി കണ്ടുപിടിക്കാൻ ഞങ്ങൾ യാത്ര തുടങ്ങി.

എടപ്പാൾ രാജ്യത്ത് എത്തിയപ്പോൾ അമ്പലപ്പുഴയിൽ നിർത്തിവെച്ചിരുന്ന മഴ വീണ്ടും സ്റ്റാർട്ടായി; തുള്ളികളായി അടർന്നുവീണു. ‘‘മാഷേ’’. മാഷ് വിളി കേൾക്കുന്നില്ല. ഞാൻ വീണ്ടും വിളിച്ചപ്പോൾ മാഷ് വിളികേട്ടു. ‘‘ഞാനൊന്ന്‌ ഉറങ്ങിപ്പോയി’’.

നല്ല കഥ... മാഷ് പിറകിലിരുന്ന്‌ ഉറങ്ങുന്നു. ‘‘മാഷേ, മഴ... ഒന്ന് നിർത്തിയാലോ?’’ ‘‘ഏയ് ഇതിപ്പോ നിക്കും’’ പറഞ്ഞപോലെ കുറ്റിപ്പുറത്തെത്തിയപ്പോൾ മഴ ഓഫാവുകയും ചെയ്തു.
കണ്ടോ ഓരോ സ്ഥലത്തിനും എത്ര മഴവേണമെന്ന് മഴക്കറിയാം. കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസ്‌ കാത്തുനിൽക്കുന്ന മനുഷ്യരും അവർക്കരികിൽ നല്ല ഒരു തട്ടുകടയും കണ്ടപ്പോൾ ഞാൻ വണ്ടിനിർത്തി. തട്ടുകടയിൽനിന്നും ഒരു ഉശിരൻ ഓംലറ്റും കട്ടൻകാപ്പിയുമായി ഞാൻ അടുത്തുള്ള കടവരാന്തയിൽ പോയിരുന്നു. തട്ടുകടക്കാരനും മാഷും ചിരപരിചിതരെപ്പോലെ സംഭാഷിക്കുന്നത് ഞാൻ ഒരു ചെവികൊണ്ട് കേൾക്കുന്നുണ്ടായിരുന്നു. തട്ടുകടക്കാരൻ: ‘‘നിങ്ങളെവിടുന്നു വരുന്നു?’’ ‘‘തിരുവന്തപുരത്താനിന്നും’’.

‘‘എങ്ങോട്ടാ പോണത്?’’. ‘‘കോഴിക്കോട്’’. ‘‘ഇതുമ്മലോ?’’ തട്ടുകടക്കാരന്റെ അദ്‌ഭുതപരതന്ത്ര നിമിഷത്തിന്റേതായ ചെറിയൊരു ഇടവേള, പിന്നെ ഇങ്ങനെ: ‘‘കോഴിക്കോട്ടേക്ക് ഇഷ്ടംപോലെ ബസുണ്ടല്ലോ. പിന്നെന്തിനാ ഇതുമ്മലു പോണത്? വല്ല മെച്ചവുമുണ്ടോ? ഇതുമ്മല് മര്യാദയ്ക്ക് അവിടെ എത്ത്വാ?’’ ഇനി മാഷ് പറയുന്നത് കേൾക്കാതിരിക്കാൻ ഞാൻ മറ്റേ ചെവിപൊത്തി. ‘‘ആ ഇരിക്കുന്ന ആള്’’. ‘അമ്മ അറിയാൻ’ സിനിമയിലെ നായകനാ... ഓനൊരു റെക്കോഡ് ആയിക്കോട്ടേന്ന് വിചാരിച്ചിട്ടാ?’’ ‘‘എന്നാപ്പിന്നെ ങ്ങക്ക്‌ കാസർകോട്‌ വരെ പൊയ്ക്കൂടേ? അന്നേരം രണ്ടറ്റവുമായി. അതല്ലേ റെക്കോഡ്’’
- കടക്കാരന്റെ ന്യായമായ ചോദ്യം.

ശോഭീന്ദ്രൻമാഷിന്റെ പൊട്ടിച്ചിരികേട്ട് എന്റെ വയറൊന്നു കാളി. ഇനി മാഷ് നേരെ കാസർകോടു പിടിച്ചോ എന്ന് പറഞ്ഞാൽ തീർന്നതുതന്നെ. ഭാഗ്യം അതുണ്ടായില്ല. വണ്ടിയിൽക്കയറി. ഞാനൊന്ന് തിരിഞ്ഞുനോക്കിയപ്പോൾ തട്ടുകടക്കാരൻ ഞങ്ങളെ നോക്കി കഷ്ടംവെച്ച് കസ്റ്റമേഴ്‌സിനോട് രണ്ടു വട്ടന്മാർ എന്നോ മറ്റോ പറയുന്നുണ്ടായിരുന്നു. കുറ്റിപ്പുറം കഴിഞ്ഞപ്പോൾ ഒരു സമാധാനമൊക്കെ മനസ്സിന് കിട്ടി. സ്വന്തം നാട്ടിലെത്തിയ പ്രതീതി. അപ്പോഴതാ കുറ്റിയും കോലുമില്ലാതെ മഴ വീണ്ടും ഇരച്ചാർത്തുവരുന്നു. ഇത്തവണ അല്പം കടുപ്പത്തിലാണ്. വീണ്ടും മുഖത്ത് സൂചികൊണ്ടുള്ള കുത്തുകൾ. എതിരേവരുന്ന വണ്ടികളുടെ കത്തുന്ന വെളിച്ചം... ഇനിയും ഹാൻഡിൽ ബാർ പൊട്ടിയാൽ ഇവിടെ സഹായിക്കാൻ ഒരു ഗീവർഗീസ് പുണ്യാളനും ഉണ്ടാവില്ല.

