രോഹിത് എം.ജി കൃഷ്ണൻ | photo: special arrangements
ജോജു ജോര്‍ജ് ആദ്യമായി ഇരട്ടവേഷത്തിലെത്തിയ 'ഇരട്ട' മികച്ച പ്രതികരണമാണ് നേടിയത്. തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ ചിത്രം രാജ്യാന്തരതലത്തിലുള്‍പ്പടെ ശ്രദ്ധ നേടി. പ്രേക്ഷകര്‍ കൈയടികളോടെ സ്വീകരിച്ച ഈ ത്രില്ലറിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച രോഹിത് എം.ജി കൃഷ്ണന് ഇപ്പോഴിതാ ബോളിവുഡിലേയ്ക്ക് അവസരവും വന്നുചേര്‍ന്നിരിക്കുകയാണ്..
ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് തിരക്കഥ എഴുതാനായി രോഹിത്തിനെ സമീപിച്ചത്. സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് സംവിധായകന്‍.
നിര്‍മാതാവിനെ കിട്ടിയില്ലെങ്കില്‍ സ്വതന്ത്ര സിനിമയാക്കുമായിരുന്നു
2017 മുതല്‍ 'ഇരട്ട'യുടെ തിരക്കഥയുടെ എഴുത്തുപരിപാടികള്‍ നടക്കുന്നുണ്ടായിരുന്നു. കഥയുമായി പല നിര്‍മാതാക്കളെയും കാണുന്നുണ്ടായിരുന്നു. കുറച്ചു കാലം നോക്കാം, നിര്‍മിക്കാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ സ്വതന്ത്ര സിനിമയായി ചെയ്യാം എന്ന് കരുതി. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാം എന്നൊക്കെയായിരുന്നു പദ്ധതി. അങ്ങനെയിരിക്കെയാണ് 2019-ല്‍ സാജിദ് യാഹ്യയോട് കഥ പറയുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും നിര്‍മിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. 2020-ലാണ് ജോജു ചേട്ടനിലേയ്ക്ക് എത്തുന്നത്.

കോവിഡ് വന്നതോടെ ആകെ പ്രതിസന്ധിയിലായി. വലിയ ക്രൂ ആയിരുന്നു ഞങ്ങളുടേത്. അതിനാല്‍ ഷൂട്ട് ചെയ്യാന്‍ ഇളവുകള്‍ വന്ന സമയത്തും സിനിമ തുടങ്ങാന്‍ സാധിച്ചില്ല. പിന്നീട് സാജിത് യാഹ്യ മറ്റൊരു പ്രൊജക്ടുമായി മുന്നോട്ട് പോയതുകൊണ്ട് അദ്ദേഹത്തിന് ഈ സിനിമ ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നിര്‍മിക്കാമെന്ന് തീരുമാനിച്ചത്. സിജോ വടക്കനാണ് മറ്റൊരു നിര്‍മാതാവ്. 2022-ലാണ് 'ഇരട്ട'യുടെ ഷൂട്ട് തുടങ്ങുന്നത്.
പോലീസ് വേഷങ്ങളില്‍ ആവര്‍ത്തന വിരസത തോന്നിക്കാത്ത ജോജു
ആദ്യ സിനിമ പൂര്‍ത്തിയാക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. ഒരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒന്നും നേടാനാകില്ല. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. എല്ലാവരും പൂര്‍ണപിന്തുണ നല്‍കിതിനാല്‍ ഭംഗിയായി ആദ്യ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തിരക്കഥയെഴുതുന്ന സമയത്ത് ജോജു ജോര്‍ജാകും നായകനെന്ന് കരുതിയിരുന്നില്ല. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ജോജു ചേട്ടന് മാത്രമേ ഈ കഥാപാത്രം ഇണങ്ങൂ എന്ന് തിരിച്ചറിഞ്ഞു.