എനിക്ക് മതിയായിത്തുടങ്ങിയിരുന്നു. ശരീരമാസകലം വേദന. ഒരല്പം കിടന്നേ പറ്റൂ. മണി മൂന്നോ മറ്റോ ആയിട്ടുണ്ടാവും. ‘‘മാഷേ, എന്താക്കും? ഒന്നും കാണാൻവയ്യ...’’ ‘‘നമ്മൾ എത്തറായില്ലേ... ജോയി വിട്ടോ, ഞാൻ നോക്കുന്നുണ്ട്’’ എന്ന് മാഷ്. എനിക്ക് ചിരിയും കരച്ചിലും ഒപ്പം വന്നു. ബൈക്കിന്റെ പിറകിലിരിക്കുന്ന ആൾ നോക്കിയാൽ ഓടിക്കുന്നവന്‌ എന്ത് ഗുണം? ഒടുവിൽ എവിടെയെങ്കിലും നിർത്താൻ ഉഭയകക്ഷി തീരുമാനമായി. ഒരു പെട്ടിക്കട കണ്ടുപിടിച്ച് ഞാൻ അവിടെ നിർത്തി. നിന്നുതിരിയാൻപോലുമിടമില്ലാത്ത ഓലമേഞ്ഞ ആ കടയുടെ വരാന്തയിൽ മിട്ടായിഭരണികൾ വെക്കുന്ന ഒരു തട്ട് ശൂന്യമായി കിടക്കുന്നത് കണ്ടു. എനിക്കത് പൂമെത്തപോലെ തോന്നിച്ചു. പിന്നൊന്നും നോക്കിയില്ല. ഞാനാ പൂമെത്തയെ പുണർന്നു. മിട്ടായിഭരണി വെക്കുന്ന സ്ഥലമായതുകൊണ്ട് പാറ്റകളുടെ ചുംബനാലിംഗനങ്ങളൊന്നും എന്റെ ഉറക്കത്തെ ബാധിച്ചില്ല.

പ്രഭാതം പൊട്ടിവിടരുന്ന ശബ്ദമുണ്ടാക്കി ഒരു പാണ്ടിലോറി വന്നുനിന്നു. ‘മാഷെവിടെ?’ അപ്പോഴാണ് അദ്ഭുതകരമായ ആ കാഴ്ച കണ്ടത്. മാഷ് ചുവരിൽനിന്നും എഴുന്നേറ്റുവരുന്നു. അതുവരെ പാവം പാതി മഴയുംകൊണ്ട് ചുവരിൽ ചാരിനിന്ന് ഉറങ്ങുകയായിരുന്നു. മനുഷ്യന് ഉറക്കംവന്നാൽ ഏതു ചുമരിലും ചാരിനിന്ന് ഉറങ്ങാൻ കഴിയും. ആനയും മനുഷ്യനും തമ്മിലുള്ള ഒരേയൊരു സാമ്യം അതാണത്രേ. ഇങ്ങനെ നിന്നുറങ്ങുന്ന മറ്റൊരാളുണ്ടായിരുന്നത് മരിച്ചുപോയ ബോംബെക്കാരൻ ചങ്ങാതി അവദൂതൻ ശശിയാണ്. തുടർന്നുള്ള ജീവിതപ്പാച്ചിലിൽ ബസുകളിലും തീവണ്ടികളിലുമൊക്കെ ഞാനും ഇത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