.png?$p=0d6dae0&&q=0.8)
ജോജു ചേട്ടന്‍ ആദ്യമായിട്ടല്ല പോലീസ് വേഷം ചെയ്യുന്നത്. പക്ഷേ അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങളില്‍ ആവര്‍ത്തന വിരസത തോന്നാറില്ല. ആക്ഷന്‍ ഹീറോ ബിജു, ജോസഫ്, നായാട്ട് ഈ മൂന്ന് ചിത്രങ്ങളിലും വളരെ വ്യത്യസ്തമായ പോലീസ് കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഒരു ലൊക്കേഷനില്‍ സിനിമയുടെ കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്യുക എന്നത് ഈ സിനിമയെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നില്ല. ബജറ്റ് കുറച്ചുകൊണ്ട് സിനിമ പെട്ടെന്ന് പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഒരു ലൊക്കേഷന്‍ എന്ന ചിന്തയിലേയ്ക്ക് എത്തിയത്. തിരക്കഥയില്‍ പ്രതീക്ഷയുണ്ടായിരുന്നു.
ആകാംക്ഷയുളവാക്കിയ ആ പത്ര വാര്‍ത്ത
കഥയില്‍ ആദ്യം ഞാന്‍ ഉണ്ടാക്കിയത് പോലീസ് സ്‌റ്റേഷനായിരുന്നു. ഒരു ലൊക്കേഷനില്‍ നടക്കുന്ന കഥ എന്ന രീതിയില്‍ ചിന്തിച്ചപ്പോള്‍ പോലീസ് സ്‌റ്റേഷനാണ് മനസിലേയ്ക്ക് വന്നത്. പോലീസ് സ്‌റ്റേഷനില്‍ ഞെട്ടിക്കുന്ന ഒരു സംഭവം നടക്കണം എന്ന ചിന്തയായിരുന്നു പിന്നെ. അതിനെക്കുറിച്ച് പല കാര്യങ്ങളും ആലോച്ചിച്ചു. അപ്പോഴാണ് കേരളത്തില്‍ പണ്ട് സംഭവിച്ച ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. അതിലെ കാര്യങ്ങള്‍ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു.

ആ സംഭവത്തെ അത് പോലെ എടുക്കുകയല്ല ഉണ്ടായത്. അതുപോലൊരു സംഭവം ഈ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് വിനോദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് വെടിയേറ്റ് മരിക്കുന്ന സംഭവത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്. പിന്നെ പല രീതിയിലെ ക്ലൈമാക്‌സ് ആലോചിച്ചു. അവസാനം പ്രതിയെ പിടിക്കുന്ന ക്ലൈമാക്‌സ് ആളുകളോട് പങ്കുവെച്ചപ്പോള്‍ സാധാരണ പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ഇപ്പോഴത്തെ ക്ലൈമാക്‌സ് പറഞ്ഞപ്പോള്‍ ആളുകള്‍ ഞെട്ടിയിരുന്നു. അങ്ങനെയാണ് ഈ ക്ലൈമാക്‌സ് മതിയെന്ന തീരുമാനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്.
ഷാരൂഖിന്റെ റെഡ് ചില്ലീസിലേയ്ക്ക്
ഇരട്ട തിയേറ്റര്‍ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസം റെഡ് ചില്ലീസിന്റെ ഓഫീസില്‍ നിന്നും ഫോണ്‍ വന്നു. എങ്ങനെയാണ് എന്റെയടുത്തേയ്ക്ക് എത്തിച്ചേര്‍ന്നതെന്ന് അറിയില്ല. സൗത്തിലേയ്ക്കാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തോന്നുന്നു. അവര്‍ ചര്‍ച്ചയ്ക്കായി വിളിച്ചു. 'ഇരട്ട'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നില്‍ക്കുകയായിരുന്നതിനാല്‍ അന്ന് പോകാന്‍ സാധിച്ചില്ല. കുറച്ച ദിവസം കഴിഞ്ഞ് പിന്നെയും വിളിച്ചു. അവരുമായി ചര്‍ച്ച നടത്തി. ഇതുവരെ കാര്യങ്ങള്‍ എല്ലാം പോസിറ്റീവാണ്.

തിരക്കഥ എഴുതാം എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സംവിധാനം ഞാന്‍ ചെയ്യണോ വേറെ ആരെങ്കിലുമാണോ ചെയ്യുക എന്നത് പിന്നീട് തീരുമാനിക്കാം എന്നാണ് ഇപ്പോഴത്തെ ധാരണ. മലയാളത്തില്‍ ഒന്നുരണ്ട് ചിത്രങ്ങളുടെ ചര്‍ച്ച നടക്കുന്നുണ്ട്. ഏതാണ് പൂര്‍ത്തിയാകുന്നത് ആ പ്രോജക്ടുമായി മുന്നോട്ട് പോകും.
തിയേറ്ററില്‍ കാണേണ്ട സിനിമയായിരുന്നു എന്നാണ് ആളുകള്‍ മെസേജ് അയക്കുന്നത്.
സിനിമയ്ക്ക് വന്ന അഭിപ്രായം അനുസരിച്ച് കൂടുതല്‍ പേര്‍ തിയേറ്ററിലേയ്ക്ക് എത്തേണ്ടതായിരുന്നു. ഒ.ടി.ടിയില്‍ സിനിമ കണ്ടതിന് ശേഷം നിരവധിയാളുകള്‍ എനിക്ക് മെസേജ് അയക്കുന്നുണ്ട്. തിയേറ്ററില്‍ കാണേണ്ട സിനിമയായിരുന്നു, സാധിച്ചില്ല എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. തിയേറ്റര്‍ അനുഭവം നഷ്ടമായി എന്നാണ് ഇവര്‍ പറയുന്നത്. ഞങ്ങള്‍ വിചാരിച്ചത് പോലെ ആളുകള്‍ തിയേറ്ററില്‍ സിനിമ ഏറ്റെടുത്തില്ല. എന്റര്‍ടെയിന്‍മെന്റായ വേറെ ചിത്രങ്ങള്‍ ആ സമയം തിയേറ്ററില്‍ ഉണ്ടായിരുന്നത് കൊണ്ടാകാം ചിലപ്പോള്‍ 'ഇരട്ട'യ്ക്ക വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത്. എല്ലാത്തരം സിനിമകളും പുറത്തിറങ്ങണം, എല്ലാത്തിനും പ്രേക്ഷകരെയും ലഭിക്കണം എന്നാണ് എന്റെ ആഗ്രഹം.
ഒ.ടി.ടി. റിലീസിന് ശേഷമാണ് 'ഇരട്ട'യ്ക്ക് കൂടുതല്‍ പ്രേക്ഷകരെ കിട്ടിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മെസേജ് അയക്കുന്നുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സിനിമ കണ്ടിട്ട് അഭിപ്രായം അറിയിക്കുന്നുണ്ട്. ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക തുടങ്ങി ഒരുപാട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചിത്രത്തെക്കുറിച്ച് പോസ്റ്റ് ഇടുന്നുണ്ട്. ഇത് മലയാള സിനിമയ്ക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്. ഇത്രയും ചര്‍ച്ചയായതില്‍ ഒ.ടി.ടിയുടെ പങ്ക് വളരെ വലുതാണ്.
എന്റെ തിരക്കഥ മാത്രമേ സംവിധാനം ചെയ്യൂ എന്ന നിര്‍ബന്ധമില്ലാത്തയാളാണ് ഞാന്‍. മറ്റൊരാള്‍ എഴുതിയ, നല്ല തിരക്കഥ വരികയാണെങ്കില്‍ ഉറപ്പായും സിനിമയാക്കും. എട്ടുവര്‍ഷമായി ഞാന്‍ തപാല്‍വകുപ്പില്‍ ജോലിചെയ്യുന്നു. പോസ്റ്റല്‍ അസിസ്റ്റന്റ് ആണ്. സിനിമ വര്‍ക്കുകള്‍ കഴിഞ്ഞ് ഇപ്പോള്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
Content Highlights: joju george movie iratta director rohit mg krishnan interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..