മഴനിന്നു. വെളിച്ചത്തെ ആരോ തുറന്നുവിട്ടപോലെ പരന്നൊഴുകാൻ തുടങ്ങി. ആറുമണി പ്രകാശം. മഴ തോർന്നിരുന്ന നിലം, നിരത്ത്... മിട്ടായിത്തട്ടിൽനിന്ന് ഞാനും ചുവരിൽനിന്ന് മാഷും ഉറക്കമുണർന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഞങ്ങൾ ചുരുണ്ടുകൂടിയതിന്റെ തൊട്ടരികിൽ പണിപൂർത്തിയായ ഒരു ഷോപ്പിങ്‌ കോംപ്ലക്സിന്റെ ഷട്ടർവെക്കാത്ത വലിയ വിശാലമായ മുറികൾ മലർന്നുകിടക്കുന്നു. അതിനുള്ളിൽ തൊഴിലാളികളായിരിക്കാം. ചിലർ ന്യൂസ് പേപ്പർ വിരിച്ച് സുഖമായുറങ്ങുന്നു. കണ്ടിട്ട് കൊതിയായിപ്പോയി. പെട്ടിക്കടകണ്ട അത്യാവേശത്തിൽ പരിസരം നോക്കാൻമറന്ന ഞങ്ങൾ ചാപ്ലിൻ സിനിമയിലെ കഥാപാത്രങ്ങളായി; ബ്ലീച്ചായി. ‘‘ഹോ ഇത്ര നല്ല സ്ഥലം ഇവിടെ ഇണ്ടായിനി ലെ?’’ എന്ന് കോഴിക്കോടൻ ശൈലിയിൽ പറഞ്ഞ്‌ കാണേണ്ടത് കാണേണ്ട സമയത്ത് കാണാത്തവരാണല്ലോ നമ്മൾ എന്ന തത്ത്വചിന്താപരമായ ദീർഘനിശ്വാസംവിട്ട്‌ മാഷ്‌ ​ബൈക്കിന്‌ പിന്നിലിരുന്ന്‌ എന്റെ ചുമലിലേക്ക്‌ ചാഞ്ഞു.

വീണ്ടും റെക്കോഡ് തികയ്ക്കാൻവണ്ടി മുന്നോട്ട്. അവസാനം ഞങ്ങൾ കോഴിക്കോട് കണ്ടുപിടിച്ചു.

വാസ്‌കോഡഗാമ കണ്ടുപിടിച്ചത് വേറെ കോഴിക്കോടാണല്ലോ! ‘‘എന്നാ നമുക്കൊരു ചായകുടിച്ച് പിരിയാം’’ എന്ന് മാഷ്. അതിരാവിലത്തെ കോഴിക്കോട്ടെ ചായക്കടയിലെ ചൂട് ചായയും പുട്ടും പപ്പടവും കഴിച്ചതോടെ ഖജനാവ് തീർത്തും കാലിയായതായി മാഷ് പ്രഖ്യാപിച്ചു. കൂടെ റെക്കോഡ് നേടിയതിനുള്ള അഭിനന്ദനവും.

എന്റെ വീട് കഴിഞ്ഞിട്ടേ മാഷിന് ആറുകിലോമീറ്റർ അകലെയുള്ള കക്കോടിയിലെ മാഷുടെ വാസസ്ഥലത്ത് എത്താനാകൂ. അതിനാൽ എന്നെ എന്റെ വീട്ടിൽ തട്ടി മാഷ് വണ്ടിയോടിച്ചുപോയി. ഇരുപതു മണിക്കൂറിലധികം ഒരേ ഇരുപ്പിൽ വണ്ടിയോടിച്ച് ഞാൻ വളഞ്ഞുപോയിരുന്നു.

എന്നെ വീടിന്റെ പടിയിൽ ഇറക്കുമ്പോൾ മാഷ് പ്രഖ്യാപിച്ചു: ‘‘കുളിച്ചിട്ട് നല്ലോണം ഒന്നുറങ്ങിയാൽ ഒക്കെ ശരിയാവും. ഏതായാലും നിനക്കൊരു റെക്കോഡ് ആയല്ലോ!’’ റെക്കോഡ് ജേതാവായ ഞാൻ വളഞ്ഞുപിരിഞ്ഞുതന്നെ കട്ടിലിലേക്ക് വീണു. വൈകുന്നേരം തിരോന്തരത്തുനിന്നും ജോൺ വിളിച്ചു. ഞങ്ങൾ എത്തിയോ എന്നറിയാനാണ്. അമ്മയാണ് ഫോണെടുത്തത്. ഒരേ ഇരുപ്പിൽ ഇരുന്നത് കാരണം നടുനിവർക്കാൻവയ്യാതെ ഞാൻ കിടക്കുകയാണെന്ന് അമ്മ പറഞ്ഞു. മറുതലയ്ക്കൽനിന്നും ജോണിന്റെ പൊട്ടിച്ചിരി. ‘‘അവിടെ ഉലക്കയുണ്ടോ?’’ അമ്മക്കൊന്നും മനസ്സിലായില്ല. ‘‘എന്തിനാ?’’ അപ്പോൾ ജോൺ: ‘‘അത് ഒരു മരുന്നാ, ഒറ്റമൂലി. ശോഭി ഇങ്ങോട്ടു വന്നപ്പോഴും ഇങ്ങനെ ആയിരുന്നു. ഞാൻ ഉലക്കകൊണ്ടാണ് ശോഭിയെ നിവർത്തിയെടുത്തത്. വേണമെങ്കിൽ ഞാൻ തന്നെ ഉലക്കയുമായി വരാം’’ -വീണ്ടും ജോണിന്റെ പൊട്ടിച്ചിരി. ഇന്നും നിവരാത്ത എന്നെ നിവർത്തിയെടുക്കാൻ ഉലക്കയുമായി ഇനി സാക്ഷാൽ ജോൺ വരുമോ?

Content Highlights: Joy Mathew actor Director, Motorcycle diaries. Travel experience with Environmentalist T shobheendran, Jouney

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented